Kerala
തിരുവനന്തപുരം: അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ സമൂഹ മാധ്യമ ഇൻഫ്ളുവൻസറായ രാഹുൽ ഈശ്വറിനു നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി ഫെബ്രുവരി ഒന്‍പതിലേക്കു മാറ്റി.
പ്രതിഭാഗത്തിനു പ്രോസിക്യൂഷൻ മുഴുവൻ രേഖകളും കൈമാറിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വാദം പറയുന്നതു രണ്ടു തവണ മാറ്റിച്ചുവെങ്കിൽ ഇത്തവണ പ്രോസിക്യൂഷൻ വിചാരണ നടക്കുന്ന ഒരു കേസ് ഉള്ളതിനാൽ സമയമില്ല എന്ന കാരണത്താലാണ് ഹർജി മാറ്റിവച്ചത്.
ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നതു വളരെ ഗൗരവമുള്ള കാര്യമാണെന്നു നേരത്തെ കോടതി വാക്കാൽ പരാമർശിച്ചിരുന്നു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി നൽകിയ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി. ഹർജിയിൽ തർക്കം ഉണ്ടെങ്കിൽ ഇത് ഈ മാസം 27ന് സമർപ്പിക്കാനും അന്ന് തന്നെ വാദം പരിഗണിക്കുമെന്നും കോടതി അറിയിച്ചു
രാഹുൽ ഈശ്വറിന് കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ ലഭിച്ചിട്ടില്ല. അത് ലഭിച്ചാൽ മാത്രമേ എതിർ വാദം ഉന്നയിക്കാൻ കഴിയു എന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് പ്രതിഭാഗത്തിന് മുഴുവൻ രേഖകളും കൈമാറാൻ കോടതി പ്രോസിക്യൂഷൻ നിർദേശം നൽകി. ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു.
ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താൻ കോടതി രാഹുലിന് നേരത്തെ നോട്ടീസ് അയിച്ചിരുന്നു. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ വീണ്ടും അതിക്ഷേപിക്കാൻ ശ്രമിച്ചു, ഇത് അതിജീവിതയെ ഭയപ്പെടുത്തതിന് തുല്യമാണ് എന്നാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
National
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച്മെന്റ് ചെയ്യാൻ ലോക്സഭ സ്പീക്കർ അന്വേഷണസമിതി രൂപീകരിച്ചതിൽ അപാകതകളൊന്നുമില്ലെന്ന് സുപ്രീംകോടതി.
അന്വേഷണസമിതി രൂപീകരിക്കുന്നതിന് സ്പീക്കർ സ്വീകരിച്ച നടപടിക്രമങ്ങൾ ചോദ്യം ചെയ്തു ജസ്റ്റീസ് വർമ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, എസ്.സി. ശർമ എന്നിവരുടെ കണ്ടെത്തൽ.
ഇതോടെ വർമയെ ഇംപീച്ച്മെന്റ് ചെയ്യുന്ന നടപടിയുമായി പാർലമെന്റിന് മുന്നോട്ടു പോകാം. ഹർജിയിൽ രണ്ടു ദിവസത്തെ വാദത്തിനുശേഷം കഴിഞ്ഞ എട്ടിന് വിധി പറയാൻ മാറ്റിയിരുന്നു.
Kerala
കൊച്ചി: 1972ലെ ദേശീയ വനം വന്യജീവി നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടും, ക്രൈസ്തവരെ മൈക്രോ മൈനൊരിറ്റിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് നിവേദനം സമർപ്പിച്ചു.
ഭാരത ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ മാത്രം വരുന്ന ക്രൈസ്തവർ മൈക്രോ ന്യൂനപക്ഷം ആകയാൽ ഒരു വോട്ട് ബാങ്കാകുവാൻ ഉള്ള ജനസംഖ്യാപരമായ പരിമിതി കാരണം പലപ്പോഴും അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽത്തന്നെ ഭരണ ഉദ്യോഗസ്ഥ കേന്ദ്രങ്ങളിൽ നിന്നും കടുത്ത നീതി നിഷേധത്തിന് ഇരയാക്കപ്പെടുന്നു എന്ന് കത്തോലിക്കാ കോൺഗ്രസ് ഉപരാഷ്ട്രപതിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
തീവ്ര മതവാദികൾ പലപ്പോഴും അകാരണമായി ക്രൈസ്തവരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ നിയമപരമായി കൂടുതൽ സംരക്ഷണം നൽകുക എന്നതു മാത്രമാണ് പരിഹാരമാർഗം എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ എന്നിവർ ചേർന്ന് ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ എത്തി നിവേദനം സമർപ്പിച്ചത്.
വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരത്തിനു സർക്കാർ 1972ലെ വനം വന്യജീവി നിയമത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ ആവശ്യപ്പെട്ടും ഉപരാഷ്ട്രപതിക്ക് നിവേദനം നൽകിയിട്ടുണ്ട്.
വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന ജീവനാശത്തിനും പരിക്കുകൾക്കും കൃഷി നഷ്ടത്തിനും നഷ്ടപരിഹാരം നൽകുന്നതിനുവേണ്ടി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ മാതൃകയിൽ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോടു കൂടി ബോർഡിനെ നിയമിക്കണം.
വന്യജീവികളെ വനത്തിനകത്ത് നിലനിർത്തേണ്ട നിയമപരമായ ബാധ്യത വനം ഉദ്യോഗസ്ഥർക്കുണ്ടെന്നും നിവേദനത്തിലുണ്ട്. നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതി സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും അവർ അറിയിച്ചു.
Kerala
ബംഗളൂരു: ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് കോടതി. ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് പതിനായിരം രൂപ പിഴയിട്ടത്.
മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളിലെ വാർത്തകൾ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. ഹർജിക്കാർക്ക് ദുരുദ്ദേശമെന്നതടക്കമുള്ള നിരീക്ഷണങ്ങൾ പങ്കുവച്ചുകൊണ്ടാണ് കോടതി, റിപ്പോർട്ടർ ടിവിക്ക് പിഴയിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വാർത്തകൾ നീക്കിയിട്ടുണ്ടെങ്കിൽ അവയെല്ലാം പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവിട്ടു.
റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരന്മാർ പ്രതികളായ മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളുടെ 994 വാർത്താ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ഹർജി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഹര്‍ജി നല്‍കിയത്.
തുടക്കത്തില്‍ റിപ്പോർട്ടർ ടിവിക്ക് അനുകൂലമായി കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഹര്‍ജിയില്‍ ഏഷ്യാനെറ്റ് ന്യൂസ് കക്ഷി ചേർന്നിരുന്നു. പിന്നാലെ റിപ്പോർട്ടർ ടിവി ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ പിഴ ചുമത്തണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാദം അംഗീകരിച്ച് കൊണ്ടാണ് ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയുടെ വിധി.
National
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) തീയതി നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി. സമയപരിധി നീട്ടണമെന്ന കേരളത്തിന്റെ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നിവേദനങ്ങളിൽ അനുഭാവപൂർവമായ തീരുമാനം എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകുകയും ചെയ്തു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടലിനെ ത്തുടർന്ന് എസ്ഐആർ നടപടികൾ കേരളത്തിൽ രണ്ടാഴ്ച നീട്ടിയിരുന്നു.
Kerala
കൊച്ചി: സൂരജ് ലാമയെന്ന ബെംഗളൂരു സ്വദേശിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകന് സാന്റോണ്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ലാമയെ കുവൈറ്റില്‍ നിന്ന് നാടു കടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങളെന്തെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് നെടുമ്പാശേരി വിമാനത്താവള അഥോറിറ്റി വിശദീകരണം നല്‍കും. ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നാടുകടത്തല്‍ നടപടിക്ക് കേന്ദ്രതലത്തില്‍ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. സൂരജ് ലാമയുടെ അവശതകളടക്കം വ്യക്തമാക്കി കേന്ദ്ര ഇന്റലിജന്‍സ് കൊച്ചി എയര്‍പോര്‍ട്ട് മാനേജരുമായി ആശയവിനിമയം നടത്തിയതായാണ് ലഭിച്ച വിവരമെന്നും കോടതി വ്യക്തമാക്കി.
ലാമയെ ബെംഗളൂരുവിലേക്കാണ് അയക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ സിയാല്‍ വിശദീകരണം നല്‍കണം. കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് വിവരം ലഭിച്ചിരുന്നെങ്കില്‍ തുടര്‍ നടപടി എന്തായിരുന്നുവെന്നും അറിയിക്കണം.
സൂരജിന്റെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ എവടെപ്പോയെന്നും കോടതി ചോദിച്ചു. നാടുകടത്തിയതിനെ തുടര്‍ന്ന് എത്തുന്നവരുടെ കാര്യത്തില്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക ഹാജരാക്കിയിരുന്നു.
