അമൃത്സർ: പഞ്ചാബിൽ കബഡി താരം വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാനപ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മൊഹാലിയിലാണ് സംഭവം. ഹർപിന്ദർ(മിദ്ദു-30) ആണ് കൊല്ലപ്പെട്ടത്.
പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ തരൺ തരൺ ജില്ലയിലെ നൗഷെഹ്റ പന്നുവാൻ നിവാസിയായ ഹർപീന്ദറിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് മൊഹാലി പോലീസ് പറഞ്ഞു.
ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. പ്രതി നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം മൊഹാലിയിലെ സോഹാന പ്രദേശത്തുള്ള ബേദ്വാൻ സ്പോർട്സ് ക്ലബ്ബിൽ നടന്ന കബഡി ടൂർണമെന്റിനിടെയുണ്ടായ വെടിവയ്പ്പിൽ കബഡി താരം ദിഗ്വിജയ് സിംഗ് എന്ന റാണ ബാലചൗരിയയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചു.
മോട്ടോർ സൈക്കിളിൽ എത്തിയ അക്രമി ബാലചൗരിയയ്ക്ക് നേരെ ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു. കേസിൽ ഉൾപ്പെട്ട അമൃത്സർ നിവാസികളായ മഖൻ എന്ന ആദിത്യ കപൂർ, ഡിഫോൾട്ടർ കരൺ എന്ന കരൺ പഥക് എന്നിവരെ തിരിച്ചറിഞ്ഞതായി മൊഹാലി പോലീസ് ചൊവ്വാഴ്ച അറിയിച്ചു.
Tags : Punjab Kabaddi Player Police Encounter Murder