x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെബേക്ക- നോവൽ അധ്യായം- 16

സ്വതന്ത്ര പരിഭാഷ സി.എൽ. ജോസ്
Published: January 11, 2026 04:55 AM IST | Updated: January 11, 2026 04:56 AM IST

അ​ന്നൊ​രു ഞാ​യ​റാ​ഴ്ച. ല​ഞ്ചി​ന് ഞ​ങ്ങ​ൾ​ക്കൊ​പ്പം ഫ്രാ​ങ്കു​മു​ണ്ടാ​യി​രു​ന്നു. വെ​യി​ലാ​റി​യാ​ൽ ഞ​ങ്ങ​ൾ ലോ​ണി​ലൂ​ടെ ന​ട​ന്ന് റോ​സ് ഗാ​ർ​ഡ​ൻ വ​ഴി നീ​ങ്ങി, വൃ​ക്ഷ​ച്ചു​വ​ട്ടി​ൽ കു​റേ​നേ​രം വി​ശ്ര​മി​ച്ച​ശേ​ഷം ഹാ​പ്പി വാ​ലി വ​രെ പോ​യി മ​ട​ങ്ങാ​റാ​ണ് പ​തി​വ്.

അ​പ്പോ​ഴേ​ക്കും അ​പ്ര​തീ​ക്ഷി​ത​മാ​യി ഏ​താ​നും സു​ഹൃ​ത്തു​ക്ക​ൾ കാ​റു​മാ​യെ​ത്തി. വേ​റേ ചി​ല​ർ കെ​രി​ത്തി​ൽ​നി​ന്നു​മെ​ത്തി. മ​റ്റു​ചി​ല സ​ന്ദ​ർ​ശ​ക​ർ ആ ​പ​രി​സ​ര​ത്തി​ൽ​നി​ന്നു വ​ന്നു. കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മ​റ്റൊ​രു കാ​റി​ൽ മാ​ക്സി​മി​ന്‍റെ വേ​റേ സു​ഹൃ​ത്തു​ക്ക​ൾ. ഒ​രു സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം! മാ​ൻ​ഡെ​ർ​ലി​യി​ൽ ഇ​ങ്ങ​നെ ഇ​ട​യ്ക്കി​ടെ പ​തി​വാ​ണ്. എ​ല്ലാ​വ​രെ​യും സ​സ​ന്തോ​ഷം സ്വീ​ക​രി​ച്ചി​രു​ത്തി. അ​വ​രെ വേ​ണ്ട​പോ​ലെ സ​ൽ​ക്ക​രി​ക്കാ​ൻ ഫ്രി​ത്തും റോ​ബ​ർ​ട്ടും മു​ൻ​കൈ​യെ​ടു​ത്തു.

സ​ന്ദ​ർ​ശ​ക​രു​ടെ കൂ​ട്ട​ത്തി​ൽ കെ​രി​ത്തി​ൽ​നി​ന്നു​ള്ള മ​ധ്യ​വ​യ​സ്ക​യാ​യ ലേ​ഡി ക്രോ​വ​ൻ ഉ​ണ്ടാ​യി​രു​ന്നു. കു​ലീ​ന​യാ​ണ്, യോ​ഗ്യ​യാ​ണ്, ഒ​പ്പം സം​സാ​ര​പ്രി​യ​യു​മാ​ണ്. യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന കൂ​ട്ട​ത്തി​ലാ​ണ​വ​ർ. എ​ല്ലാ​വ​രും പു​തു​മു​ഖ​മാ​യ എ​ന്നെ കൗ​തു​ക​ത്തോ​ടെ നോ​ക്കു​ന്നു​ണ്ട്.

മാ​ക്സി​മി​ന്‍റെ അ​ടു​ത്തി​രി​ക്കു​ന്ന ലേ​ഡി ക്രോ​വ​ൻ ഈ ​സ​മ​യ​ത്ത് ഒ​രു വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ""മാ​ക്സിം! ഈ ​മാ​ൻ​ഡെ​ർ​ലി​യി​ൽ എ​ത്ര വ​ന്പ​ൻ ക​ലാ​പ​രി​പാ​ടി​ക​ളും ഡി​ന്ന​ർ പാ​ർ​ട്ടി​ക​ളും പ്ര​ച്ഛ​ന്ന​വേ​ഷ നൃ​ത്ത​ങ്ങ​ളും മു​ന്പ് ന​ട​ന്നി​ട്ടു​ള്ള​താ​ണ്. കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി​ട്ട് അ​ത്ത​രം പ്രോ​ഗ്രാ​മു​ക​ളൊ​ന്നു​മി​ല്ല. അ​തൊ​ന്നു തി​രി​ച്ചു​കൊ​ണ്ടു​വ​രേ​ണ്ടേ?''

