അന്നൊരു ഞായറാഴ്ച. ലഞ്ചിന് ഞങ്ങൾക്കൊപ്പം ഫ്രാങ്കുമുണ്ടായിരുന്നു. വെയിലാറിയാൽ ഞങ്ങൾ ലോണിലൂടെ നടന്ന് റോസ് ഗാർഡൻ വഴി നീങ്ങി, വൃക്ഷച്ചുവട്ടിൽ കുറേനേരം വിശ്രമിച്ചശേഷം ഹാപ്പി വാലി വരെ പോയി മടങ്ങാറാണ് പതിവ്.
അപ്പോഴേക്കും അപ്രതീക്ഷിതമായി ഏതാനും സുഹൃത്തുക്കൾ കാറുമായെത്തി. വേറേ ചിലർ കെരിത്തിൽനിന്നുമെത്തി. മറ്റുചില സന്ദർശകർ ആ പരിസരത്തിൽനിന്നു വന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും മറ്റൊരു കാറിൽ മാക്സിമിന്റെ വേറേ സുഹൃത്തുക്കൾ. ഒരു സന്ദർശക പ്രവാഹം! മാൻഡെർലിയിൽ ഇങ്ങനെ ഇടയ്ക്കിടെ പതിവാണ്. എല്ലാവരെയും സസന്തോഷം സ്വീകരിച്ചിരുത്തി. അവരെ വേണ്ടപോലെ സൽക്കരിക്കാൻ ഫ്രിത്തും റോബർട്ടും മുൻകൈയെടുത്തു.
സന്ദർശകരുടെ കൂട്ടത്തിൽ കെരിത്തിൽനിന്നുള്ള മധ്യവയസ്കയായ ലേഡി ക്രോവൻ ഉണ്ടായിരുന്നു. കുലീനയാണ്, യോഗ്യയാണ്, ഒപ്പം സംസാരപ്രിയയുമാണ്. യാതൊരു നിയന്ത്രണവുമില്ലാതെ വാതോരാതെ സംസാരിക്കുന്ന കൂട്ടത്തിലാണവർ. എല്ലാവരും പുതുമുഖമായ എന്നെ കൗതുകത്തോടെ നോക്കുന്നുണ്ട്.
മാക്സിമിന്റെ അടുത്തിരിക്കുന്ന ലേഡി ക്രോവൻ ഈ സമയത്ത് ഒരു വിഷയം അവതരിപ്പിച്ചു. ""മാക്സിം! ഈ മാൻഡെർലിയിൽ എത്ര വന്പൻ കലാപരിപാടികളും ഡിന്നർ പാർട്ടികളും പ്രച്ഛന്നവേഷ നൃത്തങ്ങളും മുന്പ് നടന്നിട്ടുള്ളതാണ്. കുറച്ചുകാലങ്ങളായിട്ട് അത്തരം പ്രോഗ്രാമുകളൊന്നുമില്ല. അതൊന്നു തിരിച്ചുകൊണ്ടുവരേണ്ടേ?''
കൂട്ടത്തിൽ ചിലർ എഴുന്നേറ്റ് ഉത്സാഹപൂർവം അതിനു പിന്തുണ പ്രഖ്യാപിച്ചു.
മാക്സിം പറഞ്ഞു: ""ഞാൻ അതേപ്പറ്റി ചിന്തിച്ചിട്ടില്ല. മുന്പ് ആരും പറഞ്ഞിട്ടുമില്ല.''
ലേഡി ക്രോവൻ തുടർന്നു: ""കുറച്ചുനാളായി ഞാനിതു പറയണമെന്നു വിചാരിക്കുന്നു. ഈ സമ്മർ സീസണിൽ അത്തരമൊരു ആഘോഷപരിപാടി അതിഥികൾക്കും ഈ നാട്ടുകാർക്കും നൽകുന്ന ആഹ്ലാദവും അവേശവും എത്രമാത്രമെന്നു പറഞ്ഞറിയിക്കാനാവില്ല. അതൊന്ന് ആലോചിക്കൂ!''
തുടർന്ന് എന്നെ നോക്കി പറഞ്ഞു: ""മാൻഡെർലിയിലെ പുതിയ മരുമകളുടെ ബഹുമാനാർഥമാവട്ടെ ആ പരിപാടി.''
