കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പോടെ തങ്ങളെ നിലംപരിശാക്കാൻ നോക്കിയ ഇടത്, വലത് മുന്നണികളോടുള്ള വാശിതീർക്കലാണ് എൻഡിഎ പ്രവേശനമെന്നു തുറന്നടിച്ച സാബു ജേക്കബിനും ട്വന്റി 20 പാർട്ടിക്കും ഇനി മുന്നിലുള്ളത് അഗ്നിപരീക്ഷ. ആരംഭഘട്ടത്തിലുണ്ടായിരുന്ന തിളക്കം കുറയുകയും പലരും പാർട്ടി വിടുകയും ചെയ്തതോടെ പ്രതിസന്ധിയിലായ ട്വന്റി 20യ്ക്കു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ നിലനില്പ് ഉറപ്പിക്കാനുള്ള നീക്കമായാണു ബിജെപി കൂട്ടുകെട്ടിനെ വിലയിരുത്തുന്നത്.
2020ൽ നാല് ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ഭരണം പിടിച്ച് ഇടത്, വലത് മുന്നണികളെ ഞെട്ടിച്ച ട്വന്റി 20ക്ക് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആ മികവ് തുടരാനായില്ല. കിഴക്കമ്പലത്തു പാർട്ടിയുടെ തേരോട്ടത്തിനു തടയിടാൻ യുഡിഎഫും എൽഡിഎഫും പരോക്ഷ പിന്തുണയോടെ പൊതു സ്വതന്ത്രസ്ഥാനാർഥികളെ കളത്തിലിറക്കിയതിനെ പ്രതിരോധിച്ച് ഭരണം നിലനിർത്തിയെങ്കിലും മുന്നോട്ടുപോക്ക് പഴയപോലെ സുഗമമല്ലെന്ന് ട്വന്റി 20 നേതാക്കളും തിരിച്ചറിയുന്നുണ്ട്.
പാർട്ടി ഇക്കുറി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചത് ഐക്കരനാടും കിഴക്കമ്പലത്തും മാത്രമാണ്. കഴിഞ്ഞതവണ ഭരണമുണ്ടായിരുന്ന മഴുവന്നൂരും കുന്നത്തുനാടും ഇക്കുറി പാർട്ടിയെ കൈവിട്ടു. സംസ്ഥാനത്ത് ഒമ്പതു ജില്ലകളിലായി 880 സ്ഥാനാർഥികളെ മത്സരിപ്പിച്ച ട്വന്റി 20യിൽ വിജയിച്ചത് 78 പേർ മാത്രമാണ്.
പുതിയ കൂട്ടുകെട്ടിലൂടെ മികച്ച സ്ഥാനാർഥിയെ അവതരിപ്പിച്ച് കുന്നത്തുനാട് നിയമസഭാമണ്ഡലത്തിൽ വിജയിക്കാമെന്ന് ട്വന്റി 20 കണക്കുകൂട്ടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടുനിലയിൽ പാർട്ടി എൽഡിഎഫിനെ പിന്തള്ളി രണ്ടാമതെത്തിയിരുന്നു. എൻഡിഎയ്ക്ക് മണ്ഡലത്തിൽ 12000- 15000 വോട്ടുകളുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇതുകൂടി ചേർത്താൽ വിജയിക്കാമെന്ന് ട്വന്റി 20 പ്രതീക്ഷിക്കുന്നുണ്ട്.
എറണാകുളം ജില്ലയിൽ ട്വന്റി 20യിലൂടെ ഒരു നിയമസഭാ സീറ്റ് എൻഡിഎ സ്വപ്നം കാണുന്നുണ്ട്. അതു സഫലമാക്കിയാൽ പ്രസിഡന്റ് സാബു ജേക്കബിനും ട്വന്റി 20യ്ക്കും വലിയ നേട്ടമാകും. അതേസമയം ട്വന്റി 20യുടെ ബിജെപി കൂട്ടുകെട്ട് തങ്ങൾക്കു നേട്ടമാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
ട്വന്റി 20 യിൽ ഭിന്നാഭിപ്രായം
കൊച്ചി: എൻഡിഎയിലേക്കു പോകാനുള്ള ചർച്ചകൾ ട്വന്റി 20യിൽ ഒരു വർഷത്തിലേറെയായി നടക്കുന്നുണ്ടെങ്കിലും അതിനു ചൂടുപിടിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം. കഴിഞ്ഞ മാസം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സാബു ജേക്കബ് ഈ വിഷയം അവതരിപ്പിച്ചപ്പോൾ ഒരുവിഭാഗം എതിർപ്പ് അറിയിച്ചിരുന്നു.
പ്രധാന ശത്രു സിപിഎം എന്ന നിലയിൽ കോൺഗ്രസുമായി സഹകരിക്കണമെന്നും യുഡിഎഫിൽ ചേരാൻ ചർച്ച നടത്തണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം ആവശ്യമുന്നയിച്ചതാണ്. ഭൂരിപക്ഷ അഭിപ്രായപ്രകാരമാണ് എൻഡിഎയിലേക്കു പോകാൻ തീരുമാനിച്ചത്. സാബു ജേക്കബിനു പുറമെ പ്രധാന നേതാക്കൾ പുതിയ തീരുമാനത്തോടു നിലവിൽ യോജിക്കുന്നുണ്ടെങ്കിലും അണികളിൽ ചോർച്ചയുണ്ടാകുമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.