കൂ​ട്ട​ത്തി​ൽ ചി​ല​ർ എ​ഴു​ന്നേ​റ്റ് ഉ​ത്സാ​ഹ​പൂ​ർ​വം അ​തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
മാ​ക്സിം പ​റ​ഞ്ഞു: ""ഞാ​ൻ അ​തേ​പ്പ​റ്റി ചി​ന്തി​ച്ചി​ട്ടി​ല്ല. മു​ന്പ് ആ​രും പ​റ​ഞ്ഞി​ട്ടു​മി​ല്ല.''
ലേ​ഡി ക്രോ​വ​ൻ തു​ട​ർ​ന്നു: ""കു​റ​ച്ചു​നാ​ളാ​യി ഞാ​നി​തു പ​റ​യ​ണ​മെ​ന്നു വി​ചാ​രി​ക്കു​ന്നു. ഈ ​സ​മ്മ​ർ സീ​സ​ണി​ൽ അ​ത്ത​ര​മൊ​രു ആ​ഘോ​ഷ​പ​രി​പാ​ടി അ​തി​ഥി​ക​ൾ​ക്കും ഈ ​നാ​ട്ടു​കാ​ർ​ക്കും ന​ൽ​കു​ന്ന ആ​ഹ്ലാ​ദ​വും അ​വേ​ശ​വും എ​ത്ര​മാ​ത്ര​മെ​ന്നു പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല. അ​തൊ​ന്ന് ആ​ലോ​ചി​ക്കൂ!''
തു​ട​ർ​ന്ന് എ​ന്നെ നോ​ക്കി പ​റ​ഞ്ഞു: ""മാ​ൻ​ഡെ​ർ​ലി​യി​ലെ പു​തി​യ മ​രു​മ​ക​ളു​ടെ ബ​ഹു​മാ​നാ​ർ​ഥ​മാ​വ​ട്ടെ ആ ​പ​രി​പാ​ടി.''

മ​റ്റൊ​രു മാ​ന്യ​ൻ പ​റ​ഞ്ഞു: ""വി​വാ​ഹ​ത്തി​ന്‍റെ ആ​ഘോ​ഷം ഞ​ങ്ങ​ൾ​ക്ക് ആ​സ്വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​തി​നു​ള്ള പ​രി​ഹാ​രം​കൂ​ടി​യാ​വ​ട്ടെ ഇ​ങ്ങ​നെ​യൊ​രു പ​രി​പാ​ടി.''
കേ​ട്ട​പാ​ടേ അ​വി​ടെ കൂ​ടി​യ​വ​രെ​ല്ലാം ഏ​ക​ക​ണ്ഠ​മാ​യി കൈ​യ​ടി​ച്ച് അം​ഗീ​ക​രി​ച്ചു.
അ​വ​രെ​ല്ലാം പി​രി​ഞ്ഞു​പോ​യ​ശേ​ഷം എ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ക്സി​മും ഫ്രാ​ങ്കും ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ച്ച​ത് വ​ള​രെ വി​പു​ല​മാ​യ​തോ​തി​ൽ ഒ​രു പ്ര​ച്ഛ​ന്ന​വേ​ഷ നൃ​ത്ത​പ​രി​പാ​ടി ന​ട​ത്താ​നാ​ണ്. എ​ന്നി​ട്ടു മാ​ക്സിം ഫ്രാ​ങ്കി​നോ​ടു പ​റ​ഞ്ഞു: ""പ​രി​പാ​ടി ഗം​ഭീ​ര​മാ​ക്കാ​ൻ​വേ​ണ്ട എ​ല്ലാ ഏ​ർ​പ്പാ​ടു​ക​ളും ചെ​യ്യു​ക. സ​ഹാ​യ​ത്തി​ന് മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ​യും വി​ളി​ച്ചോ​ളൂ. ഇ​ത്ത​രം പ്രോ​ഗ്രാം മു​ന്പു ന​ട​ത്തി​യ​തി​ന്‍റെ അ​റി​വും ഓ​ർ​മ​ക​ളു​മു​ണ്ടാ​വും.''
മി​സി​സ് ക്രോ​വ​ൻ പോ​കു​ന്ന​പോ​ക്കി​ൽ എ​ന്നെ വി​ളി​ച്ചി​ട്ട് ഫാ​ൻ​സി ഡ്ര​സി​ന് എ​നി​ക്കൊ​രു വേ​ഷം നി​ർ​ദേ​ശി​ച്ചു.

മാ​ക്സിം ചോ​ദി​ച്ചു: ""അ​തെ​ന്താ​ണ്?''
""ഒ​രു ആ​ട്ടി​ട​യ​ത്തി​യു​ടെ വേ​ഷം. ആ​ടാ​നും നൃ​ത്തം​ച​വി​ട്ടാ​നും പ​റ്റി​യ വേ​ഷ​മാ​ണ്.''
""ആ ​സ്ത്രീ ഒ​ര​ർ​ഥ​ത്തി​ൽ പ​റ​ഞ്ഞാ​ൽ ഒ​രു ശ​ല്യ​മാ​ണ്. പ​രി​പാ​ടി ന​ട​ത്തി​ക്കോ എ​ന്നു പ​റ​യാ​ൻ എ​ളു​പ്പ​മാ​ണ്. അ​തി​ന്‍റെ അ​ധ്വാ​ന​വും ബു​ദ്ധി​മു​ട്ടും അ​റി​യി​ല്ല. ഇ​ൻ​വി​റ്റേ​ഷ​ൻ അ​യ​യ്ക്കാ​ൻ ലോ​ക​രു​ടെ മു​ഴു​ൻ വി​ലാ​സ​ങ്ങ​ൾ ശേ​ഖ​രി​ക്ക​ണം.''
ഫ്രാ​ങ്ക് പ​റ​ഞ്ഞു: ""അ​തൊ​ന്നും പ്ര​യാ​സ​മി​ല്ല. മു​ന്പു ന​ട​ത്തി​യ​തി​ന്‍റെ ഫ​യ​ൽ ഓ​ഫീ​സി​ലു​ണ്ട്. സ്റ്റാ​ന്പൊ​ട്ടി​ക്ക​ൽ മാ​ത്ര​മാ​ണ് ഇ​ത്തി​രി നീ​ണ്ട പ​ണി.''

