ന്യൂഡൽഹി: രാജസ്ഥാനിൽ ട്രെയിനിൽ സൈനികൻ കൊല്ലപ്പെട്ട സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കേസിലെ പ്രതിയായ റെയിൽവേ ജീവനക്കാരനെതിരെ കർശന നടപടിയെടുക്കണമെന്നും സൈനികന്റെ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും നൽകണമെന്നും മനുഷ്യാവകാശ സംഘടന അറിയിച്ചു.
പുതപ്പും ഷീറ്റും സംബന്ധിച്ച തർക്കത്തെ തുടർന്നാണ് റെയിൽവേ ജീവനക്കാരനായ കോച്ച് അറ്റൻഡന്റ് ആർമി ഉദ്യോഗസ്ഥനായ ജിഗർ ചൗധരിയെ കൊലപ്പെടുത്തിയത്.
ഗുജറാത്തിലെ സബർമതിയിലേക്ക് വീട്ടിലേക്ക് പോകുകയായിരുന്നു ജിഗർ ചൗധരി. നവംബർ രണ്ടിന് രാത്രി, പഞ്ചാബിലെ ഫിറോസ്പുർ സ്റ്റേഷനിൽ നിന്ന് 19224 ജമ്മു താവി - സബർമതി എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ ജിഗർ ചൗധരി കയറി. യാത്രയ്ക്കിടെ, കോച്ച് അറ്റൻഡന്റിനോട് ജിഗർ ചൗധരി പുതപ്പും ഷീറ്റും ചോദിച്ചു.
എന്നാൽ ജീവനക്കാരൻ ആവശ്യം വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് കൈയാങ്കളിയിലെത്തി. കോച്ച് അറ്റൻഡന്റ് കത്തികൊണ്ട് ചൗധരിയുടെ കാലിൽ കുത്തി. ഇതേതുടർന്ന് ചൗധരിയുടെ കാലിലെ ഞരമ്പ് മുറിയുകയും ഇയാൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിക്കുകയും ചെയ്യും.
സംഭവത്തിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) പ്രകാരം കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിലെ പ്രതിയായ സുബൈർ മേമനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും കത്തിയും കണ്ടെത്തിയിരുന്നു.