ബ്രിസ്ബെയ്ൻ: ലോക ഒന്നാം നന്പർ താരം അരീന സബലങ്ക പുതുവർഷത്തിലെ ആദ്യ കപ്പുയർത്തി. ബ്രിസബെയ്ൻ ഇന്റർനാഷണൽ ഫൈനലിൽ മാർട്ട കോസ്റ്റ്യുക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-4, 6-3) പരാജയപ്പെടുത്തിയാണ് ട്രോഫി സ്വന്തമാക്കിയത്. ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണ്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് കൂട്ടുന്നതായിരുന്നു സബലങ്കയുടെ ജയം.
ടൂർണമെന്റിലെ മികച്ച താരങ്ങളായ ജെസീക്ക പെഗുല, മിറ ആൻഡ്രീവ, അമാൻഡ അനിസിമോവ എന്നിവരെ പരാജയപ്പെടുത്തിയായിരുന്നു കോസ്റ്റ്യുക്കിന്റെ ഫൈനൽ പ്രവേശനം. എന്നാൽ യുഎസ് ഓപ്പണ്‍ ചാന്പ്യന്റെ കരുത്തിന് മുന്നിൽ കോസ്റ്റ്യുക്കിന് പിടിച്ചുനിൽക്കാനായില്ല.
18ന് ആരംഭിക്കുന്ന ഈ വർഷത്തെ ആദ്യ ഗ്രാൻ സ്ലാമിൽ മൂന്നാമത്തെ ഓസ്ട്രേലിയൻ ഓപ്പണും അഞ്ചാമത്തെ മേജർ കിരീടവും ലക്ഷ്യമിട്ടാണ് സബലങ്ക മത്സരിക്കുന്നത്.