ഉ​ട​നെ മാ​ക്സിം ചി​രി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു: ""അ​ത് ഇ​വ​ളു ചെ​യ്തോ​ളും. വെ​ള്ളം​തൊ​ട്ടോ നാ​വി​ൽ​തൊ​ട്ടോ എ​ന്താ​യാ​ലും.'' ഫ്രാ​ങ്കി​നും എ​നി​ക്കും ആ ​ന​ർ​മം ന​ന്നേ ര​സി​ച്ചു. എ​ന്നോ​ട് മാ​ക്സിം ചോ​ദി​ച്ചു: ""നി​ന്‍റെ വേ​ഷം എ​ന്താ​ണ്?''
""തീ​രു​മാ​നി​ച്ചി​ല്ല. എ​ന്താ​യാ​ലും ആ​ട്ടി​ട​യ​ത്തി​യാ​വി​ല്ല. മാ​ക്സിം എ​ന്തു ധ​രി​ക്കും?''
""ഞാ​ൻ ഏ​തെ​ങ്കി​ലും ഓ​ർ​ഡി​ന​റി ഡ്ര​സ് ധ​രി​ക്കും. ഞാ​ൻ ന​ട​ത്തി​പ്പു​കാ​ര​ന​ല്ലേ? എ​നി​ക്ക് എ​ന്തി​നും ഒ​രു ഇ​ള​വു​ണ്ട്.''

ഫാ​ൻ​സി ഡ്ര​സ് പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള ന്യൂ​സ് വേ​ല​ക്കാ​രു​ടെ ഇ​ട​യി​ൽ പ​ര​ന്നു. അ​ത് അ​വ​രി​ൽ അ​ത്ഭു​ത​വും ആ​ഹ്ലാ​ദ​വു​മു​ള​വാ​ക്കി. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്തോ​ഷി​ച്ച​ത് എ​ന്‍റെ പ​രി​ചാ​ര​ക​യാ​യ ക്ലാ​രീ​സാ​ണ്. ആ​കാം​ക്ഷ ക​തി​രി​ട്ട ക​ണ്ണു​ക​ളോ​ടെ എ​ന്നോ​ടു ചോ​ദി​ച്ചു: ""മാ​ഡം അ​ന്ന് ഏ​തു ഡ്ര​സാ​ണ് ധ​രി​ക്കു​ക?''

""ആ​ലോ​ചി​ച്ചി​ട്ടി​ല്ല. തീ​രു​മാ​ന​മാ​യാ​ൽ നി​ന്നോ​ടു പ​റ​യാം. നി​ന്നോ​ടു മാ​ത്രം. മ​റ്റാ​രും ഇ​ത​റി​യ​രു​ത്. ര​ഹ​സ്യ​മാ​യി​രി​ക്ക​ണം.''

ഈ ​വാ​ർ​ത്ത മി​സി​സ് ഡാ​ൻ​വേ​ഴ്സി​ൽ എ​ന്തു പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​ക്കു​ക എ​ന്ന​റി​യി​ല്ല. ഫാ​വെ​ലി​ന്‍റെ ര​ഹ​സ്യ​സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പേ​രി​ൽ മാ​ക്സിം ഉ​ഗ്ര​കോ​പ​ത്തോ​ടെ അ​വ​രെ നി​ർ​ത്തി​പ്പൊ​രി​ച്ചു താ​ക്കീ​തു കൊ​ടു​ത്തി​ട്ടു​ള്ള​താ​ണ്. ആ ​വി​ഷ​മ​വും വെ​റു​പ്പും എ​ന്‍റെ നേ​രേ പ്ര​തി​ഫ​ലി​പ്പി​ക്കു​മോ? ഏ​യ്... അ​ങ്ങ​നെ സം​ഭ​വി​ക്കി​ല്ല. കാ​ര​ണം ഞാ​ന​തു കേ​ട്ട​താ​യി അ​വ​ർ​ക്ക​റി​യി​ല്ല. ത​ന്നെ​യു​മ​ല്ല മാ​ക്സി​മി​നെ അ​വ​ർ​ക്കു ഭ​യ​വു​മാ​ണ്.

പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. എ​ല്ലാ​റ്റി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ലാ​ണ്. മാ​ക്സി​മും ഫ്രാ​ങ്കും എ​ന്നും രാ​വി​ലെ​ വ​ന്ന് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കും, വി​ല​യി​രു​ത്തും. എ​നി​ക്ക് ഒ​രു പ​ണി​യു​മി​ല്ല. എ​ല്ലാം ഓ​ഫീ​സ് ചെ​യ്യു​ന്നു​ണ്ട്.

