District News
കോഴിക്കോട്: നിരവധി മോഷണക്കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി തോട്ടുക്കടവ് വീട്ടില്‍ ഷാജി എന്ന കണ്ണാടിക്കല്‍ ഷാജി (46)യെ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു.
ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കെഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേരില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പന്തീരങ്കാവ്, നല്ലളം, പന്നിയങ്കര, നടക്കാവ്, വെള്ളയില്‍, കൊണ്ടോട്ടി തുടങ്ങി പോലീസ് സ്റ്റേഷനുകളിലായി മൊബൈല്‍ ഫോണുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ മോഷണം നടത്തിയതിന് നിരവധി കേസുകളുണ്ട്. ചേവായൂര്‍ സ്റ്റേഷനില്‍ നിന്നും കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം കാപ്പ നിയമ പ്രകാരം ഇയാളെ ജയിലിലടച്ചിരുന്നു. ഈ ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി നാട്ടിലെത്തിയ പ്രതി മയക്കുമരുന്ന് വില്പനയിലേക്ക് തിരിഞ്ഞു.
2025 നവംബറില്‍ കോയമ്പത്തൂരില്‍ നിന്ന് 10.332 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി.തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന പ്രതിക്കെതിരെ ചേവായൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഇതുപ്രകാരം പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ കളക്ടര്‍ ഉത്തരവിടുകയായിരുന്നു.
നിലവില്‍ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട് കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുന്ന പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി പാര്‍പ്പിച്ചു.
Kerala
പത്തനംതിട്ട: എക്സൈസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ചുകൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാൻ, ആസിഫ് എന്നിവരാണ് പിടിയിലായത്.
കഞ്ചാവുമായി പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്. എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുണ്ട്. ദേഹത്തുകൂടി കാർ കയറ്റി ഇറക്കാൻ ശ്രമിച്ചെങ്കിലും ആനന്ദ് ഉരുണ്ടു മാറുകയായിരുന്നു.
Kerala
തിരുവനന്തപുരം: രാജാജി നഗർ മാർക്കറ്റിനകത്തുവച്ചു കോർപറേഷൻ ജീവനക്കാരൻ ഷിബു രഞ്ജനെ(40) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജാജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത്തിന്(46) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം
നാലാം അഡീഷണൽ സെഷൻസ് ജഡ്ജി അനസിന്റേതാണ് ഉത്തരവ്.
2021 ഒക്ടോബർ ഏഴിന് രാത്രി എട്ടിന് രാജാജി നഗർ മാർക്കറ്റിൽ ഹൈമാസ്റ്റ് വിളക്കിനു സമീപത്തു വച്ചാണ് ഷിബു രഞ്ജനു കുത്തേറ്റത്. തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരും ബന്ധുക്കളുമായ ഷിബു രഞ്ജനും പ്രതിയും തമ്മിൽ ജോലി, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നു പ്രതി ഷിബുവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി
ഷിബു മരിച്ചു. കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിക്കുകയും 70 രേഖകൾ തെളിവിനു ഹാജരാക്കുകയും ചെയ്തു പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.
Kerala
തിരുവനന്തപുരം: 20 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ പ്രതിക്ക് 26 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അന്തര്‍ദേശിയ മയക്കുമരുന്നു സംഘവുമായി ബന്ധമുള്ള കോട്ടയം സ്വദേശി ജികെ എന്ന ജോര്‍ജുകുട്ടി(40) യെ ആണു ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
ഇരുപതു കിലോ ഹാഷിഷ്, 220 ഗ്രാം ചരസ്, രണ്ടര കിലോ കഞ്ചാവ് എന്നിവയായി 2019 ജൂണ്‍ 22 നാണു ജോര്‍ജുകുട്ടി പിടിയിലായത്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തില്‍ ആന്ധ്രയില്‍നിന്നു കേരളത്തിലേക്കു കൊണ്ടു വരുമ്പോള്‍ കോവളം ബൈപ്പാസിനു സമീപം തുപ്പണത്തുകാവ് ക്ഷേത്രത്തിന്റെ മുമ്പില്‍ വച്ചാണ് ഇയാൾ പിടിയിലായത്.
സ്റ്റേറ്റ് സ്ക്വാഡ് തലവനും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ മറ്റൊരു മയക്കുമരുന്നു കേസില്‍ തവന്നൂര്‍ സെന്‍ട്രല്‍ ജയിലില്‍ പത്തു വര്‍ഷം ശിക്ഷ അനുഭവിച്ചു വരുകയാണ് പ്രതി.