മറ്റൊരു മാന്യൻ പറഞ്ഞു: ""വിവാഹത്തിന്റെ ആഘോഷം ഞങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. അതിനുള്ള പരിഹാരംകൂടിയാവട്ടെ ഇങ്ങനെയൊരു പരിപാടി.''
കേട്ടപാടേ അവിടെ കൂടിയവരെല്ലാം ഏകകണ്ഠമായി കൈയടിച്ച് അംഗീകരിച്ചു.
അവരെല്ലാം പിരിഞ്ഞുപോയശേഷം എന്റെ സാന്നിധ്യത്തിൽ മാക്സിമും ഫ്രാങ്കും ആലോചിച്ചു തീരുമാനിച്ചത് വളരെ വിപുലമായതോതിൽ ഒരു പ്രച്ഛന്നവേഷ നൃത്തപരിപാടി നടത്താനാണ്. എന്നിട്ടു മാക്സിം ഫ്രാങ്കിനോടു പറഞ്ഞു: ""പരിപാടി ഗംഭീരമാക്കാൻവേണ്ട എല്ലാ ഏർപ്പാടുകളും ചെയ്യുക. സഹായത്തിന് മിസിസ് ഡാൻവേഴ്സിനെയും വിളിച്ചോളൂ. ഇത്തരം പ്രോഗ്രാം മുന്പു നടത്തിയതിന്റെ അറിവും ഓർമകളുമുണ്ടാവും.''
മിസിസ് ക്രോവൻ പോകുന്നപോക്കിൽ എന്നെ വിളിച്ചിട്ട് ഫാൻസി ഡ്രസിന് എനിക്കൊരു വേഷം നിർദേശിച്ചു.
മാക്സിം ചോദിച്ചു: ""അതെന്താണ്?''
""ഒരു ആട്ടിടയത്തിയുടെ വേഷം. ആടാനും നൃത്തംചവിട്ടാനും പറ്റിയ വേഷമാണ്.''
""ആ സ്ത്രീ ഒരർഥത്തിൽ പറഞ്ഞാൽ ഒരു ശല്യമാണ്. പരിപാടി നടത്തിക്കോ എന്നു പറയാൻ എളുപ്പമാണ്. അതിന്റെ അധ്വാനവും ബുദ്ധിമുട്ടും അറിയില്ല. ഇൻവിറ്റേഷൻ അയയ്ക്കാൻ ലോകരുടെ മുഴുൻ വിലാസങ്ങൾ ശേഖരിക്കണം.''
ഫ്രാങ്ക് പറഞ്ഞു: ""അതൊന്നും പ്രയാസമില്ല. മുന്പു നടത്തിയതിന്റെ ഫയൽ ഓഫീസിലുണ്ട്. സ്റ്റാന്പൊട്ടിക്കൽ മാത്രമാണ് ഇത്തിരി നീണ്ട പണി.''
ഉടനെ മാക്സിം ചിരിച്ചുകൊണ്ടു പറഞ്ഞു: ""അത് ഇവളു ചെയ്തോളും. വെള്ളംതൊട്ടോ നാവിൽതൊട്ടോ എന്തായാലും.'' ഫ്രാങ്കിനും എനിക്കും ആ നർമം നന്നേ രസിച്ചു. എന്നോട് മാക്സിം ചോദിച്ചു: ""നിന്റെ വേഷം എന്താണ്?''
""തീരുമാനിച്ചില്ല. എന്തായാലും ആട്ടിടയത്തിയാവില്ല. മാക്സിം എന്തു ധരിക്കും?''
""ഞാൻ ഏതെങ്കിലും ഓർഡിനറി ഡ്രസ് ധരിക്കും. ഞാൻ നടത്തിപ്പുകാരനല്ലേ? എനിക്ക് എന്തിനും ഒരു ഇളവുണ്ട്.''
