തൃക്കരിപ്പൂർ: സ്ഥിരംസമിതികളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വലിയപറമ്പിലും തൃക്കരിപ്പൂരിലും മുന്നണികളിലെ പ്രതീക്ഷകൾക്ക് അപ്പുറത്താണ് കാര്യങ്ങൾ എത്തിയത്. എൽഡിഎഫിന് വെറും മൂന്ന് അംഗങ്ങൾ മാത്രമുള്ള തൃക്കരിപ്പൂർ പഞ്ചായത്തിൽ വികസനകാര്യ സ്ഥിരം സമിതിയിലേക്ക് 20 അംഗങ്ങളുള്ള യുഡിഎഫ് പക്ഷത്തെ ഫായിസ് ബീരിച്ചേരിക്കൊപ്പം എൽഡിഎഫ് അംഗം എം. രാമചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു.
സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃക്കരിപ്പൂർ പഞ്ചായത്തിൽ നടന്ന വിവിധ സമിതികളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. വികസനകാര്യസമിതിയിൽ ഒരംഗത്തെ ഉൾപ്പെടുത്തണമെന്ന എൽഡിഎഫ് ആവശ്യം പരിഗണിക്കാത്തതിനാൽ വൈക്കത്ത് വാർഡിൽ നിന്നും വിജയിച്ച എം. രാമചന്ദ്രൻ വികസനകാര്യ സമിതിയിലേക്ക് മത്സരിക്കുകയായിരുന്നു. ആറംഗങ്ങൾ മത്സരിച്ച വോട്ടെടുപ്പിൽ യുഡിഎഫിലെ ഫായിസ് ബീരിച്ചേരിക്കൊപ്പം തെരഞ്ഞെടുപ്പിലെ രണ്ടാം മുൻഗണന ക്രമപ്രകാരം എം. രാമചന്ദ്രൻ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ആദ്യ അപേക്ഷകൻ എന്ന പരിഗണനയാണ് എം. രാമചന്ദ്രന് അനുകൂലമായത്. ഇതോടെ യുഡിഎഫ് പഞ്ചായത്തംഗമായ ഉടുമ്പുന്തല ഈസ്റ്റ് വാർഡിലെ എം.കെ. സക്കീന വികസന സ്ഥിരം സമിതിയിൽ നിന്നും പുറത്തായി.
അതേസമയം വലിയപറമ്പ് പഞ്ചായത്തിൽ ധനകാര്യ സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വെട്ടിലാക്കുന്ന തരത്തിൽ വനിത സംവരണ സീറ്റിൽ എൽഡിഎഫ് മത്സരിക്കാതിരുന്നത് ആശയ കുഴപ്പവുമുണ്ടാക്കി.
പഞ്ചായത്തിലെ ആകെയുള്ള 14 അംഗങ്ങളിൽ യുഡിഎഫിന് എട്ടംഗങ്ങളും എൽഡിഎഫ് ആറ് അംഗങ്ങളുമാണുള്ളത്. വനിതാ സംവരണത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥി മത്സരിക്കേണ്ടതില്ലെന്ന എൽഡിഎഫ് തീരുമാനം യുഡിഎഫ് മനസിലാക്കിയത് വൈകിയാണ്. അപ്പോഴേക്കും വിവിധ സമിതികളിലേക്ക് യുഡിഎഫ് അംഗങ്ങളുടെ ധാരണ വരുത്തിയിരുന്നു.
എൽഡിഎഫിൽ നിന്ന് ഒരു വനിതയെ ധനകാര്യസമിതിയിൽ വിജയിപ്പിച്ചാൽ മറ്റു മൂന്ന് കമ്മിറ്റികളും അനായാസം ജയിച്ചുകയറാമെന്നായിരുന്നു യുഡിഎഫ് കണക്കു കൂട്ടൽ. എന്നാൽ നാലു സമിതികളിലും വിജയിക്കാവുന്ന ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് മാറ്റിവയ്ക്കേണ്ടി വന്നത് എൽഡിഎഫിന്റെ തന്ത്രമായിരുന്നു. ഇത് ഇന്നു നടക്കുന്ന ധനകാര്യ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചു. വനിത അംഗങ്ങളുടെ പിൻബലത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യവും ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പിലുണ്ടായാൽ ഇത് യുഡിഎഫിന് കനത്ത തിരിച്ചടിയാവും.