മലപ്പുറം: താനൂർ ഹാർബർ മാനേജ്മെന്റ് സൊസൈറ്റിക്ക് കീഴിൽ ഫിഷറീസ്, താനൂർ നഗരസഭ, ഹാർബർ എൻജിനിയറിംഗ്, പോലീസ്, മത്സ്യഫെഡ് എന്നീ വകുപ്പുകളുടെ ഏകോപനത്തോടെ ഹാർബറിൽ ഏകദിന ശുചീകരണ യജ്ഞം നടത്തി. ഹാർബറിലെ ദുർഗന്ധ പൂർണമായ അവസ്ഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന വിഷയമായിരുന്നു.
മനുഷ്യാവകാശ കമ്മീഷൻ ഏറ്റെടുത്തിരുന്ന വിഷയത്തിൽ കളക്ടർ ചെയർമാനായ താനൂർ ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ യോഗ തീരുമാന പ്രകാരം താനൂർ ഡിവൈഎസ്പി പ്രമോദ്, ഡിഡി ഫിഷറീസ് സി. ആഷിക്ക് ബാബു എന്നിവർ വിവിധ വകുപ്പുകളുമായി ചർച്ച നടത്തുകയും മാസ് ക്ലീനിംഗ് പ്രോഗ്രാം നടത്തുകയും ചെയ്തു.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടി. മുഹമ്മദ് സജീർ, താനൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രവീണ്‍, താനൂർ സബ് ഇൻസ്പെക്ടർ സുജിത്, എഎസ്ഐ കെ. സലേഷ്, ഹാർബർ എൻജിനിയർ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ. രാജേഷ്, അസിസ്റ്റന്റ് എൻജിനിയർ പ്രണവ് മലോൽ, മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ ടി.എസ്. ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ നഗരസഭ ഹരിത കർമസേനാംഗങ്ങളും സന്നദ്ധ സംഘടനകളും ഫിഷറീസ് റെസ്ക്യു ഗാർഡുകളും നാട്ടുകാരും ചേർന്നാണ് ഹാർബർ പരിസരം മാലിന്യമുക്തമാക്കിയത്.