കോഴിക്കോട്: പെട്ടെന്നു തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ല. അത്രയ്ക്ക് സാമ്യം. അടുത്ത് ഇടപഴകുന്ന കുറച്ചു പേര്‍ക്കു മാത്രമേ പേരെടുത്തു വിളിക്കാന്‍ കഴിയാറുള്ളൂ.
അജീഷേ എന്നു വിളിച്ചാല്‍ ഒരുപക്ഷേ അത് അനീഷായിരിക്കും. തിരിച്ചും സംഭവിക്കാം. വോട്ടര്‍മാരും ആകെ കണ്‍ഫ്യൂഷനിലാണ്. വഴിയില്‍ കാണുന്നവരോട് ആരെങ്കിലും ഒരാള്‍ വോട്ടു ചോദിച്ചാല്‍ അതു രണ്ടു പേര്‍ക്കുമുള്ള വോട്ടുതേടലായി.
“ചിലപ്പോള്‍ എനിക്കു കിട്ടേണ്ടതു അവനായിരിക്കും ലഭിക്കുക. ചിലപ്പോള്‍ അവനുള്ളത് എനിക്കും കിട്ടും. ചീത്ത പറയുമ്പോഴും നല്ലതു പറയുമ്പോഴും ആളുകള്‍ക്ക് ഞങ്ങളെ മാറിപ്പോകാറുണ്ട്. എന്തിനു പറയുന്നു അമ്മയ്ക്കു പോലും ഞങ്ങളെ മാറിപ്പോകാറുണ്ട്’’- എം.കെ. അനീഷ് തമാശമട്ടില്‍ പറയുന്നു.
പറഞ്ഞുവരുന്നത് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഇരട്ടകളായ സ്ഥാനാര്ഥികളെക്കുറിച്ചാണ്. ചാത്തമംഗലം മാങ്കുനി കിഴക്കയില്‍ എം.കെ. അനീഷും എം.കെ. അജീഷും. അനീഷ് 20-ാം വാര്‍ഡായ ചാത്തമംഗലത്തുനിന്ന് ആദ്യമായാണ് ജനവിധി തേടുന്നത്. അജീഷാകട്ടെ സിറ്റിംഗ് അംഗമാണ്. ഇത്തവണ 21-ാം വാര്‍ഡ് വേങ്ങേരി മഠത്തിലാണ് അജീഷിന്റെ മത്സരം. അമ്മ ദാക്ഷായണിയുടെ അനുഗ്രഹവും വാങ്ങി പ്രചാരണ രംഗത്തിറങ്ങിയ രണ്ടു പേരും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്.
ചാത്തമംഗലത്ത് എല്‍ഡിഎഫിലെ വിനോദ്കുമാറാണ് അനീഷിന്റെ എതിരാളി. എം.കെ. അജീഷിന്റെ പ്രധാന എതിരാളി ബിജെപിയുടെ നാരായണന് നമ്പൂതിരിയും. ഇവിടെ എല്‍ഡിഎഫ് രണ്ടാംസ്ഥാനത്താണ്. അനീഷും അജീഷും അവിവാഹിതരാണ്. ഞങ്ങള്‍ക്കു പാര്ട്ടിക്കാര്യംതന്നെയാണ് മുഖ്യം- ഇരട്ട സഹോദരങ്ങള്‍ പറയുന്നു.
Tags : Chathamangalam Total confusion Kerala Local body election Kozhikode