കാസര്‍ഗോഡ്: മലബാര്‍ മേഖലയില്‍ റിസവ് ബാങ്കിന്റെ ഒരു സാറ്റലൈറ്റ് ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉത്തരകേരളത്തിലെ മിക്ക എടിഎമ്മുകളിലും പണം പിന്‍വലിക്കുമ്പോള്‍ 500 രൂപയുടെ നോട്ടുകള്‍ മാത്രമാണ് ലഭിക്കുന്നത്. ചെറിയ നോട്ടുകളുടെ ക്ഷാമം രൂക്ഷമാണ്.
ലഭിക്കുന്ന നോട്ടുകളില്‍ ഭൂരിഭാഗവും പഴയതാണ്. ഡിജിറ്റല്‍ ഇടപാട് നടത്താന്‍ ബുദ്ധിമുട്ടുന്ന മുതിര്‍ന്ന പൗരന്മാരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. ഇത്തരക്കാരാണ് സൈബര്‍ തട്ടിപ്പുകാരുടെ ചൂഷണത്തിന് പ്രധാനമായും ഇരയാകുന്നത്. നിലവില്‍ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിസര്‍വ് ബാങ്കിനാണ് കേരളത്തിലെയും ലക്ഷദ്വീപിലെയും ബാങ്കുകളുടെ ചുമതല. അതിനാല്‍ തന്നെ മലബാര്‍ മേഖലയില്‍ കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സാധിക്കുന്നില്ല.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 805 ബ്രാഞ്ചുകളില്‍ മാത്രം 1,34,000 കോടി രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടക്കുന്നുണ്ട്.
ഇതു സംബന്ധിച്ച നടപടികള്‍ ത്വരിതപെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടതായി കാനറ സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. സ്റ്റാഫ് ഓര്ഗനൈസേഷന് (സിഎസ്ബിആര്എസ്ഒ) ജനറല്‍ സെക്രട്ടറി കെ.എസ്. ഭട്ട് അറിയിച്ചു.