കാറിൽ അറ
മയക്കുമരുന്നു കച്ചവടത്തിനായി എറണാകുളത്തുനിന്ന് ഒരു കാര്‍ വാങ്ങിയ ജോര്‍ജുകുട്ടി സ്ക്രാപ്പിനു വിറ്റ മറ്റൊരു കാറിന്റെ ആര്‍സി ബുക്കും നമ്പര്‍ പ്ലേറ്റും സംഘടിപ്പിച്ചു വാങ്ങിയ കാറില്‍ ഫിറ്റ് ചെയ്തു. ഈ കാര്‍ തേനിയില്‍ കൊണ്ടുപോയി കാറിനടിയില്‍ രഹസ്യ അറ നിര്‍മിച്ചു. ഈ കാര്‍ ഉപയോഗിച്ചു വന്‍തോതില്‍ മയക്കുമരുന്നു കടത്തുന്നതിനിടെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ കൈയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് തെളിവെടുപ്പിന് അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തിച്ച പ്രതി അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു.
ഒാഫീസറെ വെടിവച്ചു
ഇരുപത്തിയാറാം ദിവസം മലപ്പുറം വണ്ടൂരിലെ ഭാര്യാവീട്ടില്നിന്നു പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥരെ വെടിവച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. എക്സൈസ് റേഞ്ച് ഒാഫീസർ മനോജിനാണ് വെടിയേറ്റത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇന്നു പ്രതിയെ പിടികൂടിയത്.
ഇയാളില്‍നിന്ന് ഒരു കിലോ ഹാഷിഷ് കണ്ടെടുത്ത കേസില്‍ മഞ്ചേരി കോടതി 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചിരുന്നു. കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട കേസില്‍ ബംഗളൂരു കോടതി ആറു മാസം തടവും 25,000 പിഴയും ശിക്ഷിച്ചു.
അസിസ്റ്റന്റ് കമ്മീഷണര്‍ എ.ആര്. സുല്‍ഫിക്കര്‍ പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.എസ്. ബിനു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മനീഷ് ഹാജരായി.
Kerala
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഈ മാസം 27ന് വിധി പറയും. കുന്ദമംഗലം കോടതിയാണ് കേസ് പരിഗണിച്ചത്.
ആത്മഹത്യ പ്രേരണാ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഷിംജിതയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തു.
പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും മോണിമെന്ററി ബെനഫിറ്റും ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തുവെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി.
നാഗേന്ദ്രകുമാർ ഭാരതീയ (19) എന്ന കൗമാരക്കാരനാണ് മരിച്ചത്. പോക്സോ കേസ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അവസാന വർഷ ബിരുദ വിദ്യാർഥിയായ നാഗേന്ദ്രകുമാർ സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ പരിചയപ്പെടുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. തുടർന്ന് ഇരുവരും ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്ക് പോവുകയും ചെയ്തു.
അവിടെവച്ച് പെൺകുട്ടിയെ നാഗേന്ദ്രകുമാർ പീഡിപ്പിച്ചു. ഇരുവരെയും പോലീസ് പ്രയാഗ്രാജിൽ നിന്ന് കണ്ടെത്തുകയും നാഗേന്ദ്രകുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാൾ പുതപ്പ് ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്.
വിവരമറിഞ്ഞ നാഗേന്ദ്രകുമാറിന്റെ മാതാവ് പോലീസ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണു. ഇയാളുടെ കുടുംബം പോലീസുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
National
ദിസ്പുർ: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച പീഡനക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കീഴ്പെടുത്തി. ആസാമിലെ കൊക്രഝർ ജില്ലയിലാണ് സംഭവം.
ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. പ്രതി റഫീക്കുൽ ഇസ്ലാമിന്റെ കാലിനാണ് വെടിയേറ്റത്. പോലീസുകാരുടെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റു.
റഫീക്കുലിനെ കൊക്രജാറിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരിൽ നിന്നും ആയുധം തട്ടിപ്പറിച്ച് ഇയാൾ രക്ഷപെടാൻ ശ്രമിച്ചു.
തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ ആക്രമിച്ചു. ഇതിനിടെയാണ് പോലീസ് ഇയാളെ കാലിന് വെടിവച്ച് കീഴ്പ്പെടുത്തിയത്.
