Kerala
കണ്ണൂര്‍: പയ്യന്നൂരില്‍ പോലീസിനെ ബോംബറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജയില്‍വാസത്തിനു ശിക്ഷിക്കപ്പെട്ട സിപിഎം യുവനേതാവ് പരോള്‍ ചട്ടങ്ങൾ ലംഘിച്ച് സിപിഎം പരിപാടിയിൽ പങ്കെടുത്തു. 20 വർഷത്തേക്കു കോടതി തടവിന് ശിക്ഷിച്ച വി.കെ. നിഷാദാണ് പരോൾ ചട്ടം ലംഘിച്ച് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.
ടി.ഐ. മധുസൂദനൻ എംഎൽഎയ്ക്കെതിരെ ഗുരുതരമായ ഫണ്ട് ക്രമക്കേട് ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെതിരേ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പരിപാടിയിലാണു നിഷാദ് പങ്കടുത്തത്. രോഗബാധിതനായ പിതാവിനെ പരിചരിക്കണമെന്ന് കാണിച്ചു നിഷാദ് നൽകിയ അപേക്ഷയിലായിരുന്നു പരോൾ അനുവദിച്ചത്.
2012 ഓഗസ്റ്റില്‍ പയ്യന്നൂര്‍ പോലീസ് സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ് പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. പരോള്‍ കാലാവധിയില്‍ ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാന്‍ പാടില്ലെന്ന ചട്ടമാണ് വി.കെ. നിഷാദ് ലംഘിച്ചത്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇതിനിനിടെ കോടതി ശിക്ഷിച്ചതിനാൽ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ നിഷാദിനു കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വി.കെ. നിഷാദിനെ കൂടാതെ സി.വി. നന്ദകുമാറിനെയുമായിരുന്നു തളിപ്പറന്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
National
ഭുവനേശ്വർ: ഒഡീഷയിലെ ന്യൂനപക്ഷങ്ങൾക്കു നേർക്കുള്ള അതിക്രമത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ വസതി ഘെരാവോ ചെയ്യാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർക്ഷം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ധെൻകനാൽ ജില്ലയിൽ പാസ്റ്റർ ബിപിൻ നായക്കിനെ മർദിച്ചശേഷം ചാണകം തീറ്റിച്ച സംഭവത്തിലും ബാലസോർ ജില്ലയിൽ കന്നുകാലി മോഷണം ആരോപിച്ച് ഗോസംരക്ഷകർ ന്യൂനപക്ഷ വിഭാഗക്കാരനെ കൊലപ്പെടുത്തിയതിലും ആയിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.
ന്യൂനപക്ഷങ്ങൾക്കെതിരേ അതിക്രമം വർധിച്ചിട്ടും മുഖ്യമന്ത്രി നിശബ്ദനായിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രഞ്ജിത് പത്ര കുറ്റപ്പെടുത്തി.
Kerala
പത്തനംതിട്ട: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിന് അടുത്താണ് പ്രതിഷേധം.
പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ഭരണഘടനയോട് മന്ത്രി നീതിപുലര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ മന്ത്രി സജി ചെറിയാന് ചികിത്സ കൊടുത്താല്‍ മതിയായിരുന്നുവെന്നും ഇപ്പോള്‍ ചങ്ങലയ്ക്ക് ഇടണമെന്നും ജനീഷ് പറഞ്ഞു.
മന്ത്രി സജി ചെറിയാന് മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ല. രാജിവച്ച് പുറത്തു പോകണം. മലബാറില്‍ നിന്നല്ലേ ഇഎംഎസ് കടന്നുവന്നത്. സജി ചെറിയാന്റെ പ്രസ്താവന പാലോളി മുഹമ്മദ് കുട്ടി അംഗീകരിക്കുന്നുണ്ടോ. സജി ചെറിയാന് ആളുകളെ എല്ലാം ഒന്നായി കാണാനുള്ള മനസില്ല. മന്ത്രി സജി ചെറിയാന് ചെങ്ങന്നൂരിന് അപമാനമാണ്. മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടും', ജനീഷ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് സിപിഎമ്മിന് വലിയ പരാജയമാണ് ഉണ്ടായത്. തൂത്തെറിയുന്ന ജനത്തെ സിപിഎം വര്‍ഗീയമായി ചിത്രീകരിക്കുന്നു. സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു. കമ്മ്യൂണിസ്റ്റ് പരിവാര്‍ സംഘത്തെ ജനം ചെറുത്തു തോല്‍പ്പിക്കുമെന്നും ജനീഷ് പറഞ്ഞു.
