Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്ന ചെന്നൈ സ്വദേശിയായ വ്യവസായി ഡി. മണിയില്‍ നിന്നു മൊഴിയെടുക്കാന്‍ എസ്ഐടി സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടു.
പ്രവാസി വ്യവസായി എസ്ഐടിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഡി മണിയിലേക്കു നീങ്ങിയത്.
നാല് പഞ്ചലോഹവിഗ്രങ്ങള്‍ ശബരിമലയില്‍ നിന്നു കടത്തിയെന്നും ഇതിന് ഇടനിലക്കാരനായി നിന്നത് ഉണ്ണികൃഷ്ണന് പോറ്റിയായിരുന്നെന്നുമാണ് പ്രവാസി വ്യവസായി എസ്ഐടിക്ക് മൊഴി നല്‍കിയത്.
2020 ഒക്ടോബര്‍ 26 ന് വിഗ്രഹങ്ങള്‍ വില്‍പ്പന നടത്തിയതിനുള്ള പണം കൈമാറ്റം നടന്നുവെന്നും ശബരിമലയിലെ ഭരണചുമതലയുള്ള ഒരു ഉന്നതനും ഉണ്ണിക്കൃഷ്ണന് പോറ്റിയും ഡി. മണിയും മാത്രമായിരുന്നു പണം കൈമാറ്റസമയത്ത് ഉണ്ടായിരുന്നതെന്നാണ് പ്രവാസിയുടെ മൊഴി.
വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്തിയെന്നും കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നതെന്നായിരുന്നു വ്യവസായിയുടെ മൊഴി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് ശബരിമല സ്വര്‍ണക്കള്ളക്കടത്തില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് എസ്ഐടിക്ക് ആദ്യം മൊഴി നല്‍കിയത്.
500 കോടിയുടെ ഇടപാടാണ് നടന്നതെന്നും തന്നോട് ഇക്കാര്യം പറഞ്ഞത് പ്രവാസി വ്യവസായിയാണെന്നുമായിരുന്നു രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഈ വ്യവസായിയില്‍നിന്ന് എസ്ഐടി മൊഴി രേഖപ്പെടുത്തിയിരുന്നു.
അദ്ദേഹവും സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. ഡി. മണിയുടെ ബന്ധവും വ്യവസായി എസ്ഐടിയോട് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ഡി. മണിയിലേക്ക് നീങ്ങിയത്.
National
ചെന്നൈ: മൂന്ന് കോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ ഉത്രകൊലക്കേസ് മോഡലിൽ കൊലപ്പെടുത്തിയ ആൺമക്കൾ അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലാണു സംഭവം.
പിതാവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സർക്കാർ സ്കൂളിലെ ലാബ് അസിസ്റ്റന്റ് ഗണേശനാണ് (56) കൊല്ലപ്പെട്ടത്.
പാമ്പ് കടിയേറ്റ ഗണേശനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിലുള്ള പോലീസിന്റെ സംശയമാണ് കൊലപാതകം ചുരുളഴിയാൻ ഇടയാക്കിയത്. സംഭവത്തിൽ ഗണേശന്റെ മക്കളായ മോഹൻരാജും ഹരിഹരനും അറസ്റ്റിലായി.
പാമ്പുകടിയേറ്റ ഉടനെ പിതാവിനെ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ മക്കൾ തയാറായില്ല. എന്നാൽ മരണം സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ ഇൻഷ്വറൻസ് കമ്പനിയിൽ വിളിച്ച് മക്കൾ ഇൻഷ്വറൻസ് തുക ക്ലെയിം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. ഗണേശന് 11 ഇൻഷുറൻസ് പോളിസികളുണ്ടായിരുന്നു. ഇതിൽ നാലെണ്ണം മരണശേഷം ലഭിക്കുന്ന മൂന്ന് കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസികളായിരുന്നു.
National
ചെന്നൈ: ചെന്നൈ അണ്ണാശാലയിലെ ബിഎസ്എൻഎൽ ഓഫീസിൽ വൻ അഗ്നിബാധ. അഗ്നിസുരക്ഷാസേനയുടെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ബഹുനില മന്ദിരത്തിന്റെ രണ്ടാംനിലയിലാണു തീപിടിച്ചത്.
