പത്തനംതിട്ട: ജില്ലയിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നി പ്രശ്ന ലഘൂകരണത്തിനുള്ള നയരൂപീകരണ ശില്പശാല ഇന്നും നാളെയും തെള്ളിയൂരിലെ പത്തനംതിട്ട ജില്ലാകൃഷി വിജ്ഞാന കേന്ദ്രത്തിൽ നടക്കും.
നബാര്‍ഡിന്റെ സഹായത്തോടെയും കൃഷി വകുപ്പിന്റെ സഹകരണത്തോടുമാണ് ശില്പശാല ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലുടനീളം കാട്ടുപന്നികളുടെ അതിക്രമവും അതിനേതുടര്ന്നുള്ള കൃഷിനാശവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ശില്പശാല സംഘടിപ്പിക്കുന്നത്.
കാട്ടുപന്നി സംഘര്‍ഷം പരിസ്ഥിതി, നിയമ, ഭരണ, സാമൂഹ്യ-സാമ്പത്തിക മേഖലകളെ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണപ്രശ്നമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ശില്പശാലയെന്ന് സംഘാടകർ പറഞ്ഞു. കര്‍ഷകര്‍ക്ക് ആവര്‍ത്തിച്ചുള്ള വിളനാശം, വരുമാനത്തിലെ അനിശ്ചിതത്വം, മാനസിക സംഘര്‍ഷം എന്നിവ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഏകോപിതവും ദീര്‍ഘകാലസ്ഥായിയുമായ പരിഹാര മാര്‍ഗങ്ങള്‍ അത്യാവശ്യമാണ്.
ശാസ്ത്രജ്ഞർ, വനം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, നബാര്‍ഡ്, കര്‍ഷക ഉത്പാദക സംഘടനകള്‍, കര്‍ഷകര്‍ എന്നിവരെ ഒരേ വേദിയില്‍ ഒന്നിപ്പിച്ച് ശാസ്ത്രീയ ഇടപെടലുകള്‍, ഭരണ സംവിധാനങ്ങള്‍, നിയമ വ്യവസ്ഥകള്‍, സമൂഹ അടിസ്ഥാനത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള ഏകീകൃത വേദി ശില്പശാല ഒരുക്കും.
വിദഗ്ധ ചര്‍ച്ചകള്‍, അനുഭവ പങ്കിടല്‍, പങ്കാളിത്ത സംവാദങ്ങള്‍ എന്നിവ വഴി ജില്ലാതലത്തില്‍ പ്രായോഗികവും നിയമപരമായി സാധുവുമായ, ജില്ലയ്ക്ക് അനുയോജ്യമായ നയങ്ങള്‍ രൂപപ്പെടുത്തി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ് ലക്ഷ്യം.
കാര്‍ഡ് ഡയറകടര്‍ റവ. ഷിബു സാമുവേലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മളനത്തില്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍ അനുമല മുഖ്യാതിഥിയായിരിക്കും. കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബര്‍ട്ട് പദ്ധതി വിശദീകരണം നടത്തും.
റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.രാജേഷ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയ, കേരള കാര്‍ഷിക സര്‍വകലാശാല എന്റമോളജി വിഭാഗം പ്രഫസർ ഡോ. മണി ചെല്ലപ്പന്, ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ സി. ഗിരിജ, നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡവലപ്മെന്റ്മാനേജര് വിഷ്ണു എസ്. ദാസ്, കാര്‍ഡ് ട്രഷറാര്‍ വിക്ടര്‍ ടി. തോമസ്, കെവികെ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷൻ വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റ് ഡോ. സിന്ധു സദാനന്ദന് എന്നിവര്‍ പ്രസംഗിക്കും.