ഫാൻസി ഡ്രസ് പരിപാടിയെക്കുറിച്ചുള്ള ന്യൂസ് വേലക്കാരുടെ ഇടയിൽ പരന്നു. അത് അവരിൽ അത്ഭുതവും ആഹ്ലാദവുമുളവാക്കി. ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെ പരിചാരകയായ ക്ലാരീസാണ്. ആകാംക്ഷ കതിരിട്ട കണ്ണുകളോടെ എന്നോടു ചോദിച്ചു: ""മാഡം അന്ന് ഏതു ഡ്രസാണ് ധരിക്കുക?''
""ആലോചിച്ചിട്ടില്ല. തീരുമാനമായാൽ നിന്നോടു പറയാം. നിന്നോടു മാത്രം. മറ്റാരും ഇതറിയരുത്. രഹസ്യമായിരിക്കണം.''
ഈ വാർത്ത മിസിസ് ഡാൻവേഴ്സിൽ എന്തു പ്രതികരണമാണുണ്ടാക്കുക എന്നറിയില്ല. ഫാവെലിന്റെ രഹസ്യസന്ദർശനത്തിന്റെ പേരിൽ മാക്സിം ഉഗ്രകോപത്തോടെ അവരെ നിർത്തിപ്പൊരിച്ചു താക്കീതു കൊടുത്തിട്ടുള്ളതാണ്. ആ വിഷമവും വെറുപ്പും എന്റെ നേരേ പ്രതിഫലിപ്പിക്കുമോ? ഏയ്... അങ്ങനെ സംഭവിക്കില്ല. കാരണം ഞാനതു കേട്ടതായി അവർക്കറിയില്ല. തന്നെയുമല്ല മാക്സിമിനെ അവർക്കു ഭയവുമാണ്.
പരിപാടിയുടെ ഒരുക്കങ്ങൾ തുടങ്ങി. എല്ലാറ്റിന്റെയും പ്രവർത്തനങ്ങൾ നടത്തുന്നത് എസ്റ്റേറ്റ് ഓഫീസിലാണ്. മാക്സിമും ഫ്രാങ്കും എന്നും രാവിലെ വന്ന് കാര്യങ്ങൾ അന്വേഷിക്കും, വിലയിരുത്തും. എനിക്ക് ഒരു പണിയുമില്ല. എല്ലാം ഓഫീസ് ചെയ്യുന്നുണ്ട്.
ദിവസം അടുക്കുംതോറും എനിക്ക് ഉള്ളിൽ നേരിയ ഭയവും ഉത്കണ്ഠയും. ഇങ്ങനെ വിപുലമായ ഒരു ഡിന്നറും പരിപാടിയും എന്റെ ജീവിതത്തിൽ ആദ്യമാണ്. പറഞ്ഞുകേട്ടിടത്തോളം അന്ന് ഒരുപാട് അതിഥികളും വിഐപികളും കെരിത്തിലെ ഒട്ടേറെ സുഹൃത്തുക്കളും പരിസരപ്രദേശത്തെ വീട്ടുകാരും ഉണ്ടാവും. ഭൂരിപക്ഷംപേരും എന്നെ ആദ്യമായി കാണുകയാണ്. ആ പ്രൗഢ സദസിന്റെ മുന്നിലേക്ക് ഞാൻ ഏതു വസ്ത്രമണിഞ്ഞു പ്രത്യക്ഷപ്പെടണം? ഒരു തീരുമാനത്തിലെത്താൻ പറ്റുന്നില്ല.
അന്നു ഡിന്നറിന്റെ സമയത്തിനുമുന്പ് എന്റെ വാതിൽക്കൽ ഒരു മുട്ടുകേട്ടു. ക്ലാരീസായിരിക്കുമെന്നുകരുതി ഞാൻ വാതിൽ തുറന്നു. തികച്ചും അപ്രതീക്ഷിതമായി കടന്നുവന്നത് മിസിസ് ഡാൻവേഴ്സ്. ഞാനൊന്നു പകച്ചെങ്കിലും പുഞ്ചിരിച്ചു. അവരുടെ മുഖത്തും പുഞ്ചിരി. സംസാരം മയത്തിലായിരുന്നു.
''റോബർട്ട് പറഞ്ഞു ഏതു ഡ്രസ് വേണമെന്ന് മാഡത്തിനു തീരുമാനിക്കാൻ പറ്റിയിട്ടില്ലെന്ന്.''
