തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനം അവസാനിക്കുന്പോൾ സഭയിൽ മൂന്ന് ഒഴിവുകൾ. വാഴൂർ സോമന്റെ നിര്യാണത്തെത്തുടർന്ന് പീരുമേട്ടിലും കാനത്തിൽ ജമീലയുടെ നിര്യാണത്തെ തുടർന്ന് കൊയിലാണ്ടി സീറ്റിലും നിലവിൽ ജനപ്രതിനിധിയില്ല.
തൊണ്ടിമുതൽ കൃത്രിമ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ തിരുവനന്തപുരം മണ്ഡലത്തിന്റെ ജനപ്രതിനിധിയായ ആന്റണി രാജു അയോഗ്യനായി. ഉപതെരഞ്ഞെടുപ്പിനു കാലാവധി ഇല്ലാത്തതിനാൽ ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടന്നില്ല.
എന്നാൽ, മരണവും രാജിയും മൂലം ഒഴിവു വന്ന അഞ്ചു മണ്ഡലങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉപതെരഞ്ഞെടുപ്പു നടന്നിട്ടുണ്ട്. പി.ടി. തോമസിന്റെ വേർപാടിനെത്തുടർന്ന് തൃക്കാക്കരയിൽ നടന്ന ഉപതെരഞ്ഞടുപ്പിൽ പി.ടിയുടെ ഭാര്യ ഉമ തോമസ് വിജയിച്ചു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്നു പുതുപ്പള്ളിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ വിജയിച്ചു.
ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പട്ടതിനെത്തുടർന്നു ഷാഫി പറന്പിൽ രാജിവച്ചപ്പോൾ പാലക്കാട് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. കെ. രാധാകൃഷ്ണൻ ലോക്സഭാംഗമായതിനെത്തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫിലെ യു.ആർ. പ്രദീപ് വിജയിച്ചു.
സിപിഎം സ്വതന്ത്രനായിരുന്ന പി.വി. അൻവർ സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചൊഴിഞ്ഞപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ നിലന്പൂർ സീറ്റ് എൽഡിഎഫിൽ നിന്നു യുഡിഎഫിലെ ആര്യാടൻ ഷൗക്കത്ത് പിടിച്ചെടുത്തു. ഇവിടെ പി.വി. അൻവർ സ്വതന്ത്രനായി മത്സരിച്ചിരുന്നു. അഞ്ചു വർഷത്തിനിടയിൽ നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ സിറ്റിംഗ് സീറ്റ് നിലനിർത്താൻ സാധിക്കാതെ വന്നതു നിലന്പൂരിൽ മാത്രമാണ്.
സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിസഭയിൽ എത്തിയതിനെത്തുടർന്ന് എ.എൻ. ഷംസീർ സ്പീക്കർ ആയതായിരുന്നു പതിനഞ്ചാം നിയമസഭയിലെ മറ്റൊരു പ്രധാന സംഭവം.