Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ്(38), മീത്തലെ പാറക്കലില്‍ പ്രജീഷ് കുമാര്‍(45) എന്നിവര്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സിപിഎം പ്രവര്‍ത്തകനായ കുനീമ്മല്‍ ദിനേശന് വെട്ടേറ്റത്. രാത്രിയില്‍ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍വച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിനേശൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേരാണ് ദിനേശനെ ആക്രമിച്ചത്. അതില്‍ ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
Kerala
കൊച്ചി: ശബരിമല മണ്ഡല- മകരവിളക്ക് കാലത്ത് താത്കാലിക ജീവനക്കാര്‍ നടത്തിയ സംശയാസ്പദമായ പണമിടപാടുകളില്‍ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ 2025-26 സീസണിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താനാണു നിര്‍ദേശം.
സന്നിധാനത്തെ താത്കാലിക ജീവനക്കാരും സ്ഥിരം ജീവനക്കാരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
നവംബര്‍ 17 മുതല്‍ സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന നിക്ഷേപങ്ങളെക്കുറിച്ച് വിജിലന്‍സ് വിഭാഗം രഹസ്യ അന്വേഷണം നടത്തിയിരുന്നു.
District News
കണ്ണൂര്‍: ജോലി ഭാരം കുറയ്ക്കുന്നതിനായി വർഷങ്ങൾക്കു മുന്‍പ് സര്‍ക്കാര്‍ നല്കിയതും കാലഹരണപ്പെട്ടതുമായി ഫോണുകൾക്ക് പകരം പുതിയ ഫോണുകൾ നൽകുക, പോഷന്‍ ട്രാക്കര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള ഗുണമേന്മയുള്ള ഫോണ്‍ അനുവദിക്കുക, ഫോണ്‍, വൈഫൈ കണക്ഷന് ലഭ്യമാകുന്നത് വരെ എഫ്ആര്‍എസ് ചെയ്യാതെ എല്ലാ ഗുണഭോക്താക്കള്‍ക്കും പോഷകാഹാര വിതരണം നടത്താന്‍ അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്റെ (ഐഎൻഎഇഎഫ്) ആഭിമുഖ്യത്തിൽ അങ്കണവാടി വർക്കർമാർ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി. സ്മിത അധ്യക്ഷത വഹിച്ചു. മേയര്‍ പി. ഇന്ദിര മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി ഒ. വിമല, ശ്രീജ മഠത്തിൽ, കെ. പ്രമോദ്, കൂക്കിരി രാജേഷ്, കെ. മോഹനന്, ജയിഷ, എം. സുമ, രേഖാ ജേക്കബ്, കെ.വി. ശ്യാമള എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: കളമശേരി കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി.
33 പേർ കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളജിലും ബാക്കിയുള്ളവർ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.
കമ്പനിയിലെ ക്യാന്റീനിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് ജീവനക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.
പുറം കരാർ നൽകിയ കാക്കനാട്ടെ സ്വകാര്യ കാറ്ററിംഗ് സർവീസിൽ നിന്നും എത്തിക്കുന്ന ഭക്ഷണമാണ് കാന്റീനിൽ വിതരണം നടത്തിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Kerala
തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. കരാർ തൊഴിലാളിയായ ആസാം സ്വദേശി ബൈനൂൽ ഇസ്ലാമിനാണ് പരിക്ക്.
