Kerala
കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് പുറത്ത്. കെട്ടിടത്തിൽ വസ്ത്രങ്ങൾ എല്ലാം കുത്തി നിറച്ച നിലയിൽ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ഗോഡൗണിലാണ് വസ്ത്രങ്ങൾ നിറച്ചിരുന്നത്. ഇതാണ് അഗ്നി സുരക്ഷാ സംവിധാനം പ്രവർത്തിച്ചിട്ടും തീ അണയാതിരുന്നതെന്നും ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും കൂടുതല്‍ സ്റ്റോക്ക് സംഭരിച്ചതാണ് തീപിടുത്തത്തിന്റെ ആഘാതം കൂട്ടിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം സ്ഥാപനത്തിന്റെ മാനേജര്‍ നൽകിയ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. പാളയം ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും കോര്‍പ്പറേഷനും വെവ്വേറെ അന്വേഷണമാണ് നടത്തുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ വിദഗ്ധ പരിശോധന ഇന്ന് നടക്കും. ഫോറൻസിക് സംഘവും പരിശോധനയ്ക്കെത്തും.
Leader Page
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടത്തേക്കും ലോക്സഭയില്‍ വലത്തേക്കും തദ്ദേശത്തില്‍ വീണ്ടും ഇടത്തേക്കും ചായുന്ന ചരിത്രമാണു കോഴിക്കോടിന്.
വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കഴിഞ്ഞ കാല് നൂറ്റാണ്ടായി കേരള നിയമസഭയില്‍ കോഴിക്കോട്ടുനിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലുമില്ല എന്ന യാഥാര്‍ഥ്യമാണ് മുന്നിലുള്ളത്. 2001ല്‍ കൊയിലാണ്ടിയില്‍നിന്ന് പി. ശങ്കരനും കോഴിക്കോട് നോര്‍ത്തില്‍നിന്ന് എ. സുജനപാലും ജയിച്ചുകയറിയതിനു ശേഷം ഇന്നുവരെ ജില്ലയില്‍ ഒരിടത്തും കോണ്‍ഗ്രസിനു വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല. വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും പ്രതിനിധികൾ മാത്രമാണ് നേരിയ ആശ്വാസം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ 11 സീറ്റും ഇടതുപക്ഷം നേടി.
ഹോട്ട് സീറ്റുകള്‍
കോഴിക്കോട് ജില്ലയില്‍ ഏറെ ശ്രദ്ധാകേന്ദ്രം കുറ്റ്യാടി മണ്ഡലമാണ്. 2011 മുതലുള്ള കുറ്റ്യാടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇരുമുന്നണികള്‍ക്കും ഒരു പോലെ ആവേശം പകരുന്നതാണ്. 2011ല്‍ ഇടതുമുന്നണി തരക്കേടില്ലാത്ത വിജയം നേടിയ മണ്ഡലം 2016ല്‍ മുസ്ലിം ലീഗ് തിരിച്ചുപിടിക്കുന്നതാണു കണ്ടത്. 2011 ല്‍ കെ.കെ. ലതിക നേടിയത് 6,972 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ല്‍ പാറക്കല്‍ അബ്ദുള്ളയെ ഇറക്കി കുറ്റ്യാടി പിടിച്ച യുഡിഎഫ് നേടിയത് 1,157 വോട്ടിന്റെ ഭൂരിപക്ഷം. 2021ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വെറും 333 വോട്ട് ഭൂരിപക്ഷത്തില്‍ പാറക്കല്‍ അബ്ദുള്ളയില്‍നിന്ന് കെ.പി. കുഞ്ഞഹമ്മദ് കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ 2,437 വോട്ടിന്റെ ഭൂരിപക്ഷം 333 വോട്ടിലേക്കു ചുരുങ്ങിയെങ്കിലും വിജയം എല്‍ഡിഎഫിനായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ കുറ്റ്യാടി മണ്ഡല പരിധിയില്‍ ലീഡ് യുഡിഎഫിനായിരുന്നു. ഏതാണ്ട് 4,558 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനു പ്രതീക്ഷ പകരുന്നത്.
നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു മണ്ഡലം നാദാപുരമാണ്. എല്‍ഡിഎഫിന്റെ കുത്തകയാണെങ്കിലും നാദാപുരത്തെ നേര്‍ത്തുവരുന്ന ഭൂരിപക്ഷം യുഡിഎഫിനും പ്രതീക്ഷ പകരുന്നു. സി.എച്ച്. കണാരനും കാന്തലോട്ട് കുഞ്ഞമ്പുവും സത്യന് മൊകേരിയും ബിനോയ് വിശ്വവുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നിരന്തരമായി ജയിച്ചുപോന്ന നാദാപുരത്ത് 2011 മുതല്‍ മൂന്നു തവണയും സിപിഐയിലെ ഇ.കെ. വിജയനാണ് എംഎല്‍എ. 2011 ല്‍ 7,546, 2016ല്‍ 4,759, 2021ല്‍ 4,036 എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5,365 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത് യുഡിഎഫ് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.
പേരാമ്പ്ര സീറ്റില്‍ 2020ലെയും 2025ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേരേ കീഴ്മേല്‍ മറിഞ്ഞതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2020ല്‍ മണ്ഡലത്തില്‍ 10,072 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫ് 22,592 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. 2016ല്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 4,101 വോട്ടായി ചുരുങ്ങിയിരുന്നു. 2011ല്‍ 15,260 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എല്‍ഡിഎഫിന്. 1980 മുതല്‍ നിരന്തരം ഇടതു സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുവരാറുള്ള പേരാമ്പ്രയില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. മണ്ഡലപരിധിയില്‍ യുഡിഎഫ് നേടിയത് 10,233 വോട്ടിന്റെ ഭൂരിപക്ഷം. 2026ലെ തെരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ വോട്ടിംഗില്‍ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,071 വോട്ടിനു കൊയിലാണ്ടിയില്‍ മുന്നിലായിരുന്ന എല്‍ഡിഎഫ് 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി പിടിച്ചത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,924 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലപരിധിയില്‍ നേടിയിരിക്കുന്നത് യുഡിഎഫാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളും നേര്‍ത്ത ഭൂരിപക്ഷംകൊണ്ട് മുന്നണികളെ കുഴക്കുന്ന സീറ്റുകളാണ്.
2011 ല്‍ 3,833 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച തിരുവമ്പാടി സീറ്റ് 2016ലും 2021ലും ഇടതുമുന്നണിക്കൊപ്പമാണു നിന്നത്. 2016ല്‍ 3,008 വോട്ടിന്റെയും 2021ല്‍ 4,643 വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍ഡിഎഫിനു കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് തിരുവമ്പാടിയില്‍ നടത്തിയത്. മണ്ഡലപരിധിയില്‍ യുഡിഎഫിനിപ്പോള്‍ 24,197 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 5,246 വോട്ട് ഭൂരിപക്ഷം മറികടന്ന് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 4,643 വോട്ടിന് ഇടതുമുന്നണി ജയിച്ച തിരുവമ്പാടി ഇക്കുറി എങ്ങനെ ചിന്തിക്കും എന്നതാണ് അറിയേണ്ടത്.
കൊടുവള്ളിയില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 7,931 വോട്ട് ലീഡുണ്ടായിരുന്നു. തൊട്ടുപിറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം.കെ. മുനീര്‍ വിജയിച്ചത്. 2016ല്‍ 573 വോട്ടിന് ഇടതുമുന്നണി സ്ഥാനാര്‍ഥി കാരാട്ട് റസാഖിനെ ജയിപ്പിച്ച ചരിത്രവുമുണ്ട് കൊടുവള്ളിക്ക്. മുമ്പ് 2006ല്‍ പി.ടി.എ. റഹീം കൊടുവള്ളിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി 7,506 വോട്ടിന് ജയിച്ചിരുന്നു. ഇത്തവണ കൊടുവള്ളി ശ്രദ്ധാകേന്ദ്രമാകുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 20,417 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ പേരിലാണ്.
എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമായ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ജയിച്ചുകയറിയ കെ.കെ. രമ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. ആര്‍എംപിഐ യുഡിഎഫിന്റെ അസോസിയേറ്റ് പാര്ട്ടിയായതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. എല്ലാക്കാലവും ഇടതുപക്ഷത്തിന്റെ കുത്തകസീറ്റായിരുന്ന വടകരയില്‍ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരേ 7,014 വോട്ടിനാണു രമ കഴിഞ്ഞതവണ ജയിച്ചുകയറിയത്.
പ്രഖ്യാപനമായില്ലെങ്കിലും പി.വി. അന്‍വര്‍ തുടങ്ങി
‘മരുമോനിസം’ എന്ന പ്രയോഗവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും അതുവഴി മുഖ്യമന്ത്രി പിണറായിയെയും ലക്ഷ്യമാക്കി മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ബേപ്പൂര്‍ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ബേപ്പൂര്‍ മണ്ഡലത്തിലെ പൗരപ്രമുഖരെ അടക്കം സന്ദര്‍ശിച്ച് പിന്തുണ ഉറപ്പിക്കാന്‍ പി.വി. അന്‍വര്‍ ഓടിനടക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. പക്ഷേ, ബേപ്പൂരിലെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന സൂചന കെപിസിസി പ്രസിഡന്റ് അടുത്തിടെ നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം മലക്കംമറിഞ്ഞു. പക്ഷേ, അന്‍വര്‍ പ്രചാരണരംഗത്തുനിന്നു പിന്‍വലിഞ്ഞിട്ടില്ല. യുഡിഎഫ് പിന്തുണയോടെ അന്‍വര്‍ മത്സര രംഗത്ത് എത്തിയാല്‍ മത്സരം കടുത്തതാകും. ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്ന അന്‍വറിനോടു തോറ്റാല്‍ കനത്ത ക്ഷീണമാകുമെന്നതിനാല്‍ സിപിഎമ്മും കരുതിക്കൂട്ടിയാണു നീങ്ങുന്നത്.
1982നു ശേഷം സിപിഎമ്മല്ലാതെ മറ്റൊരു പാര്‍ട്ടി ജയിച്ച ചരിത്രമില്ലാത്ത ബേപ്പൂര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നല്‍കുന്നത് അപായസൂചനയാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.എ. മുഹമ്മദ് റിയാസ് ജയിച്ച മണ്ഡലത്തില്‍ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡ് വെറും 1,340 വോട്ടിന്റേതായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,087 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് 28,747 ലേക്ക് ഉയര്‍ത്തിയത്.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിക്ക് കോഴിക്കോട് ചേവായൂർ ഡെർമറ്റോളജി ആശുപത്രിയുടെ ആദരം. കഴിഞ്ഞ മൂന്ന് വർഷമായി ആശുപത്രിയിൽ തുടർന്നുവരുന്ന സേവന പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം
"ഹൃദയപൂർവം കേളി'യുടെ (ഒരുലക്ഷം പൊതിച്ചോർ പദ്ധതി) ഭാഗമായി ആശുപത്രിയിലെ അന്തേവാസികളുടെ പാചകക്കാരന്റെ ശമ്പളം തുടർച്ചയായി മൂന്ന് വർഷമായി കേളി നൽകിവരികയാണ്. കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള "സ്നേഹ സ്പർശം' കൂട്ടായ്മയാണ് സഹായധനം കണ്ടെത്തുന്നത്.
കുഷ്ഠരോഗ നിർമാർജന വാർഷികാചരണമായ "സ്പർശം 2026'ന്റെ ഭാഗമായി ആശുപത്രി സംഘടിപ്പിച്ച പരിപാടിയിലാണ് കേളിക്കുള്ള ആദരം കൈമാറിയത്. ചടങ്ങിൽ സീനിയർ ഡോക്ടർ ബിജു അധ്യക്ഷനായി.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ നിന്ന് കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസൻ കോയ പാറോപ്പടി മൊമന്റോ ഏറ്റുവാങ്ങി. സൂപ്രണ്ട് അനൂപ് ബാലഗോപാലൻ, നഴ്സിംഗ് സൂപ്രണ്ട് ലീജ എസ് ലാൽ, സ്റ്റോർ സൂപ്രണ്ട് രജിത് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
കോഴിക്കോട്: പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ ജില്ലാഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആദ്യം തീ എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും തുടർ പരിശോധനയും അന്വേഷണവും നടക്കുക.
ചൊവ്വാഴ്ച വൈകുന്നേരം 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കിയത്. അഞ്ച് ഫയർ എൻജിനുകളാണ് ആദ്യം തീയണയ്ക്കാനെത്തിയത്. പിന്നീട് കരിപ്പൂർ വിമാനത്താവളത്തിൽനിന്നും അത്യാധുനിക ഫയർ എൻജിനുകളുമെത്തി.
നാലുനിലക്കെട്ടിടത്തിന്റെ രണ്ട്, മൂന്ന്, നാല് നിലകളിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിൽ നിന്ന് തീപടർന്നെന്നാണ് പ്രാഥമിക വിവരം. റമസാൻ വിപണി ലക്ഷ്യമിട്ട് വലിയ അളവിൽ വസ്ത്രങ്ങൾ ഗോഡൗണിൽ സ്റ്റോക്ക് ചെയ്തിരുന്നു. ഇവിടെനിന്നുമാണ് ആദ്യം പുക ഉയർന്നതെന്ന് ജീവനക്കാർ പറഞ്ഞു.
