പഞ്ചാബിലെ അതിർത്തി ഗ്രാമമായ പട്ടിയിലെ ഗാർഡൻ കോളനിയിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പ് പ്രദേശത്തെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
വെറും രണ്ട് മാസം മുമ്പ് വിവാഹിതയായ 23 -കാരി റൂബിയാണ് സ്വന്തം വീടിന് മുന്നിൽ അജ്ഞാതന്റെ വെടിയേറ്റു വീണത്. റൂബിയുടെ ഭർത്താവ് അൻഷ് ഗ്രോവർ വീടിന് പുറത്ത് സ്കൂട്ടറില്‍ ഇരിക്കുമ്പോള്‍ അവിടെയെത്തിയ അക്രമി അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത റൂബിയെ അക്രമി വെടിവെക്കുകയായിരുന്നുവെന്ന് റൂബിയുടെ ഭർത്താവിന്റെ മുത്തശ്ശി റീനു ബാല മൊഴി നൽകിയിട്ടുണ്ട്.
പെട്ടെന്നുണ്ടായ അക്രമത്തിൽ പകച്ചുപോയ വീട്ടുകാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന റൂബിയെ ഉടൻതന്നെ പട്ടിയിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി അമൃത്സറിലെ ഗുരു നാനാക്ക് ദേവ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവം നടന്നയുടൻ പട്ടി സിറ്റി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കൻവാൽജിത് റായിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പട്ടി സ്വദേശി തന്നെയായ കരൺ എന്ന യുവാവാണ് കൃത്യത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു.
അക്രമത്തിന്റെ യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും വ്യക്തിപരമായ വൈരാഗ്യമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ എന്ന കാര്യത്തിൽ പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.
കുറ്റവാളിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും റൂബിയുടെ കുടുംബം അധികാരികളോട് ആവശ്യപ്പെട്ടു.