Kerala
പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാട്ടേയ്ക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിൻ ആണ് പാളം തെറ്റിയത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം.
തുടർന്ന് നാല് ട്രൈനുകൾ പിടിച്ചിട്ടു. ഒരു മണിക്കൂറിന് ശേഷമാണ് പാളം തെറ്റിയ ബോഗി തിരിച്ചുകയറ്റിയത്. ഷൊർണൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ഈ ട്രാക്കിലെ നിർത്തിയിട്ട സർവീസുകൾ ഉടൻ പുനരാരംഭിക്കും എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വൈകിയോടുന്ന ട്രെയിനുകൾ
ഏറനാട് എക്സ്പ്രസ്
കോഴിക്കോട്-പാലക്കാട് എക്സ്പ്രസ്
പരശുറാം എക്സ്പ്രസ്
കോഴിക്കോട് നിന്നുള്ള ജനശതാബ്ദി എക്സ്പ്രസ്
ലോകമാന്യ തിലക്-കൊച്ചുവേളി എക്സ്പ്രസ്
National
ന്യൂഡൽഹി: നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച മലയാളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്നും നീക്കി. ധനകാര്യമന്ത്രാലയം മൂന്ന് ദിവസം മുന്‍പാണ് ഉത്തരവിറക്കിയത്. പി. രാധാകൃഷ്ണനോട് നിർബന്ധിതമായി വിരമിക്കാൻ ധനകാര്യ മന്ത്രാലയം ഉത്തരവിടുകയായിരുന്നു.
അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് രാധാകൃഷ്ണന് പുറത്താകുന്നത്. നിലവിൽ ജമ്മുകാഷ്മീരിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചത്.
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിനെതിരെ കൈക്കൂലി, വിവരങ്ങള്‍ ചോര്‍ത്തി നല്കല് തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടർന്ന്, രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
രണ്ടു വര്‍ഷത്തിന് ശേഷം രാധാകൃഷ്ണനെ തിരികെ കൊച്ചിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസ് അടക്കം ഉണ്ടാകുന്നത്.
തുടര്‍ന്ന് പി. രാധാകൃഷ്ണനെ ശ്രീനഗറിലേക്ക് മാറ്റി. തനിക്കെതിരെയുള്ള നടപടി പ്രതികാര നടപടിയാണെന്നും സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണല്‍ ഇതു തള്ളിയിരുന്നു.
Kerala
പരവൂർ: സർക്കാർ പിന്തുണയുള്ള ഭാരത് ടാക്സി സർവിസ് ഈ മാസം അവസാനത്തോടെ ഡൽഹിയടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ സമ്പൂർണ സേവനം തുടങ്ങും.
ക്യാബ്, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 1.4 ലക്ഷത്തിലധികം ഡ്രൈവർമാർ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഹകാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡാണ് ആപ്പിനെ പിന്തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
സഹകരണ മന്ത്രാലയം വഴി കേന്ദ്ര സർക്കാരാണ് സഹകരണ സംഘത്തിന്റെ മുഖ്യ പ്രമോട്ടറായി പ്രവർത്തിക്കുന്നത്. മാത്രമല്ല സംഘത്തിന്റെ ഭരണ സമിതിയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഡ്രൈവർ പ്രതിനിധികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വാണിജ്യ വാഹന ഡ്രൈവർമാർ സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2024 മാർച്ചിൽ കേന്ദ്ര മന്ത്രി അമിത് ഷായാണ് ആപ്പിന്റെ പ്രാരംഭ പ്രഖ്യാപനം നടത്തിയത്.
2025 ഡിസംബർ രണ്ടു മുതൽ ആപ്പ് ഡൽഹിയിൽ പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചിരുന്നു.
Kerala
കൊച്ചി: പുതുവര്‍ഷാഘോഷം കണക്കിലെടുത്ത് കൊച്ചി വാട്ടർ മെട്രോ കൂടുതൽ സർവീസ് നടത്തും. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ ഭാഗത്തേയ്ക്ക് ഇന്ന് വൈകുന്നേരം ഏഴ് വരെയായിരിക്കും വാട്ടർ മെട്രോ സർവീസ് നടത്തുക.
അതിനുശഷം രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട് റൂട്ടിലും വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടിലും സര്‍വ്വീസ് ഉണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് വാട്ടാർ മെട്രോ അധികൃതർ അറിയിച്ചു.
രാത്രി 12 മണി മുതല്‍ എല്ലാ യാത്രക്കാരെയും ഈ റൂട്ടുകളില്‍ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനായി സുരക്ഷാ ജീവനക്കാരെയും അധികമായി ടെര്‍മിനലുകളില്‍ നിയോഗിച്ചിട്ടുണ്ട്. പോലീസ് സേവനവും ടെര്‍മിനലുകളില്‍ ഉണ്ടാകും.
വ്യാഴാഴ്ച പുലർച്ചെ നാല് വരെയാണ് സർവ്വീസ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും അവസാനത്തെ യാത്രക്കാരനെ വരെ ഹൈക്കോർട്ട് ജംക്ഷൻ ടെർമിനൽ എത്തിക്കുന്നതുവരെ സർവീസ് തുടരുമെന്ന് കൊച്ചി വാട്ടർ മെട്രോ അറിയിച്ചു.
