ശ്രീകണ്ഠപുരം: മുനിസിപ്പാലിറ്റിയിലെ പഴയങ്ങാടി വാർഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.പി. സീനത്തിനെതിരേ മുസ്ലിം ലീഗിന്റെ വ്യാജ പ്രചാരണമെന്ന് ആരോപണം. റിട്ടേണിംഗ് ഓഫീസർ പോളിംഗ് സ്റ്റേഷന്റെ നോട്ടീസ് ബോർഡിൽ പതിച്ച സ്ഥാനാർഥികളുടെ പട്ടിക എഡിറ്റ് ചെയ്താണ് ലീഗ് വ്യാജ പ്രചാരണം നടത്തിയതെന്നാണ് ആരോപണം.
ഒന്നാം കോളത്തിൽ സ്ഥാനാർഥിയുടെ പേരും രണ്ടാം കോളത്തിൽ പിന്തുണയ്ക്കുന്ന പാർട്ടിയും മൂന്നാം കോളത്തിൽ ചിഹ്നവുമാണ് എഴുതുന്നത്. അതിൽ എൽഡിഎഫ് സ്വതന്ത്ര എന്ന് എഴുതിയ കോളത്തിൽ വെൽഫെയർ പാർട്ടി എന്ന് തിരുത്തി മുസ് ലിം ലീഗ് ഗ്രൂപ്പുകളിലും നവമാധ്യമങ്ങളിലും പ്രചരിപ്പിച്ചതായാണ് ആരോപണം. വ്യാജ പ്രചാരണത്തിനെതിരേ പരാതി നല്കാനാണ് എൽഡിഎഫ് തീരുമാനം.
ഉദ്യോഗസ്ഥരുടെ
കൈപ്പിഴയെന്ന്
ശ്രീകണ്ഠപുരം: പഴയങ്ങാടി വാർഡ് 26 പോളിംഗ് ബൂത്തിന്റെ പുറത്ത് വോട്ടർമാർക്ക് സ്ഥാനാർഥികളെ പരിചയപെടുത്തുന്നതിനായി പോളിംഗ് ഉദ്യോഗസ്ഥർ രണ്ട് സ്ഥലങ്ങളിലായി പതിപ്പിച്ച നോട്ടീസിൽ എൽഡിഎഫിനെ പിന്തുണയ്ക്കുന്ന സ്ഥാനാർഥിയുടെ പാർട്ടി വെൽഫെയർ പാർട്ടി എന്ന് എഴുതിയത് മുസ്ലിം ലീഗിന്റെ എഐ എഡിറ്റിംഗ് ആണെന്ന സിപിഎമ്മിന്റെ ആരോപണം അസംബന്ധമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
പതിച്ച നോട്ടിലെ ഒന്നാം കോളത്തിൽ ക്രമ നമ്പറും, രണ്ടാം കോളത്തിൽ സ്ഥാനാർഥിയുടെ പേരും, മൂന്നാം കോളത്തിൽ സ്ഥാനാർഥിയുടെ മേൽവിലാസവും, നാലാം കോളത്തിൽ പിന്തുണയ്ക്കുന്ന പാർട്ടിയുടെ വിവരണവും അഞ്ചാം കോളത്തിൽ തെരഞ്ഞെടുപ്പ് ചിഹ്നവുമാണ് എഴുതുന്നത്.
അതിൽ ക്രമനമ്പർ രണ്ട് നാലാം കോളത്തിലാണ് എൽഡിഎഫിനെ പിന്തുണയ്ക്കുന്ന സ്ഥാനാർഥി യുടെ പാർട്ടി വെൽഫെയർ പാർട്ടി എന്ന് എഴുതിയിരുന്നത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ പോളിംഗ് എജന്റുമാരുടെ നടപടി ക്രമങ്ങൾക്കുപോയ യുഡിഎഫ് സ്ഥാനാർഥിയുടെ എജന്റുമാരുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുകയായിരുന്നു. തുടർന്ന് നാട്ടിൽ ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് ഉദ്യോഗസ്ഥർ തന്നെ കൈ പിഴയാണെന്ന് പറഞ്ഞ് നോട്ടീസ് മാറ്റി സ്ഥാപിച്ചു. ഇക്കാര്യം മുസ്ലിം ലീഗിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരേയാണ് പിന്നീട് യുഡിഎഫ് രംഗത്തെത്തിയത്.