തിരുവനന്തപുരം: തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ. അതിനായി സിഎംഡിക്ക് ഒരു കത്ത് കൊടുത്താൽ മാത്രം മതിയെന്നും മന്ത്രി പറഞ്ഞു.
സിറ്റി ബസ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു കെ.ബി. ഗണേഷ്കുമാർ. താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും കോർപറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാൻ കഴിയില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചു.
സ്റ്റേറ്റ് ഷെയർ 500 കോടിയാണെന്നും അദ്ദേഹം അറിയിച്ചു. 60 ശതമാനം വിഹിതവും സംസ്ഥാനത്തിന്റേതാണ്. 113 വാഹനങ്ങളും കോർപറേഷൻ ഇത്തരത്തിൽ വാങ്ങിയതാണ്. മൂന്ന് പാർട്ടികളുമായുള്ള എഗ്രിമെന്റാണിതെന്നും ഗണേഷ്കുമാർ വ്യക്തമാക്കി.
കോർപറേഷനിലെ കെഎസ്ആർടിസി മറ്റൊരു ജില്ലയിലും സർവീസ് നടത്തുന്നില്ല. സങ്കീർണമായ മെയിന്റനന്‍സ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയിലും നിലവിൽ ഓടിക്കുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മേയർ തന്നോട് സംസാരിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
മേയറിനെ ആരോ തെറ്റിധരിപ്പിച്ചതാണ്. വാഹനങ്ങൾ സന്തോഷത്തോടെ തിരികെ കൊടുക്കാൻ തയാറാണ്. ഡ്രൈവറും വർക്ഷോപ്പും കണ്ടക്ടറുമെല്ലാം കെഎസ്ആർടിസിയുടേതാണെന്നും കെ.ബി. ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.
Tags : K B Ganeshkumar V V Rajesh trivandrum electric bus bjp