National
ന്യൂഡൽഹി: ""ടെഹ്റാനിലെ തെരുവുകളിൽ പലയിടത്തും തീ ആളിക്കത്തി. രാത്രിയിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. മൊബൈൽ ഫോണുകളും ഇടയ്ക്കു തടസപ്പെട്ടു. അപകടകരവും ഭീതിജനകവുമായ അന്തരീക്ഷത്തിൽനിന്നാണു രക്ഷപ്പെട്ടത്’’ -സംഘർ ഭരിതമായ ഇറാനിൽനിന്നു ഡൽഹിയിൽ മടങ്ങിയെത്തിയ ആദ്യസംഘത്തിലെ മെഡിക്കൽ വിദ്യാർഥിനി പറഞ്ഞു.
പ്രതിഷേധവും സംഘർഷവും രൂക്ഷമായ ഇറാനിൽനിന്ന് 13 ഇന്ത്യക്കാർ ഇന്നലെ പുലർച്ചെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തി. സ്വന്തം ചെലവിൽ വാണിജ്യ വിമാനത്തിലാണ് മടങ്ങിയെത്തിയതെന്നും കേന്ദ്രസർക്കാരിന്റെ ക്രമീകരണപ്രകാരമല്ലെന്നും വിദ്യാർഥിനികൾ പറഞ്ഞു.
രണ്ടു സ്വകാര്യ വാണിജ്യ വിമാനങ്ങളാണ് ഇന്നലെ പുലർച്ചെ ഇറാനിൽനിന്നു ഡൽഹിയിലെത്തിയത്. മഹാൻ എയർ വിമാനമാണ് ആദ്യമെത്തിയത്. ഇന്ത്യൻ എംബസിയിൽനിന്ന് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും ലഭിച്ചെന്ന് മറ്റൊരു യാത്രക്കാരൻ വിശദീകരിച്ചു.
ഇറാനിലെ സാഹചര്യങ്ങൾ ഇപ്പോഴും മോശമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ അടച്ച ഇറാന്റെ വ്യോമാതിർത്തി വീണ്ടും തുറന്നതിനെത്തുടർന്നാണു വാണിജ്യ വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചത്.
രണ്ടാഴ്ചയായി പ്രതിഷേധം തുടരുന്ന ഇറാനിൽനിന്നു രക്ഷപ്പെടാനായതിൽ ആശ്വാസമുണ്ടെന്ന് തിരിച്ചെത്തിയ വിദ്യാർഥികളും പ്രഫഷണലുകളും പത്രലേഖകരോട് പറഞ്ഞു. മാരക പ്രതിഷേധങ്ങളും സർക്കാരിന്റെ കടുത്ത നടപടികളും കാരണം ഇറാനിൽ ഇപ്പോഴും സംഘർഷം രൂക്ഷമാണ്. തന്റെ നഗരത്തിൽ സ്ഥിതി താരതമ്യേന ശാന്തമായിരുന്നുവെന്ന് ഷിറാസിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന യുവതി പറഞ്ഞു. ഭാഗികമായെങ്കിലും ഇന്റർനെറ്റ് സേവനങ്ങൾ ഇറാനിൽ പല നഗരങ്ങളിലും പുനരാരംഭിച്ചിട്ടുണ്ടെന്ന് ചിലർ വ്യക്തമാക്കി.
ഇറാനിലെ സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെങ്കിലും പ്രശ്നങ്ങളൊന്നും തങ്ങൾ നേരിട്ടില്ലെന്ന് തിരിച്ചെത്തിയ അലി നഖി എന്നയാൾ പറഞ്ഞു. ഇന്റർനെറ്റ് പ്രവർത്തിക്കാത്തതിനാൽ ഇറാന്റെ മറ്റു ഭാഗങ്ങളിൽ എന്താണു സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് വീട്ടമ്മയായ അബ്ബാസ് ഖാസ്മി വ്യക്തമാക്കി. തീർച്ചയായും ഉത്കണ്ഠയുണ്ടായിരുന്നു. ഇന്റർനെറ്റ് അടച്ചുപൂട്ടിയപ്പോൾ വളരെ ആശങ്കാകുലരായിരുന്നു- ഖാസ്മി കൂട്ടിച്ചേർത്തു.
ഇറാനിൽ 9,000 ഇന്ത്യക്കാർ
ഇറാനിൽ നിലവിൽ ഏകദേശം 9,000 ഇന്ത്യൻ പൗരന്മാരുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. നാവികർ, തീർഥാടകർ, ബിസിനസിനായി ഇറാനിൽ താമസിക്കുന്നവർ തുടങ്ങിയവരും ഇന്ത്യക്കാരിലുണ്ട്. വാണിജ്യവിമാനങ്ങൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്.
ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഇറാനിലുള്ള ഇന്ത്യക്കാരോടു നാട്ടിലേക്കു സുരക്ഷിതരായി മടങ്ങാൻ ഉപദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.രൂക്ഷമായ വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തി ഡിസംബർ 28 മുതൽ ഇറാനിൽ ജനങ്ങൾ സർക്കാരിനെതിരേ തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രതിഷേധക്കാരെ പോലീസും സൈന്യവും അടിച്ചമർത്തുകയും കൊല്ലുകയും ചെയ്തിട്ടും ആയിരങ്ങൾ പ്രതിഷേധസമരങ്ങളിൽ ഇപ്പോഴും സജീവമാണ്.
Kerala
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിനെതിരെ കോൺഗ്രസ് പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാവിലെ എട്ടോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിക്കുകയായിരുന്നു.
പ്രവർത്തകർ ടോള്‍ നല്‍കാതെ വാഹനങ്ങള്‍ കടത്തിവിട്ടു. ഇതോടെ തര്‍ക്കവും വാക്കേറ്റവും ആരംഭിക്കുകയായിരുന്നു. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കോൺഗ്രസ് നേതാക്കളെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കി.
സർവീസ് റോഡുകളുടെ നിർമാണം പൂർത്തീകരിക്കുക, പ്രദേശത്തെ രണ്ട് പഞ്ചായത്തുകളിലുള്ളവർക്ക് ടോളിൽ പൂർണമായ ഇളവ് നൽകുക, ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യബസുകളെ ടോളിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. ഇതിൽ തീരുമാനമാകുന്നതുവരെ ടോൾ പിരിവ് ആരംഭിക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
Kerala
തൃശൂർ: സ്കൂൾ കലോത്സവനഗരിയിൽ സമാധാനപരമായി നിരാഹാരസമരം നടത്തിയ അധ്യാപകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയതിൽ പ്രതിഷേധം.
ഭിന്നശേഷിസംവരണത്തിന്റെ പേരിൽ നിയമന അംഗീകാരം വൈകിക്കുന്നതിലൂടെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ 25,000 അധ്യാപകർ നാലുവർഷമായി ശന്പളമില്ലാതെ ജോലിചെയ്യേണ്ടിവരുന്ന സാഹചര്യത്തിലായിരുന്നു പ്രതിഷേധം.
അധികതസ്തികയിൽ ജോലിചെയ്യുന്നവരോടും കെ-ടെറ്റ് വിഷയത്തിലെ ഇരട്ടത്താപ്പിലും പ്രതിഷേധിച്ച സ്ത്രീകൾ അടക്കമുള്ള അധ്യാപകരെ യാതൊരു പരിഗണനയുമില്ലാതെ പോലീസ് വാഹനത്തിലേക്കു വലിച്ചിഴച്ചുനീക്കിയത് കലോത്സവ നഗരിയിൽ പ്രതിഷേധത്തിനിടയാക്കി. കൗമാര കലാമാമാങ്കം നടക്കുന്പോൾ അധ്യാപകർ നീതിക്കായി തെരുവിലിറങ്ങേണ്ടിവന്നതു സാംസ്കാരികകേരളത്തിനു നാണക്കേടാണെന്നു വിവിധ സംഘടനകൾ കുറ്റപ്പെടുത്തി.
