ആലപ്പുഴ: ചേർത്തലയുടെ മണ്ണിൽനിന്ന് കർഷകർക്ക് കരുത്തായി മാറാൻ കൃഷിവകുപ്പിന്റെ അത്യാധുനിക ചെറുധാന്യ-കിഴങ്ങുവർഗ സംസ്കരണപ്ലാന്റ് ഒരുങ്ങി. നാട്ടിലെ കർഷകർ വിളയിക്കുന്ന ചെറുധാന്യങ്ങൾക്കും കിഴങ്ങുവർഗങ്ങൾക്കും അർഹമായ വിപണിമൂല്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചേർത്തല നിയോജകമണ്ഡലത്തിലാണ് ഈ പുതിയ സംരംഭം യാഥാർഥ്യമാകുന്നത്.
ചേർത്തല തെക്ക് പഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്വയംസിദ്ധ ഭവൻ എന്ന കെട്ടിടത്തിലാണ് മില്ലറ്റ്-ട്യൂബർ പ്രോസസിംഗ് പ്ലാന്റ് പ്രവർത്തിക്കുക. പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് ആൻഡ് വാല്യൂ അഡിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ സംസ്കരണ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
കാർഷികവിളകളുടെ കേവലം വിപണനത്തിനപ്പുറം അവയെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുക എന്നതാണ് പ്ലാന്റിന്റെ പ്രധാന ലക്ഷ്യം. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച്, ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണകേന്ദ്രം, കായംകുളം കൃഷി വിജ്ഞാനകേന്ദ്രം എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായവും മാർഗനിർദേശങ്ങളും പ്ലാന്റിന്റെ രൂപീകരണത്തിനു പിന്നിലുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറുധാന്യങ്ങളുടെയും കിഴങ്ങുവർഗങ്ങളുടെയും കൃഷി വ്യാപിപ്പിക്കുന്നതിനായുള്ള ബോധവത്കരണ ക്ലാസുകൾ പഞ്ചായത്ത് തലത്തിൽ സജീവമായി നടന്നുവരികയാണ്. കർഷകരിൽനിന്ന് നേരിട്ട് വിളകൾ സംഭരിച്ച് അവ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു.
ഉത്പാദനക്ഷമതയും ഗുണമേന്മയും വർധിപ്പിക്കുന്നതിനായി അത്യാധുനിക മെഷീനറികളാണ് പ്ലാന്റിൽ സജ്ജീകരിച്ചിരിക്കുന്നത്.
പൾവറൈസർ, റോസ്റ്റർ, എയർ പമ്പ് ഡീഹൈഡ്രേറ്റർ, മിക്സിംഗ് യൂണിറ്റ്, ഷീറ്റിംഗ് മെഷീൻ, ട്യൂബർ സ്ലൈസർ മുതൽ വാക്വം പാക്കിംഗ് മെഷീൻ വരെയുള്ള സജ്ജീകരണങ്ങൾ പ്ലാന്റിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ മില്ലറ്റ് ന്യൂട്രിബാർ, ന്യൂട്രിമിക്സ്, മില്ലറ്റ്-മധുരക്കിഴങ്ങ് പുട്ടുപൊടികൾ തുടങ്ങിയ ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നത്.
സർക്കാർ സംവിധാനങ്ങൾക്കൊപ്പം മില്ലറ്റ് കഫേകൾ വഴിയും പ്രാദേശിക വിപണികൾ വഴിയും ഈ പോഷകസമൃദ്ധമായ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തും. ചേർത്തലയിലെ കർഷക കൂട്ടായ്മയായ കരപ്പുറം എഫ്പിഒയ്ക്കാണ് പ്ലാന്റിന്റെ പ്രവർത്തന ചുമതല നൽകിയിരിക്കുന്നത്.
കൃഷിവകുപ്പിന്റെ ചെറുധാന്യ-കിഴങ്ങുവർഗ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തന ഉദ്ഘാടനം ചേർത്തല സൗത്ത് ഇലഞ്ഞി കളിത്തട്ടിന് സമീപം വൈകിട്ട് 3.30ന് കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. കെ.സി. വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. ചേർത്തല സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അഭിനയ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.