കവരത്തി: ലക്ഷദ്വീപിൽ ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് റംസാൻ വരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ.
വാഹന നിരോധനത്തിനെതിരായ ഹർജിയിലാണ് റംസാൻ വരെ ഉത്തരവ് നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചത്. കേസ് മാർച്ച് 16ന് വീണ്ടും പരിഗണിക്കും.
ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആഴ്ചയിലൊരിക്കൽ ലക്ഷദ്വീപിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചത്.
ദ്വീപ് നിവാസികൾക്കിടയിൽ കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതുമാണ് ഈ പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നേരത്തെ വിശദമാക്കിയത്.