National
അമൃത്സർ: പഞ്ചാബിലെ ഫെറോസ്പൂർ ജില്ലയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി.
സലൂൺ ഉടമയായ അമൻദീപ് സിംഗ് (42), ഭാര്യ ജസ്വീർ കൗർ (40), മക്കളായ മൻവീർ കൗർ (10), പർമീത് കൗർ (ആറ്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജസ്വീറിനെയും മക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശോഷം അമൻദീപ് ജീവനൊടുക്കുകയായിരുന്നു. കൊലചെയ്യാനായി ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തു.
അയൽവാസികൾ ചേർന്ന് വാതിൽ പൊളിച്ച് വീടിനുള്ളിൽ പ്രവേശിച്ചപ്പോളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു.
സംഭവത്തിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്നും ഫോറൻസിക്ക് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഫിറോസ്പൂരിയിലെ ആശുപത്രിയിലേക്ക് അയച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അയൽവാസികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
National
ചണ്ഡിഗഡ്: പാക് അതിർത്തി കടന്നെത്തുന്ന ലഹരിമരുന്നുകളുടെ ഡീലർമാരായി പഞ്ചാബിൽ പ്രവർത്തിച്ചുവന്ന 17 വയസുകാരനുൾപ്പെടെ നാലുപേർ ആന്റി നാർകോട്ടിക്സ് ടാസ്ക് ഫോഴ്സിന്റെ പിടിയിലായി.
ഇന്നലെ ഘോഗ ബോർഡർ ഔട്ട്പോസ്റ്റിലായിരുന്നു രഹസ്യവിവരത്തെത്തുടർന്ന് പോലീസിന്റെ ഓപ്പറേഷൻ. ഭിണ്ഡി ഔലക് ഗ്രാമത്തിലെ വയലിൽനിന്ന് അഞ്ചു പായ്ക്കറ്റുകളിലാക്കിയ 19.980 കിലോഗ്രാം ഹെറോയിൻ പോലീസ് കണ്ടെടുത്തു.
Sports
മൊഹാലി: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന്റെ 2025-26 സീസണില്‍ പഞ്ചാബിനായി സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍ വരുന്ന മത്സരങ്ങളില്‍ കളിക്കുമെന്നു സൂചന.
ഗ്രൂപ്പ് ലീഗ് ഫിക്സ്ചറില്‍ സിക്കിം, ഗോവ ടീമുകള്‍ക്ക് എതിരേ ജനുവരിയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഗില്‍ പഞ്ചാബിനായി ഇറങ്ങുമെന്നാണ് വിവരം. പഞ്ചാബിന്റെ മൂന്നും നാലും മത്സരങ്ങളില്‍ ഗില്‍ കളിച്ചേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ജനുവരി മൂന്ന്, ആറ് തീയതികളില്‍ മാത്രമായിരിക്കും ഗില്‍ പഞ്ചാബിനൊപ്പം ഇറങ്ങുക.
എലൈറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടു മത്സരങ്ങള്‍ ജയിച്ച പഞ്ചാബിന് എട്ട് പോയിന്റുണ്ട്. ഇത്രയും പോയിന്റുമായി മുംബൈയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. മുംബൈക്കായി രോഹിത് ശര്‍മയും ഡല്‍ഹിക്കായി വിരാട് കോഹ് ലിയും ആദ്യ രണ്ടു മത്സരങ്ങളില്‍ കളിച്ചിരുന്നു.
ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ 2026 ലോകകപ്പ് ട്വന്റി-20 ടീമില്‍നിന്ന് പുറത്തായിരുന്നു. ജനുവരി 11ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലാണ് ഇന്ത്യന്‍ ടീം അടുത്തതായി ഇറങ്ങുക.
National
ചണ്ഡീഗഡ്: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വരെ ചെലവുള്ള ചികിത്സ സൗജന്യമാക്കി പഞ്ചാബിലെ എഎപി സർക്കാർ. മുഖ്യമന്ത്രി സേഹത്ത് യോജന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ജനുവരി മുതൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.
എല്ലാ ജനങ്ങൾക്കും സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുടുംബങ്ങൾക്കും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കും.
