Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഉത്തരവാദികളായ മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതന്മാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
ദേവസ്വം ബോർഡിന്റെ രണ്ടു മുൻപ്രസിഡന്റുമാർ ഈ മോഷണത്തിൽ പ്രവർത്തിക്കണമെങ്കിൽ വകുപ്പ് മന്ത്രിമാരുടെ അറിവും സമ്മതവും ഉണ്ടാകണം എന്നത് ഏത് കൊച്ചുകുട്ടിക്കും അറിയുന്ന കാര്യമാണ്. അവരെ രാഷ്ട്രീയമായി സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമം അവസാനിപ്പിക്കണം.
സാധാരണഗതിയിൽ ക്രിമിനൽ നടപടി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞാൽ അടുത്ത നടപടി തൊണ്ടിമുതൽ കണ്ടെത്തുക എന്നുള്ളതാണ്. ഇവിടെ മോഷണം പോയ സ്വർണത്തിന് എന്തു സംഭവിച്ചു എന്നതാണു പ്രസക്തമായ ചോദ്യം. ഇതിനുള്ള ഉത്തരം തേടുന്പോഴാണ് പൗരാണിക വസ്തുക്കളും ദിവ്യവസ്തുക്കളും വിൽക്കുന്ന അന്താരാഷ്ട്ര പൗരാണിക കരിഞ്ചന്തയുമായുള്ള ബന്ധം വെളിവാകുന്നത്. ഇക്കാര്യം താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര ആന്റിക്സ് മാഫിയ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു എന്നുള്ളതു വളരെ വ്യക്തമാണ്. അത് കണ്ടെത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.
വാസു ദേവസ്വം ബോർഡ് പ്രസിഡന്റും കടകംപള്ളി സുരേന്ദ്രൻ മന്ത്രിയുമായിരിക്കുന്ന കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള പഴയ ഉരുളി, ചെന്പ്, വിളക്കുകൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കളായിട്ടുള്ളതെല്ലാം ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നു. അന്ന് അതിനെ അന്നത്തെ പ്രതിപക്ഷ നേതാവ് എന്നുള്ള നിലയിൽ താൻ ശക്തമായി എതിർത്തു. ദേവസ്വം ബോർഡിന് ഇതുമായി ബന്ധപ്പെട്ട് കത്ത് കൊടുത്തു. കേരളത്തിലെ ക്ഷേത്രങ്ങളിലെ ഈ പഴയ ഉരുപ്പടികൾ വയ്ക്കാൻ സ്ഥലമില്ലെന്നാണ് അന്ന് ഇവർ പറഞ്ഞത്.
കേരളത്തിലെ ക്ഷേത്രങ്ങളിലെ മുഴുവൻ പുരാവസ്തുക്കളും വിൽപന നടത്താനും അതിൽ നിന്ന് വൻതോതിലുള്ള പണം ഉണ്ടാക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സ്വർണക്കൊള്ള എന്നു വ്യക്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. കാലിക്കട്ട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ ഭരണനേട്ടമല്ല, വര്‍ഗീയത പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടു പിടിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള ജനം വിഷയമാക്കും.
കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ ജയിലിലായിട്ടും മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി വരുമ്പോള്‍ മുഖ്യമന്ത്രി മൗനിയാകും.
കോടതി മേല്‍നോട്ടം വഹിച്ചില്ലെങ്കില്‍ ശബരിമല സ്വര്‍ണകൊള്ള സ്വര്‍ണകടത്ത് കേസു പോലെ ആവിയായി പോയേനെയെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിമാരായ കടകംപള്ളിയും വാസവനും ചോദ്യം ചെയ്യപ്പെടേണ്ട വ്യക്തികളാണ്.
പത്മകുമാര്‍ പറഞ്ഞതുപോലെ ദൈവതുല്യനായ ആള്‍ക്ക് വേണ്ടിയാണ് ഇവര്‍ അത് ചെയ്തതെങ്കില്‍ അത് കാരണഭൂതനല്ലേയെന്നും ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയം വഴിതിരിച്ച് വിടാനാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ കേസ് ഉയര്‍ത്തുന്നത്.
രാഹുലിനെതിരെ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിച്ചതാണ്. രാഹുലിന്റെത് വ്യക്തിപരമായ കേസാണെന്നും നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാർ ഉൾപ്പെടെ രണ്ടു മുൻ പ്രസിഡന്റുമാർ അറസ്റ്റിലായതിനു പിന്നാലെ ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
പ്രതിപക്ഷം കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന ഗുരുതരമായ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഈ അറസ്റ്റുകൾ. യഥാർഥ സൂത്രധാരന്മാർ മന്ത്രിമാരും സിപിഎമ്മിന്റെ ഉന്നതനേതാക്കളുമാണ്. അന്വേഷണം അവരിലേക്കു വ്യാപിപ്പിക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ സംഘ്പരിവാറിന്റെ വർഗീയ പ്രചാരണത്തിന് വിദ്യാർഥികളെ ഉപയോഗിച്ച റെയിൽവേയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ചെന്നു മാത്രമല്ല, അതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു പോലെ ഇന്ത്യൻ റെയിൽവേയെയും കേന്ദ്ര സർക്കാർ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വർഗീയ വിഷം കലർത്തി, ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘപരിവാറിന്റെ സങ്കുചിത രാഷ്ട്രീയമാണ് വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിലും കണ്ടത്. ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
ഗണഗീതം പാടിച്ചത് നിന്ദ്യം: രമേശ് ചെന്നിത്തല
പുതിയ വന്ദേ ഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് അത്യന്തം നിന്ദ്യമായ രാഷ്ട്രീയ ഗൂഢാലോചന ആണെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇത് ഒരു രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യമാണ്. കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവത്കരണ ഗൂഢാലോചനയാണിതെന്ന് ചെന്നിത്തല പറഞ്ഞു.