Kerala
കണ്ണൂര്‍: പയ്യന്നൂരില്‍ ധനരാജ് രക്തസാക്ഷി ഫണ്ട് പാര്‍ട്ടി വകമാറ്റിയെന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. പയ്യന്നൂരില്‍ വ്യക്തിപരമായ സാമ്പത്തിക ലാഭത്തിനായി ആരും പണം തട്ടിയെടുത്തിട്ടില്ല. വരവുചെലവ് കണക്കുകള്‍ കൃത്യസമയത്ത് ഹാജരാക്കുന്നതില്‍ ഉണ്ടായ വീഴ്ചയെയാണ് ചിലര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.
താനൊഴികെ മറ്റെല്ലാവരും കള്ളന്മാരെന്ന നിലപാടാണ് കുഞ്ഞികൃഷ്ണന് സ്വീകരിക്കുന്നതെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അദ്ദേഹം നടത്തിയ ആരോപണങ്ങള്‍ തികച്ചും അപകീര്‍ത്തികരമാണെന്നും എം.വി. ജയരാജന് പറഞ്ഞു. നിലവിലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും എം.വി. ജയരാജനും ചേര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളെ തള്ളി രംഗത്തെത്തിയത്.
2021ല്‍ ഉയര്‍ന്ന പരാതികളെക്കുറിച്ച് പാര്‍ട്ടി ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മീഷന് വിശദമായി അന്വേഷിച്ചതാണ്. ഫണ്ടില്‍ ക്രമക്കേട് നടന്നില്ലെന്ന കമ്മീഷന് റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി അംഗീകരിച്ചതുമാണ്. ബോധപൂര്‍വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതും വിഭാഗീയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിച്ചതുമാണ് കുഞ്ഞികൃഷ്ണനെതിരെ അച്ചടി നടപടിയെടുക്കാന്‍ കാരണമായതെന്നും എം.വി. ജയരാജന് പറഞ്ഞു.
എട്ടു മാസം മുന്‍പ് ജില്ലാ കമ്മിറ്റി യോഗത്തില്‍ വെച്ച് തനിക്ക് തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണന് സമ്മതിച്ചിരുന്നതായും, അതിന് ശേഷവും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതായും എം.വി. ജയരാജന് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയ എതിരാളികളെ സഹായിക്കാനുമാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ ഇപ്പോള്‍ വീണ്ടും ഉന്നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനരാജ് രക്തസാക്ഷി ഫണ്ട്, ചിറ്റാരിപ്പറമ്പ് സി.വി. ഫണ്ട് എന്നിവയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായാണ് വി. കുഞ്ഞികൃഷ്ണന് ആരോപിച്ചത്. ഫണ്ട് തിരിമറി നടന്നതിന് കൃത്യമായ കണക്കുകള്‍ തന്റെ പക്കലുണ്ടെന്നും ഇത് പാര്‍ട്ടി നേതൃത്വത്തിന് ബോധ്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചു വര്‍ഷമായി ഉന്നയിക്കുന്ന പരാതികളില്‍ കൃത്യമായ അന്വേഷണമോ കുറ്റക്കാര്‍ക്കെതിരെ നടപടിയോ ഉണ്ടായിട്ടില്ലെന്നും കുഞ്ഞികൃഷ്ണന് ആരോപിച്ചു.
Kerala
കണ്ണൂര്‍: സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി എംഎൽഎ നടത്തിയ ഫണ്ട് വെട്ടിപ്പുകളുടെ കഥകൾ തുറന്നടിച്ച് മുതിർന്ന നേതാവ്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ വി. കുഞ്ഞികൃഷ്ണനാണ് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെതിരെ ഒരു ചാനൽ അഭിമുഖത്തിൽ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്.
ടി.ഐ. മധുസൂദനൻ പയ്യന്നൂർ ഏരിയാ സെക്രട്ടറിയായിരുന്നപ്പോൾ തെരഞ്ഞെടുപ്പ് ഫണ്ട്, രക്തസാക്ഷി ഫണ്ട്, കെട്ടിട നിർമാണ ഫണ്ട് എന്നിവയിലും സഹകരണ സ്ഥാപനത്തിന് സ്ഥലം വാങ്ങിയതിലും തട്ടിപ്പ് നടത്തിയെന്നാണ് ചാനൽ അഭിമുഖത്തിൽ വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത്.
രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാനുള്ള നിക്ഷേപം, വീട് നിർമാണം, കേസ് നടത്തിപ്പ് എന്നിവയ്ക്കായി ഒരുകോടിയോളം രൂപ പിരിച്ചിരുന്നു. ഇതില്‍ 34.5 ലക്ഷം രൂപ വീട് നിർമാണത്തിനായി ചെലവാക്കിയപ്പോൾ അഞ്ചു ലക്ഷം രൂപ ഏരിയാ സെക്രട്ടറി വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റി. ഇക്കാര്യം വിവാദമായതോടെയാണ് രക്തസാക്ഷിയുടെ കടബാധ്യത തീർക്കാൻ തയാറായതെന്ന് പറയുന്നു.
ബാക്കി തുക പാർട്ടി ഓഫീസ് നിർമാണത്തിന് ചെലവായെന്ന് പറഞ്ഞ് ഒതുക്കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 20 പേരിൽനിന്ന് 23 ലക്ഷം രൂപ പിരിച്ചെടുത്തെങ്കിലും എട്ടു പേരിൽനിന്ന് സമാഹരിച്ച തുകയുടെ കണക്ക് രേഖപ്പെടുത്തിയില്ലെന്നാണ് മറ്റൊരു ആരോപണം.
റിയൽ എസ്റ്റേറ്റുകാരനുമായി ചേർന്നായിരുന്നു പിരിവ് നടത്തിയതെന്നും കുറ്റപ്പെടുത്തുന്നു. ഓഫീസ് നിർമാണത്തിന്റെ പേരിൽ 70 ലക്ഷത്തിന്റെയും വെട്ടിപ്പ് നടത്തുകയുണ്ടായി. ഇക്കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ടി.ഐ. മധുസൂദനൻ ചെയ്തതെന്നും കുഞ്ഞികൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞു.
പാർട്ടിക്കുള്ളിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തി. സാന്പത്തിക വെട്ടിപ്പ് നടന്നിട്ടില്ലെന്നും കണക്കുകൾ അവതരിപ്പിക്കുന്നത് വൈകിയതാണെന്ന് പറഞ്ഞ് തട്ടിപ്പിന് വെള്ളപൂശുകയായിരുന്നുവെന്നും അഭിമുഖത്തിൽ തുറന്നടിക്കുന്നുണ്ട്.