പരിക്കേറ്റ പ്രതിയെ ആദ്യം കൊക്രഝർ ആർഎൻബി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊക്രഝർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കൊക്രജാർ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്തരുഘട്ടിനടുത്തുള്ള ഒരു ലേബർ ക്യാമ്പിൽ അനാഥയും മാനസിക പ്രശ്നവുമുള്ള ഒരു സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് റഫീകുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും തന്ത്രി കണ്ഠര് രാജീവരെ പ്രതി ചേർക്കും.
കഴിഞ്ഞ ദിവസം ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കടത്താൻ സഹായിച്ചെന്ന കേസിലാണ് തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വർണപ്പാളി കേസിലും തന്ത്രിയെ ഉടൻ പ്രതി ചേർക്കും.
തന്ത്രി കണ്ഠര് രാജീവർക്കെതിരേ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം കഠിനതടവു വരെ കിട്ടാവുന്ന ഗൗരവതരമായ വകുപ്പുകളാണ്. തന്ത്രിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രത്യേക അന്വേഷണസംഘം അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്ത തന്ത്രിയെ പൂജപ്പുര സ്പെഷൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഗൂഢാലോചന, അനധികൃത സ്വത്ത് സന്പാദനം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള നിർണായക വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറും ശബരിമലയിലെ ദേവസ്വം ജീവനക്കാരും നൽകിയ മൊഴികളാണ് തന്ത്രിക്കു കുരുക്കായത്.
2004 മുതൽ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്നും പോറ്റിയെ ബംഗളൂരുവിലെ ക്ഷേത്രത്തിൽ മേൽശാന്തിയാക്കിയത് തന്ത്രിയാണെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. 2019 മേയിൽ പോറ്റി കട്ടിളപ്പാളി കടത്തിയപ്പോൾ തന്ത്രിയുടെ മൗനാനുവാദം ഉണ്ടായിരുന്നു. ആ സമയത്തും തന്ത്രി സന്നിധാനത്ത് പൂജ ചെയ്തിരുന്നു.
കട്ടിളപ്പാളി ശ്രീകോവിലിൽ ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തിനറിയാമായിരുന്നിട്ടും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയില്ലെന്നാണ് എസ്ഐടി കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
തന്ത്രിയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയപ്പോഴും കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, താൻ നിരപരാധിയാണെന്നാണ് തന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചത്.
അതേസമയം ശബരിമലയിൽ നിന്നു സ്വർണം കവർച്ച ചെയ്തതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നാണ് തന്ത്രിയുടെ അഭിഭാഷകൻ വാദിക്കുന്നത്. തന്ത്രി ആചാരലംഘനം നടത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചനയുണ്ടെന്നും തന്ത്രിയുടെ അഭിഭാഷകൻ ആരോപിച്ചു.
Kerala
ആലപ്പുഴ: ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയെ മർദിച്ച് സഹതടവുകാരൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തങ്കപ്പനെ (85) ആണ് സഹതടവുകാരൻ മർദിച്ചത്.
മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മർദിച്ചത്. തങ്കപ്പന്റെ പല്ല് ഇയാൾ അടിച്ചു കൊഴിക്കുകയായിരുന്നു. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞ ദിവസമാണ് തങ്കപ്പൻ ജയിലിലെത്തിയത്.
സഹതടവുകാരന് തങ്കപ്പൻ ഏത് കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പൻ പോക്സോ കേസ് പ്രതി ആണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു മർദനം. തങ്കപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
കഴിഞ്ഞ ദിവസം ആണ് സംഭവമുണ്ടായത്. തങ്കപ്പനെ മർദിച്ച സഹതടവുകാരനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
പത്തനംതിട്ട: പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ. പത്തനംതിട്ടയിലാണ് സംഭവം. സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനാണ് തന്റെ അയല്‍ക്കാരനായ പ്രതിക്ക് ജാമ്യം നിന്നത്.
സംഭവം പുറത്തായതോടെ സിഐ ജാമ്യത്തില്‍ നിന്ന് പിന്മാറി. സുനില്‍ കുമാര്‍ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയായിരുന്നു.
സിഐ സുനില്‍ കൃഷ്ണന്റെ അയല്‍വാസി ശങ്കരന്‍കുട്ടിയാണ് പോക്സോ കേസിലെ പ്രതി. കിളികൊല്ലൂര്‍ സ്വദേശിയായ ശങ്കരന്‍കുട്ടി പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയാണ്. കേസില്‍ അറസ്റ്റിലായ ശങ്കരന്‍കുട്ടി നാല്‍പ്പത് ദിവസത്തിലധികം ജയിലില്‍ കിടന്നിരുന്നു.
