വത്തിക്കാൻ സിറ്റി/കൊച്ചി: കേരളത്തിൽനിന്നുള്ള കപ്പൂച്ചിൻ സന്യാസവൈദികൻ ദൈവദാസൻ ഫാ. തിയോഫിൻ (തിയോഫിനച്ചൻ: 1913 - 1968) ഉൾപ്പെടെ മൂന്നു പേരെ ധന്യരായും രണ്ടുപേരെ വാഴ്ത്തപ്പെട്ടവരായും ഉയർത്തി. ഇതുസംബന്ധിച്ച കല്പന വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയം ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്തി.
തിയോഫിനച്ചനെ കൂടാതെ ലബനനിൽനിന്നുള്ള ബെക്കാര അബു മൊറാദിനെയും ഫ്രാൻസിൽനിന്നുള്ള ഗബ്രിയേലേ മരിയെയും വാഴ്ത്തപ്പെട്ടവരായും ഇറ്റലിയിൽനിന്നുള്ള ഫ്രാഞ്ചെസ്കോ ലൊംബാർഡി, ഫൗസ്തോ ജെയ് എന്നിവരെ ധന്യരുടെ ഗണത്തിലേക്കും ഉയർത്തി.
സുകൃതസമ്പന്നമായ പൗരോഹിത്യജീവിതത്തിലൂടെ അറിയപ്പെട്ട തിയോഫിനച്ചനെ 2005 ജനുവരി പത്തിനാണ് ദൈവദാസനായി പ്രഖ്യാപിച്ചത്. നാമകരണ നടപടികളുടെ ഭാഗമായി 2014 ഫെബ്രുവരി ഒന്നിന് പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമദേവാലയത്തിലെ അദ്ദേഹത്തിന്റെ കബറിടം തുറന്നു.
വരാപ്പുഴ അതിരൂപതതലത്തിലുള്ള നടപടികൾ 2016 ഒക്ടോബർ 24ന് പൂർത്തിയാക്കി. തിയോഫിനച്ചന്റെ ജീവിതവിശുദ്ധി അടയാളപ്പെടുത്തുന്ന തെളിവുകളും കാനോനിക രേഖകളും ഉൾപ്പെടുത്തി വത്തിക്കാൻ കാര്യാലയത്തിനു സമർപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച പഠനങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കിയശേഷമാണ് ഇപ്പോഴത്തെ പ്രഖ്യാപനം.
ധന്യപദവി പ്രഖ്യാപനത്തിന്റെ സഭാതലത്തിലുള്ള ആഘോഷങ്ങൾ പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ നടക്കും. റോമിലെ കപ്പൂച്ചിൻ ജനറലേറ്റിന്റെയും അതിരൂപതയുടെയും നിർദേശങ്ങൾക്കനുസരിച്ചാകും തീയതി തീരുമാനിക്കുകയെന്ന് പോസ്റ്റുലേറ്റർ ഫാ. റോബിൻ ദാനിയേൽ അറിയിച്ചു.
1913 ജൂലൈ 20ന് കോട്ടപ്പുറം കൂടല്ലൂർ കുടുംബത്തിലാണ് തിയോഫിനച്ചന്റെ ജനനം. മാതാപിതാക്കൾ അന്നയും ജോര്‍ജും. ജ്ഞാനസ്നാന പേര് മൈക്കിള്‍. വരാപ്പുഴ അതിരൂപതയുടെ സെമിനാരിയിൽ ചേർന്ന ബ്രദര്‍ മൈക്കിൾ പഠനശേഷം കപ്പൂച്ചിന്‍ സന്യാസസഭാംഗമായി. 1933ല്‍ തിയോഫിന്‍ എന്ന പേരോടെ സന്യാസവ്രതം സ്വീകരിച്ചു. 1941ല്‍ പൗരോഹിത്യസ്വീകരണം. ക്രിസ്തുസ്നേഹവും കാരുണ്യവും സേവനതീക്ഷ്ണതയും തന്റെ സന്യാസജീവിതത്തിൽ സമന്വയിപ്പിച്ച തിയോഫിനച്ചൻ 1968 ഏപ്രില്‍ നാലിന് അന്തരിച്ചു.