Sports
കളമശേരി: കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 12-ാമത് എസിജി ജൂണിയർ എൻബിഎ 3v3 നാഷണൽ ടൂർണമെന്റ് ബാസ്കറ്റ്ബോളിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രോവിഡൻസ് എച്ച്എസ്എസും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം ബഥനി കോട്ടയവും കിരീടം സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ ഫൈനലിൽ പ്രോവിഡൻസ് എച്ച്എസ്എസ് (21-8)ന് ജിവിഎച്ച്എസ്എസ് സ്പോർട്സ് ഡിവിഷൻ കണ്ണൂരിനെ പരാജയപ്പെടുത്തി ജേതാക്കളായി. ആണ്‍കുട്ടികളുടെ ഫൈനലിൽ ഗിരിദീപം ബഥനി (15-14) സ്കോറിന് ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് ഹയർ സെക്കന്‍ഡറി സ്കൂളിനെ പരാജയപ്പെടുത്തി കപ്പുയർത്തി.
കോഴിക്കോട് പ്രോവിഡൻസ് എച്ച്എസ്എസിന്റെ അക്ഷരയും ഗിരിദീപം ബഥനിയുടെ അഭിനവ് സുരേഷും ടൂർണമെന്റിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരവും സ്കെച്ചേഴ്സ് ഷൂവും സ്വന്തമാക്കി.
District News
റാന്നി: രാജ്യ സേവനം ദൈവിക ശുശ്രൂഷയാണന്നും അതു പവിത്രമായി നിർവഹിക്കപ്പെടേണ്ടതാണെന്നും മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. ത്രിതല പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പിൽ വിജയികളായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി ഭദ്രാസന മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും കേൾക്കാനും കരുതുവാനും ഒരുക്കമുള്ള മനസോടെ സുതാര്യവും സത്യസന്ധവുമായ ഭരണം കാഴ്ചവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം നിർദേശിച്ചു.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. വർഗീസ് ജോർജ് സുസ്ഥിര വികസനവും പഞ്ചായത്ത് ഭരണസമിതിയുടെ ഉത്തരവാദിത്വവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ 51 ഭദ്രാസനാംഗങ്ങളെ മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ അഭിനന്ദന ഫലകം നൽകി ആദരിച്ചു. വിജയകരമായി സേവനകാലം തികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് ഏബ്രഹാമിനെ യോഗം ആദരിച്ചു.
ഭദ്രാസന സെക്രട്ടറി റവ തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറാർ അനു ഫിലിപ്പ്, റവ.അരുൺ തോമസ്, റവ.അലക്സാണ്ടർ തരകൻ, റവ.ഏബ്രഹാം വർഗീസ്, ഫ്രെഡി ഉമ്മൻ, ആനി പി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
Editorial
“നിയമാനുസൃതം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് യഥാർഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും ഭയാശങ്ക കൂടാതെയും മമതയോ വിദ്വേഷമോ കൂടാതെയും ഞാനെന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവ് ഉപയോഗപ്പെടുത്തി നിർവഹിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്യുന്നു.” തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇന്നലെയെടുത്ത പ്രതിജ്ഞയാണിത്. മതി, ഇത്രയും മതി. രാഷ്ട്രീയത്തെ ഉത്തരവാദിത്വങ്ങളുടെ മുകളിൽ പ്രതിഷ്ഠിക്കാതെ, ലഭിച്ച വോട്ടുകൾ സേവനത്തിനുള്ള സമ്മതപത്രങ്ങൾ മാത്രമായിരുന്നെന്നും അതു നിരുപാധികമല്ലെന്നും തിരിച്ചറിഞ്ഞു പ്രവർത്തിക്കുക. അഭിനന്ദനങ്ങൾ!
