മുംബൈ: ഡാനിഷ് മരുന്ന് നിർമാതാക്കളായ നോവോ നോർഡിക് തങ്ങളുടെ പ്രസിദ്ധമായ പ്രമേഹ ചികിത്സാ മരുന്നായ ഒസെംപിക് ഇന്ത്യയിൽ അവതരിപ്പിച്ചു. ടൈപ്പ് 2 പ്രമേഹത്തിനെതിരേ കുത്തിവയ്ക്കാവുന്ന സെമാഗ്ലൂട്ടൈഡ് അടങ്ങിയ മിശ്രിതമാണിത്.
ജിഎൽപി-1 റിസപ്റ്റർ അഗോണിസ്റ്റ് വിഭാഗത്തിൽപ്പെട്ട മരുന്നാണിത്. ജിഎൽപി-1 പാൻക്രിയാസിനെ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതും വേഗത്തിൽ മെറ്റാബോളിക് അസുഖങ്ങൾ വർധിച്ചുവരുന്നതുമായ ഇന്ത്യൻ വിപണിയിലേക്കു തന്ത്രപ്രധാനമായ പ്രവേശനമാണ് ഡാനിഷ് കന്പനി നടത്തിയിരിക്കുന്നത്.
ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന ഈ കുത്തിവയ്പിന് ഇന്ത്യൻ വിപണിക്കായി വില നിശ്ചയിച്ചിട്ടുണ്ട്. 0.25 മില്ലിഗ്രാം പ്രാരംഭ ഡോസിന് വിലയായി 2200 രൂപ നിശ്ചയിച്ചിട്ടുണ്ട്. അടുത്ത ഡോസായി 0.5 മില്ലിഗ്രാമിന് ആഴ്ചയിൽ 2542 രൂപയും തുടർന്നു നൽകേണ്ട 1 മില്ലിഗ്രാം മെയിന്റനൻസ് ഡോസിന് ആഴ്ചയിൽ 2793 രൂപയും ചെലവ് വരും.
ആദ്യ ഡോസ് ആദ്യത്തെ നാലാഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ കുത്തിവയ്ക്കും. അഞ്ചാം ആഴ്ച മുതൽ 0.5 മില്ലിഗ്രാമായി ഉയർത്തും. ഇത് ചുരുങ്ങിയത് നാലാഴ്ചയെങ്കിലും തുടരണം. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ നിയന്ത്രിക്കേണ്ടതുണ്ടെങ്കിൽ ഡോസ് ഒരു മില്ലിഗ്രാമായി വർധിപ്പിക്കുകയും പിന്നീട് സ്ഥിരമായി ഈ അളവിൽ തുടരുകയും ചെയ്യുന്നു.
ചൈന കഴിഞ്ഞാൽ ടൈപ് രണ്ട് പ്രമേഹരോഗികൾ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. ഇതിനൊപ്പം അമിതവണ്ണ നിരക്കും വർധിച്ചുവരുകയാണ്. ഇതു രണ്ടും ആഗോള മരുന്ന് നിർമാണ കന്പനികളെ ഇന്ത്യയെ വലിയൊരു വിപണിയാക്കി മാറ്റുകയാണ്.