ദി​വ​സം അ​ടു​ക്കും​തോ​റും എ​നി​ക്ക് ഉ​ള്ളി​​ൽ നേ​രി​യ ഭ​യ​വും ഉ​ത്ക​ണ്ഠ​യും. ഇ​ങ്ങ​നെ വി​പു​ല​മാ​യ ഒ​രു ഡി​ന്ന​റും പ​രി​പാ​ടി​യും എ​ന്‍റെ ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​ണ്. പ​റ​ഞ്ഞു​കേ​ട്ടി​ട​ത്തോ​ളം അ​ന്ന് ഒ​രു​പാ​ട് അ​തി​ഥി​ക​ളും വി​ഐ​പി​ക​ളും കെ​രി​ത്തി​ലെ ഒ​ട്ടേ​റെ സു​ഹൃ​ത്തു​ക്ക​ളും പ​രി​സ​ര​പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​രും ഉ​ണ്ടാ​വും. ഭൂ​രി​പ​ക്ഷം​പേ​രും എ​ന്നെ ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണ്. ആ ​പ്രൗ​ഢ സ​ദ​സി​ന്‍റെ മു​ന്നി​ലേ​ക്ക് ഞാ​ൻ ഏ​തു വ​സ്ത്ര​മ​ണി​ഞ്ഞു പ്ര​ത്യ​ക്ഷ​പ്പെ​ട​ണം? ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ പ​റ്റു​ന്നി​ല്ല.

അ​ന്നു ഡി​ന്ന​റി​ന്‍റെ സ​മ​യ​ത്തി​നു​മു​ന്പ് എ​ന്‍റെ വാ​തി​ൽ​ക്ക​ൽ ഒ​രു മു​ട്ടു​കേ​ട്ടു. ക്ലാ​രീ​സാ​യി​രി​ക്കു​മെ​ന്നു​ക​രു​തി ഞാ​ൻ വാ​തി​ൽ തു​റ​ന്നു. തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​ന്ന​ത് മി​സി​സ് ഡാ​ൻ​വേ​ഴ്സ്. ഞാ​നൊ​ന്നു പ​ക​ച്ചെ​ങ്കി​ലും പു​ഞ്ചി​രി​ച്ചു. അ​വ​രു​ടെ മു​ഖ​ത്തും പു​ഞ്ചി​രി. സം​സാ​രം മ​യ​ത്തി​ലാ​യി​രു​ന്നു.
''റോ​ബ​ർ​ട്ട് പ​റ​ഞ്ഞു ഏ​തു ഡ്ര​സ് വേ​ണ​മെ​ന്ന് മാ​ഡ​ത്തി​നു തീ​രു​മാ​നി​ക്കാ​ൻ പ​റ്റി​യി​ട്ടി​ല്ലെ​ന്ന്.''

""ശ​രി​യാ​ണ്. ഗാ​ല​റി ഹാ​ളി​ലു​ള്ള ചി​ത്ര​ങ്ങ​ളി​ലെ ഡ്ര​സു​ക​ൾ പ​ല​തും നോ​ക്കി. തൃ​പ്തി​ക​ര​മാ​യി തോ​ന്നി​യി​ല്ല.''
""മാ​ക്സിം സാ​റ് മാ​ഡ​ത്തി​ന് ഏ​തെ​ങ്കി​ലും ഡ്ര​സ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടോ?'' സ്നേ​ഹ​പൂ​ർ​വ​മു​ള്ള ചോ​ദ്യം.
""ഇ​ല്ല. ഡ്ര​സ് ഏ​തു മോ​ഡ​ലാ​യാ​ലും വേ​ണ്ടി​ല്ല. ക​ണ്ടാ​ൽ മാ​ക്സി​മും ഫ്രാ​ങ്കും അ​ത്ഭു​ത​പ്പെ​ട​ണം. അ​തു​വ​രെ അ​വ​രി​ത് അ​റി​യ​രു​ത്.''

""എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു മ​റ്റാ​രും അ​റി​യി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ൽ എ​ന്‍റെ അ​ഭി​പ്രാ​യം മാ​ഡ​ത്തി​ന്‍റെ ഡ്ര​സ് ഓ​ർ​ഡ​ർ കൊ​ടു​ത്ത് ല​ണ്ട​നി​ൽ​നി​ന്നു വ​രു​ത്താം.''
ഞ​ങ്ങ​ൾ ഇ​രു​വ​രും വീ​ണ്ടും ഗാ​ല​റി ഹാ​ളി​ലേ​ക്കു പോ​യി. ഒ​രു​കാ​ല​ത്ത് പ്ര​സി​ദ്ധ ല​ണ്ട​ൻ ബ്യൂ​ട്ടി​യാ​യി​രു​ന്ന ക​രോ​ളി​ൻ എ​ന്ന യു​വ​തി​യു​ടെ ചി​ത്രം ക​ണ്ടു. അ​തു മാ​ക്സി​മി​ന്‍റെ മു​തു​മു​ത്ത​ച്ഛ​ന്‍റെ സ​ഹോ​ദ​രി​യു​ടെ ചി​ത്ര​മാ​ണ്. തൊ​പ്പി​വ​ച്ച് തൂ​വെ​ള്ള വ​സ്ത്രം ധ​രി​ച്ചു നി​ൽ​ക്കു​ന്ന വ​ടി​വൊ​ത്ത ചി​ത്രം. പ​ഴ​യ ഫാ​ഷ​നി​ലു​ള്ള ആ ​ചി​ത്രം ഫാ​ൻ​സി ഡ്ര​സി​ന് സ്വീ​കാ​ര്യ​മാ​യി തോ​ന്നി.​അ​ത​നു​സ​രി​ച്ച് പി​റ്റേ​ന്നു​ത​ന്നെ ല​ണ്ട​നി​ലെ ഷോ​പ്പി​ലേ​ക്ക് ഓ​ർ​ഡ​ർ കൊ​ടു​ത്തു. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഡ്ര​സും വി​ഗ്ഗും വ​ന്ന​ത് ആ​ശ്വാ​സ​മാ​യി.

