പാലക്കയം: നിരവ് വാക്കോടനിൽ പുലിക്കൂട്ടം ഇറങ്ങി വീടിനു തൊട്ടടുത്ത് പറമ്പിൽ മേഞ്ഞിരുന്ന ആക്കാമറ്റത്തിൽ തങ്കച്ചന്റെ ഏഴ് ആടുകളെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആക്രമിച്ച് കൊന്നു. അഞ്ച് ആടുകളുടെ ജഡം സംഭവസ്ഥലത്തു നിന്നു കിട്ടി. മറ്റ് രണ്ടെണ്ണത്തിനെ പുലികൾ പിടിച്ചുവലിച്ച് കൊണ്ടുപോയി.
ഒരുകൂട്ടം പുലികൾ ഒരുമിച്ച് ആക്രമിച്ചാണ് ഇത്രയും ആടുകളെ കൊന്നതെന്നും അതിനുശേഷം വീട്ടുകാർ എത്തിയപ്പോഴാണ് രണ്ട് ആടുകളെ പുലികൾ എടുത്തുകൊണ്ടുപോയതെന്നും നാട്ടുകാർ പറയുന്നു.
ഉടൻ സംഭവസ്ഥലത്തു പുലിക്കൂട് സ്ഥാപിച്ച് അക്രമകാരികളായ പുലികളെ പിടിച്ച് മൃഗശാലയിലേക്ക് അയയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറാകണമെന്ന് കൃഷിയിടം സന്ദർശിച്ച കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ വനം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പൊന്നംകോട് ഫൊറോന വികാരി ഫാ. ബെറ്റ്സൺ തൂക്കുപറമ്പിൽ, ഫാ. ലാലു ഓലിക്കൽ, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് അഡ്വ. ബോബി പൂവത്തിങ്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഫൊറോന പ്രസിഡന്റ് ഫ്രാൻസിസ് തുടിയൻപ്ലാക്കൽ, ജോസ് പതാലിൽ, മൈക്കിൾ കുഞ്ഞൂഞ്ഞ്, സച്ചു ജോസഫ് എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.
ആടുകളെ കിട്ടിയില്ലായിരുന്നു എങ്കിൽ തീർച്ചയായും പുലികൾ മനുഷ്യരെ ആക്രമിച്ചു കൊന്നേനെ എന്നു പ്രദേശവാസികൾ പറഞ്ഞു.മലയോര കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം വനം-വന്യജീവി നിയമങ്ങൾ മാറ്റം വരുത്താൻ തയാറാണ് എന്ന് ഉറപ്പുതരുന്നവർക്കുമാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലയോര കർഷകർ വോട്ട് ചെയ്യുകയുള്ളൂ എന്ന് കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.