പ്രധാന അസുഖങ്ങൾ, ക്രിട്ടിക്കൽ കെയർ, ശസ്ത്രക്രിയകൾ, ജീവൻരക്ഷാ ചികിത്സകൾ എന്നിവയെല്ലാം പദ്ധതിയുടെ പരിധിയിൽ വരും. എല്ലാ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. പണം നൽകേണ്ടതില്ലാത്ത കാഷ് ലെസ് ചികിത്സാ സൗകര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
National
ചണ്ഡിഗഡ്: പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എഎപിക്കു മുന്നേറ്റം. ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കുമാണു തെരഞ്ഞെടുപ്പ് നടന്നത്.
ജില്ലാ പരിഷത്തിൽ ഫലം പ്രഖ്യാപിച്ച 71 സോണുകളിൽ 60ൽ എഎപി വിജയിച്ചു. കോൺഗ്രസ് ഏഴിലും അകാലി ദൾ, ബിജെപി പാർട്ടികൾ ഓരോ സീറ്റിലും വിജയിച്ചു. 113 സോണുകളിൽ എഎപി മുന്നിട്ടുനിൽക്കുകയാണ്.
പഞ്ചായത്ത് സമിതികളിലെ 1875 സോണുകളിൽ എഎപി 876 സോണുകളിൽ വിജയിച്ചു. കോൺഗ്രസ്-216, അകാലി ദൾ-129, സ്വതന്ത്രർ-63, ബിജെപി-20 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില.
National
അമൃത്സർ: പഞ്ചാബിൽ കബഡി താരം വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാനപ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മൊഹാലിയിലാണ് സംഭവം. ഹർപിന്ദർ(മിദ്ദു-30) ആണ് കൊല്ലപ്പെട്ടത്.
പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ തരൺ തരൺ ജില്ലയിലെ നൗഷെഹ്റ പന്നുവാൻ നിവാസിയായ ഹർപീന്ദറിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് മൊഹാലി പോലീസ് പറഞ്ഞു.
ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. പ്രതി നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം മൊഹാലിയിലെ സോഹാന പ്രദേശത്തുള്ള ബേദ്വാൻ സ്പോർട്സ് ക്ലബ്ബിൽ നടന്ന കബഡി ടൂർണമെന്റിനിടെയുണ്ടായ വെടിവയ്പ്പിൽ കബഡി താരം ദിഗ്വിജയ് സിംഗ് എന്ന റാണ ബാലചൗരിയയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചു.
മോട്ടോർ സൈക്കിളിൽ എത്തിയ അക്രമി ബാലചൗരിയയ്ക്ക് നേരെ ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു. കേസിൽ ഉൾപ്പെട്ട അമൃത്സർ നിവാസികളായ മഖൻ എന്ന ആദിത്യ കപൂർ, ഡിഫോൾട്ടർ കരൺ എന്ന കരൺ പഥക് എന്നിവരെ തിരിച്ചറിഞ്ഞതായി മൊഹാലി പോലീസ് ചൊവ്വാഴ്ച അറിയിച്ചു.
National
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ കബഡി താരം വെടിയേറ്റ് മരിച്ചു. കൻവർ ദിഗ്വിജയ് സിംഗ് (30) ആണ് മരിച്ചത്.
ഇന്ന് വൈകുന്നരേമാണ് ദാരുണമായ സംഭവമുണ്ടായത്. മൊഹാലിയിലെ സൊഹാനയിലുള്ള ബെട്വാൻ സ്പോർട്സ് ക്ലബിൽ കബഡി മത്സരം നടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
ബൈക്കിലെത്തിയ അക്രമി കൻവർ സിംഗിനെ നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൻവറിനെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവച്ചതിന് ശേഷം അക്രമി കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമിക്കായുള്ള അന്വേഷണം നടക്കുന്നതായും ഉടനെ തന്നെ അയാളെ പിടികൂടാൻ സാധിക്കുമെന്നും പോലീസ് അറിയിച്ചു.
National
ചണ്ഡീഗഡ്: കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം.
ജാസ് കരണ്‍ സിംഗ്, കമല്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്. മോഗ ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരായിരുന്നു ഇരുവരും.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കമല്‍ജീത് കൗറിനെ പഞ്ചാബ് ജില്ലാ പരിഷത്തിന്റെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നു. സംഗത്പുരയിലായിരുന്നു തെരഞ്ഞെടുപ്പ് ഡ്യൂട്ടി.
ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ജാസ് കരണ്‍ സിംഗാണ് കാര്‍ ഓടിച്ചിരുന്നത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറിയുകയും കാര്‍ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയുമായിരുന്നു.