ദി​വ​സ​ങ്ങ​ൾ ക​ട​ന്നു​പോ​യി. കാ​ത്തു​കാ​ത്തി​രു​ന്ന മ​ഹോ​ത്സ​വ​ദി​ന​മെ​ത്തി. അ​ല​ങ്കാ​ര​പ്പ​ണി​ക​ൾ​കൊ​ണ്ടും ആ​ക​ർ​ഷ​ക​മാ​യ സം​വി​ധാ​ന​ങ്ങ​ൾ​കൊ​ണ്ടും വീ​ടി​ന്‍റെ ഭം​ഗി വ​ർ​ധി​ച്ചു. ഫാ​ൻ​സി ഡ്ര​സ് പ​രി​പാ​ടി​ക്കു​ള്ള വ​ലി​യ ഹാ​ൾ സ​ജ്ജീ​ക​രി​ക്കു​ന്നു ചി​ല​ർ. ഫ്രാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്റ്റേ​റ്റി​ലെ ഒ​ട്ടേ​റെ തൊ​ഴി​ലാ​ളി​ക​ൾ വി​വി​ധ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

വ​ലി​യ ഡി​ന്ന​ർ ഹാ​ളി​ൽ മേ​ശ​ക​ളും ക​സേ​ര​ക​ളും യ​ഥാ​വി​ധി ഒ​രു​ക്കു​ന്നു. മു​റ്റ​ത്തു റോ​സ് ഗാ​ർ​ഡ​നു സ​മീ​പം നീ​ണ്ട ക്യൂ ​പ്ര​തീ​ക്ഷി​ക്കു​ന്ന ബു​ഫെ വി​രു​ന്നി​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ത്വ​രി​ത​മാ​യി ന​ട​ക്കു​ന്നു. ഓ​ർ​ക്ക​സ്ട്ര​യ്ക്കും ബാ​ൻ​ഡ് വാ​ദ്യ​ത്തി​നു​മു​ള്ള സ്റ്റേ​ജു​ക​ൾ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പൂ​ന്തോ​ട്ട​ത്തി​ലെ ഭം​ഗി​യും സു​ഗ​ന്ധ​വു​മു​ള്ള എ​ല്ലാ​ത്ത​രം പൂ​ക്ക​ളും ഫ്ള​വ​ർ​വേ​സു​ക​ളി​ൽ വി​വി​ധ ഹാ​ളു​ക​ളി​ലും മു​റി​ക​ളി​ലും തോ​ട്ടം ജോ​ലി​ക്കാ​ർ മി​സി​സ് ഡാ​ൻ​വേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ല​ങ്ക​രി​ച്ചു​വ​ച്ചു​ക​ഴി​ഞ്ഞു. വീ​തി​കൂ​ടി​യ വ​ഴി​ക​ളും വി​ശാ​ല​മാ​യ മൈ​താ​ന​വും കാ​ർ പാ​ർ​ക്കിം​ഗി​നാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു.

വീ​ടും ടെ​റ​സും മു​റ്റ​വും റോ​സ് ഗാ​ർ​ഡ​ൻ തു​ട​ങ്ങി​യ വി​സ്തൃ​ത സ്ഥ​ല​ങ്ങ​ളും വൈ​ദ്യു​ത ദീ​പ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു. ചെ​ടി​ത്തോ​ട്ട​ത്തി​ലും വൃ​ക്ഷ​ത്ത​ല​പ്പു​ക​ളി​ലും വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള അ​ല​ങ്കാ​ര ബ​ൾ​ബു​ക​ളു​ടെ മാ​ല​ക​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു. സ​ന്ധ്യ​യാ​യാ​ൽ അ​വി​ട​മാ​കെ പ്ര​കാ​ശ​പ്ര​ള​യ​മാ​കും. വ​ർ​ണോ​ജ്വ​ല പ്ര​പ​ഞ്ച​മാ​കും. അ​ങ്ങ​നെ മാ​ൻ​ഡെ​ർ​ലി ഭൂ​മി​യി​ലെ കൊ​ച്ചു സ്വ​ർ​ഗ​മാ​വും.

പാ​ർ​സ​ലാ​യി വ​ന്ന ഡ്ര​സും വി​ഗും ഞാ​ൻ ആ​രും കാ​ണാ​തെ അ​ണി​ഞ്ഞു​നോ​ക്കി. നി​ല​ക്ക​ണ്ണാ​ടി​യി​ൽ ഞാ​ൻ എ​ന്നെ ക​ണ്ടു. ഉ​ജ്വ​ലം, മ​നോ​ഹ​രം, ഞാ​ൻ ഇ​ത്ര സു​ന്ദ​രി​യാ​ണോ! എ​നി​ക്ക് എ​ന്നോ​ടു​ത​ന്നെ നേ​രി​യ അ​സൂ​യ തോ​ന്നി. വേ​ഗം അ​തെ​ല്ലാം അ​ഴി​ച്ചു​മാ​റ്റി നീ​ക്കി​വ​ച്ചു.

