കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ ബൂത്തുകൾ സജ്ജമായി. 20 വിതരണ കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ചുമതലയുള്ള ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലെത്തി ബൂത്തുകൾ സജ്ജീകരിച്ചു. ഇന്നലെ രാവിലെ എട്ടു മുതലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്.
വിതരണകേന്ദ്രങ്ങൾ ജില്ലാ കളക്ടർ അരുൺ. കെ. വിജയൻ, തെരഞ്ഞെടുപ്പ് പൊതു നിരീക്ഷക ആർ.കീർത്തി, അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസ്സിർ എന്നിവർ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. തെരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ റൂട്ട് ഓഫീസർമാരുടെ നേതൃത്വത്തിലാണ് വാഹനങ്ങളിൽ അതാത് ബൂത്തുകളിൽ എത്തിച്ചത്.വോട്ടർമാർ ഇന്ന് വിധിയെഴുതും.
പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിലേയും ബ്ലോക്ക് പഞ്ചായത്തിലേയും സമീപ ഗ്രാമ പഞ്ചായത്തുകളി ലേയും തെരഞ്ഞെടുപ്പിനുള്ള ബൂത്ത് ക്രമീകരണങ്ങൾ പൂർത്തിയായി. ഇന്ന് വിധിയെഴുത്ത് നടക്കും. ഇന്നലെ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പോളിംഗ് സാമഗ്രികകൾ വിതരണം ചെയ്തത് പയ്യന്നൂർ കോളജിലായിരുന്നു. കുഞ്ഞിമംഗലം, രാമന്തളി, കരിവെള്ളൂർ - പെരളം, കാങ്കോൽ - ആലപ്പടമ്പ്, പെരിങ്ങോം- വയക്കര, എരമം- കുറ്റൂർ, ചെറുപുഴ എന്നീ പഞ്ചായത്തുകളിലേക്കുമുള്ള വോട്ടിംഗ് സാമഗ്രികകളാണ് പയ്യന്നൂർ കോളജിൽ നിന്നും വിതരണം ചെയ്തത്. പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികൾ പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിലാണ് വിതരണം ചെയ്തത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, പൊതുനിരീക്ഷക ആർ. കീർത്തി എന്നിവർ പയ്യന്നൂർ കോളജിൽ സന്ദർശനം നടത്തി.
പയ്യന്നൂർ ബോയ്സ് സ്കൂളിലെയും പയ്യന്നൂർ കോളജിലെയും പോളിംഗ് സാമഗ്രി വിതരണ കേന്ദ്രത്തി ൽ നിന്നും കൈപ്പറ്റിയ സാമഗ്രികൾ രാത്രി എട്ടോടെ അതാത് പോളിംഗ് ബൂത്തുകളിൽ സജ്ജീകരിച്ചു.
വെബ് കാമറകളുടെ ചുമതല വഹിക്കുന്നവർ കാമറ ഘടിപ്പിച്ച് പരിശോധിച്ച് ഉറപ്പുവരുത്തി. സ്ഥാനാർ ഥികളുടെ ബൂത്ത് ഏജന്റുമാർ ആവശ്യമായ ഫോറങ്ങൾ പൂരിപ്പിച്ച് പ്രിസൈഡിംഗ് ഓഫീസർമാരെ ഏൽപ്പിച്ചതോടെയാണ് ബൂത്തുകൾ തെരഞ്ഞെടുപ്പിന് സജ്ജമായത്. പയ്യന്നൂർ നഗരസഭയിൽ 46 വാർഡുകളിലായി 126 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു ഡിവൈഎസ്പിക്കും രണ്ട് ഇൻസ്പെക്ടർമാർക്കുമാണ് സുരക്ഷയുമായി ബന്ധപ്പെട്ട ചുമതല.