സഹാരൺപുർ: ചാരവൃത്തിക്കേസിൽ യുപിയിലെ ഗൗതംബുദ്ധനഗർ ജയിലിൽ പതിനേഴുവർഷമായി തടവിൽക്കഴിഞ്ഞ പാക് പൗരനെ ജന്മനാട്ടിലേക്കു നാടുകടത്തി.
ദേവരാജ് സെഹ്ഗാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തിയ ഇഖ്ബാൽ ഭട്ടിയെ തിങ്കളാഴ്ച രാത്രി കനത്ത സുരക്ഷയിൽ വാഗ അതിർത്തിയിൽ പാക് അധികൃതർക്കു കൈമാറുകയായിരുന്നുവെന്ന് യുപി എഡിജിപി മനോജ് യാദവ് അറിയിച്ചു.
ശിക്ഷാ കാലാവധി പതിനൊന്നുമാസം മുന്പ് പൂർത്തിയായതിനെത്തുടർന്ന് ഭട്ടിയെ കഴിഞ്ഞ മാർച്ച് 22നു മോചിപ്പിച്ചിരുന്നു. തുടർന്ന് ഷഹാരൻപുരിലെ തടങ്കൽ കേന്ദ്രത്തിൽ കനത്ത സുരക്ഷയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഹകികാത് നഗറിലെ വാടകവീട്ടിൽ ദേവരാജ് എന്ന പേരിൽ കഴിഞ്ഞിരുന്ന ഇയാൾ പ്രദേശത്തെ ആളുകളുമായി ബന്ധംസ്ഥാപിച്ചാണ് ചാരവൃത്തിക്കു കളമൊരുക്കിയത്. വോട്ടർ ഐഡിയും പാൻകാർഡും റേഷൻകാർഡും മാത്രമല്ല സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് വരെ ഇദ്ദേഹം തുടങ്ങി. എങ്കിലും സംശയത്തിന്റെ പേരിൽ ബാങ്ക് ഓഫീസർ ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകി.
ഇതിനിടെ 2008ൽ പട്യാലയിൽ തന്ത്രപ്രധാന സൈനികരേഖകളും മാപ്പുമായി ഭട്ടിയെ പഞ്ചാബ് പോലീസ് പിടികൂടി. ഇയാളെ സഹാരൺപുരിൽ എത്തിച്ചശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചാരവൃത്തി സ്ഥിരീകരിച്ചത്. തുടർന്നാണ് കോടതി 17 വർഷം തടവുശിക്ഷ വിധിച്ചത്. ജയിൽമോചിതനായതോടെ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകണമെന്ന ആഗ്രഹം ഭട്ടി പ്രകടിപ്പിക്കുകയായിരുന്നു.