മാ​ക്സി​മും ഫ്രാ​ങ്കും ആ​വ​ഴി വ​ന്നു. മാ​ക്സിം എ​ന്നോ​ടു ചോ​ദി​ച്ചു: ""ഒ​രു​ക്ക​ങ്ങ​ളും ആ​ർ​ഭാ​ട​

ങ്ങ​ളും ക​ണ്ടി​ല്ലേ? എ​ങ്ങ​നെ​യു​ണ്ട്?''
""പ​റ​യാ​ൻ വാ​ക്കു​ക​ളി​ല്ല. അ​തി​ഗം​ഭീ​ര​മാ​യി​രി​ക്കു​ന്നു.''
""ഇ​തെ​ല്ലാം നി​ന​ക്കു​വേ​ണ്ടി​യാ​ണ്.''
""താ​ങ്ക് യൂ!''
​""കു​റെ കാ​ല​ത്തേ​ക്ക് ഇ​നി ഇ​ങ്ങ​നെ ഒ​രു ആ​ഘോ​ഷ​മു​ണ്ടാ​വി​ല്ല. അ​തി​രി​ക്ക​ട്ടെ, നീ ​ഏ​തു ഡ്ര​സാ​ണ് ധ​രി​ക്കു​ന്ന​ത്?''
""എ​ല്ലാം ആ ​സ​മ​യ​ത്തു കാ​ണാം. നി​ങ്ങ​ൾ ര​ണ്ടു​പേ​രും അ​ദ്ഭു​ത​പ്പെ​ടും.''
മാ​ക്സി​മി​ന്‍റെ ക​മ​ന്‍റ്: ""വ​ല്ല കോ​മാ​ളി​യു​ടെ​യോ വി​ദൂ​ഷ​ക​ന്‍റെ​യോ വേ​ഷ​മൊ​ന്നു​മാ​വി​ല്ല​ല്ലോ?''

ഇ​രു​വ​രും ചി​രി​ച്ചു​കൊ​ണ്ടു തി​രി​കെ പോ​യി.
സാ​യാ​ഹ്ന​മാ​യി. ബി​യാ​ട്രീ​സും ഗൈ​ൽ​സും അ​ല്പം വൈ​കി​യാ​ണെ​ത്തി​യ​ത്. എ​ന്‍റെ വേ​ഷം എ​ന്താ​ണെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ ചി​രി​ച്ചു​കൊ​ണ്ട് അ​വ​രോ​ടും പ​റ​ഞ്ഞു: ""ര​ഹ​സ്യ​മാ​ണ്.. ആ ​സ​മ​യ​ത്തു​ കാ​ണാം. നി​ങ്ങ​ൾ അ​ദ്ഭു​ത​പ്പെ​ടും. തു​ട​ർ​ന്നു ഞാ​ൻ ചോ​ദി​ച്ചു.''
""നി​ങ്ങ​ളു​ടെ വേ​ഷ​മോ?''

""അ​തു പ​റ​യാ​ൻ ഞ​ങ്ങ​ൾ​ക്കു മ​ടി​യൊ​ന്നു​മി​ല്ല. ഫാ​ൻ​സി ഡ്ര​സ​ല്ലേ. ഗൈ​ൽ​സി​ന് നീ​ണ്ട വെ​ള്ള ഉ​ടു​പ്പു ധ​രി​ച്ച ഒ​രു അ​റ​ബി ഷെ​യ്ക്കി​ന്‍റെ വേ​ഷ​മാ​ണ്. എ​നി​ക്ക് ഇ​റ​ക്ക​മു​ള്ള പ​ച്ച​നി​റ​ത്തി​ലു​ള്ള ഉ​ടു​പ്പും കൈ​ക​ളി​ൽ വ​ള​ക​ളും സി​ൽ​ക്കു ച​ര​ടു​ക​ളി​ൽ കോ​ർ​ത്ത മു​ത്തു​മ​ണി​ക​ളും. അ​തി​നു പു​റ​മേ മു​ഖം പ​കു​തി മൂ​ടി​ക്കൊ​ണ്ടു​ള്ള ഒ​രു നേ​ർ​ത്ത മൂ​ടു​പ​ട​വും.''
""ങാ! ​കൊ​ള്ളാ​മ​ല്ലോ.''
""വേ​റേ പ​ല​കൂ​ട്ട​രും നൃ​ത്ത​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്നു​ണ്ട്.''
അ​വ​ർ തി​രി​ച്ചു​പോ​യി.

പ​രി​പാ​ടി​യു​ടെ സ​മ​യം അ​ടു​ക്കു​ന്തോ​റും എ​നി​ക്ക് സ​ന്തോ​ഷ​വും ഒ​പ്പം പ​രി​ഭ്ര​മ​വും. ഞാ​ൻ എ​ന്‍റെ വേ​ഷ​മെ​ടു​ത്ത് അ​ണി​ഞ്ഞു​തു​ട​ങ്ങി. സ​ഹാ​യി​ക്കാ​ൻ ക്ലാ​രീ​സ് ഒ​പ്പ​മു​ണ്ട്. നി​ലം​മു​ട്ടി​ക്കി​ട​ക്കു​ന്ന ന​ല്ല മി​നു​സ​വും തി​ള​ക്ക​വും മാ​ർ​ദ​വ​വു​മു​ള്ള വെ​ണ്‍​മ​യേ​റി​യ വേ​ഷം അ​ണി​ഞ്ഞു​ക​ഴി​ഞ്ഞ​പ്പോ​ൾ ക്ലാ​രീ​സ് അ​തി​ശ​യ​ത്തോ​ടെ പ​റ​ഞ്ഞു: ""ഹാ​യ്, മാ​ഡം രാ​ജ​കു​മാ​രി​യെ​പ്പോ​ലെ​യി​രി​ക്കു​ന്നു!''