ജാസ് കരണും കമല്‍ജീതും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മാന്‍സ സ്വദേശികളാണ് ജാസ് കരണും കമല്‍ജീതും. ജാസ് കരണ്‍ ഇംഗ്ലീഷ് അധ്യാപകനാണ്.
Sports
റാഞ്ചി: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസിലൂടെ ജാര്‍ഖണ്ഡിന്റെ റിക്കാര്‍ഡ് ചേസിംഗ്.
സൂപ്പര്‍ ലീഗ് ഗ്രൂപ്പ് എയില്‍ പഞ്ചാബിന്റെ 235/6 എന്ന സ്കോര്‍ 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 237 എടുത്ത് ജാര്‍ഖണ്ഡ് മറികടന്നു. 45 പന്തില്‍ 125 റണ്‍സ് നേടിയ പഞ്ചാബിന്റെ സലില്‍ അറോറയുടെ സെഞ്ചുറി പാഴായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആന്ധ്രയുടെ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഹാട്രിക് കാറ്റില്‍പറത്തി മധ്യപ്രദേശ് നാല് വിക്കറ്റ് ജയം നേടി. സ്കോര്‍: ആന്ധ്ര 19.1 ഓവറില്‍ 112. മധ്യപ്രദേശ് 17.3 ഓവറില്‍ 113/6.
സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബിയില്‍, നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ മുഹമ്മദ് സിറാജിന്റെ (3/21, പ്ലെയര്‍ ഓഫ് ദ മാച്ച്) ഹൈദരാബാദ് ഒമ്പത് വിക്കറ്റിനു കീഴടക്കി. സ്കോര്‍: മുംബൈ 18.5 ഓവറില്‍ 131. ഹൈദരാബാദ് 11.5 ഓവറില്‍ 132/1. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഹരിയാന ഏഴ് വിക്കറ്റിന് രാജസ്ഥാനെ കീഴടക്കി.
International
ലാഹോർ: പാക്കിസ്ഥാനിൽ ജഡ്ജിയുടെ ചേംബറിൽ നിന്ന് ആപ്പിളും ഹാൻഡ് വാഷും മോഷ്ടിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പഞ്ചാബ് പ്രവിശ്യാ പോലീസ്. രണ്ട് ആപ്പിളും ഒരു ബോട്ടിൽ ഹാൻഡ് വാഷുമാണ് സെഷൻസ് കോടതി ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത്.
സംഭവത്തിന് പിന്നാലെ ലാഹോറിലെ ഇസ്ലാംപുര പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജഡ്ജിയുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബർ 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
അഡീഷണൽ സെഷൻസ് ജഡ്ജി നൂർ മുഹമ്മദ് ബസ്മലിന്റെ ചേംബറിലാണ് മോഷണം നടന്നത്. പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 380 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
National
ലുധിയാന: പഞ്ചാബിൽ വിവാഹ സത്കാരത്തിനിടെ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
പഖോവൽ റോഡിൽ നടന്ന വിവാഹച്ചടങ്ങിന് ക്ഷണിക്കപ്പെട്ട രണ്ട് സംഘങ്ങൾ തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. ശുഭം മോട്ടയുടെയും അങ്കുറിന്റെയും നേതൃത്വത്തിലുള്ള ഈ സംഘങ്ങളുടെ പേരിൽ നിരവധി എഫ്ഐആറുകളുമുണ്ട്.
വിവാഹ വേദിയിൽ വച്ച് പരസ്പരം കണ്ടുമുട്ടിയ ഇവർ നിസാരകാര്യത്തെച്ചൊല്ലി ആരംഭിച്ച വാഗ്വാദം പിന്നീട് സംഘട്ടനത്തിലേക്ക് കടന്നുവെന്നാണ് സാക്ഷികളുടെ മൊഴി.
ഇരുസംഘങ്ങളും തമ്മിൽ 20-25 റൗണ്ട് വെടിയുതിർത്തെന്നും പോലീസ് പറയുന്നു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഏഴ് പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ഫിറോസ്പൂരിൽ ആർഎസ്എസ് പ്രവർത്തകൻ നവീൻ അറോറയുടെ കൊലക്കേസിലെ പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ബാദൽ എന്നയാളാണ് മരിച്ചത്.
ഫാസിൽക ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നവംബർ 15നാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്.
