കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കതിരേ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. തന്ത്രി പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി. തന്ത്രി-പോറ്റി ബന്ധം അന്വേഷിക്കണം. വിശ്വാസികളെ വ്രണപ്പെടുത്തി.
കട്ടിളപ്പാളിയിലെ സ്വർണം, പ്രഭാവലയം, എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ല. ആചാരലംഘനത്തിനും പ്രതികൾക്കൊപ്പം ലാഭമുണ്ടാക്കാനും കൂട്ടുനിന്നു എന്നിങ്ങനെയാണ് എസ്ഐടി റിപ്പോർട്ടിലെ പരാമർശങ്ങൾ.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തന്ത്രിയെ റിമാൻഡ് ചെയ്തു. പ്രതിക്കു ജാമ്യം നൽകുന്നതിനെ എതിർത്ത എസ്ഐടി, ജാമ്യം നൽകിയാൽ ആത്മീയ പരിവേഷവും സ്വാധീനവും ഉപയോഗിച്ച് തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും കോടതിയിൽ വാദിച്ചു. ഇതോടെയാണ് തന്ത്രിക്കു ജാമ്യം നൽകാതെ റിമാൻഡ് ചെയ്തത്.
ഭക്തർക്കിടയിലും സമൂഹത്തിലെ ഉന്നത വ്യക്തികളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണു തന്ത്രിയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം വേണം. ശബരിമലയിലെ മുതലുകൾ തന്ത്രി അപഹരിച്ചു. ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും എസ്ഐടി വാദിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം സ്വർണപ്പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ല, മൗനാനുവാദം കൊടുത്തു. ദേവസ്വം മാനുവൽ പ്രകാരം തന്ത്രി ക്ഷേത്രചൈതന്യം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.