പാലാ: ചലഞ്ചേഴ്സ് ബാസ്കറ്റ്ബോൾ ക്ലബ്, സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റിന്റെ പിന്തുണയോടെ കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലായിലെ അൽഫോൻസ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 50-ാമത് കേരള ജൂണിയർ സ്റ്റേറ്റ് ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വേണ്ടിയുള്ള ചാന്പ്യൻഷിപ്പിൽ കോഴിക്കോട് വനിതകൾ ജേതാക്കളായപ്പോൾ പുരുഷന്മാരിൽ കോട്ടയം ജേതാക്കളായി.
വനിതാ ഫൈനലിൽ പ്രൊവിഡൻസ് എച്ച്എസ്എസും സിൽവർ ഹിൽ സ്കൂളിലെ താരങ്ങളുമായി ഇറങ്ങിയ കോഴിക്കോട് പകുതി സമയത്തു 35-18 എന്ന സ്കോറിന് ആധിപത്യം സ്ഥാപിച്ച ശേഷം 64-54ന് ആലപ്പുഴയെ പരാജയപ്പെടുത്തി വനിതാ കിരീടം നേടി. ആണ്‍കുട്ടികളുടെ ഫൈനലിൽ ആതിഥേയരായ കോട്ടയം നിലവിലെ ചാന്പ്യന്മാരായ തൃശൂരിനെ 73-49നു പരാജയപ്പെടുത്തി വിജയികളായി. മലപ്പുറം വനിതകൾക്കും കോഴിക്കോട് ആണ്‍കുട്ടികൾക്കും വെങ്കലം.
കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസിൽ നിന്നുള്ള ആർതിക കെ. വനിതാ വിഭാഗത്തിൽ എംവിപി അവാർഡ് നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ കോട്ടയത്തിന്റെ സെന്റ് എഫ്രേംസ് ബാസ്കറ്റ്ബോൾ അക്കാദമിയിൽ നിന്നുള്ള മിലാൻ ജോസ് മാത്യു നേടി. ടോപ് സ്കോറർ അവാർഡ് വനിതകളില്‍ ആലപ്പുഴയിൽനിന്നുള്ള സുഭദ്ര ജയകുമാറിനും പുരുഷന്മാരിൽ മിലൻ ജോസ് മാത്യുവിനും പാരിദോഷികമായ 2500 രൂപയുടെ കാഷ് വൗച്ചർ ലഭിച്ചു.
സമ്മാനദാനം പാലാ രൂപത വികാരി ജനറാള്‍ റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് നിര്‍വഹിച്ചു. ശ്രീ സ്റ്റീഫൻ ജോസഫ് ബ്രില്യന്റ് സ്റ്റഡീസ് സെന്റർ ഡയറക്ടർ, പാലാ രൂപത കോപറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലയിൽ സിഎംഐ കോർപറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്ത്, കേരള സ്റ്റേറ്റ് റോളർ സ്റ്റേറ്റിംഗ് ഇൻ ലൈൻ ഫ്രീ സ്റ്റൈൽ വിജയി മേഘന സൂരജ്, മണർകാട് കെബിഎ പ്രസിഡന്റ് ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് ഷിഹാബ് നീറുങ്കൽ, സെക്രട്ടറി പി.സി. ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
Tags : Kozhikode winners Kottayam