കണ്ണൂർ: ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്കിൽ കഴുത്തറത്ത് ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജിൽസനാണ് (44) മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ച് കഴുത്തറത്തത്. മുറിവിൽനിന്നു കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഴു മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുവന്നത്. ഇതിനു മുമ്പ് രണ്ട് തവണ ഇയാൾ ആത്മഹത്യക്കു ശ്രമിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. തുടർച്ചയായി കൗൺസലിംഗ് കൊടുത്തുവരികയായിരുന്നു.
മികച്ച ചിത്രകാരനായിരുന്ന ജിൽസന്റെ ചിത്രപ്രദർശനം നടത്താനൊരുങ്ങവേയാണു മരണം. സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും ജയിൽ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 14ന് കേണിച്ചിറയിൽ ഭാര്യ ലിഷയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസൺ അറസ്റ്റിലായത്.