ഇയാളെ കയ്പമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. കരാർ തൊഴിലാളിയായ ആസാം സ്വദേശി ബൈനൂൽ ഇസ്ലാമിനാണ് പരിക്ക്. ഇയാളെ കയ്പമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇലക്ട്രിസിറ്റി പോസ്റ്റിന് മുകളിൽ ജോലി നടന്നു കൊണ്ടിരിക്കെ വൈദ്യുതി പ്രവാഹമുണ്ടായതാണ് അപകടത്തിന് കാരണം. കയ്പമംഗലം പനമ്പിക്കുന്നിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
മൂന്ന് പേരാണ് പോസ്റ്റിന് മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്നത്. മൂന്ന് പേർക്കും ഷോക്കേറ്റെങ്കിലും ഒരാൾക്ക് മാത്രമാണ് പരിക്കേറ്റത്. ജോലി സമയത്ത് ചെയ്യേണ്ടതായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
മലപ്പുറം: നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാർ ഏറ്റുമുട്ടി. ഒരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. നിലമ്പൂര്‍ വഴി കരുളായിയിലേയ്ക്ക് തിരിച്ച ബസിലെ ജീവനക്കാരും നിലമ്പൂര്‍ വഴി വഴിക്കടവിലേയ്ക്ക് പോയ ബസിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിന് മുൻവശത്തെ റോഡിലായിരുന്നു അടിപിടി. തര്‍ക്കം രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പോലീസുകാര്‍ സ്ഥലത്തെത്തി ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നീട് ഇരു ബസുകളിലേയും ജീവനക്കാരെ പ്രതി ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.
ആറുപേര്‍ക്കെതിരെയാണ് എഫ്ഐആറ് രജിസ്റ്റർ ചെയ്തത്. പൊതുമധ്യത്തിൽ സംഘം ചേര്‍ന്ന് തല്ലുകൂടൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ഗതാഗത തടസമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. രണ്ടു ബസുകളും പോലീസ് കസ്റ്റഡിയിലുമെടുത്തു.
Kerala
തൃശൂർ: പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാർക്ക് മർദനം. വെള്ള ഫോർച്യൂണർ കാറിൽ എത്തിയ സംഘം ഒരു പ്രകോപനവും ഇല്ലാതെ ജീവനക്കാരെ മർദിക്കുകയായിരുന്നു.
ഫാസ്റ്റ്ടാഗ് റീഡ് ചെയ്ത കാർ മുന്നോട്ട് നീക്കി നിർത്തിയ ശേഷം സംഘം കാറിൽ നിന്നിറങ്ങി ജീവനക്കാരെ മർദിച്ചു.
കസേരയിൽ വെറുതെ ഇരിക്കുന്ന ജീവനക്കാരനെ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ടോൾ പ്ലാസയിലെ ബാരിക്കേടുകൾ തകർത്ത് വാഹനങ്ങളും കടത്തിവിട്ടു. സംഭവത്തിൽ ടോൾ പ്ലാസ അതികൃതർ പോലീസിൽ പരാതി നൽകി.
Kerala
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ഏലത്തോട്ടങ്ങളിലേക്ക് തമിഴ്നാട്ടില്‍ നിന്നു തൊഴിലാളികളെയുമായി വന്ന ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം സന്യാസിയോടയ്ക്ക് സമീപം ഇന്നു രാവിലൊയിരുന്നു അപകടം.
തമിഴ്നാട് ഉത്തമപാളയത്തുനിന്ന് ഏലത്തോട്ടത്തിലേക്കു തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ തലകീഴായി മറിയുകയായിരുന്നു.
16 തൊഴിലാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ രണ്ടു പേരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഏതാനും ദിവസം മുമ്പും തൊഴിലാളികളെയുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെ കുത്തി നിറച്ചാണ് അമിത വേഗത്തില്‍ വാഹനങ്ങളെത്തുന്നത്. അപകടങ്ങള്‍ പതിവായിട്ടും ഇക്കാര്യത്തില്‍ നടപടിയില്ലാതെ നിയമ ലംഘനം നിര്‍ബാധം തുടരുകയാണ്.
Kerala
വയനാട്: തിരുനെല്ലിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ച വിഷയത്തിൽ പരാതി നൽകി മുസ്ലീം ലീഗ്. മുദ്രാവാക്യം വിളിച്ച സിപിഎം പ്രവർത്തകരോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു.
