ന്യൂഡൽഹി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ കനത്ത തോൽവിയിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയ്ക്കും ഇസ്രയേൽ രഹസ്യന്വേഷണ ഏജൻസിയായ മൊസാദിനും പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കുമാർ കേത്കർ.
ഭരണഘടനാദിന ആഘോഷപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാ മുൻ എംപിയാണ് കേത്കർ.
2004ൽ കോണ്‍ഗ്രസ് 145 സീറ്റ് നേടി. 2009ൽ സീറ്റുകൾ 206 ആയി. ആ രീതി തുടർന്നുപോയിരുന്നെങ്കിൽ 2014ൽ 250 സീറ്റ് നേടി കോണ്‍ഗ്രസിന് അധികാരത്തിൽ തുടരാമായിരുന്നു. എന്നാൽ, 44 സീറ്റാണു കിട്ടിയത് -കേത്കർ പറഞ്ഞു. കോണ്‍ഗ്രസിന്റെ സീറ്റുകൾ കൂടില്ലെന്ന് ഉറപ്പാക്കാൻ ചില സംഘടനകൾ തീരുമാനിച്ചെന്നും കേത്കർ ആരോപിച്ചു.
അതേസമയം, കേത്കറുടെ ആരോപണങ്ങൾ തള്ളി ബിജെപി രംഗത്തെത്തി. രാജ്യത്തെ ജനങ്ങളാണ് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപിയെ സഹായിച്ചതെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.
""പാവപ്പെട്ടരും കർഷകരും സ്ത്രീകളും യുവാക്കളുമാണു ബിജെപിയെ വിജയിപ്പിച്ചത്. കോൺഗ്രസിന്റെ പരാജയത്തിനു കാരണം ഐഎസ്ഐ ആണ്. ഐഎസ്ഐ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നവർ എങ്ങനെ വിജയിക്കും''-സംബിത് പത്ര ചോദിച്ചു.