Kerala
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷയാണ് തലശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും ഇദ്ദേഹം വിരമിച്ച ശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ എത്തുകയും കളക്ടര്‍ അരുണ്‍ കെ. വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.
കേസില്‍ പി.പി. ദിവ്യ മാത്രമാണ് പ്രതി. ദിവ്യയെ പ്രതിചേര്‍ത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തലശേരി സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജി സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു.
Kerala
കൊച്ചി: വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹര്‍ജിയാണ് തള്ളിയത്.
തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയതെന്നും ഹൈക്കോടതി അറിയിച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഈ വർഷം ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കര പാതയുടെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത്.
Kerala
കൊച്ചി: കുവൈറ്റില്‍ നിന്ന് എത്തിയ സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് പോലീസ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഓഗസ്റ്റില്‍ കുവൈറ്റില്‍ മദ്യദുരന്തത്തിന് ഇരയായ ലാമ 45 ദിവസത്തോളം അവിടെ ചികിത്സയിലായിരുന്നു. തുടര്‍ന്ന് നാടുകടത്തി. ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.55 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. അവിടെ നിന്ന സൂരജിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ മെട്രോ ഫീഡര്‍ ബസില്‍ കയറ്റിവിട്ടു. ഓര്‍മക്കുറവ് തുടക്കത്തിലേ പ്രകടമാക്കിയിരുന്നു. ആലുവ മെട്രോ സ്റ്റേഷനില്‍ ഇറങ്ങിയ സൂരജ് ലാമ പലയിടത്തായി അലഞ്ഞുതിരിഞ്ഞു നടന്നു.
സൂരജ് ലാമ കുവൈറ്റില്‍ ചികിത്സയിലിരുന്നത് ബെംഗളൂരുവിലെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. നാടുകടത്തിയതായി സ്ത്രീ സുഹൃത്ത് അറിയിച്ച പ്രകാരമാണ് ഭാര്യ എത്തി നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്.
Kerala
കൊച്ചി : മസാല ബോണ്ട് ഇടപാടില്‍ ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് കമ്മിറ്റിയുടെ നോട്ടീസിനെതിരെ കിഫ്ബി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പറയും. നോട്ടീസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് അടിയന്തരാവശ്യം.
മസാല ബോണ്ട് വഴി വിദേശത്ത് നിന്ന് സമാഹരിച്ച പണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. തുടര്‍ നടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി തുടങ്ങിയ എതിര്‍കക്ഷികള്‍ക്ക് മറുപടിയാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കല്ല സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് സമാഹരിച്ച തുകയിലെ 450 കോടിയിലധികം രൂപ ചെലവഴിച്ചതെന്നാണ് കിഫ്ബിയുടെ നിലപാട്.
Kerala
കൊച്ചി: കുവൈറ്റില്‍നിന്ന് എത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഓഗസ്റ്റില്‍ കുവൈറ്റില്‍ മദ്യദുരന്തത്തിനിരയായ ലാമ 45 ദിവസത്തോളം അവിടെ ചികിത്സയിലായിരുന്നു. തുടര്‍ന്ന് നാടുകടത്തി. ഒക്ടോബര്‍ അഞ്ചിനു പുലര്‍ച്ചെ 2.55 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.
അവിടെനിന്നു സൂരജിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മെട്രോ ഫീഡര്‍ ബസില്‍ കയറ്റിവിട്ടു. ഓര്‍മക്കുറവ് തുടക്കത്തിലേ പ്രകടമാക്കിയിരുന്നു. ആലുവ മെട്രോ സ്റ്റേഷനില്‍ ഇറങ്ങിയ സൂരജ് ലാമ പലയിടത്തായി അലഞ്ഞുതിരിഞ്ഞു നടന്നു.
സൂരജ് ലാമ കുവൈറ്റില്‍ ചികിത്സയിലിരുന്നത് ബംഗളൂരുവിലെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. നാടു കടത്തിയതായി സ്ത്രീസുഹൃത്ത് അറിയിച്ച പ്രകാരമാണു ഭാര്യയെത്തി നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്.
National
ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ വില്പനയും പ്രചാരണവും നിരോധിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
പുസ്തകത്തിന്റെ കവർ പേജിൽ അരുന്ധതി പുക വലിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണുള്ളതെന്നും പുകവലി പ്രോത്സാഹിപ്പിക്കാൻ പുസ്തകത്തെ ഉപയോഗിച്ചുവെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാജസിംഹൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങി ബെഞ്ച് തള്ളിയത്.