തിരുനെല്ലി നരിക്കല്ലിലെ സിപിഎം ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. നെറികെട്ട വർഗീയ രാഷ്ട്രീയം സിപിഎമ്മിനെ കൊണ്ടുപോകുമെന്നും ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതേ സമയം, ഇത് ഏതെങ്കിലും സമുദായത്തിന് നേരെ വിളിച്ച മുദ്രാവാക്യമല്ലെന്നും ഒരു വ്യക്തിയെ പരാമർശിച്ചാണെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം.
പല തവണ വർഗീയ പരാമർശമുള്ള മുദ്രാവാക്യം വിളിക്കുകയും അവർ തന്നെ ഷൂട്ട് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം കലൂരിൽ മെട്രോ നിർമാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി. കലൂർ സ്റ്റേഡിയം റോഡില്‍ മുഴുവൻ വെള്ളം കെട്ടിക്കിടക്കുകയാണ്. പൈപ്പ് പൊട്ടിയതിന് പിന്നാലെ ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തില്‍ കോൺഗ്രസ് പ്രവർത്തകര്‍ റോഡ് ഉപരോധിച്ചു.
ഈ രാത്രിയില്‍ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള മറുപടിയെന്നും ആളുകൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ഉമാ തോമസ് പറഞ്ഞു.
കൂടാതെ, കുടിവെള്ളം ഇല്ലാത്തവരുടെ വീടുകളിലേക്ക് വെള്ളം എത്തിക്കേണ്ടത് കെഎംആർഎലിന്റെ ഉത്തരവാദിത്വമാണെന്നും ഇത് വലിയ വീഴ്ചയാണ്, കുളിക്കാനോ കുടിക്കാനോ വെള്ളമില്ലാത്ത അവസ്ഥയിലാണ് ആളുകൾ എന്നും ഉമാ തോമസ് പറഞ്ഞു.
Kerala
പാലക്കാട്: ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ച മൂന്ന് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അംഗം കാജാ ഹുസൈന്, യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സദ്ദാം ഹുസൈന്, മുന്‍ വണ്ടാഴി പഞ്ചായത്ത് അംഗം ഷാനവാസ് സുലൈമാന്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഇത് രണ്ടാം തവണയാണ് സദ്ദാം ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. പാലക്കാട് നഗരസഭയില്‍ സദ്ദാം ഹുസൈന്റെ വ്യാപാര സംഘടനയുടെ പേരില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മണ്ണാർക്കാട് തൃക്കല്ലൂർ സ്വദേശി ബാസിൽ സൽമാനെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
വാഹനത്തിൽ പെട്രോൾ കഴിഞ്ഞതോടെയാണ് ബാസിലും സുഹൃത്തും തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് പെട്രോൾ പമ്പിലെത്തിയത്. പെട്രോൾ നിറയ്ക്കാനായി പമ്പ് ജീവനക്കാരോട് ക്യാൻ ആവശ്യപ്പെട്ടു.
ക്യാനില്ലെന്നും പുറത്ത് കടയിൽ നിന്നും വരണമെന്നും ജീവനക്കാരൻ പറഞ്ഞു. ഇതിൽ പ്രകോപിതനായ ബാസിൽ സൽമാൻ പമ്പിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. തോമസ് മാത്യു, സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്. ഈ സംഭവത്തിലാണ് ബാസിൽ സൽമാനെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
അതേസമയം, അക്രമത്തിനിടെ തനിക്കും പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി ബാസിലും പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പമ്പ് ജീവനക്കാരായ തോമസ് മാത്യു, സിന്ധു, പമ്പുടമ ഉൾപ്പെടെ നാല് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.
National
ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ വേദി തകർന്ന് വീണ് നിരവധി ബിജെപി നേതാക്കൾക്ക് പരിക്കേറ്റു. നവദമ്പതികളെ അനുഗ്രഹിക്കാൻ നേതാക്കൾ വേദിയിൽ ഒരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷൻ വേദിയിലാണ് അപകടമുണ്ടായത്. ബല്ലിയ ജില്ലാ ബിജെപി അധ്യക്ഷൻ സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിംഗ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ വേദിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
നേതാക്കൾ നവദമ്പതികൾക്ക് അനുഗ്രഹം നൽകുന്നതിനിടെ പെട്ടെന്നാണ് സ്റ്റേജ് തകർന്നുവീണത്. മുകളിലുണ്ടായിരുന്ന എല്ലാവരും താഴേക്ക് പതിച്ചു. ഉടൻ തന്നെ അവിടെയുള്ളവരെല്ലാം ചേർന്ന് രക്ഷാപ്രവർത്തനത്തം നടത്തി.