District News
കോടഞ്ചേരി:നെല്ലിപ്പൊയിൽ വില്ലേജിനെ പൂർണമായും ഒരു വനാധിഷ്ടിത വില്ലേജാക്കി മാറ്റി റെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ ചിലർ നൽകിയ അപേക്ഷയിൽ സർക്കാർ പ്രാഥമിക നടപടികൾ ആരംഭിച്ചതിൽ പ്രതിഷേധിച്ച് നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
നെല്ലിപ്പൊയിൽ ഓയിസ്ക ഇന്റർ നാഷണലും ആരാമം സ്വയംസഹായ സംഘടനയും ചേർന്നാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. നെല്ലിപ്പൊയിൽ വില്ലേജിലെ എട്ട്, ഒന്‍പത്, പതിനൊന്ന് വാർഡുകൾ കോടഞ്ചേരി വില്ലേജിൽ ചേർക്കുവാനും പകരം കോടഞ്ചേരി വില്ലേജിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ നെല്ലിപ്പൊയിൽ വില്ലേജിൽ ലയിപ്പിച്ച് വില്ലേജ് അതിർത്തികൾ പുനക്രമീകരിക്കാനാണ് ശ്രമം നടക്കുന്നത്.
വില്ലേജ് പുനക്രമീകരണ പ്രാഥമിക നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും മേൽവിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ആരാമം സ്വയം സഹായ സംഘം പ്രസിഡന്റ് ജോയി നൂറാനാനിയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.
ഓയിസ്ക പ്രസിഡന്റ് സാബു അവണൂർ അധ്യക്ഷനായി. പഞ്ചായത്ത് അംഗം വിൽസൺ തറപ്പേൽ, ജോസഫ് മൂത്തേടത്ത്, പോൾസൺ അറക്കൽ, ജോസ് ഐരാറ്റിൽ, ആന്റണി നീർവേലിൽ, സണ്ണി തടത്തേൽ, സേവ്യർ കിഴക്കേകുന്നേൽ, സിബി അവണ്ണൂർ, ഓയിസ്ക ട്രഷറർ ജിജി കുരുവിക്കടയിൽ എന്നിവർ പ്രസംഗിച്ചു.
District News
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫാത്തിമ മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസീന്റെയും മൂന്നു ദിവസം നീണ്ടു നിൽക്കുന്ന തിരുനാളാഘോഷം ഇന്നലെ ആരംഭിച്ചു.
പ്രസുദേന്തി വാഴ്ച, തിരുസ്വരൂപ പ്രതിഷ്ഠ എന്നിവക്കു ശേഷം വികാരി ഫാ. ഏബ്രഹാം വള്ളോപ്പിള്ളി കൊടി ഉയർത്തി. തുടർന്ന് രൂപതയിലെ നവ വൈദീകരായ ഫാ. എഡ്വിൻ കോനുക്കുന്നേൽ, ഫാ. നവീൻ പുറത്തൂട്ട്, ഫാ. സെബിൻ തോട്ടമറ്റത്തിൽ, ഫാ. അലൻ പോത്തനാമൂഴി, ഫാ. ജെറാൾഡ് പള്ളത്ത്, ഫാ. സാവിയോ മലമ്പേൽ, ഫാ. അരുൺ തുറവക്കൽ എന്നിവരുടെ കാർമികത്വത്തിൽ സമൂഹ ബലി അർപ്പിച്ചു.
ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കൽ, മരിച്ചവർക്കു വേണ്ടിയുള്ള തിരുക്കർമ്മങ്ങൾ, സെമിത്തേരി സന്ദർശനം, സാരി ലേലം എന്നിവക്കു ശേഷം കോഴിക്കോട് എം.റ്റി. ക്രിയേഷൻസ് അവതരിപ്പിച്ച മെഗാഷോയും അരങ്ങേറി. ഇന്ന് രാവിലെ ഏഴിന് ദിവ്യബലി. വൈകീട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന. കാർമികൻ ഫാ. ഷെറിൻ പുത്തൻപുരക്കൽ (റസിഡന്റ് മാനേജർ രാഷ്ട്രദീപിക, കോഴിക്കോട്).
6.45 ന് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, വചന സന്ദേശം, സമാപനാശീർവാദം, വാദ്യമേളങ്ങൾ, നേർച്ച ഭക്ഷണം. സമാപന ദിനമായ നാളെ രാവിലെ 6.30 ന് ദിവ്യബലി. 9.30 ന് ആഘോഷമായ തിരുനാൾ കുർബാന. കാർമികൻ ഫാ.ജോബിൻ തെക്കേക്കരമറ്റത്തിൽ (രൂപതാ ഡയറക്ടർ കെസിവൈഎം). തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, സാരിലേലം, സ്നേഹവിരുന്ന്, കൊടിയിറക്ക്.
Viral
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിയ സ്കൂട്ടർ യാത്രികനെ ചങ്കൂറ്റത്തോടെ നേരിട്ട ഒരമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
തിരക്കേറിയ സിഗ്നലിൽ കാത്തുനിൽക്കാൻ മടിച്ച് കാൽനടയാത്രക്കാർക്കായി നീക്കിവെച്ചിട്ടുള്ള ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചു കയറ്റാൻ ശ്രമിച്ച മധ്യവയസ്കനെയാണ് ഈ അമ്മ ഒറ്റയ്ക്ക് തടഞ്ഞത്.
റോഡിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ നടപ്പാത കൈയേറിയ സ്കൂട്ടർ യാത്രക്കാരന്റെ മുന്നിൽ വഴികൊടുക്കാതെ ഉറച്ചുനിന്ന ഇവർ, താൻ മാറില്ലെന്ന നിലപാട് വ്യക്തമാക്കുകയായിരുന്നു. സ്കൂട്ടർ മുന്നോട്ട് എടുക്കാൻ ശ്രമിച്ചിട്ടും ഒരടി പോലും പിന്നോട്ട് മാറാൻ അവർ തയ്യാറായില്ല.
ഇതോടെ വാക്കുതർക്കമായിട്ടും യാത്രക്കാരൻ പിന്മാറാൻ കൂട്ടാക്കാതെ വന്നതോടെ, തന്റെ ബാഗിൽ നിന്നും മൊബൈൽ ഫോൺ പുറത്തെടുത്ത് നിയമലംഘനം ക്യാമറയിൽ പകർത്താൻ അവർ തീരുമാനിച്ചു.
ദൃശ്യങ്ങൾ പകർത്തി നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന് ബോധ്യപ്പെട്ടതോടെ ഒടുവിൽ സ്കൂട്ടർ യാത്രികൻ പരാജയം സമ്മതിച്ച് വാഹനം പിന്നോട്ട് എടുത്ത് റോഡിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
'അഫ്ലൂ സ്റ്റോറീസ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന ഈ വീഡിയോ, വിജയ് ചിത്രം ബിഗിലിലെ 'സിങ്കപ്പെണ്ണേ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് പ്രചരിക്കുന്നത്.
വീഡിയോയുടെ അവസാന നിമിഷങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്ന ആൾക്ക് നേരെ തമ്പ്സ് അപ് കാണിച്ച് പുഞ്ചിരിയോടെ നടന്നുനീങ്ങുന്ന അമ്മയുടെ ആത്മവിശ്വാസം സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
പ്രായമായവരും കുട്ടികളും ഉപയോഗിക്കുന്ന ഫുട്പാത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് നിത്യസംഭവമായിട്ടും അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്ന പരാതി ശക്തമാണ്. ഈ സാഹചര്യത്തിലാണ് സാധാരണക്കാരിയായ ഒരമ്മയുടെ ഈ ധീരമായ ഇടപെടൽ ശ്രദ്ധേയമാകുന്നത്.
"ഇതൊരു റിട്ടയേർഡ് ടീച്ചർ ആയിരിക്കും", "ഫോൺ എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് ഇവർ കാണിച്ചുതന്നു", "കേരളത്തെ ഇത്തരം നിയമലംഘകരിലേക്ക് വിട്ടുകൊടുക്കരുത്" എന്നിങ്ങനെ പോകുന്ന കമന്റുകൾ ഈ അമ്മയ്ക്ക് ലഭിക്കുന്ന പിന്തുണയുടെ തെളിവാണ്.
നിയമം ലംഘിക്കുന്നവർക്ക് ഒരു താക്കീതായും പ്രതികരിക്കാൻ മടിക്കുന്നവർക്ക് ഒരു പ്രചോദനമായും മാറിയിരിക്കുകയാണ് ഈ 'സിങ്കപ്പെണ്ണ്'.
Kerala
പരവൂർ: ബംഗളൂരുവിൽനിന്ന് കേരളം വഴി മംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് എക്സ്പ്രസ് പരിഗണനയിലെന്ന് റെയിൽവേ മന്ത്രാലയം. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് വഴിയായിരിക്കും ഈ പുതിയ സെമി- ഹൈ സ്പീഡ് ട്രെയിൻ നടത്തുക. ഇത് സൗത്ത് വെസ്റ്റ് റെയിൽവേ സോണിലായിരിക്കും പ്രവർത്തിക്കുകയെന്ന് റെയിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകി.
കർണാടകയിൽ വൈദ്യുതീകരണം പൂർത്തിയാക്കാൻ വൈകിയ സുപ്രധാന പാതയായിരുന്നു ബംഗളൂരു - മംഗളൂരു പാത. ഭൂമിശാസ്ത്രപരമായ സങ്കീർണതകൾ കാരണമാണ് റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയാക്കുന്ന ജോലികൾ വൈകിയത്. ഇപ്പോൾ വൈദ്യുതീകരണ ജോലികൾ പൂർണമായതിനു ശേഷമുള്ള സുരക്ഷാ സർട്ടിഫിക്കേഷനുകൾക്ക് കാക്കുകയാണ് ഈ പാത.
ഈ സർട്ടിഫിക്കേഷനുകൾ ലഭിച്ച് കഴിഞ്ഞാൽ ഉടൻ പാതയിലൂടെ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് മന്ത്രാലയം തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്.
നിലവിൽ കർണാടകയിൽ 22 വന്ദേഭാരത് ട്രെയിനുകൾ (11 ജോഡികൾ) സർവീസ് നടത്തുന്നുണ്ട്. ഇവയിൽ ഏഴ് ജോഡികൾ ബംഗളൂരു കേന്ദ്രീകരിച്ചാണ് ഓടുന്നത്. ബംഗളൂരുവിൽ നിന്നുള്ള എട്ടാമത്തെ ജോഡി സർവീസ് ആയിരിക്കും മംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിൻ.
പുതിയ ബംഗളൂരു - മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഈ രണ്ട് നഗരങ്ങൾക്ക് മധ്യേയുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നും റെയിൽവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
കോഴിക്കോട്: നടുവണ്ണൂരിനടുത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പേരാമ്പ്ര മുതുവണ്ണാച്ച സ്വദേശി അശ്വിന് രാജ്(22) ആണ് മരിച്ചത്. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരില്‍ അശ്വിന് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഓസ്ട്രേലിയയില്‍ നിന്നും രണ്ട് ദിവസം മുന്‍പ് നാട്ടിലെത്തിയതാണ് അശ്വിൻ രാജ്. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരില്‍ അശ്വിന് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടരയോടെ കരുവണ്ണൂര്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം നടന്നത്.
കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന അശ്വിന് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലൂടെ അശ്വിന് അല്പ ദൂരം നിരങ്ങി നീങ്ങിപ്പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓസ്ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന അശ്വിന് രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അധ്യാപകരായ ചെറുവലത്ത് രാജിന്റെയും(റിട്ട. അധ്യാപകന്, എംജെ വിഎച്ച്എസ്എസ്, വില്യാപ്പള്ളി) ബിനിതയുടേയും(എജെജെഎം എച്ച്എസ് ചാത്തന്‍കോട്ട്നട) മകനാണ്. സഹോദരന് അഭയ് ബി. രാജ്.
Kerala
കോഴിക്കോട്: വലിയങ്ങാടിക്ക് സമീപത്തെ ആക്രിക്കടയില്‍ നിന്ന് ചെമ്പുകമ്പിയും പണവും കവര്‍ന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ഫാറൂഖ് കോളജ് സ്വദേശി മഠത്തില്‍ത്തൊടി വീട്ടില്‍ രതീഷ് (42) ആണ് പിടിയിലായത്.
കോഴിക്കോട് ടൗണ്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ടുപ്രതിയാണ് രതീഷ്. മുഖ്യപ്രതി അമ്പായത്തോട് സ്വദേശി മനു ആനന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ചേര്‍ന്ന് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 175 കിലോഗ്രാം ചെമ്പുകമ്പിയും 6000 രൂപയും ആണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. കഴിഞ്ഞ ജനുവരി 23നാണ് കേസിനാസ്പദമായ മോഷണം നടന്നത്. കെ പി കേശവ മേനോന് റോഡിലെ അമര്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ പിറകു വശത്തെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം.
