മികവുറ്റ രീതിയിൽ ഒരു ഹൊറര്‍ സിനിമ എങ്ങനെ രൂപപ്പെടുത്തണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് രാഹുല്‍ സദാശിവന് കഥയെഴുതി സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെ. ശബ്ദവും നിശബ്ദതയും ചേരുംപടി സംയോജിപ്പിച്ച് 115 മിനിറ്റുകള്‍ പേടി അനുഭവിപ്പിക്കുന്ന മേക്കിംഗ് ബ്രില്യന്‍സ്.
ഭൂതകാലത്തില്‍ തുടങ്ങി ഭ്രമയുഗത്തിലൂടെ ഡീയസ് ഈറെയിലെത്തുമ്പോള് തനിക്കു പ്രിയപ്പെട്ട ഹൊറര്‍ ജോണറെന്ന കെട്ടിടത്തില്‍ നമ്മളെ പേടിപ്പെടുത്തുന്ന, ഞെട്ടലിലാഴ്ത്തുന്ന ചില പുതിയ നിഗൂഢ മുറികള്‍ പണിതീര്ക്കുകയാണു സംവിധായകന് രാഹുല്‍ സദാശിവന്.
കൊച്ചിയിലുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ എന്‍ജിനിയറാണ് പ്രണവിന്റെ കഥാപാത്രം രോഹന്. അച്ഛനും അമ്മയും സഹോദരിയുമൊക്കെ അമേരിക്കയിലാണ്. പട്ടണത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. ധാരാളം സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷിക്കുന്ന പ്രകൃതം. രോഹന്റെ ക്ലാസ്മേറ്റും സുഹൃത്തുമായിരുന്ന കനി ആത്മഹത്യ ചെയ്തുവെന്നു സുഹൃത്തില്‍ നിന്ന് രോഹന് അറിയുന്നു. സുഹൃത്തിനൊപ്പം കനിയുടെ വീടുസന്ദര്‍ശിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന രോഹൻ നേരിടുന്ന അസാധാരണ സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. തുടര്‍ന്നുള്ള പേടിപ്പെടുത്തുന്ന കഥാമുഹൂര്‍ത്തങ്ങളും വേറിട്ട കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ ആസ്വദിക്കുന്നതാണു രസകരം.
പ്രവചനാതീതമാണ് ചിത്രത്തിന്റെ കഥാസഞ്ചാരം. ഓരോ നിമിഷവും അടുത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന ആകാംക്ഷ നിലനിര്‍ത്തുന്ന മേക്കിംഗ് സ്റ്റൈല്‍. വിൻഡോ കർട്ടനുകളെ തട്ടിനീക്കി കാറ്റ് വീശുമ്പൊഴും ചായക്കപ്പും സ്ഫടിക പാത്രങ്ങളും വീണുടയുമ്പൊഴും സിഗരറ്റ് കത്തിച്ചു വലിക്കുന്പോൾ പോലും ഹൊറര്‍ അനുഭവിപ്പിക്കാന്‍ പാകത്തില്‍ ശബ്ദം ഡിസൈന്‍ ചെയ്തുവെന്നത് എടുത്തുപറയാതെ വയ്യ. ഇത്തരമൊരു സസ്പെന്‍സ് ചിത്രത്തിന്റെ ഹൊറര്മൂഡിനു തീപിടിപ്പിക്കുംവിധം പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും ശബ്ദം ഡിസൈന്‍ ചെയ്ത ജയദേവന് ചക്കടത്തും ശബ്ദമിശ്രണം ഗംഭീരമാക്കിയ എം. ആര്. രാജാകൃഷ്ണനും കൈയടി നേടുന്ന കാഴ്ച.