കണ്ണൂര്: സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി എംഎൽഎ നടത്തിയ ഫണ്ട് വെട്ടിപ്പുകളുടെ കഥകൾ തുറന്നടിച്ച് മുതിർന്ന നേതാവ്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ വി. കുഞ്ഞികൃഷ്ണനാണ് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെതിരെ ഒരു ചാനൽ അഭിമുഖത്തിൽ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്.
ടി.ഐ. മധുസൂദനൻ പയ്യന്നൂർ ഏരിയാ സെക്രട്ടറിയായിരുന്നപ്പോൾ തെരഞ്ഞെടുപ്പ് ഫണ്ട്, രക്തസാക്ഷി ഫണ്ട്, കെട്ടിട നിർമാണ ഫണ്ട് എന്നിവയിലും സഹകരണ സ്ഥാപനത്തിന് സ്ഥലം വാങ്ങിയതിലും തട്ടിപ്പ് നടത്തിയെന്നാണ് ചാനൽ അഭിമുഖത്തിൽ വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത്.
രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാനുള്ള നിക്ഷേപം, വീട് നിർമാണം, കേസ് നടത്തിപ്പ് എന്നിവയ്ക്കായി ഒരുകോടിയോളം രൂപ പിരിച്ചിരുന്നു. ഇതില് 34.5 ലക്ഷം രൂപ വീട് നിർമാണത്തിനായി ചെലവാക്കിയപ്പോൾ അഞ്ചു ലക്ഷം രൂപ ഏരിയാ സെക്രട്ടറി വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റി. ഇക്കാര്യം വിവാദമായതോടെയാണ് രക്തസാക്ഷിയുടെ കടബാധ്യത തീർക്കാൻ തയാറായതെന്ന് പറയുന്നു.
ബാക്കി തുക പാർട്ടി ഓഫീസ് നിർമാണത്തിന് ചെലവായെന്ന് പറഞ്ഞ് ഒതുക്കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 20 പേരിൽനിന്ന് 23 ലക്ഷം രൂപ പിരിച്ചെടുത്തെങ്കിലും എട്ടു പേരിൽനിന്ന് സമാഹരിച്ച തുകയുടെ കണക്ക് രേഖപ്പെടുത്തിയില്ലെന്നാണ് മറ്റൊരു ആരോപണം.
റിയൽ എസ്റ്റേറ്റുകാരനുമായി ചേർന്നായിരുന്നു പിരിവ് നടത്തിയതെന്നും കുറ്റപ്പെടുത്തുന്നു. ഓഫീസ് നിർമാണത്തിന്റെ പേരിൽ 70 ലക്ഷത്തിന്റെയും വെട്ടിപ്പ് നടത്തുകയുണ്ടായി. ഇക്കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ടി.ഐ. മധുസൂദനൻ ചെയ്തതെന്നും കുഞ്ഞികൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞു.
പാർട്ടിക്കുള്ളിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തി. സാന്പത്തിക വെട്ടിപ്പ് നടന്നിട്ടില്ലെന്നും കണക്കുകൾ അവതരിപ്പിക്കുന്നത് വൈകിയതാണെന്ന് പറഞ്ഞ് തട്ടിപ്പിന് വെള്ളപൂശുകയായിരുന്നുവെന്നും അഭിമുഖത്തിൽ തുറന്നടിക്കുന്നുണ്ട്.
Tags : v kunjikrishnan CPM Party funds