Kerala
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ ആന്തരിക അവയവം മാറ്റിവയ്ക്കലിനു മാത്രമായുള്ള മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കോഴിക്കോട് ചേവായൂരിലാണ് മെഡിക്കൽ രംഗത്ത് ചൈനയ്ക്കും അമേരിക്കയ്ക്കും മാത്രം അവകാശപ്പെടാവുന്ന ആന്തരികാവയവങ്ങൾ മാറ്റിവയ്ക്കുന്നതിനായുള്ള അത്യാധുനിക മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
602.14 കോടി രൂപ കിഫ്ബി വഴി ചിലവഴിച്ച് കേരള സർക്കാർ നിർമാണം ആരംഭിക്കുന്ന ഈ പദ്ധതിയിൽ ആന്തരികാവയവം മാറ്റിവയ്ക്കൽ, ടിഷ്യു മാറ്റിവയ്ക്കൽ, അധ്യാപനം, പരിശീലനം, പഠനം, ഗവേഷണം എന്നിവ ഉൾപ്പെടും.
പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ ഈ സ്ഥാപനം കേരളത്തിനകത്തും പുറത്തുമായി എട്ട് കോടിയോളം ജനങ്ങൾ പ്രയോജനമാകും.
Kerala
കോഴിക്കോട്: മാങ്കാവിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജ് (18) ആണ് മരിച്ചത്.
ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡിനോടു ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
വേൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവിൽ ആക്രിക്കച്ചവടം നടത്തിവരികയായിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു.
മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാവുകയുള്ളു.
Kerala
കോഴിക്കോട്: ചെലവൂര്‍ പട്ടാളമുക്കില്‍ 40 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശേരി സ്വദേശി പുറായില്‍ ജംഷീറാണ് പിടിയിലായത്.
ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കാറിന്റെ ഡിക്കിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില്‍ നിന്നും കാര്‍ മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്.
കഞ്ചാവ് കടത്തിയതിന് ഇയാള്‍ മുമ്പും പിടിയിലായിരുന്നതായി പോലീസ് അറിയിച്ചു. ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
District News
കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് തീപിടിച്ച കെട്ടിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് രണ്ടു നില കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള ഒറ്റമുറിയില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്നു തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മുറിക്കകത്ത് കട്ടിലില്‍ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ട്യൂഷന് സെന്ററാണ് പ്രവര്‍ത്തിക്കുന്നത്.
കല്ലായി സ്വദേശിയാണ് മരിച്ചതെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം തിരിച്ചറിയാനാവാത്ത അവസ്ഥയിലായതിനാല്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
DCL (Deepika Children’s League)
ദീപിക ബാലസഖ്യം വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരളയുമായി ചേർന്ന് യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നു. മെന്റലി ചലഞ്ച്ഡ് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായാണ് കലാമത്സരങ്ങൾ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജില്ലകളിലെ സ്പെഷൽ സ്കൂളുകളിൽനിന്നുള്ള കുട്ടികൾക്കു കോട്ടയത്തുവച്ചും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്പെഷൽസ്കൂളുകളിൽനിന്നുള്ള കുട്ടികൾക്ക് കോഴിക്കോട്ടുവച്ചും നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. മാർച്ച് ആദ്യവാരമായിരിക്കും മത്സരം. തീയതിയും മത്സരവേദിയും പിന്നീട് അറിയിക്കുന്നതാണ്.
മത്സരയിനങ്ങൾ
കൂടുതൽ വിവരങ്ങൾക്ക് 8304987959 (ഡിസിഎൽ ഓഫീസ്), 9446204313 (എസ്ഒബി പ്രോഗ്രാം മാനേജർ), 99476 41817 (എസ്ഒബി ട്രഷറർ) എന്ന നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Sports
പാലാ: ചലഞ്ചേഴ്സ് ബാസ്കറ്റ്ബോൾ ക്ലബ്, സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റിന്റെ പിന്തുണയോടെ കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലായിലെ അൽഫോൻസ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 50-ാമത് കേരള ജൂണിയർ സ്റ്റേറ്റ് ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വേണ്ടിയുള്ള ചാന്പ്യൻഷിപ്പിൽ കോഴിക്കോട് വനിതകൾ ജേതാക്കളായപ്പോൾ പുരുഷന്മാരിൽ കോട്ടയം ജേതാക്കളായി.
വനിതാ ഫൈനലിൽ പ്രൊവിഡൻസ് എച്ച്എസ്എസും സിൽവർ ഹിൽ സ്കൂളിലെ താരങ്ങളുമായി ഇറങ്ങിയ കോഴിക്കോട് പകുതി സമയത്തു 35-18 എന്ന സ്കോറിന് ആധിപത്യം സ്ഥാപിച്ച ശേഷം 64-54ന് ആലപ്പുഴയെ പരാജയപ്പെടുത്തി വനിതാ കിരീടം നേടി. ആണ്‍കുട്ടികളുടെ ഫൈനലിൽ ആതിഥേയരായ കോട്ടയം നിലവിലെ ചാന്പ്യന്മാരായ തൃശൂരിനെ 73-49നു പരാജയപ്പെടുത്തി വിജയികളായി. മലപ്പുറം വനിതകൾക്കും കോഴിക്കോട് ആണ്‍കുട്ടികൾക്കും വെങ്കലം.
കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസിൽ നിന്നുള്ള ആർതിക കെ. വനിതാ വിഭാഗത്തിൽ എംവിപി അവാർഡ് നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ കോട്ടയത്തിന്റെ സെന്റ് എഫ്രേംസ് ബാസ്കറ്റ്ബോൾ അക്കാദമിയിൽ നിന്നുള്ള മിലാൻ ജോസ് മാത്യു നേടി. ടോപ് സ്കോറർ അവാർഡ് വനിതകളില്‍ ആലപ്പുഴയിൽനിന്നുള്ള സുഭദ്ര ജയകുമാറിനും പുരുഷന്മാരിൽ മിലൻ ജോസ് മാത്യുവിനും പാരിദോഷികമായ 2500 രൂപയുടെ കാഷ് വൗച്ചർ ലഭിച്ചു.
സമ്മാനദാനം പാലാ രൂപത വികാരി ജനറാള്‍ റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് നിര്‍വഹിച്ചു. ശ്രീ സ്റ്റീഫൻ ജോസഫ് ബ്രില്യന്റ് സ്റ്റഡീസ് സെന്റർ ഡയറക്ടർ, പാലാ രൂപത കോപറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലയിൽ സിഎംഐ കോർപറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്ത്, കേരള സ്റ്റേറ്റ് റോളർ സ്റ്റേറ്റിംഗ് ഇൻ ലൈൻ ഫ്രീ സ്റ്റൈൽ വിജയി മേഘന സൂരജ്, മണർകാട് കെബിഎ പ്രസിഡന്റ് ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് ഷിഹാബ് നീറുങ്കൽ, സെക്രട്ടറി പി.സി. ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
Kerala
കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് കോഴിക്കോട് എത്തി.
കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ സുനിതാ വില്യംസിനെ സംഘാടകർ സ്വാഗതം ചെയ്തു. ഭൂമിയെ വിശാലമായി കാണാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് സുനിത വില്ല്യംസ് പറഞ്ഞു.
മനുഷ്യർ പരസ്പരം കലഹിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. നമ്മൾ ശ്വസിക്കുന്നത് ഓരേ വായുവും കുടിക്കുന്നത് ഒരേ വെള്ളവുമാണ്. ആളുകൾ പരസ്പരം പോരടിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും സുനിത വില്യംസ് വ്യക്തമാക്കി. ഇനിയും പുതിയ ബഹിരാകാശ യാത്രികർ ഉണ്ടാകട്ടേയെന്നും സുനിത വില്ല്യംസ് കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
ഒൻപതാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് സുനിത വില്ല്യംസ് കേരളത്തിലെത്തിയത്. കെഎൽഎഫ് ഉദ്ഘാടന ചടങ്ങിലും ശേഷമുള്ള സംവാദ പരിപാടിയിലും സുനിതാ വില്യംസ് പങ്കെടുക്കും.
നാസയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് സുനിതാ വില്യംസ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. 27 വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സുനിത നാസയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഡിസംബറിൽ വിരമിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് വിരമിക്കൽ നാസ പുറത്തുവിട്ടത്. 60 വയസായതോടെയാണ് സുനിതയുടെ വിരമിക്കൽ പ്രഖ്യാപനം.
ഇന്ന് വൈകീട്ട് ആറിന് കെഎൽഎഫിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. വിശിഷ്ഠാതിഥികളായി സിനിമാതാരങ്ങളായ ഭാവന, പ്രകാശ് രാജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
ഈ മാസം 25 വരെ കോഴിക്കോട് ബീച്ചിൽ എട്ട് വേദികളിലായാണ് സാഹിത്യോത്സവം അരങ്ങേറുക.
Business
തിരുവനന്തപുരം: ആയുർവേദത്തിന്റെയും വെൽനസിന്റെയും ആഗോള കേന്ദ്രമെന്ന നിലയിൽ കേരളത്തിന്റെ സ്ഥാനം ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുർവേദ, വെൽനസ് കോണ്‍ക്ലേവ് ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് നടക്കും.
ആയുർവേദ പ്രമോഷൻ സൊസൈറ്റി (എപിഎസ്), അനുബന്ധ ടൂറിസം/ആരോഗ്യ സംഘടനകൾ എന്നിവയുമായി സഹകരിച്ച് സംസ്ഥാന ടൂറിസം വകുപ്പാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
ആയുർവേദ പണ്ഡിതർ, ആഗോള വെൽനസ് വിദഗ്ധർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, വ്യവസായ നേതാക്കൾ, ട്രാവൽ വ്യാപാര പ്രഫഷണലുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരെ കോണ്‍ക്ലേവ് ഒരുമിച്ചു കൊണ്ടുവരും.
Samskarikam
കോഴിക്കോട്: ഏതാനും ദിവസത്തേക്ക് കോഴിക്കോട് നഗരം സെലിബ്രിറ്റി ഡെസ്റ്റിനേഷൻ ആകുന്നു. സുനിത വില്യംസ്, ബെൻ ജോൺസൺ അടക്കമുള്ള പ്രമുഖർ ഈ ദിവസങ്ങളിൽ നഗരത്തിലേക്ക് എത്തും. 22 മുതൽ 25 വരെ കോഴിക്കോട്ട് ഡിസിബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലുമായി ബന്ധപ്പെട്ടാണ് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായവർ അടക്കം ഇവിടേക്ക് എത്തുന്നത്.
വിവിധ ദിവസങ്ങളിൽ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസ്, ട്രാക്കിലെ മിന്നൽപ്പിണർ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ബെൻ ജോൺസൺ, വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസ്, ബുക്കർ പ്രൈസ് ജേതാവ് കിരൺ ദേശായി, ലോകപ്രശസ്ത ചരിത്രകാരി റോമില താപർ, പ്രശസ്ത ജർമൻ എഴുത്തുകാരനായ ഇംഗോ ഷുൾസെ, എഴുത്തുകാരൻ സറ്റോഷി യാഗിസാവ എന്നിവർ കോഴിക്കോട്ടേക്ക് എത്തും.
പ്രശസ്ത സ്പാനിഷ് എഴുത്തുകാരായ ഇഗ്നാസിയോ ഗാർസിയ, ഗബ്രിയേല ഇബാറ, ജീസസ് റൂയിസ് മന്റ്റില എന്നിവരും അതിഥികളായെത്തും. രചയിതാവും പണ്ഡിതനുമായ അബ്ദുൾ റസാഖ് ഗുർണ, ഒാസീസ് എഴുത്തുകാരൻ ഒമർ മൂസ എന്നിവരും പ്രധാന ആകർഷണമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി സതീഷൻ, എഴുത്തുകാരിൽ പ്രമുഖരായ എം. മുകുന്ദൻ, കെ.ആർ. മീര, ബെന്യാമിൻ, അഖിൽ പി. ധർമജൻ, ജോസഫ് അന്നംകുട്ടി ജോസ്, പിക്കോ അയ്യർ തുടങ്ങിയവരും സിനിമ മേഖലയിൽനിന്ന് പ്രകാശ് രാജ്, സുരഭി ലക്ഷ്മി, ജോയ് മാത്യു, ഗൗതം വാസുദേവ് മേനോൻ, റിമ കല്ലിങ്കൽ, പ്രകാശ് വർമ, നാസർ, ഗാനരചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരി, സന്തോഷ് ജോർജ് കുളങ്ങര തുടങ്ങി നിരവധി പ്രമുഖരും എത്തിചേരും.
Kerala
കോഴിക്കോട്: ബസിനുള്ളിൽ ലൈംഗീകാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവതി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.
സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.
Kerala
കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹ മാധ്യമങ്ങളില്‍ യുവതി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ നിയമ നടപടിക്ക് ഒരുങ്ങി കുടുംബം. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം സ്വദേശി ദീപക്കി(38)ന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു.
സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള്‍ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിൽ അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന്റെ നീക്കം. കോഴിക്കോട് അരീക്കാട് സ്വദേശിയായ യുവതിയാണ് ദീപക്കിനെതിരെ വീഡിയോ ഇട്ടത്. ഇന്നു പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.
ദീപക് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തിരക്കുള്ള ബസില്‍ വച്ച് യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നു പരാതികളിൽ പറയുന്നു.
ബന്ധുക്കൾ രംഗത്ത്
വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതന്നും ദീപക് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും മുറി തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ ദീപക്കിനെ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചത്. ദീപക് വളരെ മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പൊതുപ്രവര്‍ത്തകയാണ് വീഡിയോ പ്രചരിപ്പിച്ചത്.
