കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നവീകരണം സംബന്ധിച്ച വിവരങ്ങള്‍ ജിസിഡിഎ പരസ്യപ്പെടുത്തണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അർജന്റൈൻ ഇതിഹാസം ലയണൽ മെസി വരുമെന്ന് തെറ്റിദ്ധരിപ്പിച്ച് 70 കോടി രൂപയുടെ നവീകരണം നടത്തിയ രാജ്യാന്തര സ്റ്റേഡിയം ചോര്‍ന്നൊലിച്ചത് അപമാനകരമാണ്.
നവീകരണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയത്തിലെ മേല്‍ക്കൂരയുടെ പല ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. ബലക്ഷയമുള്ള മേല്‍ക്കൂരയ്ക്ക് കീഴിലാണ് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. ഒരു ദുരന്തമുണ്ടായാല്‍ ആര് ഉത്തരവാദിത്വം പറയും. 70 കോടി രൂപ ചെലവഴിച്ച് എന്ത് നവീകരണ പ്രവര്‍ത്തനങ്ങളാണ് സ്റ്റേഡിയത്തില്‍ നടത്തിയതെന്നും ഷിയാസ് ചോദിച്ചു.
സ്റ്റേഡിയം നവീകരണത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന ആരോപണത്തിന് ബലമേകുന്നതാണ് സ്റ്റേഡിയം ചോര്‍ന്നൊലിച്ചത്. ഐഎസ്എല്‍ മത്സരം അവസാന നിമിഷം വരെ പ്രതിസന്ധിയിലാക്കാന്‍ ജില്ലയിലെ ഒരു എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു ഗൂഢ സംഘം പ്രവര്‍ത്തിച്ചു. ഇതിനു പിന്നില്‍ സാമ്പത്തിക താല്പര്യം ഉണ്ടോയെന്ന് ജിസിഡിഎ ചെയര്മാന് വ്യക്തമാക്കണം.
ലക്ഷക്കണക്കിന് ഫുട്ബോള്‍ പ്രേമികളെയാണ് ജിസിഡിഎ അപമാനിച്ചത്. വ്യവസായ സൗഹൃദ കേരളമെന്ന് മൈക്ക് കിട്ടുന്നിടത്തൊക്കെ വിളിച്ചു പറയുന്ന വ്യവസായ മന്ത്രിയുടെ ജില്ലയിലാണ് വ്യവസായി കൂടിയായ കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമയെ സ്റ്റേഡിയത്തില്‍ നിന്ന് ഇറക്കി വിട്ട് അപമാനിച്ചത്. ഇതിനു വ്യവസായ മന്ത്രിയും കായിക മന്ത്രിയും മറുപടി പറയണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.