സേലം: ടിവികെയും സഖ്യകക്ഷികളും തമ്മിലുള്ള അധികാരവിഭജനം തമിഴ്നാട്ടിൽ രാഷ്ട്രീയ ബോംബ് ആയി മാറുമെന്ന് വിജയ്.
കോൺഗ്രസുമായി അധികാരം പങ്കിടാൻ വിസമ്മതിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വിറപ്പിക്കുന്ന ധാരണയാണു രൂപപ്പെടുന്നത്. ടിവികെയുടെ മാതൃകയിൽ അധികാര വിഭജനം വേണമെന്ന് എല്ലാ സഖ്യങ്ങളിലും ആവശ്യമുയരുമെന്നും വിജയ് പറഞ്ഞു.
അധികാരത്തിലെത്തിയാൽ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണം ഉറപ്പാക്കും. തമിഴ്നാടിന്റെ സംരക്ഷകനും ഭടനുമായി ജനങ്ങൾക്കൊപ്പം നിൽക്കുക എന്നാണു പ്രഥമലക്ഷ്യം- സീലനായ്ക്കൻപട്ടിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് വിജയ് പറഞ്ഞു.
റാലിക്കെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു
വിജയ് നയിക്കുന്ന റാലിക്കിടെ കുഴഞ്ഞുവീണ 37കാരൻ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരണമടഞ്ഞു. സേലത്തു താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി സുരാജ് ആണ് മരിച്ചത്. വിജയ് സമ്മേളനവേദിയിൽ എത്തുംമുന്പായിരുന്നു സംഭവം.
നെഞ്ചുവേദന അനുഭവപ്പെട്ടയുടൻ ആളുകൾ സുരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ ഏതാനും നാളുകൾക്കുമുന്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു.
നടനെ കാണാനാണ് സുരാജ് എത്തിയതെന്നു പോലീസ് പറഞ്ഞു. കരൂരിൽ കഴിഞ്ഞ സെപ്റ്റംബർ 27നു ടിവികെ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം സമ്മേളനവേദികളിൽ വലിയ സുരക്ഷാക്രമീകരണമാണ് ഒരുക്കുന്നത്.