അ​പ്പോ​ഴേ​ക്കും ആ​രോ വാ​തി​ലി​ൽ മു​ട്ടി. ആ​രാ​ണ് എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ- ""ഞാ​നാ ബി​യാ​ട്രീ​സ്. സ​മ​യ​മാ​യ​ല്ലോ, നി​ന്നെ ഒ​ന്നു കാ​ണ​ട്ടെ.''

""ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി​ല്ല. താ​ഴേ​ക്കു പൊ​യി​ക്കോ​ളൂ, ഞാ​ൻ ഉ​ട​നെ വ​ന്നോ​ളാം.''
ബി​യാ​ട്രീ​സ് തി​രി​ച്ചു​പോ​യി. പ​രി​പാ​ടി കാ​ണാ​ൻ അ​തി​ഥി​ക​ളും സു​ഹൃ​ത്തു​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും എ​ത്തി​ക്ക​ഴി​ഞ്ഞു.

ഞാ​ൻ നി​ർ​ദേ​ശം കൊ​ടു​ത്ത​പ്പോ​ൾ ക്ലാ​രീ​സ് വാ​തി​ൽ തു​റ​ന്നു. അ​വ​ൾ മു​ന്നി​ലും ഞാ​ൻ പി​റ​കി​ലു​മാ​യി സാ​വ​ധാ​നം ന​ട​ന്നു. വി​ഗ് വ​ച്ച് വ​സ്ത്രാ​ല​ങ്കാ​ര​വി​ഭൂ​ഷി​ത​യാ​യി ഞാ​ൻ കോ​റി​ഡോ​ർ വ​ഴി ഇ​റ​ങ്ങു​ക​യാ​ണ്. അ​തു​വ​രെ കാ​ത്തു മു​ഷി​ഞ്ഞു​നി​ന്നി​രു​ന്ന മാ​ക്സി​മും ഫ്രാ​ങ്കും ബി​യാ​ട്രീ​സും ഗൈ​ൽ​സും മ​ങ്ങി​യ മു​ഖ​ത്തോ​ടെ താ​ഴേ​ക്കി​റ​ങ്ങി.
മാ​ക്സിം ക്ഷ​മ​കെ​ട്ട് ഫ്രാ​ങ്കി​നോ​ടു പ​റ​ഞ്ഞു: ""ഇ​തെ​ന്തൊ​രു ഒ​രു​ക്ക​മാ​ണ്. എ​വി​ടെ​പ്പോ​യി ആ​ള്? എ​ല്ലാ​ത്തി​നും ഒ​രു കൃ​ത്യ​ത വേ​ണ്ടേ? ഡി​ന്ന​ർ ഹാ​ളി​ൽ നി​റ​ഞ്ഞി​രി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ഞാ​നെ​വി​ടെ എ​ന്ന് അ​ന്വേ​ഷി​ക്കി​ല്ലേ?''

ഗോ​വ​ണി​ത്ത​റ​യി​ൽ നി​ന്നു​കൊ​ണ്ട് താ​ഴേ​ക്കു നോ​ക്കി​യ​പ്പോ​ൾ അ​വ​രെ​ല്ലാം അ​വി​ടെ നി​ൽ​ക്കു​ന്നു​ണ്ട്. ഒ​രു വി​ഐ​പി വ​ന്ന​പ്പോ​ൾ മാ​ക്സിം വേ​ഗം​ചെ​ന്ന് സ്വീ​ക​രി​ച്ച് ഡി​ന്ന​ർ ഹാ​ളി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. എ​ന്‍റെ ആ​ഗ​മ​നം അ​റി​യി​ച്ചു​കൊ​ണ്ട് ബാ​ൻ​ഡ് വാ​ദ്യം മു​ഴ​ങ്ങി. വ​യ​ലി​ന്‍റെ ത​ന്ത്രി​ക​ൾ ഇ​ന്പ​മോ​ടെ ച​ലി​ച്ചു. വ​യ​ലി​നി​സ്റ്റി​നെ നോ​ക്കി ഞാ​ൻ കൈ​വീ​ശി. ത​ത്ക്ഷ​ണം വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ മു​ഴ​ങ്ങി. ഒ​പ്പം അ​നൗ​ണ്‍​സ്മെ​ന്‍റ് മു​ഴ​ങ്ങി. ""മി​സി​സ് മാ​ക്സ് ഡി​വെ​ൻ​ഡ​ർ അ​ഭി​മാ​ന​പൂ​ർ​വം!''

