ലക്നോ: വസ്ത്രത്തിൽ ചെളിപറ്റിയതിന് ആറുവയസുകാരിയെ പിതാവും രണ്ടാനമ്മയും മർദിച്ചുകൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ദസ്ന മേഖലയിലാണ് സംഭവം.
റോഡിൽ കളിച്ചുകൊണ്ടിരുന്ന ഷിഫ അബദ്ധത്തിൽ അഴുക്കുചാലിലേക്ക് വഴുതിവീണു. ഇതോടെ വസ്ത്രത്തിൽ ചെളിപറ്റി. മുഷിഞ്ഞ വസ്ത്രങ്ങൾ കണ്ടപ്പോൾ പിതാവ് അക്രവും രണ്ടാനമ്മ നിഷയും ചേർന്ന് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും കൊടും തണുപ്പിൽ മേൽക്കൂരയിൽ നിർത്തുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് ഷിഫ മരിച്ചത്. അയൽക്കാരുടെ പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
കുട്ടിക്ക് ഗുരുതര പരിക്കേറ്റുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കുട്ടിയുടെ വാരിയെല്ലിൽ ഒടിവുകളുണ്ടെന്നും ശരീരത്തിൽ 13 മുറിവുകൾ കണ്ടെത്തിയതായും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) പ്രിയ ശ്രീ പാൽ പറഞ്ഞു. പോലീസ് അക്രമിനെയും നിഷയെയും പോലീസ് അറസ്റ്റ് ചെയ്തു.
അക്രമിന്റെയും ആദ്യ ഭാര്യ തരാനയുടെയും മകളാണ് ഷിഫ. മൂന്ന് വർഷങ്ങൾക്ക് മുൻപ് തരാന മരിച്ചു. ഈ ബന്ധത്തിൽ അക്രമിന് മൂന്ന് കുട്ടികളുണ്ട്. തരാന മരിച്ച് ഒരു വർഷത്തിന് ശേഷം അക്രം നിഷയെ വിവാഹം ചെയ്തു.