ദീപക്കിന്റെ ജീവനൊടുക്കിയതോടെ യുവതി വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ആവര്‍ത്തിച്ചിരുന്നു. ഇവര്‍ക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
Kerala
തൃശൂര്‍: 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് തൃശൂരില്‍ ആരംഭിച്ചതോടെ പോയിന്റ് പട്ടികയില്‍ ആവേശകരമായ തുടക്കമായി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നാല് ജില്ലകള്‍ സംയുക്തമായി ഒന്നാം സ്ഥാനത്താണ്.
ഇപ്പോഴത്തെ ഓവറോള്‍ ലീഡ് നിലയനുസരിച്ച് ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളാണ് 80 പോയിന്റുകളോട് കൂടി ഒന്നാം സ്ഥാനത്ത്. 78 പോയിന്റുകളോടെ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 76 പോയിന്റുകളോടെ കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകള്‍ മൂന്നാം സ്ഥാനത്തുമാണ്.
കലോത്സവം ഇനിയും നാല് ദിവസം കൂടി നീളുന്നതിനാല്‍ ഏത് ജില്ലയ്ക്കും ലീഡ് പിടിച്ചെടുക്കാന്‍ അവസരമുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജേതാക്കളായിരുന്നു. ഈ വര്‍ഷം തൃശൂരിന്റെ മണ്ണില്‍ നടക്കുന്ന കലോത്സവത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക് അധിക ആവേശവും പ്രതീക്ഷയുമുണ്ട്. എന്നാല്‍ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ശക്തമായ മത്സരമാണ് കാഴ്ച വെയ്ക്കുന്നത്.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാന്‍ സാധ്യത. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ തുക വാടകയായി നല്കി കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ കളിക്കണോ എന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്ന കാര്യത്തെക്കുറിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെന്നു ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദീപിക ഓണ്‍ലൈനോടു പ്രതികരിച്ചു.
ആലോചനയിൽ
ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാല്‍, അതില്‍ സ്ഥീരികരണമൊന്നും ആയിട്ടില്ല. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഹോം ഗ്രൗണ്ട് ആയി നോക്കുന്നത്. ഇക്കാര്യവും ഉറപ്പായിട്ടില്ല - ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഫെബ്രുവരി 14ന് ആണ് ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഹോം ഗ്രൗണ്ട് തെരഞ്ഞെടുക്കാനായി ബ്ലാസ്റ്റേഴ്സ് നല്കിയ ലിസ്റ്റിലാണ് മൂന്നു വേദികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു കലൂര്‍ ഹോം ഗ്രൗണ്ട് ആകാന്‍ സാധ്യത കുറവാണ്. അതിനാല്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ കളിക്കാനും സാധ്യതയില്ല. അതേസമയം, കഴിഞ്ഞ സീസണുകളില്‍ എല്ലാം കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ആദ്യ മത്സരങ്ങളില്‍ ജയിച്ചു മുന്നേറുന്ന ടീമിനു പിന്നീടു സ്ഥിരത നഷ്ടപ്പെടുന്ന കാഴ്ച പോയ വര്‍ഷങ്ങളില്‍ കണ്ടു. ഇത് ആരാധകരുടെ സ്റ്റേഡിയത്തിലേക്കുള്ള ഒഴുക്കിനെയും ടിക്കറ്റ് വരുമാനത്തെയും ബാധിക്കാറുണ്ട്.
കളിയില്ല, വിദേശ താരങ്ങൾ കളംവിട്ടു
മാത്രമല്ല, വിദേശ താരങ്ങളില്‍ പലരും ടീം വിട്ടുകഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനും മിഡ് ഫീല്‍ഡറും ഏറ്റവും മികച്ച താരവുമായിരുന്ന അഡ്രിയാന്‍ ലൂണ, മറ്റൊരു വിദേശ താരമായ നോവ സദോയ് എന്നിവര്‍ ലോണില്‍ മറ്റൊരു ക്ലബ്ബില്‍ ചേര്‍ന്നു. ഈ സീസണില്‍ ഇവര്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവില്ല. അതിനാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ മാത്രമേ ലൂണയ്ക്ക് ബ്ലാസ്റ്റേഴ്സിലേക്കു മടങ്ങാനാവുകയുള്ളു. ഒരു വര്‍ഷത്തെ കരാറില്‍ കഴിഞ്ഞ ഒക്ടോബറില്‍ ബ്ലാസ്റ്റേഴ്സിലെത്തിയ സ്പാനിഷ് താരം ജുവാന്‍ റോഡ്രിഗസും ക്ലബ്ബ് വിട്ടു.
കഴിഞ്ഞ ഒക്ടോബറില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന തിയാഗോ ആല്‍വസ് മത്സരങ്ങള്‍ നടക്കാത്തതിനാല്‍ ഡിസംബറില്‍തന്നെ ക്ലബ്ബ് വിട്ടു. ഇന്ത്യന്‍ ഫുട്ബോളിലെ അനിശ്ചിതാവസ്ഥ തന്നെയാണ് തിയാഗോയും ക്ലബ്ബ് വിടാന്‍ കാരണമായത്. അതിനാൽ ഈ സീസണിലെ ടീം എങ്ങനെയാകും എന്ന കാര്യത്തില്‍ ആരാധകര്‍ക്കും പിടിത്തമില്ല.
മലബാർ ആരാധകരിൽ പ്രതീക്ഷ
കളി കാണാൻ ആരാധകരുടെ ഒഴുക്കുണ്ടാകുമോയെന്നതിൽ ആർക്കും ഉറപ്പില്ല. അതിനാല്‍ സാമ്പത്തികമായി കലൂര്‍ സ്റ്റേഡിയത്തെ ആശ്രയിക്കാന്‍ ബ്ലാസ്റ്റേഴ്സിന് ആവില്ല. എന്നാല്‍, കോഴിക്കോടും മലപ്പുറത്തും ഏറെ ഫുട്ബോള്‍ ആരാധകര്‍ ഉള്ളതിനാല്‍, ഈ ജില്ലകളില്‍ ടൂര്‍ണമെന്റ് നടക്കുകയാണെങ്കില്‍ ആളു കൂടും എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ നിഗമനം. ഈ ജില്ലകളില്‍നിന്നുള്ള ആരാധകര്‍ ടീമിന്റെ മോശം സമയത്തും നല്ല സമയത്തും ഒരുപോലെ പിന്തുണ നല്‍കിയിട്ടുണ്ട്. കളികള്‍ കാണാന്‍ ആവേശത്തോടെ ആരാധകര്‍ എത്തുന്നത് കളിക്കാരിലും ആവേശം പകരും.
Business
കോഴിക്കോട്: അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് കോഴിക്കോട് സിപിസിയുടെ സഹകരണത്തോടെ സിഡിഎസ് അംഗങ്ങള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു.
കേരള ബാങ്ക് കോഴിക്കോട് റീജണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല നബാര്‍ഡ് ഡിഡിഎം വി. രാകേഷ് ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് സിപിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി. രാജീവ് അധ്യക്ഷത വഹിച്ചു.
കാലിക്കട്ട് നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ അംബിക, കേരള ബാങ്ക് സീനിയര്‍ മാനേജര്‍ ടി.കെ. ജീഷ്മ, കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. രഞ്ജിനി, സീനിയര്‍ മാനേജര്‍ ജോസ്ന ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് മുണ്ടിക്കൽതാഴത്ത് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കുന്ദമംഗലം സ്വദേശി സതീഷ് കുമാർ, ഉത്തർപ്രദേശ് സ്വദേശി ശിവ് ശങ്കർ എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് ശിവ് ശങ്കർ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് അപകടമുണ്ടായത്.
അപകടം നടന്ന ഉടൻ സതീഷ് കുമാറിനേയും ശിവ് ശങ്കറിനേയും തൊട്ടടുത്തുള്ള കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
District News
കോഴിക്കോട്: സതേണ്‍ ഡയറി ആൻഡ് ഫുഡ് കോണ്‍ക്ലേവിന്റെ രണ്ടാം ദിനം നടന്ന പാനല്‍ ചര്‍ച്ചയില്‍ കാര്‍ഷിക-ക്ഷീര -ഭക്ഷ്യ മേഖലകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയായി.
‘കര്ഷകന്' എന്ന വിഷയത്തെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ എസ്. സുരേഷ് (പ്രൊക്യുര്‍മെന്റ് ഹെഡ്- ഡോഡ്ലെ ഡെയറി, ഹൈദരബാദ്), പി. ഗോപാലകൃഷ്ണന് ( മാനേജിംഗ് ഡയറക്ടര്‍ സംഘം ഡെയറി), എന്‍.കെ. പ്രേംലാല്‍ (ജനറല്‍ മാനേജര്‍ - മലബാര്‍ മില്‍മ) എന്നിവര്‍ പ്രസംഗിച്ചു. മില്‍മ ചെയര്മാന് കെ.എസ്. മണി മോഡറേറ്ററായിരുന്നു.
‘ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച പതിവ് പരാതികള്‍, ആഗോള വ്യാപാരത്തിനായുള്ള കര്‍ഷക പ്രവര്‍ത്തനം' എന്ന വിഷയത്തില്‍ സിമി ഉണ്ണിക്കൃഷ്ണന് (റീജണല്‍ ഹെഡ്, അഗ്രികള്‍ച്ചറല്‍ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ടസ് എക്സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് അഥോറിറ്റി (എപിഇഡിഎ), കെ.എന്‍. ധന്യ (റീജണല്‍ ഡയറക്ടര്‍ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്ഐ) എന്നിവര്‍ പ്രസംഗിച്ചു.
‘നൂതന സംസ്കരണ, പാക്കിംഗ് സാങ്കേതിക വിദ്യകള്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അമിത്ത് വ്യാസ് (മാനേജിംഗ് ഡയറക്ടര്‍ അമൂല്‍), ഡോ.നിവാഷ് ജീവാനന്ദന് (കിംഗ്ടണ്‍ എന്‍ജിനീയറിംഗ് കോളജ് വെല്ലൂര്‍), ഡോ. ആര്.എസ്. മാച്ചെ (ചീഫ് സയന്റിസ്റ്റ് സിഎഫ്എഫ്ആര്ഐ- മൈസൂര്‍) എന്നിവരും ‘ആരോഗ്യകരമായ ഭക്ഷണക്രമം ക്രമീകരിക്കുന്നതില്‍ പ്രവര്‍ത്തനപരമായ ചേരുവകള്‍ ഉപയോഗപ്പെടുത്തല്‍' എന്ന വിഷയത്തില്‍ കെ.ആര്. അനില്‍ കുമാറും (റിട്ട. അസി.ഡയറക്ടര്‍ ഡിഎഫ്ആര്‍എല്‍ മൈസൂര്‍), നേഹ ശര്‍മ്മയും (ഡയറക്ടര്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ്), ഡോ. ഷാലേന്ദ്രന് ( ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അമൃത ഡെയറി ഈറോഡ്) എന്നിവരും പങ്കെടുത്തു.
കയര്‍ പിരിക്കല്‍ ലൈവായി കാണാന്‍ അവസരം
കോഴിക്കോട്: സതേണ്‍ ഡെയറി ആൻഡ് ഫുഡ് കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കിയ എക്സിബിഷനില്‍ കേരളത്തിലെ സ്ത്രീകളുടെ ഒരു കാലത്തെ ഉപജീവനമാര്‍ഗമായിരുന്ന കയറു പിരിക്കല്‍ ലൈവായി കാണാം. കൈത്തറി, മണ്‍പാത്ര നിര്‍മാണം എന്നിവയ്ക്കും പ്രത്യേക പവലിയനുണ്ട്.
അന്യംനിന്നു പോയ നമ്മുടെ കാര്‍ഷിക സംസ്കൃതിയുടെ പുരാതന കാഴ്ചകളും ഒരു നൂറ്റാണ്ടു മുമ്പത്തെ അടുക്കളകളില്‍ ഉപയോഗിച്ചിരുന്നതും ഇന്ന് കാണാമറയത്തായതുമായ വീട്ടുപകരണങ്ങളും കൗതുകത്തിനൊപ്പം അറിവും പകരുന്നു. ഉറിച്ചട്ടി തിരിയമ്മി, തൂക്കം കല്ല്, നാരായം, കലപ്പ എന്നിങ്ങനെ പുതുതലമുറ കാണാത്ത വസതുക്കളും പ്രദര്‍ശനത്തിനുണ്ട്.
മില്‍മ, നന്ദിനി, ഡോഡ്ലെ, അമൂല്‍, നെസ്ലെ, ഹെറിറ്റേജ് ഫുഡ്സ് തുടങ്ങി ഇന്ത്യയിലെ പ്രമുഖരായ എല്ലാ ഡെയറികളുടേയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്. ഇതിനു പുറമെ മറ്റു വാണിജ്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ട്.
Kerala
കോഴിക്കോട്: ബോംബ് ഭീഷണിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പോലീസ് പരിശോധന നടത്തുന്നു. പ്രിൻസിപലിന് ഇമെയിലായിട്ടാണ് സന്ദേശമെത്തിയത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീഷണി വന്നത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്നുള്ള മെയിൽ ഐഡി വഴിയാണ് സന്ദേശമെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിന്റെ ഉറവിടം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഒരു മണിക്കൂര്‍ നേരം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
എന്നാൽ എല്ലാ സ്ഥലവും വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു. പാര്‍ക്കിംഗ് സ്ഥലമുള്‍പ്പെടെയാണ് പരിശോധിക്കുന്നത്. നിലവിൽ ഒപിക്ക് മുന്നിലുള്ള സ്ഥലത്താണ് പരിശോധന.
