ചണ്ഡിഗഡ്: സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതിനെത്തുടർന്ന് പഞ്ചാബിലെ ഫിറോസ്പുരിൽ യുവാവിന് ദാരുണാന്ത്യം. ധനി സുച്ച സ്വദേശിയായ ഹർപിന്ദർ സിംഗ് (30) ആണ് മരിച്ചത്.
വിദേശത്തെ ജോലി കഴിഞ്ഞ് അടുത്തിടെ നാട്ടിലെത്തിയ ഹർപിന്ദർ, വീട്ടിലെ സോഫയിൽ ബന്ധുവിനോടൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് അപകടം നടന്നത്. സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ അരയിൽ തിരുകിയിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ തന്നെ ഹർപിന്ദറിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ട് വയസുള്ള പെൺകുഞ്ഞിന്റെ പിതാവായ ഹർപിന്ദറിന്റെ ശവസംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ചയാണ് നടന്നത്. സംഭവത്തിന് പിന്നാലെ യുവാവിന്റെ കുടുംബാംഗങ്ങളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.
Tags : PunjabNews Ferozepur BreakingNews Tragedy KeralaMedia