കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ വിജയാഘോഷ പ്രകടനത്തിനിടെ സിപിഎം നേതാക്കൾക്കെതിരെ കൊലവിളി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്.
സിപിഎം നേതാവും പ്രാസംഗികനും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന നാസർ കൊളായി, കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള എന്നിവരെ കൊല്ലുമെന്ന് പ്രകടനത്തിനിടെ രണ്ട് പേർ ആക്രോശിച്ചു.
'ഒന്നും രണ്ടും പ്രതികൾ തങ്ങളായിരിക്കും' എന്നും ഇവർ പരസ്യമായി ഭീഷണി മുഴക്കി. റോഡരികിൽ മാറി നിന്ന് പ്രകടന പരിപാടികൾ കാണാനെത്തിയവർക്ക് നേരെയാണ് ഈ ഭീഷണി പ്രകടനം നടന്നതെന്നാണ് റിപ്പോർട്ട്.
മുൻ വാർഡ് അംഗം എം.ടി. റിയാസ്, യൂത്ത് ലീഗിന്റെ പ്രാദേശിക നേതാവ് ചാലക്കൽ ഷമീർ എന്നിവരാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്.
യുഡിഎഫ്-വെൽഫെയർ പാർട്ടിയുടെ സംയുക്ത ആഘോഷ പരിപാടിയിലാണ് തങ്ങൾക്കെതിരെ ഇത്തരമൊരു ഭീഷണി ഉയർന്നതെന്നും സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും നാസർ കൊളായി വ്യക്തമാക്കി.
Tags : KeralaPolitics Kozhikode UDF CPM Kodiyathoor