District News
ആലുവ: ഫോറെക്സ് ട്രേഡിംഗ് വഴി ലാഭം വാഗ്ദാനം ചെയ്ത് 41 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ വിദേശത്ത് നിന്ന് കോഴിക്കോട് വന്നിറങ്ങിയപ്പോൾ അറസ്റ്റ് ചെയ്തു. കാസർഗോഡ് ഇരിയാൻ പള്ളം വീട്ടിൽ മുഹമ്മദ് ഹബീബ് റഹ്മാ(25)നെയാണ് റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
ആൻസോ ക്യാപ്പിറ്റൽ എന്ന കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞാണ് കോടനാട് ചേരാനല്ലൂർ സ്വദേശിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. ഇയാളുടെ പക്കൽനിന്ന് പല തവണയായി 41,21,514 രൂപ തട്ടിയെടുക്കുകയും ചെയ്തു.
2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്നു പണം അയപ്പിക്കുകയായിരുന്നു. പത്ത് ബാങ്കിംഗ് ഇടപാടുകളിലൂടെയാണ് പണം കൈക്കലാക്കിയത്. തുടർന്ന് 1,11,552 രൂപ പരാതിക്കാരന് അയച്ച് കൊടുത്തു. ലാഭം ഉൾപ്പെടെ ബാക്കി 40, 09,962 രൂപ നൽകാതിരുന്നതോടെയാണ് പോലീസിൽ പരാതി നല്‍കിയത്.
അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാണ് അന്വേഷണസംഘം മുഹമ്മദ് ഹബീബ് റഹ്മാനിലേക്ക് എത്തുന്നത്. അന്വേഷണത്തിൽ ഇയാൾ വിദേശത്താണെന്ന് അറിഞ്ഞതിനെ തുടർന്ന് ഇയാൾക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോളാണ് മുഹമ്മദ് ഹബീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്ഐമാരായ സി.കെ. രാജേഷ്, ടി.കെ. വർഗീസ്, എഎസ്ഐ ടി.കെ. സലാവുദ്ദീൻ, എസ്സിപിഒ പി.കെ. ദിനേശൻ, സിപിഒമാരായ ജെറി കുര്യാക്കോസ്, അൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്
Kerala
കോഴിക്കോട്: താമരശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗീസ് (42) ആണ് മരിച്ചത്.
താമരശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്.
തുടര്‍ ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.
District News
പയ്യന്നൂര്‍: കോഴിക്കോട്ട് വാഹനാപകടത്തില്‍ പയ്യന്നൂർ സ്വദേശി മരിച്ചു. തായിനേരി ജുമാ മസ്ജിദിനു സമീപത്തെ മുഹമ്മദ് കുഞ്ഞി-നഫീസ ദന്പതികളുടെ മകന് എം.കെ. മുഹമ്മദ് റിയാസ് (44) ആണ് മരിച്ചത്.
വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന എം.കെ. ഷമീമയുടെ സഹോദരനാണ്. ഭാര്യ: റംസീന (ചേനോത്ത്, വെള്ളൂര്‍). മക്കള്‍: മുഹമ്മദ് റാസി, ഫാത്തിമത്ത് റിസ. മറ്റു സഹോദരങ്ങള്‍: ഷാനവാസ്, സാജിത, ഷമീം.
Kerala
കോഴിക്കോട്: കക്കട്ടിലിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്.
കക്കട്ടിലിന് സമീപം നിട്ടൂരിലാണ് അപകടമുണ്ടായത്. സിന്ധു മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: പ്രേമന്. മക്കള്‍: അഭിഷേക്, അദ്വൈത്.
Kerala
കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലില്‍ യുവതിയെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാക്കൂര്‍ സ്വദേശി ഹസ്നയെ ആണ് വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹമോചിതയായ യുവതി കഴിഞ്ഞ എട്ട് മാസത്തോളമായി ആദില്‍ എന്ന യുവാവിനൊപ്പമാണ് താമസിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. നിയമപരമായി ഇരുവരും വിവാഹം ചെയ്തിട്ടില്ല. ഹസ്ന ഇന്ന് മുറി തുറക്കാത്തതിനെ തുടർന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് ആദിൽ പോലീസിന് നൽകിയ മൊഴി.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ക്കു നേരെ ആള്‍ക്കൂട്ട മര്‍ദനം. കൽപത്തൂര് സ്വദേശിയായ യുവാവിനു നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകി. യുവാവ് മാനസിക പ്രശ്നത്തിന് ചികിത്സ തേടിയിരുന്നയാളാണെന്ന് ബന്ധുക്കൾ അറിയിച്ചു.
District News
750 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും
കോഴിക്കോട്: പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ കര്‍ശന സുരക്ഷയും മുന്‍കരുതല്‍ നടപടികളുമായി കോഴിക്കോട് സിറ്റി പോലീസ്. കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന് അറിയിച്ചു. 750-ഓളം പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. നഗരത്തിലെ വിവിധയിടങ്ങളില്‍ പോലീസിന്റെ ശക്തമായ നിരീക്ഷണമുണ്ടാകും. കോഴിക്കോട് ബീച്ചിലേക്കുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. വിവിധയിടങ്ങളില്‍ മഫ്തി പോലീസിനെ നിയോഗിക്കും.
പ്രധാനനിര്‍ദേശങ്ങള്‍
ബീച്ചില്‍ എത്തുന്നവര്‍ ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെ മടങ്ങണം. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന സംഘടനകള്‍ അതാത് പോലീസ് സ്റ്റേഷനില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ആഘോഷങ്ങള്‍ മതിയായ വെളിച്ചത്തോടു കൂടി മാത്രമേ നടത്താവൂവെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം.
എല്‍ഇഡി ലൈറ്റ് ഡിസ്പ്ലേകള്‍ ഉള്ള സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് ഷോക്കേല്‍ക്കാതിരിക്കാന്‍ രക്ഷിതാക്കളെ ബോധവത്കരണം നടത്തണം. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ ആഘോഷങ്ങള്‍ സമാധാനപരമാണെന്ന് തൊഴിലുടമകള്‍ ഉറപ്പാക്കണം. അതിര്‍ത്തികളില്‍ പോലീസ് പരിശോധന നടത്തും.
ശക്തമായ നിരീക്ഷണം
കോഴിക്കോട് ബീച്ച്, ബട്ട് റോഡ് ബീച്ച്, ബേപ്പൂര്‍ ബീച്ച്, പുലിമുട്ട്, മാളുകള്‍, ബാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തും. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലും പരിശോധനയുണ്ടാകും. ആഘോഷങ്ങളുടെ മറവില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ട്രാഫിക്നിയന്ത്രണങ്ങള്
ഡിസംബര്‍ 31ന് ഉച്ചയ്ക്ക് 2.30 മുതല്‍ ബീച്ചിലേക്കുള്ള വിവിധ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകുന്നേരം അഞ്ചിന് ശേഷം വലിയങ്ങാടി, ബോംബെ ഹോട്ടല്‍ ജംഗ്ഷന്, ഗാന്ധി റോഡ് വഴി ബീച്ചിലേക്ക് വാഹനങ്ങള്‍ അനുവദിക്കില്ല. ആഘോഷത്തിനെത്തുന്നവര്‍ നിശ്ചിത പാര്‍ക്കിംഗ് ഏരിയകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം ബീച്ചിലേക്ക് വരേണ്ടതാണ്.
നിയമലംഘകര്‍ക്കെതിരേ ശക്തമായ നടപടി
കാര്‍/ബൈക്ക് റേസിംഗ്, പരസ്യ മദ്യപാനം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍ എന്നിവ തടയാന്‍ പ്രത്യേക പരിശോധനയുണ്ടാകും. ലഹരി വില്‍പ്പനയ്ക്കും ഉപയോഗത്തിനുമെതിരേ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് സജീവമായി രംഗത്തുണ്ടാകും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി മഫ്തി പോലീസിനെയും വനിതാ പോലീസിനെയും നിയോഗിക്കും.
അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 112, 1515 എന്നീ ടോള്‍ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാം.
District News
കോടഞ്ചേരി: നാല് ദിവസങ്ങളിലായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംസ്ഥാന മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. 55 പോയിന്റ് നേടി പുരുഷന്മാരുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല ഓവർഓൾ ചാമ്പ്യന്മാരായി. 50 പോയിന്റോടെ കൊല്ലം ജില്ല രണ്ടാം സ്ഥാനവും 49 പോയിന്റോടെ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവുമാണ്.
വനിതകളുടെ മത്സരത്തിൽ കൊല്ലം ടീമിനെ 4-6ന് പരാജയപ്പെടുത്തി കോഴിക്കോട് ചാന്പ്യൻമാരായി. 45 വയസിന് മുകളിലുള്ള വിഭാഗത്തിലെ ബെസ്റ്റ് പ്ലെയർ അവാർഡ് കോഴിക്കോട് ടീം അംഗമായ ഷീബ ജോസഫിനും, 50 വയസിനു മുകളിലുള്ള വിഭാഗത്തിലെ ബെസ്റ്റ് പ്ലെയർ പുരസ്കാരം ഉഷ നന്ദിനിയും കരസ്ഥമാക്കി.
മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോർജ് ബി. വർഗീസ് ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ ഹാൻഡ്ബോൾ മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി റോബർട്ട് അറക്കൽ അധ്യക്ഷത വഹിച്ചു. ഷീബ കുന്നത്ത്, സനിമോൻ തോമസ്, സന്തോഷ് സെബാസ്റ്റ്യൻ, എൻ.എം. സിജി, ബിജു ആന്റണി എന്നിവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണ് യുവാവ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്.
വ്യൂ പോയിന്റിൽനിന്നുള്ള വീഴ്ചയ്ക്കിടെ ജിതിന്റെ കഴുത്തിൽ കമ്പ് തറച്ചുകയറുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുലർച്ചെ അഞ്ചരയോടെയാണ് വ്യൂ പോയിന്റിൽനിന്നു യുവാവ് വീണതായി പോലീസിനു വിവരം ലഭിക്കുന്നത്. പോലീസ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലേക്കു മാറ്റിയത്.
സംഭവത്തിൽ കരിപ്പൂർ പോലീസ് അന്വേഷണം നടത്തി വരികയാണ്. അപകടസാധ്യത ഉള്ളതിനാൽ ഇവിടെ പോലീസ് നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.
Kerala
കോഴിക്കോട്: ബാലുശേരിയിൽ ഒന്നാംക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകള്‍ അബ്റാറ (ആറ്) ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി. തിങ്കളാഴ്ച വൈകുന്നേരം മൂന്നിനാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയില്‍ എത്തിയത്. പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
Kerala
കോഴിക്കോട്: കക്കാടംപൊയിലിൽ കൗമാരക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ(16) ആണ് മരിച്ചത്.
വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പോലീസ് ചോദ്യം ചെയ്തു. വീട്ടിൽ വഴക്ക് ഉണ്ടായിരുന്നെന്നും തുടർന്നാണ് മകളെ വിഷം കഴിച്ച നിലയിൽ കണ്ടതെന്നും കുടുംബാംഗങ്ങള്‍ മൊഴി നൽകി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകൾക്ക് പുതിയ ഭരണസാരഥ്യം. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ വി.വി രാജേഷ് മേയറായി ചുമതലയേറ്റു. കൊല്ലം കോർപറേഷനിൽ എ.കെ. ഹഫീസും (യുഡിഎഫ്) കൊച്ചിയിൽ വി.കെ. മിനിമോളും (യുഡിഎഫ്) പുതിയ മേയർമാരായി. തൃശൂരിൽ ഡോ. നിജി ജസ്റ്റിൻ (യുഡിഎഫ്) മേയറായി അധികാരമേറ്റു. കോഴിക്കോട് ഒ. സദാശിവൻ (എൽഡിഎഫ്) കണ്ണൂരിൽ പി. ഇന്ദിര (യുഡിഎഫ്) എന്നിവരും മേയർമാരായി ചുമതലയേറ്റു.
ചരിത്രത്തിൽ ഇടം നേടി ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറായി പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊടുങ്ങാന്നൂർ വാർഡിൽനിന്നാണു രാജേഷ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കരുമം വാർഡിൽനിന്നു വിജയിച്ച ബിജെപിയുടെ ജി.എസ്. ആശാനാഥും ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു. 100 കൗണ്‍സിലർമാരുള്ള കോർപറേഷനിൽ കണ്ണമൂല വാർഡിൽനിന്നു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെ 51 വോട്ട് നേടിയാണ് രാജേഷ് മേയറായത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കു മത്സരിച്ച ജി.എസ്. ആശാനാഥിന് 50 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ രണ്ടു വോട്ടുകൾ അസാധുവായി.