""ശരിയാണ്. ഗാലറി ഹാളിലുള്ള ചിത്രങ്ങളിലെ ഡ്രസുകൾ പലതും നോക്കി. തൃപ്തികരമായി തോന്നിയില്ല.''
""മാക്സിം സാറ് മാഡത്തിന് ഏതെങ്കിലും ഡ്രസ് നിർദേശിച്ചിട്ടുണ്ടോ?'' സ്നേഹപൂർവമുള്ള ചോദ്യം.
""ഇല്ല. ഡ്രസ് ഏതു മോഡലായാലും വേണ്ടില്ല. കണ്ടാൽ മാക്സിമും ഫ്രാങ്കും അത്ഭുതപ്പെടണം. അതുവരെ അവരിത് അറിയരുത്.''
""എന്റെ ഭാഗത്തുനിന്ന് ഇതു മറ്റാരും അറിയില്ല. അങ്ങനെയെങ്കിൽ എന്റെ അഭിപ്രായം മാഡത്തിന്റെ ഡ്രസ് ഓർഡർ കൊടുത്ത് ലണ്ടനിൽനിന്നു വരുത്താം.''
ഞങ്ങൾ ഇരുവരും വീണ്ടും ഗാലറി ഹാളിലേക്കു പോയി. ഒരുകാലത്ത് പ്രസിദ്ധ ലണ്ടൻ ബ്യൂട്ടിയായിരുന്ന കരോളിൻ എന്ന യുവതിയുടെ ചിത്രം കണ്ടു. അതു മാക്സിമിന്റെ മുതുമുത്തച്ഛന്റെ സഹോദരിയുടെ ചിത്രമാണ്. തൊപ്പിവച്ച് തൂവെള്ള വസ്ത്രം ധരിച്ചു നിൽക്കുന്ന വടിവൊത്ത ചിത്രം. പഴയ ഫാഷനിലുള്ള ആ ചിത്രം ഫാൻസി ഡ്രസിന് സ്വീകാര്യമായി തോന്നി.അതനുസരിച്ച് പിറ്റേന്നുതന്നെ ലണ്ടനിലെ ഷോപ്പിലേക്ക് ഓർഡർ കൊടുത്തു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഡ്രസും വിഗ്ഗും വന്നത് ആശ്വാസമായി.
ദിവസങ്ങൾ കടന്നുപോയി. കാത്തുകാത്തിരുന്ന മഹോത്സവദിനമെത്തി. അലങ്കാരപ്പണികൾകൊണ്ടും ആകർഷകമായ സംവിധാനങ്ങൾകൊണ്ടും വീടിന്റെ ഭംഗി വർധിച്ചു. ഫാൻസി ഡ്രസ് പരിപാടിക്കുള്ള വലിയ ഹാൾ സജ്ജീകരിക്കുന്നു ചിലർ. ഫ്രാങ്കിന്റെ നേതൃത്വത്തിൽ എസ്റ്റേറ്റിലെ ഒട്ടേറെ തൊഴിലാളികൾ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്.
വലിയ ഡിന്നർ ഹാളിൽ മേശകളും കസേരകളും യഥാവിധി ഒരുക്കുന്നു. മുറ്റത്തു റോസ് ഗാർഡനു സമീപം നീണ്ട ക്യൂ പ്രതീക്ഷിക്കുന്ന ബുഫെ വിരുന്നിനുള്ള ഏർപ്പാടുകൾ ത്വരിതമായി നടക്കുന്നു. ഓർക്കസ്ട്രയ്ക്കും ബാൻഡ് വാദ്യത്തിനുമുള്ള സ്റ്റേജുകൾ നിർമിച്ചുകൊണ്ടിരിക്കുന്നു. പൂന്തോട്ടത്തിലെ ഭംഗിയും സുഗന്ധവുമുള്ള എല്ലാത്തരം പൂക്കളും ഫ്ളവർവേസുകളിൽ വിവിധ ഹാളുകളിലും മുറികളിലും തോട്ടം ജോലിക്കാർ മിസിസ് ഡാൻവേഴ്സിന്റെ നേതൃത്വത്തിൽ അലങ്കരിച്ചുവച്ചുകഴിഞ്ഞു. വീതികൂടിയ വഴികളും വിശാലമായ മൈതാനവും കാർ പാർക്കിംഗിനായി നിശ്ചയിച്ചിരിക്കുന്നു.