പുകവലിക്കുള്ള പ്രോത്സാഹനമായി കവർഫോട്ടോ കാണരുതെന്ന് പ്രസാധകർ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സമാനഹർജി കേരള ഹൈക്കോടതിയും നേരത്തേ തള്ളിയിരുന്നു.
Kerala
കൊച്ചി: കിഫ്ബിക്ക് വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് ഹര്‍ജി ഇന്നലെ എത്തിയെങ്കിലും നേരത്തേ മറ്റൊരു ബെഞ്ചിലേക്കു വിട്ടതു കണക്കിലെടുത്ത് ഒഴിവാകുകയായിരുന്നു.
തിരുവനന്തപുരം സ്വദേശി എം.ആര്. രഞ്ജിത് കാര്ത്തികേയന് 2020ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയാണിത്.
വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം സംബന്ധിച്ച വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതെന്നു ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: കടമക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന എല്‍സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.
കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ഥിയായി യുഡിഎഫ് എല്‍സിയെ നിശ്ചയിക്കുകയും പത്രിക നല്‍കുകയും ചെയ്തെങ്കിലും കഴിഞ്ഞ ദിവസം സൂക്ഷ്മ പരിശോധനയില്‍ എല്‍സി ജോര്‍ജിന്റെ പത്രിക തള്ളിയിരുന്നു.
ഇതിനെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച സ്ഥിതിക്ക് ഹര്‍ജി അനുവദിക്കാനാകില്ല എന്നാണ് ഇപ്പോള്‍ ഹൈക്കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട്.
എല്‍സിക്ക് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ട്രൈബ്യൂണിനെ സമീപിക്കാമെന്ന നിര്‍ദേശവും ഇപ്പോള്‍ ഹൈക്കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. എല്‍സി ജോര്‍ജിന് മത്സരിക്കാനാകാത്ത സ്ഥിതിക്ക് കടമക്കുടിയില്‍ നിലവില്‍ യുഡിഎഫിന് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയാണ്.
നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് എല്‍സി ജോര്‍ജ്. ഡിവിഷന് പുറത്തുള്ള മൂന്നുപേരാണ് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടതെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സൂക്ഷ്മ പരിശോധനയില്‍ എല്‍സി ജോര്‍ജിന്റെ പത്രിക തള്ളിയത്.
അപാകതകളെല്ലാം പരിഹരിച്ച് എല്‍സി വീണ്ടും പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ഘട്ടത്തില്‍ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എല്‍സിയെ മടക്കിയയച്ചിരുന്നു.
Kerala
തൃശൂർ: പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
71 ദിവസത്തെ വിലക്കിന് ശേഷം ഒക്ടോബർ 17നാണ് പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചത്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്.
ഓഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഹൈക്കോടതി ഏർപ്പെടുത്തിയത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ടോൾ വിലക്ക് ഏർപ്പെടുത്തിയത്. പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മോണിറ്ററിംഗ് കമ്മിറ്റിയെ നിയോഗിച്ചു.
National
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി.
ജസ്റ്റീസുമാരായ സുര്യകാന്ത്, ജോയ്മല്യ ബാച്ചി എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. അഹമ്മദാബാദ് വിമാന അപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
അഹമ്മദാബാദ് വിമാനാപകടം വളരെ നിർഭാഗ്യകരമാണ്. വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല. വിമാനദുരന്തത്തിൽ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങൾ ചുമക്കേണ്ട കാര്യമില്ല.- ജസ്റ്റീസ് ബാഗ്ചി പറഞ്ഞു.
എയർ ഇന്ത്യയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇന്ധനനിയന്ത്രണ സ്വിച്ച് ആരാണ് ഓഫ് ആക്കിയതെന്ന് ചോദിക്കുമ്പോൾ താനല്ലെന്ന് നിങ്ങളുടെ മകൻ മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി.
സംഭവത്തിൽ വാൾട്ട് സ്ട്രീറ്റ് ജേണൽ ഉൾപ്പടെയുള്ള വിദേശ മാധ്യമങ്ങൾ നടത്തിയ റിപ്പോർട്ടിങ്ങിനേയും സുപ്രീംകോടതി വിമർശിച്ചു.
വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. എന്നാൽ, ഈ റിപ്പോർട്ട് ഇന്ത്യൻ ജുഡീഷ്യൽ പ്രക്രിയയെ സ്വാധീനിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വിമാനദുരന്തം സംബന്ധിച്ച് ഇപ്പോൾ ശരിയായ അന്വേഷണമല്ല നടക്കുന്നതെന്ന് കോടതിയിൽ വാദിച്ചു. ഹർജി ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: അട്ടക്കുളങ്ങര വനിതാ ജയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹര്‍ജി.