കൊല്ലത്ത് ആദ്യമായ് യുഡിഎഫ്
കൊല്ലം: കൊല്ലം കോര്പറേഷന് മേയറായി താമരക്കുളം ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി എ.കെ. ഹഫീസ് ചുമതലയേറ്റു. ഡെപ്യൂട്ടി മേയറായി തങ്കശേരി ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് പ്രതിനിധി കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 56 വോട്ടുകളില്‍ 27 വോട്ടുകള്‍ നേടി. 25 വർഷം എൽഡിഎഫ് ഭരിച്ച കൊല്ലം കോർപറേഷനിൽ കോർപറേഷൻ രൂപീകരണത്തിനുശേഷം ആദ്യമായാണ് യുഡിഎഫ് അധികാരത്തിൽ എത്തുന്നത്.
കൊച്ചിയിൽ മിനിമോൾ
കൊച്ചി: കൊച്ചി കോര്പറേഷന് മേയറായി യുഡിഎഫിന്റെ അഡ്വ. വി.കെ. മിനിമോള്‍, ഡെപ്യൂട്ടി മേയറായി ദീപക് ജോയി എന്നിവര്‍ അധികാരമേറ്റു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്റേതുള്പ്പെടെ 48 വോട്ട് നേടിയാണ് ഇരുവരും വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 22ഉം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ആറും വോട്ടുകള്‍ വീതം ലഭിച്ചു.
രണ്ടര വര്‍ഷത്തേക്കാണ് ഇരുവരും അധികാരമേറ്റത്. തുടര്‍ന്ന് എ ഗ്രൂപ്പുകാരിയായ ഷൈനി മാത്യുവും ഐ ഗ്രൂപ്പുകാരനായ കെ.വി.പി. കൃഷ്ണകുമാറും മുന്‍ ധാരണ പ്രകാരം മേയറും ഡെപ്യൂട്ടി മേയറുമാകും.
തൃശൂരിൽ യുഡിഎഫിന്റെ ആദ്യ വനിതാ മേയർ
തൃശൂർ: വിവാദങ്ങൾക്കൊടുവിൽ തൃശൂർ കോർപറേഷന്റെ പത്താമത്തെ മേയറായി ഡോ. നിജി ജസ്റ്റിൻ ചുമതലയേറ്റു. കോണ്‍ഗ്രസിലെ എ. പ്രസാദ് ഡെപ്യൂട്ടി മേയറായും സ്ഥാനമേറ്റു. തൃശൂരിൽ യുഡിഎഫിന്റെ ആദ്യ വനിതാ മേയർ കൂടിയാണ് ഡോ. നിജി ജസ്റ്റിൻ. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായ ഡോ. നിജി ജസ്റ്റിനു 35 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം.എൽ. റോസി 13 വോട്ടുകളും എൻഡിഎ സ്ഥാനാർഥി പൂർണിമ സുരേഷ് എട്ടു വോട്ടുകളും നേടി. സ്വതന്ത്രരായ റാഫി ജോസും ഷോമി ഫ്രാൻസിസും യുഡിഎഫിനു വോട്ട് ചെയ്തു.
എൽഡിഎഫിന് കോഴിക്കോട് മാത്രം
കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎഫ് വിജയിച്ച ഏക കോർപറേഷനായ കോഴിക്കോട് മേയറായി ഒ. സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഇടതുമുന്നണി വോട്ടുകള്‍ അസാധുവായി. എൽഡിഎഫിലെ ഡോ.എസ്.ജയശ്രീ ഡപ്യൂട്ടി മേയറായി. തടമ്പാട്ടുതാഴം ഡിവിഷനിൽനിന്നുള്ള കൗണ്‍സിലറാണ് സിപിഎം നോർത്ത് ഏരിയ കമ്മിറ്റി അംഗം കൂടിയായ സദാശിവൻ. കോട്ടൂളിയിൽ നിന്നാണ് ഡോ.എസ്.ജയശ്രീ കോർപറേഷൻ കൗൺസിലിലേക്ക് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂരിന്റെ ടി. ഇന്ദിര
കണ്ണൂർ: കോര്പറേഷന് മേയറായി കോണ്‍ഗ്രസിലെ ടി. ഇന്ദിര ചുമതലയേറ്റു. മുൻ ഡപ്യൂട്ടി മേയറും കൂടിയായിരുന്ന ഇന്ദിര 56 അംഗ കൗണ്‍സിലില്‍ 36 പേരുടെ പിന്തുണ യോടെയാണ് മേയർ പദവിയിലെത്തിയത്. ആർക്കും വോട്ട് രേഖപ്പെടുത്താതിരുന്നതിനാൽ ഒരു ബാലറ്റ് അസാധുവായി. യുഡിഎഫിലെ കെ.പി. താഹിർ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
Business
കൊച്ചി: സാനിറ്ററി വെയേഴ്സ്, ബാത്ത്റൂം ഫിറ്റിംഗ്സ് ഉത്പാദന–വിപണന മേഖലയിലെ പ്രമുഖരായ യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോർ കൺസപ്റ്റ് കിലോ ബസാറിന്റെ 30-ാം ഷോറൂം കോഴിക്കോട് താമരശേരി പരപ്പൻപൊയിലിൽ തുറന്നു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാനിറ്ററി വെയേഴ്സ്, ബാത്ത്ഫിറ്റിംഗ്, ആക്സസറീസ് തുടങ്ങി നിരവധി കളക്ഷനുകൾക്കു വിലക്കുറവും പ്രത്യേക ഓഫറുകളുമുണ്ട്. സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും ആകർഷകമായ ഡിസ്കൗണ്ടുകളും പ്രമോഷനുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Kerala
കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. രാവിലെ ആറ് മണിയോടെയാണ് സംഭവം.
ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
Kerala
കോഴിക്കോട്: സൗത്ത് ബീച്ചിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നു പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോട് സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്.
ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ അമിതവേഗത്തിലായിരുന്നുവെന്നാണ് സൂചന.
Kerala
കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ വിജയാഘോഷ പ്രകടനത്തിനിടെ സിപിഎം നേതാക്കൾക്കെതിരെ കൊലവിളി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്.
സിപിഎം നേതാവും പ്രാസംഗികനും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന നാസർ കൊളായി, കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള എന്നിവരെ കൊല്ലുമെന്ന് പ്രകടനത്തിനിടെ രണ്ട് പേർ ആക്രോശിച്ചു.
'ഒന്നും രണ്ടും പ്രതികൾ തങ്ങളായിരിക്കും' എന്നും ഇവർ പരസ്യമായി ഭീഷണി മുഴക്കി. റോഡരികിൽ മാറി നിന്ന് പ്രകടന പരിപാടികൾ കാണാനെത്തിയവർക്ക് നേരെയാണ് ഈ ഭീഷണി പ്രകടനം നടന്നതെന്നാണ് റിപ്പോർട്ട്.
മുൻ വാർഡ് അംഗം എം.ടി. റിയാസ്, യൂത്ത് ലീഗിന്റെ പ്രാദേശിക നേതാവ് ചാലക്കൽ ഷമീർ എന്നിവരാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്.
യുഡിഎഫ്-വെൽഫെയർ പാർട്ടിയുടെ സംയുക്ത ആഘോഷ പരിപാടിയിലാണ് തങ്ങൾക്കെതിരെ ഇത്തരമൊരു ഭീഷണി ഉയർന്നതെന്നും സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും നാസർ കൊളായി വ്യക്തമാക്കി.
Kerala
കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം.
കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഉച്ചയ്ക്ക് 12 ഓടെ കാടുവെട്ടുന്ന ആളാണ് അസ്ഥികൂടം കണ്ടത്തിയത്.
ഇതിന് സമീപത്ത് നിന്നും ഒരു ബാഗും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടം എന്നാണ് പോലീസ് സംശയിക്കുന്നത്.
Kerala
കോഴിക്കോട്: യുഡിഎഫിന്റെയും എന്‍ഡിഎയുടെയും മുന്നേറ്റത്തില്‍ ആടിയുലഞ്ഞ് കോഴിക്കോട്ട് എല്‍ഡിഎഫ്. പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫിന്റെ ശക്തി ചോര്‍ന്നു. 2020 നെ അപേക്ഷിച്ച് യുഡിഎഫും എന്‍ഡിഎയും മികച്ച പ്രകടനം കാഴ്ചവച്ചു.
ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് വലത്തേക്കു ചെരിഞ്ഞു. വടകര നഗരസഭയില്‍ ആദ്യമായി ആര്‍എംപിഐക്ക് പ്രതിനിധിയുണ്ടായി. വടകര നഗരസഭയില്‍ ആര്‍എംപിഐയും സിപിഎമ്മും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന 27-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനും ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.
നേരിയ ഭൂരിപക്ഷത്തിനാണ് കോഴിക്കോട് കോര്പറേഷന് എല്‍ഡിഎഫ് ഭരിക്കുക. കോര്‍പറേഷനില്‍ 2020ല്‍ എല്‍ഡിഎഫ് 48 ഡിവിഷനുകള്‍ നേടിയ സ്ഥാനത്ത് ഇപ്രാവശ്യം 35 ആയി കുറഞ്ഞു. 17 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് 28 ആക്കി. ഏഴില്‍നിന്ന് 13ലേക്കാണ് എന്‍ഡിഎയുടെ കുതിപ്പ്. കോര്‍പറേഷനില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മേയര്‍ സ്ഥാനാര്‍ഥികളെ ജനം തോൽപ്പിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് യുഡിഎഫ് എല്‍ഡിഎഫിനെ തറപറ്റിച്ചത്. 14 സീറ്റുകള്‍ നേടിയ യുഡിഎഫിന് അഴിയൂര്‍ വാര്‍ഡില്‍ നിന്നു ജയിച്ച ആര്‍എംപിഐ പ്രതിനിധി ടി.കെ. സിബിയുടെ പിന്തുണയോടെ ഭരണത്തിലേറാം. എല്‍ഡിഎഫിന് 13 സീറ്റുകള്‍ ലഭിച്ചു.
ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടെണ്ണവും നേടി എല്‍ഡിഎഫ് മേല്‍ക്കൈ പുലര്‍ത്തിയപ്പോള്‍ യുഡിഎഫിന് രണ്ടു ബ്ലോക്കുകളാണ് ലഭിച്ചത്. മറ്റ് രണ്ടിടങ്ങളില്‍ സമനില. അതേസമയം എഴു മുനിസിപ്പാലിറ്റികളില്‍ നാലെണ്ണം നേടി യുഡിഎഫിന് ആധിപത്യം പുലര്‍ത്താനായി. എല്‍ഡിഎഫ്-3.
70 പഞ്ചായത്തുകളില്‍ ഇത്തവണ 39 എണ്ണം നേടിയാണ് യുഡിഎഫ് മുന്നേറ്റം. 27 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം. നാലു പഞ്ചായത്തുകളില്‍ ഇരുമുന്നണികളും സമനിലയിലാണ്.
2020ല്‍ 43 പഞ്ചായത്തുകള്‍ നേടിയ എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ.
Kerala
കോഴിക്കോട്: കോർപറേഷനിലെ യുഡിഎഫിന്റെ സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്ക് മിന്നും ജയം. കുറ്റിച്ചിറ വാർഡിൽ നിന്നും മത്സരിച്ച ഫാത്തിമ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ ഘട്ടം മുതൽ വ്യക്തമായ ലീഡുറപ്പിച്ചാണ് മുന്നേറിയത്.
വോട്ടെണ്ണൽ തുടങ്ങിയതിനു പിന്നാലെ എൽഡിഎഫിലെ ഐഎൻഎൽ സ്ഥാനാർഥി വി.പി. റഹിയാനത്തിനേക്കാൾ വ്യക്തമായ ലീഡ് ഫാത്തിമ നേടി. ഫാത്തിമ തഹ്ലിയ 2135 വോട്ട് നേടിയപ്പോൾ വി.പി റഹിയനത്തിന് 826 വോട്ട് മാത്രമേ നേടാനായുള്ളൂ.
ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും ലീഗിന് വേണ്ടി പ്രതിരോധം തീർക്കുന്ന തഹ്ലിയയുടെ കന്നിമത്സരമായിരുന്നു ഇത്. നിലവിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാണ് ഫാത്തിമ തഹ്ലിയ.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് സ്ഥാനാർഥിയുടെ കാറിന് നേരെ അക്രമം. ചെക്യാട് നാലാം വാർഡ് കാലിക്കൊളുമ്പിലാണ് സംഭവം.
നാലാം വാർഡ് കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.പി.കുമാരന്റെ കാറിന്റെ മുൻവശത്തെ ചില്ലാണ് അക്രമികൾ തകർത്തത്.
തനിക്ക് വധഭീഷണി ഉള്ളതായി കാണിച്ച് കെ.പി. കുമാരൻ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിക്കും വളയം പോലീസിലും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കുമാരന് ബൂത്തിൽ സുരക്ഷയും ഏർപ്പാടാക്കിയിരുന്നു.
കാലിക്കൊളുമ്പ് അങ്കണവാടിയിൽ പോളിംഗ് അവസാനിച്ച ശേഷം പോലീസ് സംരക്ഷണയിൽ പുറത്തേക്ക് വരുന്നതിനിടെ ഒരു സംഘം ഇയാൾക്ക് നേരെ തിരിയുകയായിരുന്നു.
പോലീസ് ഇയാളെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അക്രമികളിൽ ഒരാൾ ചുറ്റിക ഉപയോഗിച്ച് കാറിന്റെ മുൻവശത്തെ ചില്ല് അടിച്ച് തകർക്കുകയായിരുന്നു. സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് കുമാരന്റെ ആരോപണം.