വീടും ടെറസും മുറ്റവും റോസ് ഗാർഡൻ തുടങ്ങിയ വിസ്തൃത സ്ഥലങ്ങളും വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ചെടിത്തോട്ടത്തിലും വൃക്ഷത്തലപ്പുകളിലും വിവിധ വർണങ്ങളിലുള്ള അലങ്കാര ബൾബുകളുടെ മാലകൾ തൂങ്ങിക്കിടക്കുന്നു. സന്ധ്യയായാൽ അവിടമാകെ പ്രകാശപ്രളയമാകും. വർണോജ്വല പ്രപഞ്ചമാകും. അങ്ങനെ മാൻഡെർലി ഭൂമിയിലെ കൊച്ചു സ്വർഗമാവും.
പാർസലായി വന്ന ഡ്രസും വിഗും ഞാൻ ആരും കാണാതെ അണിഞ്ഞുനോക്കി. നിലക്കണ്ണാടിയിൽ ഞാൻ എന്നെ കണ്ടു. ഉജ്വലം, മനോഹരം, ഞാൻ ഇത്ര സുന്ദരിയാണോ! എനിക്ക് എന്നോടുതന്നെ നേരിയ അസൂയ തോന്നി. വേഗം അതെല്ലാം അഴിച്ചുമാറ്റി നീക്കിവച്ചു.
മാക്സിമും ഫ്രാങ്കും ആവഴി വന്നു. മാക്സിം എന്നോടു ചോദിച്ചു: ""ഒരുക്കങ്ങളും ആർഭാട
ങ്ങളും കണ്ടില്ലേ? എങ്ങനെയുണ്ട്?''
""പറയാൻ വാക്കുകളില്ല. അതിഗംഭീരമായിരിക്കുന്നു.''
""ഇതെല്ലാം നിനക്കുവേണ്ടിയാണ്.''
""താങ്ക് യൂ!''
""കുറെ കാലത്തേക്ക് ഇനി ഇങ്ങനെ ഒരു ആഘോഷമുണ്ടാവില്ല. അതിരിക്കട്ടെ, നീ ഏതു ഡ്രസാണ് ധരിക്കുന്നത്?''
""എല്ലാം ആ സമയത്തു കാണാം. നിങ്ങൾ രണ്ടുപേരും അദ്ഭുതപ്പെടും.''
മാക്സിമിന്റെ കമന്റ്: ""വല്ല കോമാളിയുടെയോ വിദൂഷകന്റെയോ വേഷമൊന്നുമാവില്ലല്ലോ?''
ഇരുവരും ചിരിച്ചുകൊണ്ടു തിരികെ പോയി.
സായാഹ്നമായി. ബിയാട്രീസും ഗൈൽസും അല്പം വൈകിയാണെത്തിയത്. എന്റെ വേഷം എന്താണെന്നു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് അവരോടും പറഞ്ഞു: ""രഹസ്യമാണ്.. ആ സമയത്തു കാണാം. നിങ്ങൾ അദ്ഭുതപ്പെടും. തുടർന്നു ഞാൻ ചോദിച്ചു.''
""നിങ്ങളുടെ വേഷമോ?''
""അതു പറയാൻ ഞങ്ങൾക്കു മടിയൊന്നുമില്ല. ഫാൻസി ഡ്രസല്ലേ. ഗൈൽസിന് നീണ്ട വെള്ള ഉടുപ്പു ധരിച്ച ഒരു അറബി ഷെയ്ക്കിന്റെ വേഷമാണ്. എനിക്ക് ഇറക്കമുള്ള പച്ചനിറത്തിലുള്ള ഉടുപ്പും കൈകളിൽ വളകളും സിൽക്കു ചരടുകളിൽ കോർത്ത മുത്തുമണികളും. അതിനു പുറമേ മുഖം പകുതി മൂടിക്കൊണ്ടുള്ള ഒരു നേർത്ത മൂടുപടവും.''
""ങാ! കൊള്ളാമല്ലോ.''