ഓൺലൈൻ ബില്ലിംഗ്, 108 ആംബുലൻസ് ഉൾപ്പെടെ സേവനങ്ങൾ ഇതേത്തുടർന്ന് തടസപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു. പോലീസ് അന്വേഷണം തുടങ്ങി.
National
ചെന്നൈ: ദിത്വ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ചെന്നൈയിലും വ്യാപക മഴ.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വില്ലുപുരം, കടലൂര്‍, തിരുവണ്ണാമല എന്നിവിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്തു.
ചെന്നൈയിലുള്ള റെഡ് ഹില്‍സിലെ ഒറ്റപ്പെട്ട വീടുകളില്‍നിന്ന് ഒമ്പതു പേരെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്നലെ സംസ്ഥാനത്തെ പല ജില്ലകളിലെയും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം ജില്ലകളിലും മഴ പെയ്തു.
പ്രതികൂല കാലാവസ്ഥയെ മറികടന്ന് തിരുവണ്ണാമലയിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ ഇന്നലെ പുലര്‍ച്ചെ കുന്നിന് പ്രദേശത്തെ വാര്‍ഷിക കാര്‍ത്തിക ദീപം ഉത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
National
ചെന്നൈ: മെട്രോ ട്രെയിന്‍ സര്‍വീസിനിടെ തുരങ്കപാതയ്ക്കുള്ളില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ മെട്രോ സ്റ്റേഷനും ഹൈക്കോടതി സ്റ്റേഷനും ഇടയിലായിരുന്നു സംഭവം.
ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിന്നുപോയതോടെ യാത്രക്കാരെ ട്രെയിനില്‍ നിന്നിറക്കി. തുരങ്കത്തിനുള്ളിലൂടെ നടന്നാണ് യാത്രക്കാര്‍ സമീപത്തെ ഹൈക്കോടതി സ്റ്റേഷനിലെത്തിയത്.
വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലൂലൈനിലാണ് ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയത്. സാങ്കേതിക തകരാര്‍ കാരണമാണ് തുരങ്കത്തിനുള്ളില്വച്ച് ട്രെയിന്‍ നിന്നുപോയതെന്നാണ് അധികൃതരുടെ വിശദീകരണം.
പെട്ടെന്ന് ട്രെയിന്‍ നിന്നുപോയതിന് പിന്നാലെ ട്രെയിനുള്ളിലെ വൈദ്യുതി നിലച്ചതായും യാത്രക്കാര്‍ പറഞ്ഞു. ഏകദേശം പത്തുമിനിറ്റോളം യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിപ്പോയനിലയിലായിരുന്നു.
യാത്രക്കാര്‍ തുരങ്കത്തിലൂടെ നടന്നുപോകുന്നതിന്റെയും ട്രെയിനില്‍ കുടുങ്ങിപ്പോയതിന്റെയും വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
National
ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമർദത്തെ തുടർന്നു ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്.
ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈ, തിരുവള്ളൂർ ചെങ്കൽപ്പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ മുതൽ ചെന്നൈയിൽ അപ്രതീക്ഷിത മഴയാണ് പെയ്തത്. എട്ട് മണിക്കൂറോളം മഴ നിർത്താതെ പെയ്തതോടെ ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി.
നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ചെന്നൈയുടെ തെക്കൻ പ്രദേശങ്ങളിൽ ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
തങ്കച്ചിമഠത്തിലെ ജനവാസ കേന്ദ്ര ഒറ്റപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്ന് ചെന്നൈയ്ക്ക് പുറമേ തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, റാണിപ്പേട്ട് പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. 24 മണിക്കൂറിൽ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ.
National
ചെന്നൈ: തമിഴ്നാട്ടില്‍ വ്യോമ സേനയുടെ പരിശീലന വിമാനം തകര്‍ന്ന് അപകടം. ചെന്നൈ താംബരത്തിന് സമീപം തിരുപ്പോരൂരില്‍ ആണ് വിമാനം തകര്‍ന്നു വീണത്.
താംബരം വ്യോമസേനാ താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ പിസി-7 പിലാറ്റസ് വിഭാഗത്തില്‍പ്പെട്ട ബേസിക് ട്രെയിനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പൈലറ്റ് കൃത്യസമയത്ത് തന്നെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതിനാല്‍ സുരക്ഷിതനാണെന്ന് വ്യോമസേന അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല.
