ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപുരിലെ ഒരു ഗ്രാമത്തിൽ ഇന്ന് വൈകുന്നേരമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജയ്ഷെ മുഹമ്മദ് ഭീകരസംഘടയിലെ മൂന്ന് പേരാണ് സംഘത്തിലെന്നാണ് വിവരം. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മജാൽട്ട പ്രദേശത്തെ സോൻ ഗ്രാമത്തിൽ വച്ച് ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ജയ്ഷെ മുഹമ്മദ് (JeM) സംഘടനയുമായി ബന്ധമുള്ള ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തി വരികയായിരുന്നു.
പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (SOG) സംയുക്ത സംഘം സൈന്യത്തോടും സിആർപിഎഫിനോടും ചേർന്നാണ് തെരച്ചിൽ നടത്തിയതെന്ന് ജമ്മു പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഇതോടെയാണ് ഭീകരർ വെടിവപ്പ് നടത്തിയത്.