കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെ കായംകുളത്ത് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍. കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരില്‍ നഗരത്തിൽ പതിച്ച പോസ്റ്ററില്‍ കെ. മുരളീധരനെ കായംകുളത്തിന് തരണമെന്നാണ് ആവശ്യം. കേരളത്തിന്റെ മതേതര മുഖമാണ് കെ. മുരളീധരനെന്നും മത്സരിച്ചാൽ വിജയം സുനിശ്ചിതമാണെന്നും പോസ്റ്ററിലുണ്ട്.
2006 മുതല്‍ സിപിഎം ജയിക്കുന്ന മണ്ഡലമാണ് കായംകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബു മണ്ഡലത്തില്‍നിന്നു ജനവിധി തേടിയെങ്കിലും യു. പ്രതിഭയോട് പരാജയപ്പെട്ടു.
സീറ്റിനായി പിടിമുറുക്കി വ്യാപാരി സംഘടനയും
കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം ആവശ്യപ്പെട്ട് വ്യാപാരിസംഘടനയും പിടിമുറുക്കിയതോടെ യുഡിഎഫിൽ ഇത് സംബന്ധമായ ചർച്ച സജീവമായി. സീറ്റ് ലഭിച്ചാൽ വ്യാപാരി വ്യവസായി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയെ മത്സരിപ്പിക്കാനാണ് നീക്കം.
ഇദ്ദേഹം കായംകുളം സ്വദേശിയാണ്. എന്നാൽ, സജീവ ചർച്ച ഉണ്ടെന്നും സീറ്റ് സംബന്ധിച്ച് ഒരു തീരുമാനവും ആയിട്ടില്ലെന്നും രാജു അപ്സര ദീപികയോട് പറഞ്ഞു.
എന്നാൽ, കായംകുളം സീറ്റിൽ യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു, കെപിസിസി ജനറൽ സെക്രട്ടറിമാരായ ഇ. സമീർ, കെ. പി. ശ്രീകുമാർ, യൂത്ത് കോൺഗ്രസ് നേതാവ് അനുരാജ് എന്നിവരുടെ പേരുകളും സജീവമായിട്ടുണ്ട്.