അപകടത്തെ കുറിച്ച് കോര്‍ട്ട് ഓഫ് എന്‍ക്വയറി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന പത്രക്കുറിപ്പില്‍ അറിയിച്ചു.
Editorial
രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു.
തകർന്നുവീണ സിസ്റ്റത്തിൽ ശ്വാസംമുട്ടി 40 പേർകൂടി മരിച്ചു. ശനിയാഴ്ച തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി ടിവികെ (തമിഴക വെട്രി കഴകം) കരൂരിൽ നടത്തിയ റാലിയിൽ പങ്കെടുത്തവരും കാഴ്ചക്കാരുമാണ് തിക്കിലും തിരക്കിലും പെട്ടു മരിച്ചത്.
രാഷ്ട്രീയത്തിലും മതത്തിലും ആശ്വാസം തേടി തിങ്ങിക്കൂടുന്ന മനുഷ്യർ തിരക്കിൽ ശ്വാസംമുട്ടി മരിക്കുന്നത് ആദ്യമല്ല; അവസാനത്തേതുമായിരിക്കില്ല. കാരണം, ഒന്നിനു പിറകെ മറ്റൊന്നായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്പോഴും സർക്കാരുകൾ ഒരു മുൻകരുതലും സ്വീകരിക്കുന്നില്ല.
ഒരിറ്റു വെള്ളത്തിനും ഒടുവിലൊരു ശ്വാസത്തിനുമായുള്ള മനുഷ്യരുടെ പിടച്ചിൽ നിഷ്ക്രിയ ഭരണകൂടങ്ങളെയും അതിന്റെ ഉത്പന്നമായ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെയും നോവിക്കുന്നില്ല. രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു.
നാമക്കലിലെ യോഗത്തിൽ പങ്കെടുത്തശേഷം രാത്രി ഏഴോടെയാണ് ടിവികെ പ്രസിഡന്റ് വിജയ് കരൂരിലെത്തിയത്. കരൂർ വേലുച്ചാമിപുരത്ത് ഉച്ചയ്ക്കു നടക്കേണ്ടിയിരുന്ന റാലി വൈകിയതോടെ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നവരും പിന്നീട് എത്തിയവരുമായി ആൾക്കൂട്ടം പെരുകി. 10,000 പേരെ പ്രതീക്ഷിച്ചിടത്ത് 1.5 ലക്ഷം പേർ എത്തിയെന്നാണ് ചില കണക്കുകൾ.
നാമക്കലിൽനിന്ന് മറ്റു വാഹനങ്ങളിൽ വിജയ്യെ പിന്തുടർന്നെത്തിയവരും തിരക്കു വർധിപ്പിച്ചു. ഇതിനിടെ ഒരു മരക്കൊന്പ് ഒടിഞ്ഞുവീണതോടെ ആളുകൾ ചിതറിയോടിയെന്നും ഏതാണ്ട് അതേസമയത്ത് പോലീസ് ലാത്തിച്ചാർജ് നടത്തിയെന്നുമൊക്കെ റിപ്പോർട്ടുകളുണ്ട്. ദുരന്തത്തിനുമുമ്പ് കല്ലേറുണ്ടായെന്നും വേദിക്കടുത്ത് പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച ടിവികെ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഗൂഢാലോചനാ സിദ്ധാന്തങ്ങളും പാർട്ടികളുടെ ആരോപണ-പ്രത്യാരോപണങ്ങളുമൊക്കെ ഇത്തരം ആൾക്കൂട്ട ദുരന്തങ്ങളുടെ പിന്നാലെ പതിവുള്ളതാണ്. അതിന്റെ യാഥാർഥ്യങ്ങൾ തെളിഞ്ഞാലും, തിരുത്തലുകൾ നടത്തി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഒരു നടപടിയും ഉണ്ടാകില്ല.