പ്രതിയായ ബാദലിനെ മാമു ജോഹിയ ഗ്രാമത്തിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. ഇയാളെ ഒരു ശമ്ശാനത്തിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ മറഞ്ഞിരുന്ന ഇയാളുടെ രണ്ട് അനുയായികൾ വെടിവയ്ക്കുകയായിരുന്നുവെന്നും പോലീസ് നടത്തിയ തിരിച്ചടിയിലാണ് പ്രതി കൊല്ലപ്പെട്ടതെന്നും ഹർമാൻബിർ സിംഗ് പറഞ്ഞു. ഒരു പോലീസ് കോൺസ്റ്റബിളിന് വെടിവയ്പ്പിൽ പരിക്കേറ്റുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ് നേതാവ് ബൽദേവ് രാജ് അറോറയുടെ മകൻ നവീൻ അറോറയെ (32) നവംബർ 15 ന് വൈകുന്നേരം ഏഴോടെ മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോൾ ബാദലും കൂട്ടാളിയും തടഞ്ഞുനിർത്തി വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് കേസ്.
ഫിറോസ്പൂരിലെ ബസ്തി ഭാട്ടിയൻ വാലി സ്വദേശിയായ ബാദൽ വാടക കൊലയാളിയാണ്. കേസിലെ കൂട്ടുപ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Sports
വയനാട്: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ പഞ്ചാബ് ഒമ്പത് വിക്കറ്റിനു കേരളത്തെ തോല്‍പ്പിച്ചു. 38 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
അമയ് മനോജിന്റെ (129) സെഞ്ചുറിയിലൂടെ കേരളം ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി.
സ്കോര്‍: കേരളം 255, 288. പഞ്ചാബ് 506/9 ഡിക്ലയേഡ്.
Kerala
ചണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു.
ലോറി ഡ്രൈവറായിരുന്ന സുഖ്ജീത് സിംഗ്, ബൽവന്ത് റായ്, ധർമേന്ദർ വർമ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദർ കൗർ, ആരാധന വർമ എന്നിവരാണ് മരിച്ചത്.
രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബൽവന്ത് സിംഗ്, ഹർബൻസ് ലാൽ, അമർജീത് കൗർ, സുഖ്ജീത് കൗർ, ജ്യോതി, സുമൻ, ഗുർമുഖ് സിംഗ്, ഹർപ്രീത് കൗർ, കുസുമ, ഭഗവാൻ ദാസ്, ലാലി വർമ, സീത, അജയ്, സഞ്ജയ്, പൂജ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ചിലർ ഇതിനകം ആശുപത്രി വിട്ടു.
അപകടത്തിൽ പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ അനുശോചനം അറിയിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും പരിക്കേറ്റവർക്ക് സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കുകയും ചെയ്തു. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
National
ന്യൂഡൽഹി: കേരളം കൂടാതെ ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കു നേട്ടം. പഞ്ചാബിലെയും ഗുജറാത്തിലെയും സിറ്റിംഗ് സീറ്റുകൾ എഎപി നിലനിർത്തി. ഗുജറാത്തിലെ മറ്റൊരു സീറ്റിൽ ബിജെപിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസും വിജയിച്ചു.
ഗുജറാത്തിലെ വിസവദാർ മണ്ഡലത്തിൽ എഎപി മുൻ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ 17,554 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ കിരിത് പട്ടേലിനെ പരാജയപ്പെടുത്തി. എഎപി അംഗ ഭൂപേന്ദ്ര ഭയാനി രാജിവച്ച് ബിജെപിയിൽ ചേർന്നതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഗുജറാത്തിലെ കാദി സീറ്റിൽ ബിജെപിയിലെ രാജേന്ദ്ര ചാവ്ഡ വിജയിച്ചു. കോൺഗ്രസ് രണ്ടാമതെത്തി. ബിജെപി എംഎൽഎയായിരുന്ന കാർസൻ സോളങ്കിയുടെ മരണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലം എഎപിയിലെ സഞ്ജീവ് അറോറ നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥിയാണു രണ്ടാമതെത്തിയത്. ബിജെപി മൂന്നാമതും അകാലി ദൾ നാലാമതുമായി. എഎപി എംഎൽഎ ഗുർപ്രീത് ബാസി ഗോഗിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ആലിഫ അഹമ്മദ് 50,049 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപിയാണ് രണ്ടാമതെത്തിയത്. സിപിഎം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
കാളിഗഞ്ച് എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നസിറുദ്ദീന്റെ മകളാണ് മുപ്പത്തിയെട്ടുകാരിയും ഐടി പ്രഫഷണലുമായ ആലിഫ.