മൂലമറ്റം: അറക്കുളം ക്രൗണ്‍ പ്ലാസ ഓഡിറ്റോറിയത്തിന് സമീപം നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കലുങ്കില്‍ ഇടിച്ച് യാത്രക്കാരായ ആറുപേര്‍ക്ക് പരിക്കേറ്റു. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. കെഎസ്ഇബി എന്ജനിയറായ വെള്ളിയാമറ്റം പൂച്ചപ്ര പതിക്കല്‍ ജി. ദേവദത്തും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ കലുങ്കില്‍ ഇടിക്കുകയായിരുന്നു.
ദേവദത്ത് (44), ഭാര്യ വീണ (40), മാതാവ് സരസ്വതി (67), മക്കളായ പത്മ (12), ദ്രുവ (11), ജാന്‍വി (8) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരു കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ബാക്കിയുളളവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ കലുങ്ക് റോഡില്‍നിന്ന് അകന്നുമാറുകയും കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. യാത്രക്കാര്‍ കാറില്‍ കുരുങ്ങിയ നിലയിലായിരുന്നു. സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാസേന, കാഞ്ഞാര്‍ പോലീസ്, സമീപത്ത് താമസിക്കുന്ന പഞ്ചായത്തംഗം പി.എ. വേലുക്കുട്ടന് എന്നിവരുടെ നേതൃത്വത്തില്‍ ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
അപകടത്തെത്തുടര്‍ന്ന് റോഡില്‍ ചിതറിക്കിടന്ന വാഹനഭാഗങ്ങള്‍ സേനയുടെ നേതൃത്വത്തില്‍ വെള്ളം പമ്പ് ചെയ്തു നീക്കം ചെയ്തു. കൂടാതെ മറ്റു വാഹനങ്ങള്‍ തെന്നിമറിയാതിരിക്കാന് റോഡിലെ ഓയിലില്‍ മരപ്പൊടി വിതറി അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്തു. സ്റ്റേഷന് ഓഫീസര്‍ ടി.കെ. അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ബിബിന്‍ എ. തങ്കപ്പന്, ടി.ആര്. ജിനേഷ്, കെ. പ്രശാന്ത്, എം.വി. അരുണ്‍, എന്‍. സതീഷ് കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.