അധികാരവികേന്ദ്രീകരണത്തിന്റെ ആധുനികസങ്കൽപം ഗാന്ധിജിയിലാണ്. ഗ്രാമസ്വരാജിലൂടെ പൂർണസ്വരാജ് എന്ന അദ്ദേഹത്തിന്റെ ദർശനമാണ് പഞ്ചായത്ത് രാജിലെത്തിയത്. സ്വരാജ് എന്നാൽ, ബ്രിട്ടീഷുകാരില്ലാത്ത ഇന്ത്യയെന്നല്ല എല്ലാ ഗ്രാമങ്ങളും സ്വാശ്രയത്വം കൈവരിക്കുന്ന അവസ്ഥയാണെന്ന ഗാന്ധിയൻ സ്വപ്നത്തിന്റെ അന്തഃസത്തയെ സാക്ഷിയാക്കിയാണ് കാൽ ലക്ഷത്തോളം തദ്ദേശജനപ്രതിനിധികൾ ഇന്നലെ ചുമതലയേറ്റത്. അവരറിയണം, ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലാണ് തങ്ങൾ പദമൂന്നിയിരിക്കുന്നതെന്ന്. 70 ശതമാനത്തോളം വരുന്ന നവാഗതർ ഉൾപ്പെടെ എല്ലാവരും ഇതിന്റെ ചരിത്രവും തങ്ങളിൽ നിഷ്പ്തമായിരിക്കുന്ന അധികാരങ്ങളും ചുമതലകളും തിരിച്ചറിയണം.
എല്ലാവർക്കും വോട്ടവകാശംപോലും ഇല്ലാതിരുന്ന വില്ലേജ് പഞ്ചായത്തുകളും മറ്റും പേരിന് ഉണ്ടായിരുന്നെങ്കിലും 1959ലെ ഗാന്ധിജയന്തി ദിനത്തിൽ രാജസ്ഥാനിലെ നഗൗരിലാണ് സ്വതന്ത്ര ഇന്ത്യ പഞ്ചായത്ത് രാജ് സംവിധാനം തുടങ്ങിയത്. 1960 ജനുവരി 18ന് ഏറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം നെഹ്റു ഉദ്ഘാടനം ചെയ്തു. 73-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ 1993 ഏപ്രിലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ പഞ്ചായത്തുകൾക്ക് ഭരണഘടനാസാധുത കൈവന്നു.
ഇതോടൊപ്പം തിരിച്ചറിയേണ്ടതാണ് 1996ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയായ ജനകീയാസൂത്രണം. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ മുൻകൈയിൽ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളാണ് രാജ്യത്തിന്റെ അടിസ്ഥാന വികസനങ്ങൾക്കു തുടക്കമിട്ടത്. ഇതു കൂടുതൽ വികേന്ദ്രീകൃതവും ജനങ്ങൾക്ക് അനുഭവവേദ്യവുമാക്കാനാണ് കേരളത്തിൽ ജനകീയാസൂത്രണം നടപ്പാക്കിയത്. പക്ഷേ, ആ ലക്ഷ്യം ഇനിയും സാധ്യമായിട്ടില്ല. വികസന പദ്ധതികളിലും ഫണ്ട് വിനിയോഗത്തിലും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത് പഞ്ചായത്തുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മറുവശത്ത്, സംസ്ഥാന സർക്കാരുകൾ തങ്ങളുടെ നിർദേശങ്ങൾ നടപ്പാക്കുന്ന ഏജൻസിയായി പഞ്ചായത്തുകളെ തരംതാഴ്ത്തുന്നതിലൂടെ വികേന്ദ്രീകരിക്കപ്പെട്ട അധികാരത്തെ പരോക്ഷമായി തിരിച്ചെടുക്കുകയാണ്. പഞ്ചായത്തിന്റെ നേട്ടങ്ങൾ തങ്ങളുടേതായി ചിത്രീകരിക്കാനുള്ള തത്രപ്പാടും ഇതിലുണ്ട്. പഞ്ചായത്തുകളുടെ അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ അതിന്റെ തലപ്പത്തുള്ള വ്യക്തിയിലേക്കും കേന്ദ്രീകരിക്കുന്ന അധികാര കേന്ദ്രീകരണമെന്ന ജനാധിപത്യ അപചയം ഭീഷണിയായി മാറുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളും വിദേശരാജ്യങ്ങൾപോലും മാതൃകയാക്കിയ ജനകീയാസൂത്രണം അതിന്റെ തറവാടായ കേരളത്തിൽ കെട്ടുകാഴ്ചയായി. ഗ്രാമസഭകളിൽനിന്ന് ഉയർന്നുവരുന്ന വികസന നിർദേശങ്ങളെ പദ്ധതിയാക്കി നടപ്പാക്കേണ്ട ജനകീയാസൂത്രണത്തിൽ സർക്കാർ നിയന്ത്രണങ്ങൾ വർധിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർ ഇതിനെ ചെറുക്കേണ്ടതാണെങ്കിലും അവരുടെ രാഷ്ട്രീയാടിമത്തം തങ്ങൾ അംഗമായിരിക്കുന്ന തദ്ദേശസ്ഥാപനത്തിന്റെ അടിത്തറ മാന്തുകയാണ്. പുതിയ ഭരണസമിതികൾ മാറ്റം ഉണ്ടാക്കുമോയെന്നു പറയാനാകില്ല. പക്ഷേ, പ്രതിബദ്ധരാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയത്തിന് അടിയറ വയ്ക്കില്ലെന്ന നിശ്ചയദാർഢ്യമുള്ളവർക്കു തിരുത്തൽശക്തിയാകാനാകും.
ജനങ്ങളും തങ്ങളുടെ ഉദാസീനത കൈവെടിയുകയും വോട്ടിനപ്പുറം തങ്ങൾക്കുള്ള ജനാധിപത്യാധികാരങ്ങളെ ഉപയോഗിക്കുകയും ചെയ്യണം. ഗ്രാമസഭകളിൽ ജനപങ്കാളിത്തമുണ്ടാകണം. ലോക്സഭയിലും രാജ്യസഭയിലും എംപിമാരും നിയമസഭയിൽ എംഎൽഎമാരും പങ്കെടുക്കുന്നതിനോട് ഏതാണ്ട് സാമ്യപ്പെടുത്താവുന്ന ജനസമ്മേളനമാണ് ഗ്രാമസഭകളെന്നു പലർക്കും അറിയില്ല. ജനാധിപത്യത്തിന്റെ ഏറ്റവും പുതിയ പരിഷ്കരണമാണിത്. പുറത്തുനിന്നുള്ള പരിഭവങ്ങളല്ല, പങ്കാളിത്തമാണ് പരിഹാരം!
രാജ്യമൊട്ടാകെ ആവശ്യപ്പെടുന്ന മാറ്റങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽനിന്നാണ് തുടക്കമിടേണ്ടത്. അതില്ലാത്തതിനാലാണ് ഒരു സ്വച്ഛഭാരത മിഷനും ഫലപ്രദമായി ചലിക്കാത്തത്. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് ആദ്യമറിയുന്നത് പഞ്ചായത്തുകളാണ്. അതിന്റെ അധികാരങ്ങൾ കൈവശപ്പെടുത്തി അതിന്മേൽ പതിറ്റാണ്ടുകളായി അടയിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളായ അഴിമതി, കെടുകാര്യസ്ഥത, അക്രമം, വന്യജീവി, തെരുവുനായ, മാലിന്യ, ദാരിദ്ര്യ പ്രശ്നങ്ങളെ പരിഹാരമില്ലാതെ നിലനിർത്തുന്നത്.