മ​ധു​രി​ക്കു​ന്ന പു​ഞ്ചി​രി​യു​മാ​യി ഞാ​ൻ ഗോ​വ​ണി​യു​ടെ മു​ൻ​ഭാ​ഗ​ത്തേ​ക്കു നീ​ങ്ങി​നി​ന്നു. അ​പ്പോ​ഴേ​ക്കും മാ​ക്സിം തി​രി​ച്ചെ​ത്തി. മാ​ക്സിം അ​ട​ക്കം അ​വ​രെ​ല്ലാ​വ​രും ഏ​റെ അ​ന്പ​ര​പ്പോ​ടും അ​ന്ധാ​ളി​പ്പോ​ടും കൂ​ടി നോ​ക്കി​നി​ൽ​ക്കു​ന്നു. അ​നൗ​ണ്‍​സ്മെ​ന്‍റ് വ​ന്ന ഉ​ട​നെ ക​ര​ഘോ​ഷ​വും പൊ​ട്ടി​ച്ചി​രി​യും ഞാ​ൻ പ്ര​തീ​ക്ഷി​ച്ചു. സാ​വ​ധാ​നം ഞാ​ൻ താ​ഴേ​ക്കി​റ​ങ്ങി. അ​വ​രാ​രും അ​ന​ങ്ങി​യി​ല്ല. കൈ​യ​ടി​ച്ചി​ല്ല. എ​ല്ലാ​വ​രും പാ​വ​ക​ളെ​പ്പോ​ലെ, ജീ​വ​ച്ഛ​വ​ങ്ങ​ളെ​പ്പോ​ലെ വി​റ​ങ്ങ​ലി​ച്ചു​നി​ന്നു. ബി​യാ​ട്രീ​സ് വാ​പൊ​ത്തി ക​ര​യാ​റാ​യി നി​ൽ​ക്കു​ന്നു. എ​ന്തു​പ​റ്റി? എ​ങ്കി​ലും പു​ഞ്ചി​രി​യോ​ടെ ഞാ​ൻ മാ​ക്സി​മി​നെ സ​മീ​പി​ച്ചു.

""എ​ന്താ ഒ​ന്നും മി​ണ്ടാ​ത്ത​ത്? എ​ന്താ ഇ​ങ്ങ​നെ?''
മാ​ക്സിം കു​പി​ത​നാ​യി: ""അ​തു​ത​ന്നെ​യാ​ണ് ഞാ​നും ചോ​ദി​ക്കു​ന്ന​ത്. എ​ന്താ ഇ​ങ്ങ​നെ?'' ഉ​ട​നെ ഫ്രാ​ങ്ക് മാ​ക്സി​മി​നെ ത​ണു​പ്പി​ക്കാ​ൻ സ​മീ​പി​ച്ചെ​ങ്കി​ലും ആ ​കൈ ത​ട്ടി​മാ​റ്റി. മാ​ക്സിം ജ്വ​ലി​ക്കു​ന്ന കോ​പ​ത്തോ​ടെ പ​റ​ഞ്ഞു: ""നീ​യെ​ന്താ ചെ​യ്ത​തെ​ന്നു നി​ന​ക്ക​റി​യു​മോ?''
""ഗാ​ല​റി​യി​ലെ ചി​ത്ര​ത്തെ​യാ​ണ് ഞാ​ൻ ആ​ശ്ര​യി​ച്ച​ത്.'' -വി​ന​യ​പൂ​ർ​വം ഞാ​ൻ വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു. ആ​രു​മാ​രും പ​ര​സ്പ​രം മി​ണ്ടു​ന്നി​ല്ല.

കോ​പം അ​ല്പം നി​യ​ന്ത്രി​ച്ച് മാ​ക്സിം പ​റ​ഞ്ഞു: ""ഏ​താ​യാ​ലും വ​ന്ന​തു വ​ന്നു. വേ​ഗം ഇ​ത് ഉൗ​രി​ക്ക​ള​യൂ! എ​ന്നി​ട്ട് ഒ​രു സാ​ധാ​ര​ണ​വേ​ഷം ധ​രി​ച്ചു വ​രൂ. അ​തു മ​തി. മ​റ്റു​ള്ള​വ​ർ വ​രു​ന്ന​തി​നു മു​ന്പ്, വേ​ഗ​മാ​വ​ട്ടെ.''

ഞാ​ൻ ത​രി​ച്ചു മി​ഴി​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. മാ​ക്സി​മി​ന്‍റെ ക​ടു​ത്ത സ്വ​രം: ""ഞാ​ൻ പ​റ​ഞ്ഞ​തു കേ​ട്ടി​ല്ലേ? ചെ​ല്ലൂ!''

എ​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു​തു​ളു​ന്പി. ഞാ​ൻ ഒ​റ്റ​യ്ക്കു തി​രി​ച്ചു​പോ​ന്നു. എ​ന്താ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ക്ലാ​രീ​സ് അ​വി​ടെ​നി​ന്നു പോ​യി. കോ​റി​ഡോ​റി​ൽ ആ​രു​മി​ല്ല. ഞാ​ൻ നി​സ​ഹാ​യാ​വ​സ്ഥ​യി​ൽ.

ആ ​സ​മ​യ​ത്ത് പ​ടി​ഞ്ഞാ​റു​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ഞാ​ൻ ക​ണ്ടു. അ​വി​ടെ ആ​രോ നി​ൽ​ക്കു​ന്നു​ണ്ട്. അ​തു മി​സി​സ് ഡാ​ൻ​വേ​ഴ്സാ​യി​രു​ന്നു. ക​ന​ലെ​രി​യു​ന്ന നോ​ട്ടം. ആ ​സ​മ​യ​ത്ത് അ​വ​രു​ടെ മു​ഖ​ഭാ​വം ബീ​ഭ​ത്സ​വും വെ​റു​പ്പു​ള​വാ​ക്കു​ന്ന​തു​മാ​യി​രു​ന്നു. ആ ​ചു​ണ്ടു​ക​ളി​ൽ പൈ​ശാ​ചി​ക​മാ​യ ഒ​രു ചോ​ര​ച്ചി​രി വി​ട​ർ​ന്നു. ഒ​രു പ്ര​തി​കാ​ര​ച്ചി​രി!
(തു​ട​രും)

Tags : Rebecca

Recent News

Up