""വേറേ പലകൂട്ടരും നൃത്തപരിപാടിയിൽ പങ്കെടുക്കാൻ ഒരുങ്ങുന്നുണ്ട്.''
അവർ തിരിച്ചുപോയി.
പരിപാടിയുടെ സമയം അടുക്കുന്തോറും എനിക്ക് സന്തോഷവും ഒപ്പം പരിഭ്രമവും. ഞാൻ എന്റെ വേഷമെടുത്ത് അണിഞ്ഞുതുടങ്ങി. സഹായിക്കാൻ ക്ലാരീസ് ഒപ്പമുണ്ട്. നിലംമുട്ടിക്കിടക്കുന്ന നല്ല മിനുസവും തിളക്കവും മാർദവവുമുള്ള വെണ്മയേറിയ വേഷം അണിഞ്ഞുകഴിഞ്ഞപ്പോൾ ക്ലാരീസ് അതിശയത്തോടെ പറഞ്ഞു: ""ഹായ്, മാഡം രാജകുമാരിയെപ്പോലെയിരിക്കുന്നു!''
അപ്പോഴേക്കും ആരോ വാതിലിൽ മുട്ടി. ആരാണ് എന്നു ചോദിച്ചപ്പോൾ- ""ഞാനാ ബിയാട്രീസ്. സമയമായല്ലോ, നിന്നെ ഒന്നു കാണട്ടെ.''
""ഒരുക്കം പൂർത്തിയായില്ല. താഴേക്കു പൊയിക്കോളൂ, ഞാൻ ഉടനെ വന്നോളാം.''
ബിയാട്രീസ് തിരിച്ചുപോയി. പരിപാടി കാണാൻ അതിഥികളും സുഹൃത്തുക്കളും പൊതുജനങ്ങളും എത്തിക്കഴിഞ്ഞു.
ഞാൻ നിർദേശം കൊടുത്തപ്പോൾ ക്ലാരീസ് വാതിൽ തുറന്നു. അവൾ മുന്നിലും ഞാൻ പിറകിലുമായി സാവധാനം നടന്നു. വിഗ് വച്ച് വസ്ത്രാലങ്കാരവിഭൂഷിതയായി ഞാൻ കോറിഡോർ വഴി ഇറങ്ങുകയാണ്. അതുവരെ കാത്തു മുഷിഞ്ഞുനിന്നിരുന്ന മാക്സിമും ഫ്രാങ്കും ബിയാട്രീസും ഗൈൽസും മങ്ങിയ മുഖത്തോടെ താഴേക്കിറങ്ങി.
മാക്സിം ക്ഷമകെട്ട് ഫ്രാങ്കിനോടു പറഞ്ഞു: ""ഇതെന്തൊരു ഒരുക്കമാണ്. എവിടെപ്പോയി ആള്? എല്ലാത്തിനും ഒരു കൃത്യത വേണ്ടേ? ഡിന്നർ ഹാളിൽ നിറഞ്ഞിരിക്കുന്ന സുഹൃത്തുക്കൾ ഞാനെവിടെ എന്ന് അന്വേഷിക്കില്ലേ?''
ഗോവണിത്തറയിൽ നിന്നുകൊണ്ട് താഴേക്കു നോക്കിയപ്പോൾ അവരെല്ലാം അവിടെ നിൽക്കുന്നുണ്ട്. ഒരു വിഐപി വന്നപ്പോൾ മാക്സിം വേഗംചെന്ന് സ്വീകരിച്ച് ഡിന്നർ ഹാളിലേക്കു കൂട്ടിക്കൊണ്ടുപോയി. എന്റെ ആഗമനം അറിയിച്ചുകൊണ്ട് ബാൻഡ് വാദ്യം മുഴങ്ങി. വയലിന്റെ തന്ത്രികൾ ഇന്പമോടെ ചലിച്ചു. വയലിനിസ്റ്റിനെ നോക്കി ഞാൻ കൈവീശി. തത്ക്ഷണം വാദ്യോപകരണങ്ങൾ മുഴങ്ങി. ഒപ്പം അനൗണ്സ്മെന്റ് മുഴങ്ങി. ""മിസിസ് മാക്സ് ഡിവെൻഡർ അഭിമാനപൂർവം!''