അതുകൊണ്ട് യാത്രക്കാർ തിരക്കുകൂട്ടാതെ അച്ചടക്കത്തോടെ ക്യൂ പാലിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് കൊച്ചി വാട്ടർ മെട്രോ അഭ്യർഥിച്ചു.
Kerala
ചാത്തന്നൂർ: പുതുക്കാട് നന്തിക്കരയ്ക്കു സമീപം കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവറെ സർവീസിൽനിന്നു നീക്കി.
കഴിഞ്ഞ 29ന് പാലാ ഡിപ്പോയിൽനിന്നും സർവീസ് പോയ സൂപ്പർഫാസ്റ്റ് ബസ് നന്തിക്കര പഞ്ചായത്ത് ഓഫീസിനു സമീപം ഒരേ ദിശയിൽ പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന മറ്റൊരു ലോറിയിലും ബൈക്കിലും ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിലും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുള്ളതായി കണ്ടെത്തി.
ഇതിനുപിന്നാലെയാണ് സർവീസിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവൃത്തികൾ കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരേ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഎംഡിയുടെ അറിയിപ്പിൽ പറയുന്നു.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍.
വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്വീസുകള്ളാണ് വെള്ളിയാഴ്ച മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയെ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും.
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് വിമാനത്താവള കമ്പനി നിർദേശം നൽകി.
ww.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവ്വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദേശം നൽകിയത്. ഭൂരിഭാഗം ഇൻഡിഗോ സർവ്വീസുകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 11 മണിക്കൂർ വരെ വൈകിയാണ് സർവിസ് നടത്തിയ ചുരുക്കം വിമാനങ്ങളും യാത്ര തുടങ്ങിയത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോയുടെ റാസ് അൽ ഖൈമ, കുവൈത്ത്, അബുദാബി, മസ്കത്ത്, മാലി സർവീസുകൾ മുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, അബുദാബി, ദുബായ് സർവീസുകളും മുടങ്ങി.
Kerala
പത്തനംതിട്ട: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിന്റെ ആദ്യ ദിവസം തന്നെ ഡോളി സർവീസ് അലങ്കോലപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുള്ളവർ പമ്പയിൽ കാത്തുകിടക്കുകയാണ്.
മരാമത്തും വിജിലൻസും ചേർന്ന് നടത്തേണ്ട പരിശോധന പൂർത്തിയാകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം. അതേസമയം, സ്വാധീനമുള്ളവർക്ക് ഡോളി സർവീസ് ലഭ്യമാണെന്ന് തീർഥാടകർ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചുള്ള സർവീസുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. 140 നോൺ എസി ബസുകളും 30 എസി ലോ ഫ്ലോർ ബസുകളും ഷോർട്ട് വീൽ ബസുകളും മറ്റ് ദീർഘദൂര സർവീസുകളുമായി 203 ബസുകളും സർവീസിന് തയാറാക്കിയിട്ടുണ്ട്.
തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം തിരക്കനുസരിച്ച് സ്പെഷൽ സർവീസുൾ നടത്തുന്നതിന് ആവശ്യമായ ബസുകളും ഒരുക്കി. മതിയായ യാത്രക്കാരുള്ള പക്ഷം ചാർട്ടേഡ് ട്രിപ്പുകളും പ്രത്യേക സർവീസുകളും ഓപ്പറേറ്റ് ചെയ്യാനും നടപടി സ്വീകരിച്ചു.
തകരാറുകൾ പരിഹരിക്കാൻ നിലയ്ക്കൽ, പ്ലാപ്പള്ളി, പെരിനാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കെഎസ്ആർടിസിയുടെ മൊബൈൽ മെക്കാനിക്കൽ വിഭാഗം മുഴുവൻ സമയവും സജ്ജമായി നിലകൊള്ളും. അടിയന്തര സഹായത്തിന് കെഎസ്ആർടിസിയുടെ ആംബുലൻസ് വാനും പമ്പയിൽ ലഭ്യമാക്കുന്നതാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സ്ഥലനാമവും ഡെസ്റ്റിനേഷൻ നമ്പറുകളും രേഖപ്പെടുത്തുന്നതാണ്. പമ്പിലേക്കും തിരിച്ചും ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്. കേരളത്തിലെ എല്ലാ ബസ് സ്റ്റേഷനുകളിൽ നിന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ശബരിമല തീർഥാടന പാക്കേജ് ട്രിപ്പുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Kerala
കൊച്ചി: കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഓൺലൈനായാണ് ഫ്ലാഗ് ഓഫ് ചെയ്തത്. എറണാകുളം - ബംഗളൂരു റൂട്ടിലാണ് പുതിയ സർവീസ്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം ബംഗളൂരുവിൽ എത്തിച്ചേരും. എട്ട് മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ 8.45ഓടെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
കഴിഞ്ഞ ദിവസം ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. ഒൻപത് മണിക്കൂറിൽ ട്രെയിൻ 608 കിലോമീറ്റർ പിന്നിടും.
11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊത്തന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര് ബംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്റ്റോപ്പുകള്‍.
കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയക്രമം. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരു സിറ്റിയിലെത്തുമെന്ന് റെയിൽവേ വ്യക്തമാക്കി. ബംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
മറ്റ് മൂന്ന് വന്ദേഭാരത് സർവീസുകൾ കൂടി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡൽഹി എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന മറ്റ് വന്ദേഭാരത് ട്രെയിനുകൾ.