Kerala
കോഴിക്കോട്: എതിർദിശയിൽ നിന്നും വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്. മാവൂർ ചെറൂപ്പയിലാണ് അപകടമുണ്ടായത്.
കാറിൽ ഉണ്ടായിരുന്ന നല്ലളം സ്വദേശികളായ അച്യുതൻ, ഗോപേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് റോഡിൽ ഡീസൽ വ്യാപിച്ചു. ഫയർഫോഴ്സ് എത്തിയാണ് ഡീസൽ കഴുകി കളഞ്ഞത്.
Kerala
കോഴിക്കോട്: കുറുനരിയുടെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്. കോഴിക്കോട് നടുവണ്ണൂര്‍ വാകയാടാണ് കുറുനരിയുടെ ആക്രമണമുണ്ടായത്.
തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. കാലിനും കൈക്കും പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോലി സ്ഥലത്ത് എത്തിയ ഇവർ രാവിലെ ചായ കുടിച്ചശേഷം കൈ കഴുകുന്നതിനിടെ കുറുനരി ആക്രമിക്കുകയായിരുന്നു. കടിയേറ്റ ഇവര്‍ നിലത്തുവീണിട്ടും ആക്രമണം തുടര്‍ന്നു.
ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും കുറുനരി രക്ഷപ്പെട്ടിരുന്നു. ഇരുവരെയും ആദ്യം ബാലുശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭീതി പരത്തിയ കുറുനരിയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
District News
കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം പിടിക്കാനുള്ള അവസാന തന്ത്രങ്ങളുമായി സ്ഥാനാര്‍ഥികളും മുന്നണികളും അവസാന ലാപ്പിലേക്ക്. കൊണ്ടും കൊടുത്തും ഇനി പ്രചാരണം കൊഴുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബിജെ പി നേതാവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ കെ.സുരേന്ദ്രന്, കുമ്മനം രാജശേഖരന്, മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. യുഡിഎഫും എല്‍ഡി എഫും കുടുംബയോഗങ്ങള്‍ മത്സരബുദ്ധിയോടെ സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ വോട്ടാണ് ഇത്തരം യോഗങ്ങള്‍ വഴി ലക്ഷ്യമിടുന്നത്.നേരത്തെ തന്നെ ഇത്തരം യോഗങ്ങള്‍ സിപിഎം തുടങ്ങിയിരുന്നു.
ഇടതുമുന്നണിയെന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സിപിഎം സ്വന്തം നിലയ്ക്കും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നുണ്ട്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം യോഗങ്ങള്‍ നടക്കുന്നുണ്ട്. ജില്ലയില്‍ ചുമതലയുള്ള മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇത്തരം യോഗങ്ങളില്‍ എല്ലായിടത്തും പങ്കെടുക്കുന്നുണ്ട്.
സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളും ക്ഷേമപെന്‍ഷനുകളുടെ വിതരണവും മറ്റും ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി മുന്നോട്ടുപോകുന്നത്.അതേസമയം സര്‍ക്കാറിന്റെ വീഴ്ചകളും ആരോഗ്യരംഗത്തെ പ്രശ്നങ്ങളും പോലീസ് ഭീകരതയും മറ്റും എണ്ണിപ്പറഞ്ഞാണ് യുഡിഎഫ് വോട്ടര്‍മാരെ സമീപിക്കുന്നത്.
യുഡിഎഫ് കോര്‍പറേഷനില്‍ പ്രചാരണത്തിന്റെ ഭാഗമായി കുറ്റപത്രം പുറത്തിറക്കി.കേന്ദ്രത്തിന്റെ സഹായം വഴി കേരളത്തില്‍ മാറ്റം ഉണ്ടാക്കുന്നതിനെ പറ്റിയാണ് എന്‍ഡിഎ പറയുന്നത്. കോഴിക്കോട് കോര്‍പറേഷനില്‍ ഇത്തവണ എല്‍ഡിഎഫ് തുടര്‍ഭരണം കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. നിരവധി പദ്ധതികള്‍ നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണി.
സിപിഎമ്മിലെ സി.പി. മുസാഫര്‍ അഹമ്മദിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കിയാണ് പ്രചാരണം ശക്തമാക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ല മോശമാകാന്‍ പാടില്ല എന്ന തീരുമാനത്തിലാണ് എം.മെഹബൂബ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ ഒരുവിധം കെട്ടടങ്ങിയെങ്കിലും കോര്പറേഷന് ഭരണം പിടിച്ചെടുക്കാമെന്ന യുഡിഎഫ് ആത്മവിശ്വാസത്തില്‍ മങ്ങലേറ്റിരിക്കുകയാണ്.
സംവിധായകന് വി.എം.വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും വോട്ടില്ലാത്തതിന്റെ പേരില്‍ വിനുവിന് പത്രിക നല്കാന് സാധിക്കാതെ വന്നതും യുഡി എഫിനും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. കഴിഞ്ഞതവണ ഏഴ് സീറ്റ് നേടിയ ബിജെപി ഇപ്രാവശ്യം സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് അവകാശപ്പെടുന്നത്. ഇരുമുന്നണികളെയും വിമര്‍ശിച്ചാണ് ബിജെപി രംഗത്തുള്ളത്.
Kerala
കോഴിക്കോട്: എന്നും ചുവപ്പിനൊപ്പം നിന്ന ചരിത്രമാണു സാമൂതിരിയുടെ നാടിനുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടത്തോട്ട് ചാഞ്ഞ്, ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് വലത്തോട്ട് ചാഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടത്തോട്ട് ചായുന്ന ചരിത്രമാണു കോഴിക്കോടിനുള്ളത്. രണ്ട് ലോക്സഭാ മണ്ഡലവും 13 നിയമസഭാ മണ്ഡലവുമുള്ള ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല.
വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും ഓരോ സീറ്റുകള്‍ മാത്രമാണു നേരിയ ആശ്വാസം. സമാനമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെയും അവസ്ഥ. ജില്ലയില്‍ ഇടത് ആധിപത്യം തുടരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കച്ചമുറുക്കി ബിജെപിയും രംഗത്തുണ്ട്. സംവിധായകന് വി.എം. വിനുവിനെ മേയര്‍സ്ഥാനാര്‍ഥിയായി രംഗത്തിറക്കാന്‍ ശ്രമിച്ച് വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാൽ അവസാന നിമിഷം തള്ളിപ്പോയ നാണക്കേട് യുഡിഎഫിന് കോര്‍പറേഷനില്‍ ഉണ്ട്.
ചുവപ്പ് വിടാതെ...
കോര്പറേഷന് രൂപവത്കരിച്ചതു മുതല്‍ ഇടതുചായ്വാണ്. ആകെയുള്ള 75 കോര്പറേഷന് വാര്‍ഡുകള്‍ വിഭജനം കഴിഞ്ഞതോടെ ഇപ്പോള്‍ വാര്‍ഡുകളുടെ എണ്ണം 76 ആയി. 2010-ല്‍ യുഡിഎഫിന് കോര്‍പറേഷനില്‍ 34 സീറ്റ് ലഭിച്ചിരുന്നു. എല്‍ഡിഎഫിന് 41 സീറ്റും ലഭിച്ചു. എന്നാല്‍, 2015-ല്‍ എത്തിയപ്പോള്‍ യുഡിഎഫ് സീറ്റ് 20 ലേക്കു കുറയുകയും എല്‍ഡിഎഫ് സീറ്റ് 48 ലേക്ക് കുതിക്കുകയും ചെയ്തു. അട്ടിമറിജയം നടത്തി ബിജെപി ഏഴ് സീറ്റും കരസ്ഥമാക്കി. 2020-ൽ സ്ഥിതി വീണ്ടും മാറിമറിഞ്ഞു. 2015-ല്‍ 48 സീറ്റ് നേടിയ എല്‍ഡിഎഫ് 51-ലേക്കുയര്‍ന്നു. യുഡിഎഫ് ഇരുപതില്‍നിന്ന് 17-ലേക്കു ചുരുങ്ങി. ബിജെപിക്ക് 2015-ല്‍ ലഭിച്ച ഏഴു സീറ്റുകളേ 2020-ലും കിട്ടിയുള്ളൂ. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു മേയര്സ്ഥാനമെങ്കില് ഇത്തവണ ജനറലിലേക്ക് മാറി.
ജില്ലാ പഞ്ചായത്ത്
തുടര്‍ച്ചയായ 35-ാം വര്‍ഷവും കോഴിക്കോട് ജില്ലാ പഞ്ചായത്തിലും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. 2015-ല്‍ 27-ല്‍ 16 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചിരുന്നതെങ്കില്‍ എല്‍ജെഡി ഇടതിനൊപ്പമെത്തിയതോടെ സീറ്റുകള്‍ 18 ആയി. അതേ നിലയാണ് 2020-ലും ഉണ്ടായിരുന്നത്. എല്‍ഡിഎഫ്- 18, യുഡിഎഫ്- 9. നേരത്തേ 27 സീറ്റുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ വാര്‍ഡ് വിഭജനത്തിനുശേഷം 28 സീറ്റായി.
ത്രിശങ്കുവിലായി മുക്കം
ഇടതുതേരോട്ടത്തിനിടയിലും കഴിഞ്ഞ തവണ യുഡിഎഫിന് ഏക ആശ്വാസം നല്‍കിയത് ആകെയുള്ള ഏഴ് നഗരസഭകളില്‍ നാലെണ്ണത്തിലുള്ള മുന്നേറ്റമായിരുന്നു. ഫറോക്ക്(യുഡിഎഫ്-20, എല്‍ഡിഎഫ്-17, എന്‍ഡിഎ-1), പയ്യോളി (യുഡിഎഫ്-21, എല്‍ഡിഎഫ്-14, എന്‍ഡിഎ-1), കൊടുവള്ളി( യുഡിഎഫ്-21, എല്‍ഡിഎഫ്-5, മറ്റുള്ളവര്‍-10 ), രാമനാട്ടുകര (യുഡിഎഫ്-17, എല്‍ഡിഎഫ്-12, മറ്റുള്ളവര്‍-2) തുടങ്ങിയ നഗരസഭകള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ കൊയിലാണ്ടി (യുഡിഎഫ്-16, എല്‍ഡിഎഫ് -25, എന്‍ഡിഎ-3), വടകര (യുഡിഎഫ്-16, എല്‍ഡിഎഫ്-27, എന്‍ഡിഎ-3, മറ്റുള്ളവര്‍-1), മുക്കം(യുഡിഎഫ്-11, എല്‍ഡിഎഫ്-12, എന്‍ഡിഎ-1, മറ്റുള്ളവര്‍-9) എന്നീ നഗരസഭകള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. ഇതില്‍ ത്രിശങ്കുവിലായ മുക്കം നഗരസഭയില്‍ ലീഗ് വിമതന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നടത്തിയത്.
മേല്‍ക്കൈ നിലനിര്‍ത്തി ഇടതുമുന്നണി
കഴിഞ്ഞ തവണ ജില്ലയിലെ പഞ്ചായത്തുകളില്‍ സ്വാധീനം നിലനിര്‍ത്താന്‍ ഇടതുമുന്നണിക്കു സാധിച്ചപ്പോള്‍ യുഡിഎഫിനു നില മെച്ചപ്പെടുത്താനായി. എന്‍ഡിഎ മുന്നണിക്ക് എവിടെയും കാര്യമായ സ്വാധീനമുണ്ടാക്കാനായിരുന്നില്ല. ആര്‍എംപിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ ധാരണകള്‍ ചിലകേന്ദ്രങ്ങളില്‍ യുഡിഎഫിനു നേട്ടമാവുകയും ചെയ്തു. മൊത്തമുള്ള എഴുപത് പഞ്ചായത്തുകളില്‍ 43 ഇടത്താണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. യുഡിഎഫിന് 27 പഞ്ചായത്തുകളില്‍ ഭൂരിപക്ഷം ലഭിച്ചിരുന്നു. കഴിഞ്ഞതവണ മലയോര മേഖലയിലാണ് ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടത്.
എല്‍ഡിഎഫ്
ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, 10 ബ്ലോക്ക് പഞ്ചായത്തുകൾ, മൂന്ന് നഗരസഭകൾ, 42 പഞ്ചായത്തുകൾ.
യുഡിഎഫ്
നാല് നഗരസഭ,
28 പഞ്ചായത്ത്,
രണ്ട് ബ്ലോക്ക് പഞ്ചായത്ത്.
എന്‍ഡിഎ
കോർപറേഷനിൽ
ഏഴ് വാര്‍ഡുകള്‍.
Kerala
കോഴിക്കോട്: പെട്ടെന്നു തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ല. അത്രയ്ക്ക് സാമ്യം. അടുത്ത് ഇടപഴകുന്ന കുറച്ചു പേര്‍ക്കു മാത്രമേ പേരെടുത്തു വിളിക്കാന്‍ കഴിയാറുള്ളൂ.