മധുരിക്കുന്ന പുഞ്ചിരിയുമായി ഞാൻ ഗോവണിയുടെ മുൻഭാഗത്തേക്കു നീങ്ങിനിന്നു. അപ്പോഴേക്കും മാക്സിം തിരിച്ചെത്തി. മാക്സിം അടക്കം അവരെല്ലാവരും ഏറെ അന്പരപ്പോടും അന്ധാളിപ്പോടും കൂടി നോക്കിനിൽക്കുന്നു. അനൗണ്സ്മെന്റ് വന്ന ഉടനെ കരഘോഷവും പൊട്ടിച്ചിരിയും ഞാൻ പ്രതീക്ഷിച്ചു. സാവധാനം ഞാൻ താഴേക്കിറങ്ങി. അവരാരും അനങ്ങിയില്ല. കൈയടിച്ചില്ല. എല്ലാവരും പാവകളെപ്പോലെ, ജീവച്ഛവങ്ങളെപ്പോലെ വിറങ്ങലിച്ചുനിന്നു. ബിയാട്രീസ് വാപൊത്തി കരയാറായി നിൽക്കുന്നു. എന്തുപറ്റി? എങ്കിലും പുഞ്ചിരിയോടെ ഞാൻ മാക്സിമിനെ സമീപിച്ചു.
""എന്താ ഒന്നും മിണ്ടാത്തത്? എന്താ ഇങ്ങനെ?''
മാക്സിം കുപിതനായി: ""അതുതന്നെയാണ് ഞാനും ചോദിക്കുന്നത്. എന്താ ഇങ്ങനെ?'' ഉടനെ ഫ്രാങ്ക് മാക്സിമിനെ തണുപ്പിക്കാൻ സമീപിച്ചെങ്കിലും ആ കൈ തട്ടിമാറ്റി. മാക്സിം ജ്വലിക്കുന്ന കോപത്തോടെ പറഞ്ഞു: ""നീയെന്താ ചെയ്തതെന്നു നിനക്കറിയുമോ?''
""ഗാലറിയിലെ ചിത്രത്തെയാണ് ഞാൻ ആശ്രയിച്ചത്.'' -വിനയപൂർവം ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു. ആരുമാരും പരസ്പരം മിണ്ടുന്നില്ല.
കോപം അല്പം നിയന്ത്രിച്ച് മാക്സിം പറഞ്ഞു: ""ഏതായാലും വന്നതു വന്നു. വേഗം ഇത് ഉൗരിക്കളയൂ! എന്നിട്ട് ഒരു സാധാരണവേഷം ധരിച്ചു വരൂ. അതു മതി. മറ്റുള്ളവർ വരുന്നതിനു മുന്പ്, വേഗമാവട്ടെ.''
ഞാൻ തരിച്ചു മിഴിച്ചുനിൽക്കുകയാണ്. മാക്സിമിന്റെ കടുത്ത സ്വരം: ""ഞാൻ പറഞ്ഞതു കേട്ടില്ലേ? ചെല്ലൂ!''
എന്റെ കണ്ണുകൾ നിറഞ്ഞുതുളുന്പി. ഞാൻ ഒറ്റയ്ക്കു തിരിച്ചുപോന്നു. എന്താ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. ക്ലാരീസ് അവിടെനിന്നു പോയി. കോറിഡോറിൽ ആരുമില്ല. ഞാൻ നിസഹായാവസ്ഥയിൽ.
ആ സമയത്ത് പടിഞ്ഞാറുവശത്തെ വാതിൽ തുറന്നുകിടക്കുന്നത് ഞാൻ കണ്ടു. അവിടെ ആരോ നിൽക്കുന്നുണ്ട്. അതു മിസിസ് ഡാൻവേഴ്സായിരുന്നു. കനലെരിയുന്ന നോട്ടം. ആ സമയത്ത് അവരുടെ മുഖഭാവം ബീഭത്സവും വെറുപ്പുളവാക്കുന്നതുമായിരുന്നു. ആ ചുണ്ടുകളിൽ പൈശാചികമായ ഒരു ചോരച്ചിരി വിടർന്നു. ഒരു പ്രതികാരച്ചിരി!
(തുടരും)