കഴിഞ്ഞ ജൂൺ നാലിനാണ് ഐപിഎല്ലിൽ ആദ്യമായി കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണപരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്. മേയ് മൂന്നിന് ഉത്തരഗോവയിലെ ശ്രീ ലായ്റായി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴുപേർ മരിക്കുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 15ന് അർധരാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 കുംഭമേള തീർഥാടകരെങ്കിലും മരിച്ചു. ജനുവരി 29ന് മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ 30 പേരാണ് പ്രയാഗ്രാജിൽ തിരക്കിൽപ്പെട്ടു മരിച്ചത്. ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറു പേർ മരിച്ചത് ജനുവരി എട്ടിന്. ഇതൊക്കെ ഇക്കൊല്ലം മാത്രം സംഭവിച്ചതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കിൽ ഈ മനുഷ്യനിർമിത ദുരന്തങ്ങൾ ഇങ്ങനെ തുടർക്കഥയാകില്ലായിരുന്നു.
കരൂർ ദുരന്തത്തിൽ സർക്കാരും വിജയ്യും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസധനവും പരിക്കേറ്റവർക്ക് ചികിത്സാസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അതാവശ്യമാണ്. പക്ഷേ, ദുരന്തത്തിൽനിന്നു പാഠങ്ങൾ പഠിച്ച് ഇനി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും, അഴിമതിയില്ലാത്തതും കർശനവുമായ നടപടിക്രമങ്ങളും അതുപോലെതന്നെ പ്രധാനമാണ്. തമിഴ് രാഷ്ട്രീയത്തിൽ പുതിയ മുന്നേറ്റത്തിനിറങ്ങിയിരിക്കുന്ന ടിവികെയുടെ പ്രാദേശിക നേതാക്കൾക്കെതിരേ മാത്രമല്ല, പ്രസിഡന്റ് വിജയ്ക്കെതിരേയും കേസെടുക്കണം.
രാവിലെ മുതൽ വേലുച്ചാമിപുരത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിനു സാക്ഷിയായിട്ടും അനുമതി റദ്ദാക്കാതിരുന്ന ഉദ്യോഗസ്ഥരെയെല്ലാം പ്രതികളാക്കണം. മാതൃകാപരമായ ശിക്ഷയുണ്ടായാൽ മരണം വിതയ്ക്കുന്ന കെടുകാര്യസ്ഥത ഒരുപരിധിവരെയെങ്കിലും കുറയും. ജനങ്ങളും തിരിച്ചറിയണം, യഥാർഥ രാഷ്ട്രീയത്തെയും മതത്തെയുമൊന്നും ശ്വാസംമുട്ടിക്കുന്ന ആൾക്കൂട്ടങ്ങളിലല്ല തിരയേണ്ടത്. ആൾദൈവങ്ങളൊന്നും നിങ്ങളില്ലാതാകുന്ന വീടിനു തണലാകില്ല.
രാജ്യത്ത്, ഒന്‍പതു മാസത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്ന ആറാമത്തെ വലിയ ദുരന്തമാണ് കരൂരിലേത്. ഏതാനും സസ്പെൻഷനുകൾ ഒഴിച്ചാൽ ബാക്കി അഞ്ചിലും അന്വേഷണവും നടപടികളുമൊക്കെ ഇഴയുകയാണ്. ആ പട്ടികയിലേക്ക് കരൂരിനെയും ചേർത്തുവയ്ക്കാനാണെങ്കിൽ ഏഴാമത്തേത് എവിടെ, എത്ര മരണം എന്നുകൂടിയേ എഴുതിച്ചേർക്കേണ്ടതുള്ളൂ. ജനം കരുതിയിരിക്കുക.
National
ചെന്നൈ: കാഞ്ചിപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥിയെ കാണാതായി. നിലമ്പൂർ സ്വദേശി മുഹമ്മദ് അഷ്മിലിനെയാണ് (20) കാണാതായത്.
ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. പത്ത് പേരടങ്ങിയ വിദ്യാർഥി സംഘമാണ് കരിങ്കൽ ക്വാറിയോട് ചേർന്നുളള കുളത്തിൽ കുളിക്കാനായി എത്തിയത്. ഇതിനിടെ അഷ്മിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
രാത്രി എട്ട് വരെ തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
കുളത്തിന് 300 അടി താഴ്ചയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇന്റേൺഷിപ്പിനെത്തിയതായിരുന്നു വിദ്യാർഥികൾ.