അജീഷേ എന്നു വിളിച്ചാല്‍ ഒരുപക്ഷേ അത് അനീഷായിരിക്കും. തിരിച്ചും സംഭവിക്കാം. വോട്ടര്‍മാരും ആകെ കണ്‍ഫ്യൂഷനിലാണ്. വഴിയില്‍ കാണുന്നവരോട് ആരെങ്കിലും ഒരാള്‍ വോട്ടു ചോദിച്ചാല്‍ അതു രണ്ടു പേര്‍ക്കുമുള്ള വോട്ടുതേടലായി.
“ചിലപ്പോള്‍ എനിക്കു കിട്ടേണ്ടതു അവനായിരിക്കും ലഭിക്കുക. ചിലപ്പോള്‍ അവനുള്ളത് എനിക്കും കിട്ടും. ചീത്ത പറയുമ്പോഴും നല്ലതു പറയുമ്പോഴും ആളുകള്‍ക്ക് ഞങ്ങളെ മാറിപ്പോകാറുണ്ട്. എന്തിനു പറയുന്നു അമ്മയ്ക്കു പോലും ഞങ്ങളെ മാറിപ്പോകാറുണ്ട്’’- എം.കെ. അനീഷ് തമാശമട്ടില്‍ പറയുന്നു.
പറഞ്ഞുവരുന്നത് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഇരട്ടകളായ സ്ഥാനാര്ഥികളെക്കുറിച്ചാണ്. ചാത്തമംഗലം മാങ്കുനി കിഴക്കയില്‍ എം.കെ. അനീഷും എം.കെ. അജീഷും. അനീഷ് 20-ാം വാര്‍ഡായ ചാത്തമംഗലത്തുനിന്ന് ആദ്യമായാണ് ജനവിധി തേടുന്നത്. അജീഷാകട്ടെ സിറ്റിംഗ് അംഗമാണ്. ഇത്തവണ 21-ാം വാര്‍ഡ് വേങ്ങേരി മഠത്തിലാണ് അജീഷിന്റെ മത്സരം. അമ്മ ദാക്ഷായണിയുടെ അനുഗ്രഹവും വാങ്ങി പ്രചാരണ രംഗത്തിറങ്ങിയ രണ്ടു പേരും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്.
ചാത്തമംഗലത്ത് എല്‍ഡിഎഫിലെ വിനോദ്കുമാറാണ് അനീഷിന്റെ എതിരാളി. എം.കെ. അജീഷിന്റെ പ്രധാന എതിരാളി ബിജെപിയുടെ നാരായണന് നമ്പൂതിരിയും. ഇവിടെ എല്‍ഡിഎഫ് രണ്ടാംസ്ഥാനത്താണ്. അനീഷും അജീഷും അവിവാഹിതരാണ്. ഞങ്ങള്‍ക്കു പാര്ട്ടിക്കാര്യംതന്നെയാണ് മുഖ്യം- ഇരട്ട സഹോദരങ്ങള്‍ പറയുന്നു.
Kerala
കോഴിക്കോട്: ആകാംക്ഷയ്ക്ക് വിരാമമിട്ട് വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു. ഏകദേശം ഒരുമീറ്റര്‍ നീളവും മുക്കാല്‍ മീറ്ററോളം വീതിയുമുള്ള ഇരുമ്പ് അറയ്ക്കുള്ളില്‍ ഒന്നും ഉണ്ടായിരുന്നില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റെ ആസ്ഥാന കേന്ദ്രമായിരുന്നു സബ് ട്രഷറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം.
ബ്രിട്ടീഷ് ഭരണകാലത്ത് കറന്‍സികളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്നതിനായാണ് ഇത്തരം ഇരുമ്പറകള്‍ നിര്‍മിച്ചിരുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നിലവറ ആരും തുറന്നിരുന്നില്ല.താലൂക്ക് ഓഫീസ് ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം തീപിടിച്ച് നശിച്ചിരുന്നു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുകയാണ്.
അമൂല്യ വസ്തുക്കള്‍ ഉള്‍പ്പെടെ നിലവറയ്ക്കുള്ളില്‍ ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. രാവിലെ 11.20 ഓടെയാണ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള സംഘം നിലവറ പൊളിച്ച് പരിശോധന നടത്തിയത്. പണ്ടുകാലത്ത് മോഷ്ടാക്കളില്‍നിന്നും രക്ഷനേടാനായി ഇത്തരം ഇരുമ്പറകള്‍ നിര്‍മിച്ച് ഉപയോഗിച്ചിരുന്നതായി അസി. ജില്ലാ ട്രഷറി ഓഫീസര്‍ ടി. അബ്ദുള്‍ റഷീദ് പറഞ്ഞു.
കോഴിക്കോട് പുതിയറ, വയനാട് വൈത്തിരി, ഇടുക്കി ദേവികുളം ട്രഷറി ഓഫീസുകളില്‍ ഇത്തരം ഭൂഗര്‍ഭ നിലവറ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ട്രഷറി വകുപ്പിന്റെ പുരാവസ്തു ശേഖരത്തിലേക്ക് ഇതുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
District News
നാദാപുരം: വളയത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. വളയം കല്ലുനിര സ്വദേശി ചേണികണ്ടിയില്‍ രജീഷി (41) നാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഏഴു മണിയോടെ കല്ലുനിരയില്‍ നിന്ന് നാദാപുരത്തെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ വളയം ടൗണിന് സമീപം കോമ്പിയില്‍ വച്ചാണ് കാട്ടുപന്നി അക്രമിച്ചത്. ബൈക്കില്‍നിന്ന് തെറിച്ച് വീണ രജീഷിന്റെ കൈക്കും കാലിനും പരിക്കേറ്റു. രജീഷ് വളയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ബൈക്കിനും കേടുപാട് സംഭവിച്ചു.
കഴിഞ്ഞ ദിവസം നാദാപുരം ടൗണില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വിലങ്ങാട് സ്വദേശി ഫ്രാന്‍സിസിന് തലക്കും കൈക്കും പരിക്കേറ്റിരുന്നു.
Movies
കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയ സിനിമാ സംവിധായകന് വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നു മനഃപൂര്‍വം നീക്കിയെന്ന ആരോപണത്തിനിടെ 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയിലും വിനുവിന്റെ പേരില്ലെന്ന വിവരം കോണ്‍ഗ്രസിനെ വെട്ടിലാക്കി.
സ്ഥാനാര്‍ഥിയായി വി.എം. വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണു കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലാപ്പറമ്പില്‍ വോട്ട് ചെയ്തുവെന്നാണ് വി.എം. വിനുവിന്റെയും കോണ്‍ഗ്രസിന്റെയും അവകാശവാദം.
എന്നാല്‍, 2020ല്‍ വി.എം. വിനു വോട്ട് ചെയ്തില്ലെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും (എആര്‍ഒ) വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും എആര്‍ഒ പറഞ്ഞു. ഇതോടെ വി.എം. വിനുവിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലാണ്. ഈ വിഷയത്തില്‍ വി.എം. വിനു കോഴിക്കോട് കളക്ടര്‍ക്കു പരാതി നല്‍കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
2020ല്‍ കോര്‍പറേഷനിലെ എട്ടാം ഡിവിഷനില്‍ നാലാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തുവെന്നാണ് വി.എം. വിനു പറയുന്നത്. ഇതു സത്യമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ആവര്‍ത്തിക്കുന്നു. 20 കൊല്ലമായി കോഴിക്കോട്ട് താമസിക്കുന്ന താന്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം എറണാകുളത്തേക്കു പോകുന്നതിനു തൊട്ടുമുമ്പാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വിനു പറഞ്ഞു.
നാളെ താന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നിട്ടേയില്ലെന്നു പറയുന്ന അവസ്ഥയുണ്ടാകുമെന്നും പേരു നീക്കിയത് ആസൂത്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനു വോട്ട് ചെയ്തുവെന്ന് സ്ഥലത്തെ കൗണ്‍സിലറായ രാജേഷും സ്ഥിരീകരിക്കുന്നു. തിരക്ക് കുറവായതിനാല്‍ വിനു രാവിലെയാണു വോട്ട് ചെയ്തതെന്ന് രാജേഷ് പറഞ്ഞു.
അതിനിടെ, മെഡിക്കല്‍ കോളജ് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്ദു തമ്മനക്കണ്ടിയുടെ പേരും വോട്ടര്പട്ടികയിലില്ലെന്നു വ്യക്തമായി. ഡിവിഷനില്‍ ബിന്ദു പദയാത്രയടക്കമുള്ള പ്രചാരണ പരിപാടികള്‍ ആരംഭിച്ചശേഷമാണു വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവരം ബന്ധപ്പെട്ടവര്‍ പരിശോധിച്ചത്.
വി.എം. വിനുവിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലെന്നു വ്യക്തമായതോടെ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ കോഴിക്കോട് ഡിസിസി ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നു. പട്ടികയില്‍ പേരില്ലാത്ത മറ്റു സ്ഥാനാര്‍ഥികളും പങ്കെടുത്തു. വി.എം. വിനുവിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാമെന്നാണ് കളക്ടര്‍ അറിയിച്ചതെന്നു ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയിലും വി.എം. വിനുവിനു വോട്ടുണ്ടായിരുന്നില്ലെന്ന വാദം കെ. പ്രവീണ്‍കുമാര്‍ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ പോലും 2020ലെ പട്ടിക കാണാനില്ലാത്തതില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
Kerala
കോഴിക്കോട്: എംഡിഎംഎയുമായി താമരശേരിയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. കൊടുവള്ളി ഉളിയാടന്‍ കുന്നുമ്മല്‍ ഉമൈര്‍ഖാന്‍, അടിവാരം നൂറാംതോട് വലിയവീട്ടില്‍ ആഷിക്, അടിവാരം നൂറാംതോട് മൂലക്കല് തൊടി സൗജല്‍ എന്നിവരെയാണ് താമരശേരി പോലീസും സ്പെഷല്‍ സ്ക്വാഡും പിടികൂടിയത്.
3.2 ഗ്രാം എംഡിഎംഎ പ്രതികളിൽനിന്ന് പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കാറില്‍നിന്ന് ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ ലഹരിമരുന്നുമായി പോലീസിന്റെ പിടിയിലായത്.
ഇടനിലക്കാര്‍ മുഖേന ബെംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരിമരുന്ന് എത്തിച്ചിരുന്നത്. മുന്‍പ് ഗള്‍ഫിലായിരുന്ന മൂവരും നാട്ടിലെത്തിയശേഷം ലഹരി ഉപയോഗവും പിന്നീട് വില്‍പ്പനയും ആരംഭിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തിയ പരിശോധനയിൽ വൻ കള്ളനോട്ട് ശേഖരം പിടികൂടി. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കള്ള നോട്ടുകൾ പിടികൂടിയത്.
500 രൂപയുടെ 57കള്ള നോട്ടുകളാണ് പിടികൂടിയത്. കള്ളനോട്ട് അടിച്ചുവെച്ച 30 പേപ്പർ ഷീറ്റുകളും പ്രിന്ററും ഫറോക് പോലീസ് പിടിച്ചെടുത്തു.
സംഭവത്തിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
Kerala
കോഴിക്കോട്: നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്നു മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്.
11, 12,13 വയസള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവർ രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ, മൂവരും സ്കൂളിലെത്തിയിട്ടില്ലെന്നാണ് വിവരം.
രണ്ട് കുട്ടികൾ നടക്കാവ് ഗേൾസ് സ്കൂളിലും ഒരാൾ ചാലപ്പുറം സ്കൂളിലും ആണ് പഠിക്കുന്നത്. സംഭവത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: കോഴിക്കോട് കോര്‍പറേഷനിലെ സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി. 45 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടിരിക്കുന്നത്. വനിത സംവരണ വാര്‍ഡുകള്‍ ഉള്‍പ്പെടെ 28 വാര്‍ഡുകളിലാണ് വനിതകള്‍ മത്സരിക്കും.
മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയും നിലവിലെ കൗണ്‍സിലറുമായ നവ്യ ഹരിദാസ് ഇത്തവണയും കാരപ്പറമ്പ് വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. നിലവില്‍ ഏഴ് കൗണ്‍സിലര്‍മാരാണ് ബിജെപിക്ക് കോഴിക്കോട് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 22 ഇടങ്ങളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
2015ലും 2020ലും ബിജെപി ഏഴ് സീറ്റുകള്‍ വീതമായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ 2015ല്‍ ഏഴിടത്ത് രണ്ടാം സ്ഥാനം നേടിയത് 2020 ആയപ്പോഴേക്കും 22 ഇടത്തേക്ക് വ്യാപിപിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഈ മികവ് നിലനിര്‍ത്തിക്കൊണ്ട് ഇത്തവണ 20-ല്‍ കുറയാത്ത സീറ്റുകള്‍ പിടിച്ചെടുക്കാനാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
Kerala
കോഴിക്കോട്: ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകന് അറസ്റ്റില്‍.
കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിംഗ് അസിസ്റ്റന്റായ പാലക്കാട് സ്വദേശി വിഷ്ണു (32) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, കളന്തോട് വച്ചാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വിവിധ ദിവസങ്ങളിലായി വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി അധ്യാപകൻ കെട്ടാങ്ങലിലെ ഹൗസിംഗ് കോംപ്ലക്സിലും കോഴിക്കോട് പൊറ്റമ്മലിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
വിദ്യാർഥിനിയുടെ നഗ്ന ഫോട്ടോകള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി പരാതിയില്‍ പറയുന്നു.