വാഴക്കുളം: വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്ലസ്ടു വിദ്യാർഥികൾക്കായി ശാസ്ത്ര സാങ്കേതിക പ്രദർശനം സംഘടിപ്പിച്ചു. വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. സംസ്ഥാന സ്കൂൾ ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങളിൽ സമ്മാനങ്ങൾ നേടിയ പ്രോജക്ടുകൾ മേളയുടെ ഭാഗമായി അവതരിപ്പിച്ചു.
വിവിധ പ്രോജക്ട് പ്രദർശനങ്ങളിൽ വിജയികളായവർക്ക് 25,000 രൂപ കാഷ് അവാർഡും സമ്മാനിച്ചു. വൈവിധ്യമാർന്ന അതിനൂതന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഫാബ് ലാബ്, എയ്റോഡൈനാമിക്സ്, എൻജിനിയറിംഗ് ലബോറട്ടറികൾ, മെഷീൻ മോഡലുകൾ, ഗെയിം സോണുകൾ, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് എന്നിവ കോളജ് ഓപ്പണ്‍ ഡേയുടെ ഭാഗമായി വിദ്യാർഥികൾക്കായി തുറന്നു നൽകി. വിവിധ ആവശ്യങ്ങൾക്ക് ഉപരിക്കുന്ന ഡ്രോണുകളും പ്രദർശനങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം വിദ്യാർഥികൾ നിർമിച്ച ബെഡ് ടു ചെയർ ഉപകരണം ഏറെ ആകർഷണീയമായി.