സിഐ അടക്കം രണ്ടുപേരാണ് കഴിഞ്ഞ മാസം മുപ്പതിന് പ്രതിയുടെ ജാമ്യത്തിനായി കോടതിയില്‍ ഹാജരായത്. ശങ്കരന്‍കുട്ടി തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യത്തിലാണ് സഹായം നല്‍കിയതെന്നാണ് സുനില്‍ കൃഷ്ണന്റെ ന്യായീകരണം. എന്നാല്‍ വിവരം ചോര്‍ന്നതോടെ സുനില്‍ ജാമ്യം ഒഴിഞ്ഞു.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതേ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
കേസിലെ 19 പ്രതികളും കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ, വെൺമണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു.
കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷം പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്.
കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പെടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയിരുന്നു.
അതേസമയം, വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ നല്‍കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
Kerala
പാലക്കാട്: പട്ടാമ്പി വാവന്നൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനവും സിസിടിവി ക്യാമറകളും തല്ലിത്തകർത്ത സംഭവത്തിലെ പ്രതി പിടിയിൽ. തൃത്താല ഞാങ്ങാട്ടിരി സ്വദേശി കൊഴിക്കാട്ടിൽ വീട്ടിൽ സൻഫീർ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതി തെക്കേ വാവനൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം നടത്തിയത്. മരപ്പലകയും കല്ലുമായെത്തിയ പ്രതി വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ പൂർണമായും അടിച്ച് തകർത്തു. തുടർന്ന് വീടിന്റെ ജനൽ ചില്ലുകളും തകർത്ത പ്രതി വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും തല്ലി തകർത്തു.
വീട്ടിലെ അംഗത്തോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സൂചന. നിലവിൽ സൻഫീറിന്റെ പേരിൽ മോഷണക്കേസ്, ലഹരിക്കേസ് എന്നിങ്ങിങ്ങനെ 15 ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്ഐ അരവിന്ദാക്ഷൻ , എഎസ്ഐ സുരേഷ്, പോലീസ് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ റഷീദ്, സൻഫീർ, കമൽ എന്നിവരുൾപ്പട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.
Kerala
തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി കോടതി മുറിയിൽ നിന്ന് ഇറങ്ങിയോടി.
ബംഗാൾ സ്വദേശി ആദം അലിയാണ് പ്രതി. തൊട്ടടുത്ത വീട്ടിൽ വീട്ടുജോലിക്കു വന്ന ആദം അലി വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിലിട്ടെന്നാണ് കേസ്.
കോടതിയിൽ നിന്നും ഓടിയ പ്രതിയെ അഭിഭാഷകരും പോലീസും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ശിക്ഷാ വിധി സംബന്ധിച്ച വാദം ഉച്ചയ്ക്ക് രണ്ടിന് നടക്കാനിരിക്കെയാണ് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്.
2022ലാണ് സംഭവം. മനോരമയുടെ വീടിന് അടുത്ത് പണിക്കെത്തിയതായിരുന്നു ആദം അലി. ഇയാൾ വെള്ളം കുടിക്കാനായി സ്ഥിരമായി പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു.
കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. മനോരമയുടെ ആഭരണങ്ങൾ കാണാനില്ലായിരുന്നു. ഇതോട മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തി. സംഭവത്തിന് ശേഷം ട്രെയിൻ മാർഗം കേരളം വിട്ട പ്രതിയെ റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടിയത് ചെന്നൈ ആര്‍പിഎഫാണ്.
Kerala
പത്തനംതിട്ട: കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതി മൂന്നു വർഷത്തിനു ശേഷം പോലീസ് പിടിയിൽ.
കൊലപാതക ശ്രമം, പിടിച്ചുപറി,സ്ത്രീപീഡനം തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയായ നൂറനാട് പാലമേൽ കുളത്തും മേലേതിൽ കൊച്ചുതറയിൽ വീട്ടിൽ ആർ. മനോജ്(35) ആണ് പിടിയിലായത്.
2015 കാലയളവ് മുതൽ വിവിധ കോടതികളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.
2022 ലാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ മൊത്തം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ അതിവേഗ കോടതി മുൻപ് ശിക്ഷിച്ചിരുന്നു. ഇവർ ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ്.
ഒരാളെ കോടതി വെറുതെ വിട്ടു. എന്നാൽ മനോജിനെ പോലീസിന് പിടികൂടാൻ സാധിച്ചില്ല. ഒളിവിൽ പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ പോലും ഉപേക്ഷിച്ചിരുന്നു.
ഒളിവിൽ കഴിഞ്ഞ സമയം നാട്ടിൽ ആരെയും വിളിക്കാൻ ശ്രമിച്ചതുമില്ല. തുടർന്ന് പോലീസ് നിരന്തരമായ അന്വേഷണത്തിന് ഒടുവിൽ തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു.
ഗുണ്ടാലിസ്റ്റിൽ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇവിടെ താമസിച്ച് വെൽഡിംഗ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പി. ആനന്ദ് കാരേക്കുടി എഎസ്പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി.
തുടർന്ന് അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. എന്നാൽ പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
എസ്ഐ സുരേഷ് ബാബു, എഎസ്ഐ കെ.ഗോപകുമാർ,സിപിഒ അമീഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. ഒട്ടേറെ കേസുകളിൽ മനോജ് പ്രതിയാണെങ്കിലും പോലീസിന്റെ വലയിൽ അകപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാർ പറഞ്ഞു
Kerala
അടൂര്‍: പോക്സോ കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്. പന്തളം വില്ലേജില്‍ മുടിയൂര്‍ക്കോണം ചേരിക്കല്‍ ലക്ഷംവീട് കോളനിയില്‍ ഷാജഹാനെ (48) യാണ് ശിക്ഷിച്ചത്.
കഴിഞ്ഞ മേയ് മൂന്നിനു രാവിലെ 6.55 ഓടെ ട്യൂഷനു പോയ അതിജീവിതയെ പന്തളം ഗേള്‍സ് സ്കൂളില്‍ സമീപം എംസി റോഡില്‍ വച്ച് ഷാജഹാന് അസഭ്യം പറഞ്ഞ് ഉപദ്രവിച്ചുവെന്നാണ് പരാതി.
പന്തളം എസ്ഐ അനീഷ് ഏബ്രഹാം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ ഹാജരായി.
Kerala
കാസര്‍ഗോഡ്: സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്.
തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കാസര്‍ഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഹനീഫ് പറഞ്ഞു. അതേസമയം, റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ വിദഗ്ധ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ്മോർട്ടമെന്നും എംഎൽഎ വ്യക്തമാക്കി.
Kerala
കണ്ണൂർ: അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷൈജുവാണ് മരിച്ചത്. ഷൈജുവിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കോടികളുടെ നിക്ഷേപ തട്ടിപ്പിൽ 50ലധികം കേസുകൾ ബ്രാഞ്ച് മാനേജർ എന്ന നിലയിൽ ഷൈജുവിനെതിരെയും ഉണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
അതേസമയം മരണവും കേസും തമ്മിൽ ബന്ധമില്ലെന്ന നിഗമനത്തിലാണ് പോലീസ്. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്നാണ് പരാതികള്‍.
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂര്‍ സിറ്റി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ 23 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
Kerala
തൊടുപുഴ: ഓണ്‍ലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ തൊടുപുഴയിൽ മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്ന് നാല് പേരെയും തൊടുപുഴയിലെത്തിച്ച് മൊഴിയെടുക്കും. സിഐ ഉൾപ്പെടെയുള്ള പ്രത്യേക സംഘമാണ് പ്രതികൾക്കായി അന്വേഷണം നടത്തിവന്നത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായി തെരച്ചിൽനടത്തിവരികയാണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 6.45ഓടെ മങ്ങാട്ടുകവലയിൽ വച്ചാണ് കറുത്ത ഥാർ ജീപ്പിലെത്തിയ അഞ്ചുപേർ ചേർന്നു ഷാജനെ മർദിച്ചത്. പരിക്കേറ്റ ഷാജനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചിരുന്നു.
ഡിവൈഎഫ്ഐ മുൻ ഭാരവാഹിയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വാർത്ത ഓണ്‍ലൈൻ ചാനലിൽ അവതരിപ്പിച്ചുവെന്നാരോപിച്ചാണു സംഘം ഷാജനെ മർദിച്ചതെന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്.
തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കലിന് എത്തിച്ചപ്പോഴാണ് അസദുള്ള രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയാണ് അസദുള്ള.
നാല് മണിക്കൂർ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടാൻ പോലീസിനായത്.