ഭിന്നശേഷിനിയമനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സർക്കാർ അധ്യാപകരെ ഇരുട്ടിൽ നിർത്തുകയാണെന്നാണ് സമരക്കാരുടെ ആക്ഷേപം. ഇതേ വിഷയത്തിൽ എൻഎസ്എസ് മാനേജ്മെന്റുകൾക്കു ലഭിച്ച ആനുകൂല്യങ്ങള്‍ തങ്ങൾക്കും അനുവദിക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: മൂന്നാം വാരത്തിലേക്കു കടന്ന ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1850 ആയതായി റിപ്പോർട്ട്. മരണം 12,000 വരെയാകാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഭരണകൂടം നടത്തുന്ന കൂട്ടക്കൊലകൾക്കിടയിലും രാജ്യമെങ്ങും പ്രക്ഷോഭം തുടരുകയാണ്. ഇന്റർനെറ്റ് നിരോധനം നിലനിൽക്കെ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്കിന്റെ സേവനം തടയാൻ ചൈനയുടെയും റഷ്യയുടെയും സഹായത്തോടെ സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നതായും റിപ്പോർട്ടുണ്ട്.
അതിനിടെ, ഇറേനിയൻ ഉദ്യോഗസ്ഥരുമായി നടത്താനിരുന്ന കൂടിക്കാഴ്ചകൾ ഉപേക്ഷിച്ചെന്നും പ്രതിഷേധക്കാർക്കുള്ള സഹായം പിന്നാലെ വരുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഇറാനിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
International
ടെഹ്റാൻ: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700 പേര് അറസ്റ്റിലായി. കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര് പതിനെട്ടുവയസില്‍ താഴെ പ്രായമുള്ളവരാണ്.
ഇറാനിലുടനീളം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിവരങ്ങൾ പുറംലോകമറിയാൻ വൈകുകയാണ്. ഭരണകൂടം ഔദ്യോഗികമായി മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും എന്നാല്‍ പ്രക്ഷോഭകരെ ഇറാന് നിഷ്കരുണം കൂട്ടക്കുരുതി ചെയ്യുന്നതിനാല്‍ അതിനു മുമ്പായി നടപടി വേണ്ടിവന്നേക്കുമെന്നും ട്രംപ് പറഞ്ഞു.
District News
തലയോലപ്പറമ്പ്: വെള്ളൂർ കല്ലിങ്കൽ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടാനുള്ള റയിൽവേ അധികൃതരുടെ നീക്കത്തിനെതിരേ പ്രതിഷേധവുമായി വെള്ളൂർ പഞ്ചായത്ത് ഭരണസമിതി.
ഒരു മാസം മുമ്പാണ് മുന്നറിയിപ്പില്ലാതെ പിറവം -വൈക്കം റോഡുകൾക്ക് ഇടയിലുള്ള എൽസി 20 റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും പ്രദേശത്തെ കൃഷിയും ഇല്ലാതാക്കുന്ന നീക്കത്തിൽനിന്ന് റെയിൽവേ അധികൃതർ പിന്മാറണമെന്ന് വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് ആവശ്യപ്പെട്ടു.
അടച്ചുപൂട്ടിയ കല്ലിങ്കൽ റെയിൽവേ ഗേറ്റിനു സമീപം നടന്ന പ്രതിഷേധ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ, വി.എൻ. ബാബു, ടി.വി. ബേബി, റെജി ആറാക്കൽ, ടി. രാഹുൽ, അതുല്യ മോൾ, ടി.എസ്. സുമി, സിപിഎം ലോക്കൽ സെക്രട്ടറി എ.കെ. രജീഷ്, പി.ആർ. രതീഷ്കുമാർ, സി.എം. ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.
International
ടെഹ്റാൻ: സാന്പത്തിക തകർച്ചയ്ക്കെതിരേ ഇറാനിൽ വ്യാപിച്ച പ്രക്ഷോഭത്തിൽ 35 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയിലെ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി എന്ന സംഘടനയാണ് ഈ കണക്ക് പുറത്തുവിട്ടത്. ഇറേനിയൻ അധികൃതർ 1,200 പേരെ തടവിലാക്കിയെന്നും പറയുന്നു.
കറൻസി മൂല്യം കൂപ്പുകുത്തിയതിലും സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിലും പ്രതിഷേധിച്ച് ടെഹ്റാനിലെ വ്യാപാരികൾ ഒരാഴ്ച മുന്‍പ് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ 31 പ്രവിശ്യകളിൽ 27ലേക്കും വ്യാപിച്ചു. പ്രതിഷേധക്കാരും സുരക്ഷാഭടന്മാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 29 പ്രതിഷേധക്കാർ, നാലു കുട്ടികൾ, രണ്ടു സുരക്ഷാഭടന്മാർ എന്നിവരാണു കൊല്ലപ്പെട്ടത്.