Business
ന്യൂയോർക്ക്: ആഗോളതലത്തിൽ കോർപറേറ്റ് ജീവനക്കാരുടെ എണ്ണത്തിൽ 14,000 തസ്തികകൾ കുറയ്ക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസിലെ വർധിച്ചുവരുന്ന നിക്ഷേപങ്ങൾക്കിടയിൽ ചെലവ് നിയന്ത്രിക്കുന്നതിനായി പ്രവർത്തന തലങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നത്.
ആമസോണ്‍ യുഎസിലെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ്. കഴിഞ്ഞ വർഷം അവസാനം കന്പനിക്ക് ഏകദേശം 15.6 ലക്ഷം മുഴുവൻ സമയ, പാർട്ട് ടൈം ജീവനക്കാരുണ്ടായിരുന്നു. ആമസോണിന്റെ കോർപറേറ്റ് വിഭാഗത്തിൽ ഏകദേശം 3,50,000 ജീവനക്കാരാണുള്ളത്.
കോവിഡ് കാലത്ത് ആവശ്യകത കൂടിയ സമയത്ത് കന്പനി നടത്തിയ ഉയർന്ന നിയമനങ്ങൾ പരിഹരിക്കുന്നതിനായി ഇന്നലെ മുതൽ 30,000 കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാൻ ആമസോണ്‍ പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
ജീവനക്കാരെ വെട്ടിക്കുറയ്ക്കൽ അടുത്ത വർഷവും തുടരുന്നതിനാൽ ഇതിലേക്ക് എത്തിയേക്കാൻ സാധ്യതയുണ്ട്. ഇങ്ങനെയുണ്ടായാൽ കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കലാകും. 2023ൽ വിവിധ ഘട്ടങ്ങളിലായി കന്പനി പറഞ്ഞുവിട്ട 27,000 തൊഴിലാളികളുടെ എണ്ണത്തെക്കാൾ കൂടുതലാകുമിത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആമസോണ്‍ തങ്ങളുടെ ജീവനക്കാരെ ഒന്നിലധികം ഡിവിഷനുകളിലായി പുനഃക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്.
CAREER DEEPIKA
കാനഡയിൽ ആരോഗ്യ മേഖലയിൽ വൻ തൊഴിൽക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെ അവിടേക്ക് ക്ഷണിക്കുന്നു. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയവർക്ക് കാനഡയിൽ വലിയ ഡിമാൻഡാണ്. മികച്ച വേതനവും സ്ഥിരതാമസത്തിനുള്ള എളുപ്പവഴികളും കാനഡ വാഗ്ദാനം ചെയ്യുന്നു.
കാനഡയുടെ എക്സ്പ്രസ് എൻട്രി സംവിധാനം വഴി യോഗ്യരായ ആരോഗ്യ പ്രവർത്തകർക്ക് പെർമനൻ്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ സാധിക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ഇംഗ്ലീഷ്/ഫ്രഞ്ച് ഭാഷാ പ്രാവീണ്യം എന്നിവയെ ആശ്രയിച്ചാണ് അപേക്ഷകരുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. കാനഡയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കും.
കേരളത്തിൽ നിന്നുള്ള നിരവധി ആരോഗ്യ പ്രവർത്തകർക്ക് കാനഡയിലേക്കുള്ള കുടിയേറ്റം ഒരു വലിയ സ്വപ്നമാണ്. ആവശ്യമായ ലൈസൻസിംഗ് പരീക്ഷകൾ പാസാകുകയും അപേക്ഷാ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും.