തിരുവനന്തപുരം: തലസ്ഥാനത്തെ ഇലക്ട്രിക് ബസ് വിവാദത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന് മറുപടിയുമായി മേയര്‍ വി.വി. രാജേഷ്. ബസുകളുടെ കാര്യത്തിൽ നിലവിൽ കരാർ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മേയർ പറഞ്ഞു.
ബസ് ഓടരുതെന്നോ ബസ് തിരിച്ചെടുക്കണമെന്നോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും വി.വി. രാജേഷ് വ്യക്തമാക്കി. ബസിന്റെ ബാറ്ററിയാണ് പ്രധാന ഘടകം. ബസിന്റെ 70 ശതമാനം തുകയും ബാറ്ററിക്കാണ്. ബസുകളുടെ ബാറ്ററി ഏകദേശം മാറ്റാനുള്ള സമയവുമായെന്ന് മേയർ വ്യക്തമാക്കി.
കരാര്‍ നടപ്പാക്കണമെന്ന് മാത്രമാണ് തങ്ങൾ പറയുന്നത്. റൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാര്‍ ലംഘനമുണ്ട്. 2023 ഫെബ്രുവരി 21ന് കോർപറേഷനും സ്മാർട്ട് സിറ്റിയും കെഎസ്ആര്‍ടിസിയും തമ്മിൽ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പാലിക്കണം എന്നാണ് ആവശ്യം.
കോർപറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്ചയിക്കുന്നത്. ബസ് സര്‍വീസിലെ ലാഭ വിഹിതം നൽകുന്നതിലും വീഴ്ചയുണ്ട്. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കരാർ ലംഘിച്ചതായുള്ള മുൻ മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റും വി.വി. രാജേഷ് വാര്‍ത്താസമ്മേളനത്തിനിടെ വായിച്ചു.
നിരവധി ഇടറോഡുകളിൽ ബസ് ഇല്ലാത്ത പ്രശ്നം നിലവിലുണ്ട്. കോര്പറേഷൻ പരിധിയിലുള്ള ഗ്രാമീണ മേഖലയിലെ ഇടറോഡുകളിലടക്കം വാഹന സൗകര്യമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ റോഡുകളിൽ ബസ് എത്തണം എന്നാണ് ആവശ്യമെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.