അതിനാൽ ഇന്നലെ അധികാരമേറ്റവരേ, പദ്ധതിവിഹിതങ്ങളും ഗ്രാൻഡുകളും തനതുഫണ്ടുമായി ഒരു ലക്ഷം കോടിയോളം രൂപ ചെലവഴിച്ച തദ്ദേശസ്ഥാപനങ്ങളുടെ പുതിയ സേവകരാണ് നിങ്ങൾ. പഴയ ഭരണസമിതി ആ പണം എങ്ങനെ ചെലവഴിച്ചു എന്ന് ആദ്യം അറിയുക. അഴിമതിയോ കെടുകാര്യസ്ഥതയോ ഉണ്ടെങ്കിൽ ആവർത്തിക്കരുത്. തിരുത്താൻ രാഷ്ട്രീയ നേതൃത്വമോ പഞ്ചായത്ത് ഭരണസമിതിയോ സംസ്ഥാന-കേന്ദ്രസർക്കാരുകളോ തടസമാണെങ്കിൽ ജനകീയസഭകളിൽ ചർച്ചയ്ക്കു വയ്ക്കുക. പഴയ ഭരണസമിതികളുടെ അലസരായ പിന്തുടർച്ചക്കാരല്ല നിങ്ങൾ. മാറ്റം കൊതിക്കുന്നവർ ഒരവസരം, ഒരുപക്ഷേ അവസാനത്തേത് നിങ്ങൾക്കും തന്നിരിക്കുന്നു. മറക്കരുത്, “നിങ്ങളും നിരീക്ഷണത്തിലാണ്!”
NRI
വിയന്ന: ജര്‍മനിയിലെ കൊളോണില്‍ നടന്ന മാത്യു പത്താനിയില്‍ വോളിബാള്‍ ടൂര്‍ണമെന്റില്‍ മ്യൂണിക് സ്പൈക്കേഴ്സിന്റെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് ഐഎസ് സി വിയന്ന ടൈറ്റന്‍സ് ജേതാക്കളായി.
യൂറോപ്പില്‍ നിന്നുള്ള പത്തു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിൽ കളിച്ച മത്സരങ്ങളിലെല്ലാം വിജയം നേടിയാണ് ഐഎസസി വിയന്ന ടൈറ്റന്‍സ് ഒന്നാമതെത്തിയത്.
District News
ആലപ്പുഴ: യുടിടിഇ ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള് കേരള ഓപ്പണ്‍ പ്രൈസ് മണി റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ആലപ്പുഴയിലെ എന്‍.സി. ജോണ്‍ മെമ്മോറിയല്‍ ടേബിള്‍ ടെന്നീസ് ഹാളില്‍ സമാപിച്ചു.
സീനിയര്‍ വനിതാ വിഭാഗത്തില്‍ ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നീസ് അക്കാഡമിയിലെ റീവ അന്ന മൈക്കിളും പുരുഷ വിഭാഗത്തില്‍ ആലപ്പുഴ എസ്ഡിവി അക്കാഡമിയിലെ ആമിര്‍ അല്ത്താബും കിരീടം നേടി.
അണ്ടര്‍ 19 യൂത്ത് ഡിവിഷനില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്സ് ടേബിള്‍ ടെന്നീസ് അക്കാഡമിയിലെ മുഹമ്മദ് നാഫിലും പെണ്‍കുട്ടികളില്‍ കൊല്ലം ക്രിസ്തുരാജ ടേബിള്‍ ടെന്നീസ് അക്കാഡമിയിലെ എഡ്വിന എഡ്വേര്‍ഡും ജേതാക്കളായി.
അണ്ടര്‍ 17 ജൂണിയര്‍ ഡിവിഷനില്‍ വൈഎംസിഎ ടേബിള്‍ ടെന്നീസ് അക്കാഡമിയിലെ ബ്ലേസ് പി. അലകസും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് അക്കാഡമിയിലെ ടിയ എസ്. കുര്യനും ജേതാക്കളായി.
ഡബിള്‍സ് സീനിയര്‍ ഡിവിഷന് ഫൈനലില്‍ മരിയ റോണിയും (കാനറ ബാങ്ക്) റീവ അന്ന മൈക്കിളും (ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നീസ്) ചാമ്പ്യന്ന്മാരായി.
പുരുഷ ഡബിള്‍സില്‍ മുഹമ്മദ് നഫിലും (ചാമ്പ്സ് ടിടി അക്കാഡമി) ഗൗരി ശങ്കറും (എസ്ഡിവി ടേബിള്‍ ടെന്നീസ് അക്കാഡമി) വിജയികളായി.
ആലപ്പുഴ വൈഎംസിഎ പ്രസിഡന്റ് മൈക്കല്‍ മത്തായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് പത്മജ എസ്. മേനോന് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.