ഖാർത്തൂം: സുഡാനിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയ്ക്കു സമീപം സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടു. പാരാമിലിട്ടറി സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) ആണ് ഇക്കാര്യം അറിയിച്ചത്. 2023 മുതൽ സൈന്യവുമായി ആർഎസ്എഫ് ഏറ്റുമുട്ടുകയാണ്.
ത്ത് സുഡാൻ അതിർത്തിയിലുള്ള ഹെഗ്ലിഗ് എണ്ണ ശുദ്ധീകരണശാലയ്ക്കു സമീപമാണ് ഡ്രോൺ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ആർഎസ്എഫ് ഈ പ്രദേശം പിടിച്ചെടുത്തിരുന്നു. എത്ര പേർ കൊല്ലപ്പെട്ടുവെന്ന കണക്ക് പുറത്തുവന്നിട്ടില്ല.
ഏഴു ഗോത്രവിഭാഗം നേതാക്കളും ഡസൻകണക്കിന് ആർഎസ്എഫ് സേനാംഗങ്ങളും കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കി നിർമിത അകിൻസി ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ സൗത്ത് സുഡാനീസ് സൈനികരും കൊല്ലപ്പെട്ടുവെന്ന് ആർഎസ്എഫ് അറിയിച്ചു. ഡ്രോൺ ആക്രമണമുണ്ടായെന്നും ആർഎസ്എഫ് സേനാംഗങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സുഡാനീസ് സൈനികോദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
തങ്ങളുടെ മൂന്നു സൈനികർ കൊല്ലപ്പെട്ടുവെന്നു സൗത്ത് സുഡാൻ സർക്കാർ സ്ഥിരീകരിച്ചു. ഡ്രോൺ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടുവെന്ന് ഒരു സൗത്ത് സുഡാനീസ് സൈനികൻ പറഞ്ഞു.
ഹെഗ്ലിഗ് എണ്ണ ശുദ്ധീകരണശാലയുടെ സുരക്ഷയ്ക്കായി സൈന്യത്തെ അയയ്ക്കുമെന്നു സൗത്ത് സുഡാനീസ് കമാൻഡർ ജോൺസൺ ഒലോണി അറിയിച്ചു.തിങ്കളാഴ്ചയാണ് ഹെഗ്ലിഗ് പ്രദേശം ആർഎസ്എഫ് പിടിച്ചെടുത്തത്.
ചൊവ്വാഴ്ചയോടെ 3900 സുഡാനീസ് സൈനികർ സൗത്ത് സുഡാൻ കടന്ന് സൈന്യത്തിനു മുന്പാകെ ആയുധം വച്ച് കീഴടങ്ങി. രണ്ടു വർഷത്തിനിടെ സുഡാനിൽ ഒന്നര ലക്ഷം പേരാണു കൊല്ലപ്പെട്ടത്.