സഖി വിമന്‍സ് റിസോഴ്സ് സെന്ററാണു ഹര്‍ജി നല്‍കിയത്. വിദേശികളും അമ്മമാരും രോഗികളുമടങ്ങുന്ന തടവുകാരെ പൂജപ്പുരയിലേക്കു മാറ്റുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും.
സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ജയില്‍ അട്ടക്കുളങ്ങരയില്ത്തന്നെ നിലനിര്‍ത്തണമെന്നാണു ഹർജിയിലെ ആവശ്യം. ഹര്‍ജി 14ന് പരിഗണിക്കാന്‍ മാറ്റി.
Kerala
കൊച്ചി: മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ ടി. വീണ, എക്സാലോജിക്ക്, സിഎംആര്‍എല്‍ ഉടമകള്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
അഹമ്മദ് മുസ്താഖിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയതാണ്.
National
ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷപദവിയിലേക്ക് സിക്ക്, മുസ്ലിം സമുദായങ്ങൾക്കു പുറത്തുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
1978ൽ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ചതിനുശേഷം 16 അധ്യക്ഷന്മാരെ ഇതിനോടകം നിയമിച്ചിട്ടുണ്ടെന്നും ഇതിൽ 14 പേർ മുസ്ലിംകളും രണ്ടുപേർ സിക്കുകാരാണെന്നും ചൂണ്ടിക്കാട്ടിയാണ് മറ്റ് അംഗീകൃത ന്യൂനപക്ഷ സമുദായങ്ങളിൽനിന്നും പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ട നടപടികൾ കേന്ദ്രം കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു സലേക് ചന്ദ് ജെയിൻ എന്നയാൾ ഹർജി നൽകിയിരിക്കുന്നത്.
എന്നാൽ 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമം ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള പ്രാതിനിധ്യം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഏതെങ്കിലുമൊരു പ്രത്യേക സമുദായത്തിൽനിന്ന് അധ്യക്ഷനെ നിയമിക്കണമെന്നു നിർബന്ധിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. എങ്കിലും ഹർജിക്കാരന് തന്റെ പരാതിയുമായി കേന്ദ്രസർക്കാരിനെ സമീപിക്കാമെന്നു പരാമർശിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.
Kerala
കൊച്ചി: അരുന്ധതി റോയ് രചിച്ച "മദര്‍ മേരി കംസ് റ്റു മി' എന്ന പുസ്തകത്തിന്റെ വില്പന തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. പുസ്തകത്തിന്റെ പിന്നില്‍ പുകവലിക്കെതിരേയുള്ള മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസാധകര് കോടതിയെ അറിയിച്ചു.
പുറംചട്ടയില്‍ ഒരു ചിത്രീകരണം എന്ന നിലയില്‍ മാത്രമാണ് എഴുത്തുകാരി പുകവലിക്കുന്ന ചിത്രം നല്‍കിയതെന്നും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നുള്ള നിഷേധക്കുറിപ്പ് ശ്രദ്ധിക്കാതെയാണു മുഖചിത്രത്തിനെതിരേ ഹര്‍ജി നല്‍കിയതെന്നും പ്രസാധകര് കോടതിയെ ബോധിപ്പിച്ചു. ഇക്കാരണത്താല്‍ ഹര്ജിക്കാരന് പിഴ ചുമത്തണമെന്നും ആവശ്യപ്പെട്ടു.
പുറംചട്ടയിലെ നിഷേധക്കുറിപ്പ് കണ്ടില്ലേയെന്നു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഹര്‍ജിക്കാരനോട് ചോദിച്ചു. ഹര്‍ജിയുമായി മുന്നോട്ടുപോകുന്നുണ്ടോ അതോ സിഗരറ്റ്സ് ആന്‍ഡ് ടുബാക്കോ പ്രോഡക്ട്സ് നിയന്ത്രണ നിയമ പ്രകാരമുള്ള അഥോറിറ്റിയെ സമീപിക്കുകയാണോയെന്നും ഹര്‍ജിക്കാരനോട് ചോദിച്ചു.
ഹര്‍ജിയുമായി മുന്നോട്ടുപോകുകയാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. തുടര്‍ന്ന് വിഷയം ഒക്ടോബര്‍ ഏഴിനു പരിഗണിക്കാന്‍ മാറ്റി.