ഇറേനിയൻ സർക്കാർ ഇതുവരെ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. 250 പോലീസുകാർക്കും 45 അർധസൈനികർക്കും പരിക്കേറ്റതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഇറാക്കി അതിർത്തിയോടു ചേർന്ന ഇലാം പ്രവിശ്യയിലെ മലക് ഷാഹി പ്രദേശത്ത് പ്രക്ഷോഭകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാൻ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നല്കി. ഇവിടെ സുരക്ഷാഭടന്മാർ പ്രതിഷേധക്കാർക്കു നേർക്കു വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മലക് ഷാഹിയിലെ ആശുപത്രിയിൽ പ്രതിഷേധക്കാർക്കായി സുരക്ഷാഭടന്മാർ റെയ്ഡ് നടത്തിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ആശുപത്രിയിൽ അതിക്രമിച്ചുകയറി ജീവനക്കാരെയും പരിക്കേറ്റവരെയും ആയുധങ്ങളും കണ്ണീർവാതകവും ഉപയോഗിച്ച് ആക്രമിക്കുന്നതു മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അമേരിക്ക പ്രതികരിച്ചു.
International
ടെഹ്റാൻ: ഇറാനിൽ തുടരുന്ന വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിനിടെ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഘർഷത്തിൽ ഒരു സുരക്ഷാഭടൻ കൊല്ലപ്പെട്ടെന്നും 13 പേർക്കു പരിക്കേറ്റെന്നുമാണ് അധികൃതർ സ്ഥിരീകരിച്ചത്.
പടിഞ്ഞാറൻ ഇറാനിലെ ലോറെസ്താൻ, സെൻട്രൽ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നാണു വിവരം.
പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസിമൂല്യം കുത്തനെ ഇടിഞ്ഞതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. ഞായറാഴ്ച കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്.
ചൊവ്വാഴ്ച മുതൽ യൂണിവേഴ്സിറ്റി വിദ്യാർഥികളും പങ്കാളികളായി. അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഉപരോധങ്ങളിൽ നട്ടെല്ലു തകർന്ന ഇറേനിയൻ സന്പദ്വ്യവസ്ഥയ്ക്ക് എതിരേയുള്ള പ്രതിഷേധമായി ഇതു മാറിയിരിക്കുകയാണ്. ഇറാനിലെ പുരോഹിത ഭരണകൂടത്തിനെതിരേ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. പ്രതിഷേധം ശമിപ്പിക്കാനുള്ള മാർഗമെന്ന നിലയിൽ ബുധനാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ഇറേനിയൻ വിപ്ലവഗാർഡിനു കീഴിലുള്ള ബാസിജ് എന്ന അർധസൈനികസേനയിലെ അംഗമാണ് ലോറെസ്താനിലെ ഖുദാസ്ത് നഗരത്തിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. കല്ലേറിൽ 13 സുരക്ഷാ ഭടന്മാർക്കു പരിക്കേറ്റതായും ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാർസ് പ്രവിശ്യയിൽ പ്രതിഷേധക്കാർ ഗവർണറുടെ ഓഫീസ് അടക്കമുള്ള സർക്കാർ മന്ദിരങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു.
2022ൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ മതപോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന യുവതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വന്പൻ പ്രതിഷേധത്തിനുശേഷം ഇറാനിലുടനീളം വ്യാപിക്കുന്ന പ്രക്ഷോഭമാണിത്.
പ്രതിഷേധക്കാരുടെ നിയമാനുസൃത ആവശ്യങ്ങൾക്കു ചെവികൊടുക്കാൻ തയാറാണെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ അരാജകത്വത്തിനു ശ്രമിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് മവഹേദി ആസാദ് മുന്നറിയിപ്പു നല്കി.
International
ടെഹ്റാൻ: രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും കറൻസിയുടെ മൂല്യത്തകർച്ചയിലും പ്രതിഷേധിച്ച് ഇറാനിൽ ജനരോഷമിരന്പുന്നു. തലസ്ഥാനമായ ടെഹ്റാനിൽ ആരംഭിച്ച് നാലു ദിവസമായി തുടരുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചുകഴിഞ്ഞതായാണു റിപ്പോർട്ട്. പ്രതിഷേധക്കാരെ അടിച്ചമർത്താൻ സർക്കാർ നടപടികൾ തുടങ്ങിയതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
പ്രക്ഷോഭം ജനജീവിതത്തെ ബാധിച്ചാൽ നോക്കിയിരിക്കില്ല എന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്. സർവകലാശാലകളിൽ സമരം ചെയ്ത വിദ്യാർഥികളെ സൈന്യം കസ്റ്റഡിയിലെടുത്തതായും ആമിർ കബീർ സർവകലാശാലയിലെ ഒരു വിദ്യാർഥിക്ക് വിപ്ലവ സേനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായും മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. ഇസ്ലാമിക ഭരണകൂടത്തിന് എതിരേയുള്ള വിദ്യാർഥികളുടെ പ്രതിഷേധദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ പരോക്ഷമായി സൂചിപ്പിച്ച് “ഏകാധിപതിക്ക് മരണം” എന്നുപറഞ്ഞുള്ള മുദ്രാവാക്യങ്ങളുമായാണ് വിദ്യാർഥികൾ പ്രതിഷേധരംഗത്തുള്ളത്.
1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരഭൃഷ്ടനാക്കപ്പെട്ട അന്തരിച്ച ഷാ മൊഹമ്മദ് റെസാ പാഹ്ലാവിയുടെ മകനും അമേരിക്കയിൽ പ്രവാസജീവിതം നയിക്കുന്നതുമായ റെസാ പാഹ്ലാവിയെ തിരിച്ചുകൊണ്ടുവരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പ്രതിഷേധക്കാരുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ട റെസാ പാഹ്ലാവി, ഞാൻ നിങ്ങൾക്കൊപ്പമാണെന്നും വിജയം നമ്മുടേതാണെന്നും എക്സിൽ കുറിച്ചു.
ആയത്തൊള്ള അലി ഖമനയ് ഭരണകൂടത്തിന്റെ പരാജയമാണു സാമ്പത്തിക തകർച്ചയ്ക്കു കാരണമെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ വിപ്ലവ സംരക്ഷണ സേനയെയും അർധസൈനിക വിഭാഗത്തെയും കൂടുതൽ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്താൻ ആഭ്യന്തരമന്ത്രിയോടു നിർദേശിച്ചതായി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
സാന്പത്തിക തകർച്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവച്ച സെൻട്രൽ ബാങ്ക് ഗവർണർ മൊഹമ്മദാദ്രെസ ഫാർസിന്റെ രാജിക്കത്ത് സ്വീകരിച്ചതായും മുൻ ധനമന്ത്രി അബ്ദുൾനാസർ ഹെമ്മാതിയെ പകരം നിയമിച്ചതായും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. അതിനിടെ, പരമോന്നത നേതാവ് 86കാരനായ ആയത്തൊള്ള അലി ഖമനയിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണു റിപ്പോർട്ടുകൾ. അദ്ദേഹത്തിനു മറവിരോഗം ബാധിച്ചതായും റിപ്പോർട്ടുണ്ട്.
Movies
പ്രതിഷേധത്തെ തുടർന്ന് ക്ഷേത്ര പരിപാടിയിൽ നിന്നും നടൻ ദിലീപിനെ മാറ്റി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപിനെ ഒഴിവാക്കിയത്. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.
ജനുവരി 23നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തീരുമാനിച്ചിരുന്നത്.
ആദ്യ കൂപ്പൺ ഏറ്റുവാങ്ങാനായി നടൻ ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു.
എന്നാൽ, ദിലീപിനെ ഉദ്ഘാടനത്തിനെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം സമിതിക്കുള്ളിൽ തന്നെ ഉയർന്നു. കൊച്ചിൻ ദേവസ്വം ബോർഡിലും അതൃപ്തിയുണ്ടായി.
തുടർന്ന് കൂപ്പൺ ഉദ്ഘാടന ചടങ്ങിൽനിന്ന് ദിലീപിനെ മാറ്റുകയായിരുന്നു. പരിപാടി ചൊവ്വാഴ്ച നടക്കും. മേൽശാന്തി ആദ്യ കൂപ്പൺ ഏറ്റുവാങ്ങും.